Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുപ്പത് വർഷം സർവ്വീസുള്ളവർക്ക് ശമ്പളം 12,000; മാനേജർമാർക്ക് കിട്ടുന്നത് 20,000ൽ താഴെ; കൂടുതൽ ചോദിച്ചാൽ സ്ഥലം മാറ്റം; സമരത്തിലൂടെ മറുപടി നൽകാൻ സിഐടിയു; ആദായനികുതി വകുപ്പ് നോട്ടമിട്ട മുത്തൂറ്റ് ഫിനാൻസിനെ വലയ്ക്കാൻ തൊഴിലാളി സമരവും; കൺവെൻഷന് കൊഴുപ്പുകൂട്ടാൻ മന്ത്രിയും

മുപ്പത് വർഷം സർവ്വീസുള്ളവർക്ക് ശമ്പളം 12,000; മാനേജർമാർക്ക് കിട്ടുന്നത് 20,000ൽ താഴെ; കൂടുതൽ ചോദിച്ചാൽ സ്ഥലം മാറ്റം; സമരത്തിലൂടെ മറുപടി നൽകാൻ സിഐടിയു; ആദായനികുതി വകുപ്പ് നോട്ടമിട്ട മുത്തൂറ്റ് ഫിനാൻസിനെ വലയ്ക്കാൻ തൊഴിലാളി സമരവും; കൺവെൻഷന് കൊഴുപ്പുകൂട്ടാൻ മന്ത്രിയും

കൊച്ചി: ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ വലയുന്ന മൂത്തൂറ്റ് ഫിനാൻസിന് തലവേദന ഇരട്ടിപ്പിക്കാൻ തൊഴിലാളികളുടെ സമരവും. നാളെ സിഐടിയു നടത്തുന്ന സമര കൺവെൻഷനെ പൊളിക്കാൻ മാനേജ്മന്റെ നടത്തിയ നീക്കമെല്ലാം പാഴായി. കൊച്ചിയിൽ നടത്തുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് സൂചന. ഇതോടെ സ്ഥലമാറ്റ ഭീഷണിയുമായി മാനേജ്‌മെന്റ് സജീവമായതായി തൊഴിലാളി സംഘടനാ നേതാക്കളും അറിയിച്ചു.

സംഘടനാ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരെ സ്ഥലം മാറ്റി സംഘടനാ ശക്തികുറക്കാനാണ് നീക്കം. മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ ഈ മാസം ആദ്യം സംസ്ഥാന വ്യാപകമായി നടത്തിയ സൂചനാ പണിമുടക്ക് വൻ വിജയമായിരുന്നു. ഇതുകൊണ്ടും പ്രതികാര നടപടികൾ തീർന്നില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധം വ്യാപിപ്പിക്കുകയാണ് സംഘടനകൾ. പിരിച്ചുവിട്ട ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കുക, അന്യായ സ്ഥലംമാറ്റം റദ്ദാക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, സംഘടനാ സ്വാതന്ത്യ്‌രം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്‌ളോയീസ് യൂണിയൻ(സിഐടിയു) നേതൃത്വത്തിലാണ് സമരം തുടങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന കൺവെൻഷൻ നടക്കുന്നത്. മന്ത്രി ടിപി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യാനുമെത്തും. മന്ത്രിയുടെ സാന്നിധ്യവും മാനേജ്‌മെന്റിന് കുറച്ചിലായിട്ടുണ്ട്. നാളത്തെ സമ്മേളനത്തിൽ മൂത്തൂറ്റ് ഫിനാൻസിനെതിരെ സമരപ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

മുത്തൂറ്റ് ഫിനാൻസിൽ മുപ്പത് വർഷം സർവ്വീസുള്ളവർക്ക് കിട്ടുന്നത് 12,000 രൂപയാണ്. മാനേജർമാർക്ക് പോലും 18,000 രൂപയാണ് പ്രതിമാസ ശമ്പളം. കൂടുതൽ ശമ്പളം ചോദിക്കുന്നവരെ പീഡിപ്പിക്കും. ഈ സാഹചര്യത്തിലാണ് യൂണിയൻ രൂപീകരണത്തിന് തൊഴിലാളികൾ മുന്നിട്ടിറങ്ങിയത്. ഇതിന് നേതൃത്വം നൽകിയ 68 പേരെ മാനേജ്‌മെന്റ് കേരളത്തിന് പുറത്തേക്ക് അകാരണമായി സ്ഥലം മാറ്റി. കേരളത്തിന് പുറത്ത് നിങ്ങളുടെ സേവനം ആവശ്യമുണ്ടെന്നായിരുന്നു വിശദീകരണം. യൂണിയൻ രൂപീകരണവുമായി ബന്ധപ്പെട്ടാണോ സ്ഥലം മാറ്റമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമില്ല. യൂണിയനെ കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ലെന്നാകും മറുപടി. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.

സംസ്ഥാനത്ത് 12 റീജ്യണുകളിലായി 805 ശാഖകളാണ് മുത്തൂറ്റ് ഫിനാൻസിനുള്ളത്. ഇതിൽ അഞ്ഞൂറിൽപരം ശാഖകൾ സൂചനാ പണിമുടക്കു കാരണം തുറക്കാൻപോലും കഴിഞ്ഞില്ല. അവശേഷിക്കുന്ന ശാഖകൾ സമരക്കാർ അടപ്പിച്ചു. ശാഖകൾ തുറന്നുപ്രവർത്തിക്കുന്നതിനായി ഹൈക്കോടതിയിൽനിന്ന് മാനേജ്‌മെന്റ് പ്രത്യേക ഉത്തരവ് ലഭ്യമാക്കിയിരുന്നെങ്കിലും അത് ഫലം കണ്ടില്ല. പണിമുടക്കിയ ജീവനക്കാർ ഉപരോധിച്ചതിനാൽ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ റീജ്യണൽ ഓഫീസുകളുടെ പ്രവർത്തനവും സ്തംഭിച്ചു. ഈ സാഹചര്യത്തിൽ സമരം ഒതുക്കാൻ പ്രതികാര നടപടികൾ മാനേജ്‌മെന്റ് ശക്തമാക്കി. ഈ സാഹചര്യത്തിൽ ആനുകൂല്യങ്ങളും സംഘടനാസ്വാതന്ത്യവും നിഷേധിച്ച് പ്രതികാര നടപടി സ്വീകരിക്കുന്ന മാനേജ്‌മെന്റിന്റെ നയസമീപനത്തിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.

സൂചനാ പണിമുടക്ക് പൊളിക്കാനായി മാനേജ്‌മെന്റ് വിപുലമായ ശ്രമം നടത്തിയിരുന്നു. പണിമുടക്കിൽ പങ്കെടുത്താൽ പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയുമായി ജീവനക്കാർക്കു മുഴുവൻ മെയിൽ സന്ദേശം അയച്ചിരുന്നു. ഒരു ദിവസം പണിമുടക്കിയാൽ എട്ടു ദിവസത്തെ വേതനം നഷ്ടപ്പെടുമെന്നും മുന്നറിയിപ്പു നൽകി. ഇത്തരം ഭീഷണികളെയും മുന്നറിയിപ്പുകളെയുമെല്ലാം അതിജീവിച്ചാണ് ജീവനക്കാർ ഒറ്റക്കെട്ടായി പണിമുടക്കിൽ അണിചേർന്നത്. കൺവെൻഷനിലേക്ക് കാര്യങ്ങളെത്തുമ്പോൾ ജീവനക്കാരെ പിണക്കാനും മാനേജ്‌മെന്റിന് കഴിയാത്ത അവസ്ഥയുണ്ട്. ആദായ നികുതി വകുപ്പിന്റെ റെയ്ഡും മറ്റുമാണ് ഇതിന് കാരണം. ഈ റെയ്ഡിൽ സ്വർണ്ണവായ്പാ തട്ടിപ്പിലെ നിരവധി പ്രശ്‌നങ്ങൾ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളിൽ പരിശോധന തുടരുകയാണ്. ഈ പ്രതിസന്ധിക്കിടെയാണ് ജീവനക്കാരുടെ സമരവും മൂത്തൂറ്റിന് പ്രതിസന്ധിയാകുന്നത്.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിടുന്ന തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്‌ളോയീസ് യൂണിയന്റെ(സിഐടിയു) ആവശ്യം. അവധി, മിനിമം വേതനം, ദേശീയ അവധി ദിനങ്ങളിലെ ലീവ് തുടങ്ങി നിയമപരമായ അവകാശങ്ങൾ പലസ്ഥാപനങ്ങളിലും നിഷേധിക്കുന്നു. ഞായറാഴ്ചകളിൽ ഓൺലൈൻ ടെസ്റ്റിന്റെ പേരിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണം. മിനിമം വേതനം 15000 രൂപയാക്കണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. മുത്തൂറ്റ് ഫിനാൻസിലും ഇത്തരം പ്രവണതകൾ സജീവമാണെന്നും ഇവർ പറയുന്നു. മൂവായിരത്തിലധികം ജീവനക്കാരാണ് മൂത്തൂറ്റ് ഫിനാൻസിലുള്ളത്. ഇതിൽ 2000പേർ സംഘടനയിൽ അംഗങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP