Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സങ്കടങ്ങൾ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്; കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സും ധരിച്ച് അമ്മ മേരി നൽകിയ പൊതിച്ചോറും വാങ്ങി പിതാവ് ജോസഫിന്റെ കൈപിടിച്ച് വീണ്ടും അവൾ കാമ്പസിലേക്ക് നടന്നു കയറി: കെവിന്റെ മരണ ശേഷം 17-ാം നാൾ പുറം ലോകത്തേക്കിറങ്ങിയ നീനു ഇനി ഒരു ഫീനിക്‌സ് പക്ഷിയായി പറക്കട്ടേ

സങ്കടങ്ങൾ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്; കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സും ധരിച്ച് അമ്മ മേരി നൽകിയ പൊതിച്ചോറും വാങ്ങി പിതാവ് ജോസഫിന്റെ കൈപിടിച്ച് വീണ്ടും അവൾ കാമ്പസിലേക്ക് നടന്നു കയറി: കെവിന്റെ മരണ ശേഷം 17-ാം നാൾ പുറം ലോകത്തേക്കിറങ്ങിയ നീനു ഇനി ഒരു ഫീനിക്‌സ് പക്ഷിയായി പറക്കട്ടേ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സങ്കടം മനസ്സിൽ കടലോളം ഉണ്ടെങ്കിലും അതെല്ലാം പൊരുതി തോൽപ്പിക്കാനാണ് ഇനി നീനുവിന്റെ തീരുമാനം. ജീവിക്കണം ആരുമല്ലാതിരുന്നിട്ടും തന്നെ പൊന്നുമകളെ പോലെ നോക്കുന്ന കെവിന്റെ അച്ഛനമ്മമാർക്ക് വേണ്ടി. അതിന് താൻ പഠനം തുടർന്നേ മതിയാകൂ എന്ന തിരിച്ചറിവിന്റെ പാതയിലാണ് ഇപ്പോൾ നീനു. ഇന്നലെ രാവിലെ തന്നെ നീനു കെവിന്റെ പിതാവ് ജോസഫിന്റെ കൈയും പിടിച്ച് കോളേജിലേക്ക് നടന്നു കയറി.

രാവിലെ കെവിന്റെ സഹോദരി കൃപ നൽകിയ ചുരിദാറും ധരിച്ച് കെവിന്റെ അമ്മ നൽകിയ പൊതിച്ചോറും വാങ്ങി കെവിന്റെ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്നായിരുന്നു നീനു വീണ്ടും കോളേജിലേക്ക് പോയത്. കെവിൻ മരിച്ച് 17-ാം ദിവസമായിരുന്നു കോളേജിലേക്ക് നീനു പോയത്. കോളേജിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവൾ പ്രിയപ്പെട്ടവന്റെ ഫോട്ടോയ്ക്ക് മുന്നിൽ കുറച്ച് നേരം നിന്നു. കെവിനച്ചാച്ചനോട് മൗന അനുവാദവും ചോദിച്ച ശേഷമായിരുന്നു അവൾ നടന്ന് നീങ്ങിയത്.

ആദ്യത്തെ യാത്ര കോട്ടയം ഗാന്ധിനഗർ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു. ഇതിനു മുൻപ് അവൾ ഈ പൊലിസ് സ്റ്റേഷനിൽ ചെന്നത് അവൾ മറന്നിട്ടില്ല. കരഞ്ഞുവീർത്ത കണ്ണുകളോടെ, അപമാനിതയായിനിന്നത്, കെവിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് തന്റെ മുന്നിൽവച്ച് അപമാനിച്ചത്, കെവിനെ കാണാനില്ലെന്ന് വാവിട്ടുകരഞ്ഞത്.. എല്ലാം ഈ സറ്റേഷനിൽവച്ചായിരുന്നു. പക്ഷേ ഇത്തവണ പഴയ നീനുവായിരുന്നില്ല. തല ഉയർത്തിപ്പിടിച്ച്, കെവിന്റെ അച്ഛനൊപ്പം ,ജോസഫിന്റെ മകളായിട്ടായിരുന്നു നീനുവിന്റെ യാത്ര.

വീണ്ടും കോളേജിൽ പോകാൻ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ചെന്ന് കോളേജിൽ പോകുന്നത് അറിയിച്ചത്.പിന്നെ മാന്നാനത്തേക്ക്.. നീനു എത്തുന്നത് ക്ലാസിലെ കൂട്ടുകാരികൾ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അവരുടെ വിളികളാണ് അവളെ വീണ്ടും കാമ്പസ്സിലേക്ക് നയിച്ചതും.

അമലഗിരി ബി.കെ. കോളജിലെ ബി.എസ്.സി. ജിയോളജി വിദ്യാർത്ഥിനിയാണ് നീനു. പ്രാക്ടിക്കൽ പരീക്ഷയ്ക്കായാണ് ഇന്നലെ കോളജിലെത്തിയത്. തുടർപഠനത്തിന്റെ ചെലവുകളെല്ലാം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം അറിയാതെയാണ് നീനു ഇന്നലെ കെവിന്റെ പിതാവ് ജോസഫിനൊപ്പം കോളജിലെത്തിയത്. അവിടെ അവളെ സ്വീകരിക്കാൻ കൂട്ടുകാരികളെല്ലാം ഉണ്ടായിരുന്നു. കണ്ണുനീരിന്റെ നനവുള്ള സന്തോഷം അവരും പങ്കുവെച്ചു. ജോസഫിനൊപ്പം പ്രിൻസിപ്പലിനെ കണ്ടശേഷം അവൾ ക്ലാസിലേക്ക് നടന്ന് നീങ്ങി. കുറച്ച് നേരം ജോസഫ് ആ മകളുടെ പോക്ക് നോക്കി നിന്നു. സുഹൃത്തുക്കളിൽ നിന്നു നീനു നോട്ട് കുറിച്ചു വാങ്ങി. വൈകിട്ട് മകളെ വീട്ടിലേക്ക് തിരികെക്കൊണ്ടു പോകാനും ആ പിതാവ് വന്നിരുന്നു.

അവൾ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാൽ ആവുന്നത് ചെയ്തുകൊടുക്കും.'''ജോസഫിന്റെ ഉറച്ച വാക്കുകൾ''.വീടു നിർമ്മിക്കാൻ സർക്കാർ പണം നൽകുമെന്നറിയിച്ചത് ആശ്വാസം നൽകുന്നുവെന്നു ജോസഫ് പറഞ്ഞു. വീടില്ലാതെ വർഷങ്ങളായി കഴിയുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാനാകില്ല. വാടകവീട് സംഘടിപ്പിക്കുക എളുപ്പമല്ല. പലപ്പോഴും മാസങ്ങൾ അന്വേഷിച്ചാലായിരുന്നു വീടു ലഭിച്ചിരുന്നത്. 16 വർഷമായി വാടകവീട്ടിലാണു ജോസഫും കുടുംബവും താമസിക്കുന്നത്. നട്ടാശേരിയിലെ ഇപ്പോഴത്തെ വീട്ടിലെത്തിയിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ.

ഇന്നലെ കെവിന്റെ കുടുംബത്തിനു വീടുവയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.  സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷവും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയുമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം അനുവദിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ തുടർപഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP