Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് എത്തിയെന്നറിഞ്ഞ് പ്രതിരോധിക്കാൻ എത്തിയത് അനേകം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; സംസ്ഥാന പ്രസിഡന്റിന്റെ വീടു കയറി പരിശോധനയിൽ പ്രതിഷേധിച്ച് അനേകം പേർ തെരുവിൽ ഇറങ്ങിയതോടെ വെറുതേ കുശലം പറയാൻ വീട്ടിൽ കയറിയതെന്ന് വിശദീകരിച്ച് പൊലീസ്; നസറുദ്ദീന്റെ വീടിന് മുമ്പിൽ കൂടി പോകുമ്പോൾ വിശേഷം തിരക്കാൻ കയറിയത് റെയ്ഡ് ആക്കിയ മാധ്യമങ്ങളെ പഴിച്ച് പൊലീസ്

നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് എത്തിയെന്നറിഞ്ഞ് പ്രതിരോധിക്കാൻ എത്തിയത് അനേകം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; സംസ്ഥാന പ്രസിഡന്റിന്റെ വീടു കയറി പരിശോധനയിൽ പ്രതിഷേധിച്ച് അനേകം പേർ തെരുവിൽ ഇറങ്ങിയതോടെ വെറുതേ കുശലം പറയാൻ വീട്ടിൽ കയറിയതെന്ന് വിശദീകരിച്ച് പൊലീസ്; നസറുദ്ദീന്റെ വീടിന് മുമ്പിൽ കൂടി പോകുമ്പോൾ വിശേഷം തിരക്കാൻ കയറിയത് റെയ്ഡ് ആക്കിയ മാധ്യമങ്ങളെ പഴിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മഹാരാജാസിലെ അഭിമന്യുവിന്റെ ഘാതകരായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ തൊടാൻ പൊലീസിന് പേടിയാണെന്ന വിമർശനം സൈമൺ ബ്രിട്ടോ ഉന്നയിച്ചത് ഇന്നലെയാണ്. ഈ വിമർശനത്തിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് പരിശോധനക്ക് എത്തിയെന്ന വാർത്ത മാധ്യമങ്ങളിലെല്ലാം വന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളുടെ വീട്ടിൽ അടക്കം പരിശോധ നടക്കുന്നതിനിടെയാണ് നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിലും പൊലീസ് എത്തിയത്. എന്നാൽ, സംഗതി പുലിവാലാകുമെന്ന് കണ്ടതോടെ പൊലീസ് മാധ്യമങ്ങളെ പഴിച്ചു കൊണ്ട് രംഗത്തെത്തി.

നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയെന്നു പ്രചരിച്ച വാർത്ത വ്യാജമാണെന്ന് വാഴക്കാട് എഎസ്ഐ ഇബ്രാഹിം പറഞ്ഞു. രണ്ടുദിവസം മുൻപ് നടന്ന കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് അതുവഴി പോകുമ്പോൾ അവിടെ നിർത്തി സംഭാഷണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നാസറുദ്ദീന്റെ വീട്ടിൽ പൊലീസ് പരിശോധന തുടരുകയാണെന്ന തരത്തിൽ വാർത്ത പ്രചരിക്കുകയായിരുന്നു. ഇതേത്തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എടവണ്ണപ്പാറ അങ്ങാടിയിൽ വൈകുന്നേരം പ്രതിഷേധപ്രകടനം നടത്തി.

അതേസമയം അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ നേരത്തേ അറസ്റ്റിലായ നെട്ടൂർ സ്വദേശി സൈഫുദ്ദീൻ എന്ന സെയ്ഫു (27), മട്ടാഞ്ചേരി സ്വദേശികളായ അനസ് (31), നവാസ് (39), പനയപ്പിള്ളി സ്വദേശി ജിഫ്രിൻ (27) എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ഈമാസം 19 വരെ കസ്റ്റഡിയിൽ വിട്ടത്. കേസിലെ 17 മുതൽ 20 വരെയുള്ള പ്രതികളാണ് ഇവർ. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ കണ്ടെത്താൻ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

നേരത്തേ രണ്ട് മുതൽ നാല് വരെ പ്രതികളായ കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ വീട്ടിൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ വീട്ടിൽ റിയാസ് ഹുസൈൻ (37)എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.

മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം അവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ മാത്രമേ യു.എ.പി.എ ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നും ഡി.ജി.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആവശ്യമായ തെളിവില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയ സാഹചര്യത്തിൽ യു.എ.പി.എ ചുമത്തില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ ധിറുതിപിടിച്ച് യു.എ.പി.എ ചുമത്തുന്നതിന് സിപിഎമ്മും എതിരാണ്. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡി.ജി.പി അറിയിച്ചു.

അതിനിടെ പൊലീസ് നടപടിക്കെതിരെ കുപ്രചരണവുമായി പോപ്പുലർ ഫ്രണ്ടും രംഗത്തെത്തിയിട്ടുണട്്. സംസ്ഥാന നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താനുള്ള പൊലീസ് നീക്കത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പൊലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന രാഷ്ട്രീയ പകപ്പോക്കലിനെ ജനകീയമായി നേരിടുമെന്നും സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

സംഘടനക്ക് യാതൊരു ബന്ധവുമില്ലാത്ത സംഭവമായിട്ടും പ്രവർത്തകരെ വ്യാപകമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും വീടുകളിൽ പരിശോധന നടത്തുകയും ചെയ്യുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. എന്നിട്ടും പൊലീസുമായി പരമാവധി സഹകരിക്കാൻ സംഘടനാ പ്രവർത്തകർ തയ്യാറായിട്ടുണ്ട്. എന്നാൽ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ വീടുകളിലേക്ക് പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം പോപുലർ ഫ്രണ്ടിനെ അടിച്ചമർത്താനുള്ള സിപിഎമ്മിന്റെ സങ്കുചിത താൽപ്പര്യത്തിനനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.

സംഘടനയും മതവും നോക്കി പൊലീസ് നടത്തുന്ന വേട്ട ജനാധിപത്യ കേരളത്തിന് അപമാനമാണ്. എതിരാളികളെ രാഷ്ട്രീയമായി എതിരിടാനാവാത്ത സിപിഎം പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന ഈ നീക്കം അപകടകരാണ്. വർഗീയമായും വിവേചനപരമായും ഇടപെടാൻ പൊലീസിനെ നിർബന്ധിക്കുന്ന സിപിഎം ഈ വേട്ടക്ക് കനത്ത വില നൽകേണ്ടി വരും. സമ്മർദത്തിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയാൻ പൊലീസിന് കഴിയണം. അതിന് പകരം റെയ്ഡും കരുതൽ തടങ്കലുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ അതിനെ ജനാധിപത്യപരമായി നേരിടുമെന്നും പോപ്പുലർ ഫ്രണ്ട് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP