ഉരുക്കു വനിതയെ വിജിലൻസ് ഏൽപ്പിക്കാനുറച്ച് മുഖ്യമന്ത്രി; സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിയെ സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന് നിയോഗിക്കാനുറച്ച് പിണറായി; വിജിലൻസ് കമ്മീഷൻ രൂപീകരിച്ച് തലപ്പത്ത് നളിനി നെറ്റോയെ നിയോഗിക്കാൻ നീക്കം; അടുത്ത ചീഫ് സെക്രട്ടറി കെ എം എബ്രഹാം തന്നെ; ഭരണതലത്തിൽ വൻ അഴിച്ചു പണിക്ക് സാധ്യത
August 21, 2017 | 08:45 AM | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോ വിജിലൻസ് ചീഫ് കമ്മീഷണറാകുമെന്ന് സൂചന. നളിനി നെറ്റോ ഓഗസ്റ്റ് 31-ന് വിരമിക്കും. ധനവകുപ്പ് മേധാവി കെ.എം. എബ്രഹാം അടുത്ത ചീഫ് സെക്രട്ടറി ആയേക്കുമെന്നാണ് സൂചന. അതിന് ശേഷം വിജിലൻസ് കമ്മീഷൻ രൂപീകരിക്കാനും നളിനി നെറ്റോയെ അതിന്റെ തലപ്പത്ത് നിയോഗിക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യം. സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന് പുതിയ മുഖം നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം പുതിയ നിയമനം അവിടെ നടത്താത്തത് അതുകൊണ്ടാണെന്നാണ് സൂചന. വിജിലൻസ് കമ്മീഷൻ നിലവിൽ വരുമ്പോൾ വിജിലൻസ് വകുപ്പ് ഇല്ലാതാകുമെന്നാണ് സൂചന.
ചീഫ് സെക്രട്ടറി നിയമനത്തിന് സീനിയോറിട്ടിക്കാകും പിണറായി സർക്കാർ മുൻഗണന നൽകുക. 1981 ബാച്ചിൽപ്പെട്ട നളിനി നെറ്റോ ഏപ്രിൽ രണ്ടിനാണ് ചീഫ് സെക്രട്ടറിയായത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്നാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറി കസേരയിൽ എത്തിയത്. അതുകൊണ്ട് തന്നെ വിരമിച്ച ശേഷം നളിനി നെറ്റോ ഏറ്റെടുക്കുന്ന പദവിയെ കുറിച്ചു ഊഹാപോഹങ്ങൾ ഏറെയാണ്. വിജിലൻസ് കമ്മീഷൻ രൂപീകരിച്ച് അതിന്റെ തലപ്പത്ത് നളിനി നെറ്റോയെ നിയോഗിക്കാനാണ് നീക്കമെന്നാണ് സൂചന. ഐപിഎസ് ഉദ്യോഗസ്ഥനായ ഡെസ്മെണ്ട് നെറ്റോ വിരമിച്ച ശേഷം സ്ഥാനമാനങ്ങൾ ഏറ്റെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ വിശ്വസ്തയായ നളിനി നെറ്റോ വിരമിക്കലിന് ശേഷം എന്ത് തീരുമാനം എടുക്കുമെന്നത് ശ്രദ്ധേയമാണ്.
കരുത്തുറ്റ തീരുമാനങ്ങളിലൂടെ സിവിൽ സർവീസിലെ 'ഉരുക്കു വനിതയെന്നു' പേരുകേട്ട നളിനി നെറ്റോ 1981 ബാച്ച് ഐഎഎസ് ഓഫിസറാണ്. നളിനി നെറ്റോ ഏപ്രിൽ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. അതിനു മുൻപ് ആഭ്യന്തര സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു. സർവീസിൽനിന്ന് വിരമിച്ചാലും സർക്കാരിന്റെ ഭാഗമായി തുടരണമെന്ന സന്ദേശമാണ് നളിനി നെറ്റോയ്ക്ക് സർക്കാർ നൽകിയിരിക്കുന്നത്. ഭരണത്തിലുള്ള അവരുടെ പരിചയം പ്രയോജനപ്പെടുത്താനാണു സർക്കാർ ആഗ്രഹിക്കുന്നത്. ദൈനംദിനകാര്യങ്ങളിൽ മുഖ്യമന്ത്രിയെ സഹായിക്കാൻ ഇപ്പോൾ ഉപദേഷ്ടാക്കൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ 42ാമത് ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന നളിനി നെറ്റോ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ്. 11 വർഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവർത്തിച്ചു. ഗതാഗത സെക്രട്ടറിയായും ടൂറിസം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് നളിനി നെറ്റോ സ്വീകരിച്ചിട്ടുള്ളത്. നീലലോഹിത ദാസൻ നാടാരെ കുടുക്കിയ വെളിപ്പെടുത്തലോടെ സ്ത്രീ മനസ്സുകളിലെ ശക്തമായ സാന്നിധ്യമായി. പല വെല്ലുവിളികളേയും ഔദ്യോഗിക കാലത്ത് നേരിട്ടാണ് ചീഫ് സെക്രട്ടറിയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തയായ ഉദ്യോഗസ്ഥയെ വിജിലൻസ് കമ്മീഷന്റെ തലപ്പത്ത് എത്തിച്ച് സർക്കാരിന്റെ പ്രതിച്ഛായ ഉയർത്താനാണ് നീക്കം. കരുതലോടെയുള്ള തീരുമാനമെടുക്കുന്ന നളിനി നെറ്റോ സർക്കാരിനെ വെട്ടിലാക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് കമ്മീഷനിലേക്ക് നളിനി നെറ്റോയെ പരിഗണിക്കുന്നത്.
അഴിമതിയിൽ കൈവച്ച് വി എസ് അച്യുതാനന്ദൻ അദ്ധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ ആദ്യ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു. സദുദ്ദേശ്യത്തോടെ പ്രവർത്തിച്ചിട്ടും വിട്ടുപോകാത്ത അഴിമതിയെന്ന ദുർഭൂതത്തെ ഒഴിവാക്കാൻ കേന്ദ്ര മാതൃകയിൽ വിജിലൻസ് കമ്മീഷൻ രൂപീകരിക്കണമെന്നാണ് ആദ്യ ശുപാർശ. വിജിലൻസ് ഡയറക്ടറേറ്റ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ നിയന്ത്രണാധികാരമുള്ള സംവിധാനമാണ് വേണ്ടത്. ഒന്നിലധികം അംഗങ്ങളുള്ള സ്വതന്ത്രസംവിധാനമുണ്ടാകുന്നത് അന്വേഷണ, വസ്തുതാ റിപ്പോർട്ടുകളിൽ നിശ്ചിത സമയത്തിനുള്ളിൽ നീതിയുക്തമായ തീരുമാനമുണ്ടാകാൻ സഹായിക്കുമെന്ന് വി എസ് പറയുന്നു. ഈ റിപ്പോർട്ടിൽ ചില്ലറ മാറ്റങ്ങളോടെ നിയമമാക്കാനാണ് സർക്കാർ ആലോചന. ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ളതോ വിരമിച്ചതോ ആയ ന്യായാധിപനാകണം സംസ്ഥാന വിജിലൻസ് കമ്മീഷണർ എന്നാണ് വിഎസിന്റെ ശുപാർശ. ഇതിൽ മുൻ ചീഫ് സെക്രട്ടറിമാരെ കൂടി പരിഗണിക്കാമെന്ന തലത്തിലേക്ക് മാറ്റാനാണ് നീക്കം.
നളിനി നെറ്റോ കഴിഞ്ഞാൽ ഏറ്റവും സീനിയറാണ് ഇപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറിയായ എബ്രഹാം. 1982 ബാച്ചിൽപ്പെട്ട അദ്ദേഹം ഡിസംബറിൽ വിരമിക്കും. നാലുമാസമേ സേവനകാലാവധിയുള്ളൂവെങ്കിലും അദ്ദേഹത്തെത്തന്നെ ചീഫ് സെക്രട്ടറിയാക്കാനാണ് സർക്കാരിന് താത്പര്യം. പുതിയ ധനവകുപ്പ് മേധാവിയെ കണ്ടെത്താനുള്ള ചർച്ചകളും തുടങ്ങി. സീനിയോറിറ്റിയിൽ എബ്രഹാമിന് പിന്നിലുള്ളത് ഡോ. അമരേന്ദ്രകുമാർ ദുബെയും അരുണാ സുന്ദരരാജുമാണ്. ഇരുവരും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
അമരേന്ദ്രകുമാർ കേന്ദ്ര യുവജനകാര്യ മന്ത്രാലയം സെക്രട്ടറിയാണ്. അരുണ കേന്ദ്ര െഎ.ടി. സെക്രട്ടറിയും. അമരേന്ദ്രകുമാറിന് 2019 ജനുവരിവരെയും അരുണയ്ക്ക് ആ വർഷം ജൂലായ് വരെയും സർവീസുണ്ട്. ഇവർ കേരളത്തിലേക്ക് മടങ്ങുമോ എന്നതിൽ വ്യക്തതയില്ല. ഇവർ കഴിഞ്ഞാൽ പോൾ ആന്റണിയാണ് സീനിയർ. അദ്ദേഹത്തിന് 2018 ജൂൺവരെ സർവീസുണ്ട്. എബ്രഹാമിന് പിന്നാലെ ചീഫ് സെക്രട്ടറിയാവാൻ ഏറ്റവുംകൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് പോൾ ആന്റണിക്കാണ്. പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുമ്പോൾ വലിയ അഴിച്ചു പണിയും ഭരണ തലത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.