Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാക്കളുടെ ഭാര്യമാരെ വക്കീലാക്കിയാൽ സർക്കാർ കണ്ണടയ്ക്കുമോ? നിയമ ലേഖകന്മാരെ പ്രമാണിമാർ സഹായിക്കുന്നത് ഇങ്ങനെ: ഒരു ഡിഎൽഎഫ് ചിദംബരം മോഡൽ

നേതാക്കളുടെ ഭാര്യമാരെ വക്കീലാക്കിയാൽ സർക്കാർ കണ്ണടയ്ക്കുമോ? നിയമ ലേഖകന്മാരെ പ്രമാണിമാർ സഹായിക്കുന്നത് ഇങ്ങനെ: ഒരു ഡിഎൽഎഫ്  ചിദംബരം മോഡൽ

കൊച്ചി: ഭരണകൂടങ്ങളും ജനപ്രതിനിധികളും നിയമപീഠങ്ങളും ഒക്കെ ഉണ്ടെങ്കിലും ആധുനിക രാഷ്ട്രീയത്തെ ശരിക്കും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണെന്നാണ് വയ്പ്പ്. അതിന് അടിവരയിടുകയാണ്, കൊച്ചി ചിലവന്നൂരിൽ കായൽ ഭൂമി കയ്യേറി കെട്ടിടങ്ങൾ പണിയുന്ന റിയൽ എസ്റ്റേറ്റ് ഭീമൻ ഡിഎൽഎഫ്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരുടെ ഭാര്യമാരെ അഭിഭാഷകരാക്കിയാണ് ഇത്തരം കമ്പനികൾ പലതും അനധികൃത കച്ചവടം ഉറപ്പിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെയാണ്, ഡിഎൽഎഫ് ആശ്രയിക്കുന്നത്.

കൊച്ചിയിൽ ചിലവന്നൂർ കായൽ കയ്യേറി ഡിഎൽഎഫ് ഫ്‌ളാറ്റ് നിർമ്മിച്ച കേസിൽ സംസ്ഥാന സർക്കാറിനെ എതിർത്ത് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഹൈക്കോടതിയിൽ ഹാജരായി. ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎൽഎഫ് അഭിഭാഷകയായി നളിനി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ കോടതിയിൽ എത്തിയത്. ഇതിന് മുമ്പും സംസ്ഥാന സർക്കാറിനെതിരായ കേസ് വാദിക്കാൻ നളിനി ചിദംബരം കോടതിയിൽ എത്തിയിരുന്നു. സാന്റിയാഗോ മാർട്ടിനെതിരായ ലോട്ടറി കേസിലായിരുന്നു ചിദംബരത്തിന്റെ ഭാര്യ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. അന്ന് കോൺഗ്രസ് നേതാക്കൾ ഇവർക്കെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു.

ഇതിന് ശേഷം ഇപ്പോഴാണ് സംസ്ഥാന സർക്കാർ എതിർത്തു നിലപാടെടുത്ത കേസിൽ മുതിർന്ന അഭിഭാഷക കൂടിയായ നളിനി ചിദംബരം ഹാജരാകുന്നത്. ചിലവന്നൂർ കായൽ കൈയേറി തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽപ്പറത്തി ഡിഎൽഎഫ് നിർമ്മിച്ച ഫ്‌ളാറ്റിന് പാരിസ്ഥിതികാനുമതി നൽകിയതാണ് വിവാദത്തിന് വഴിവച്ചത്. ഡിഎൽഎഫ് തീരദേശ പരിപാലന നിയമം ലംഘിച്ച സംഭവം പരിശോധിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയെ പിൻവലിച്ച അഡീഷണൽ ചീഫ് സെക്രട്ടറി പി കെ മൊഹന്തിയുടെ ഉത്തരവിനെ കുറിച്ച് മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

തുടർന്ന് വിഷയം നിയമസഭയിലും സജീവ ചർച്ചയ്ക്കിടയാക്കിയിരുന്നു. മൊഹന്ദിയുടെ തീരുമാനം റദ്ദുചെയ്തതായി റവന്യു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയെ അറിയിച്ചിരുന്നു. വിവിധ ഏജൻസികളുടെ സ്റ്റോപ്പ് മെമോ നിലനിൽക്കെയാണ് തീരദേശപരിപാലന അഥോറിറ്റിയുടെ അനുമതി ഡിഎൽഎഫ് നേടിയെടുത്തത്.

സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയ്ക്ക് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ് ഡിഎൽഎഫ്. ഡിഎൽഎഫിന്റെ ബഹുനില ഫ്‌ളാറ്റിനായി വീണ്ടും സംസ്ഥാന സർക്കാർ വഴിവിട്ട ഇടപെടൽ നടത്തിയെന്നതിന് തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. ചട്ടം ലംഘിച്ച് ചിലവന്നൂരിലെ ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയത്തിന് അഗ്നിശമന സേനാ വിഭാഗം ക്ലീൻചിറ്റും നൽകുകയുണ്ടായി.

ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടിനാണ് ഫ്‌ളാറ്റ് സമുച്ചയത്തിലേക്കുള്ള മൂന്നര മീറ്റർ റോഡിന് ഫയർ ആൻഡ് റസ്‌ക്യു വിഭാഗം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയത്. സ്ഥലം പരിശോധിച്ച ശേഷം കമ്മാൻഡൻഡ് ജനറൽ പി. ചന്ദ്രശേഖരൻ ഐപിഎസ് ആണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. നിലവിൽ തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം വെളിവായ ഫ്‌ളാറ്റിന് എങ്ങിനെ ആഭ്യന്തര വകുപ്പിനു കീഴിലുള്ള അഗ്നിശമന സേനാ വിഭാഗം സർട്ടിഫിക്കറ്റ് നൽകുമെന്നതാണ് ഉയർന്നിരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP