Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ രക്ഷകനാക്കിയ അമേരിക്കൻ കമ്പനിക്ക് നെസ്‌ലെയുടെ മാനം വീണ്ടെടുക്കാൻ കഴിയുമോ? ആഫ്രിക്കയിൽ നിന്നും മാഗി ഔട്ട്; മറുനാടൻ മലയാളിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ആഗോളഭീമൻ

മോദിയെ രക്ഷകനാക്കിയ അമേരിക്കൻ കമ്പനിക്ക് നെസ്‌ലെയുടെ മാനം വീണ്ടെടുക്കാൻ കഴിയുമോ? ആഫ്രിക്കയിൽ നിന്നും മാഗി ഔട്ട്; മറുനാടൻ മലയാളിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ആഗോളഭീമൻ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പത്ത് ജീവനക്കാരും ഒരുകോടി രൂപ വിറ്റുവരവുമായി പിന്നെ സെക്രട്ടറിയായും ഡ്രൈവറായും ഒക്കെ കാര്യങ്ങൾ നടത്തുന്ന നമ്മുടെ നാട്ടിൽ വിദേശ കമ്പനികളുടെ രീതി കണ്ട് പഠിക്കേണ്ടതാണ്. കോടാനുകോടികളുടെ കച്ചവടമുള്ള നെസ്‌ലെ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടയിലും ഒരു പ്രാദേശിക വാർത്താ പോർട്ടലായ മറുനാടൻ മലയാളി അയച്ച കത്തിന് പോലും വിശദമായ മറുപടി അയച്ചാണ് നെസ്‌ലെ ശ്രദ്ധ നേടുന്നത്. എന്നാൽ ഈ വിശദീകരണങ്ങളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും ഒന്നും മാഗിയെയോ നെസ്‌ലെയെയോ രക്ഷിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഒക്കെ ഭാഗമായി നരഭോജി എന്ന ലേബലിൽ നിന്നും രക്ഷകനിലേക്ക് മോദിയെ പരിവർത്തനം ചെയ്ത അമേരിക്കൻ കമ്പനിയുടെ സഹായം തേടിയിരിക്കുകയാണ് നെസ്‌ലെ ഇപ്പോൾ.

നെസ്‌ലെ കമ്പനിയുടെ ഉത്പ്പന്നങ്ങൾ ബ്രിട്ടണിലും ഉപയോക്താക്കൾ സംശയത്തോടെ കാണുന്നുവെന്നും ഇന്ത്യയിൽ ആരോപണം നേരിടുന്ന ബ്രാന്റിനെതിരെ യുകെയിലും അന്വേഷണം ഉണ്ടാകും എന്ന് കഴിഞ്ഞ മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയുമായി ബന്ധപ്പെട്ട് നെസ്‌ലെയെ മറുനാടൻ മലയാളിയുടെ ബന്ധപ്പെട്ടപ്പോഴാണ് യുകെയുടെ കേന്ദ്ര ആസ്ഥാനത്ത് നിന്നും വിശദീകരണ കുറിപ്പ് എത്തിയത്. ഇന്ത്യൻ കമ്പോളത്തിൽ നിന്നും പൂർണ്ണമായും തൽക്കാലത്തേക്ക് വിട്ടു നിൽക്കാൻ തീരുമാനിച്ച മാഗി ന്യൂഡിൽസിന്റെ ഉത്പ്പാദകരായ നെസ്‌ലെ ബ്രിട്ടണിൽ കമ്പനി ഉത്പ്പന്നങ്ങൾ പൂർണ്ണ സുരക്ഷിതം ആണെന്നാണ് മറുനാടൻ മലയാളിയെ അറിയിച്ചിരിക്കുന്നത്.

ബ്രിട്ടണിൽ വിതരണം നടത്തുന്ന മാഗി പൂർണ്ണമായും ഉപയോഗക്ഷമം ആണെന്ന് വ്യക്തമാക്കിയാണ് കമ്പനി ഉപഭോക്ത സേവനം വിഭാഗം മേധാവി ട്രേസി സ്‌കോട്ട് മറുനാടനെ അറിയിച്ചത്. കഴിഞ്ഞ 30 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന നെസ്‌ലെ ജന വിശ്വാസം അടിത്തറയാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ താൽപ്പര്യവും വിശ്വാസവും പരിരക്ഷിക്കുന്നതിൽ തന്നെയാണ് നെസ്‌ലെ ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും അതിന്റെ ഭാഗമായാണ് ഉത്പ്പന്നനിര വിപണിയിൽ നിന്നും പിൻവലിച്ചതെന്നും ട്രേസി സ്‌കോട്ട് പറയുന്നു. ഇതുകൊണ്ടാണ് തികച്ചും ഉപയോഗ ക്ഷമം ആയിട്ടും ഇന്ത്യയിൽ നടന്ന ചില പരിശോധനകളിൽ ഉത്പ്പന്നത്തെ സംബന്ധിച്ച് സംശയം ഉയർന്ന സാഹചര്യത്തിൽ വിൽപ്പന പൂർണ്ണമായും നിർത്തി വയ്ക്കാൻ നെസ്‌ലെ തയ്യാറായത് എന്നും യുകെ വിഭാഗം വ്യക്തമാക്കുന്നു. യുകെ വിപണിയിൽ കമ്പനി തിരിച്ചടി നേരിടുക ആണെന്നും സ്റ്റോക്ക് വിറ്റഴിക്കാൻ പ്രമുഖ വ്യാപാര കേന്ദ്രങ്ങൾ ശ്രമിക്കുന്നതായുമാണ് മറുനാടന്മലയാളി വാർത്ത നൽകിയത്. ഉത്പ്പന്നതിന്റെ വിപണി വില താഴ്‌ത്തി സ്റ്റോക്ക് തീർക്കാൻ ഉള്ള ശ്രമം ചിത്രം സഹിതമാണ് മിനിഞ്ഞാന്ന് മറുനാടന്മലയാളി റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പ്രതികരണം ആരാഞ്ഞ് നെസ്ലെയെ ബന്ധപ്പെട്ടപ്പോഴാണ് അവർ മറുപടിക്കത്ത് അയച്ചത്.

ഈ സാഹചര്യത്തിൽ യുകെയിൽ വിൽക്കുന്ന മാഗി പൂർണ്ണമായും ഉപയോഗ യോഗ്യം ആണെന്ന് ആവർത്തിച്ചു വിശദീകരിക്കുകയാണ് നെസ്‌ലെ. 2 മിനിറ്റ് മുദ്രയുമായി എത്തുന്ന മസാല രുചിക്കൂട്ടിൽ ഉള്ള ബ്രാന്റ് മാത്രമാണ് ഇന്ത്യയിൽ നിന്നും യുകെയിൽ എത്തുന്നതെന്ന് ട്രേസി സ്‌കോട്ട് പറയുന്നു. മറ്റു രുചികളിൽ ഉള്ളവ മലേഷ്യ ഉൾപ്പെടെയുള്ള അന്യരാജ്യങ്ങളിൽ നിർമ്മിക്കുന്നവ ആണെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നും യുകെയിൽ എത്തുന്ന മാഗി നിലവിൽ പരിശോധന ഫലത്തിൽ പരാജയപ്പെട്ട മാഗി നിർമ്മിക്കുന്ന കമ്പനിയിൽ ഉത്പ്പാദിപ്പിച്ചവ അല്ലെന്നും കത്തിൽ എടുത്തു പറയുന്നുണ്ട്. എന്നാൽ ഏത് ഫാക്ടറിയിൽ നിർമ്മിച്ചവ ആണ് ഇന്ത്യയിൽ പരിശോധനയിൽ പരാജയപ്പെട്ടത് എന്നോ ഏത് ഫാക്ടറിയിൽ നിർമ്മിക്കുന്നവ ആണ് ബ്രിട്ടണിൽ വിൽപ്പനയ്ക്ക് എത്തുന്നതെന്നോ നെസ്‌ലെ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടില്ല. നെസ്‌ലെ ബ്രിട്ടണിലും അയർലന്റിലും എഫ്എസ്എ നടത്തുന്ന ഏത് അന്വേഷണവും ആയി പൂർണ്ണമായി സഹകരിക്കും എന്നും കമ്പനി പറയുന്നു.

അതിനിടെ തുടക്കത്തിൽ നിശബ്ദത പാലിച്ചും രംഗം പന്തിയല്ലെന്ന് കണ്ടു കമ്പനിയുടെ ഇന്ത്യൻ മേധാവി പോൾ ബൽകെ നേരിട്ട് പത്ര സമ്മേളനം നടത്തി വിശദീകരണം നൽകിയിട്ടും മാദ്ധ്യമങ്ങൾ പിന്നോട്ട് ഇല്ലെന്നു വ്യക്തമാക്കിയതോടെ അവശേഷിച്ച മുഴുവൻ സ്റ്റോക്കും തിരിച്ചെടുക്കാൻ തയ്യാറായ നെസ്‌ലെ ഇപ്പോൾ നഷ്ടമായ ജനവിശ്വാസം തിരികെ പിടിക്കാൻ സോഷ്യൽ മീഡിയ വഴി സജീവമാകുന്ന കാഴ്ചയാണ് ഇപ്പോൾ ലഭ്യമാകുന്നത്. മാത്രമല്ല, തങ്ങളുടെ പ്രതിസന്ധിയിൽ കൂടെ നിൽക്കണമെന്ന് വ്യാഖ്യാനിപ്പിക്കുന്ന തരത്തിൽ നിലപാട് വ്യക്തമാക്കുന്ന കത്തുകളും മാദ്ധ്യമ തലവന്മാർക്ക് നെസ്‌ലെ അയച്ചു തുടങ്ങിയിട്ടുണ്ട്. ദശകങ്ങളായി ഇന്ത്യൻ മനസ്സിൽ പതിഞ്ഞ വിശ്വാസം തങ്ങൾ പരിരഷിക്കും എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്ന കത്തുകളാണ് നെസ്‌ലെ തയ്യാറാക്കി അയക്കുന്നത്.

എന്നാൽ കുരുക്ക് അഴിയുകയല്ല മുറുകുക ആണെന്ന് തെളിയിച്ചു മിനിഞ്ഞാന്ന് മുതൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഉത്പ്പന്നം പിൻവലിച്ചു തുടങ്ങി. കെനിയ, ഉഗാണ്ട, ടാൻസാനിയ, സുഡാൻ, റുവാണ്ട എന്നിവിടങ്ങളിലെ പ്രധാന വിൽപ്പന കേന്ദ്രങ്ങളിൽ നിന്നാണ് മാഗി അപ്രത്യക്ഷം ആയിരിക്കുന്നത്. കെനിയയിൽ ഏറ്റവും ജനപ്രീതി ഉള്ള ബ്രാന്റ് കൂടി ആയിരുന്നു മാഗി ന്യൂഡിൽസ്. കൺസ്യൂമർ ഫെഡറേഷൻ ഓഫ് കെനിയ നടത്തിയ നീക്കത്തിന്റെ ഭാഗമായി പ്രധാന സൂപ്പർ മാർക്കറ്റ് ശ്യംഖലകളായ റ്‌റൈസ്‌കി, നൈവാസ് എന്നിവയാണ് മാഗിയുടെ വിൽപ്പന നിർത്തി വച്ചത്. ഭക്ഷ്യ വിൽപ്പന നിരീക്ഷണ ഏജൻസിയായ കെനിയൻ ബ്യുറോ ഓഫ് സ്റ്റാൻഡേർഡ് വാക്കാൽ നൽകിയ നിർദ്ദേശം മൂലമാണ് ഉത്പ്പനം വിപണിയിൽ നിന്നും പിൻവലിഞ്ഞു തുടങ്ങിയത്. മറ്റു രാജ്യങ്ങളിൽ നിന്നും കെനിയയിലേക്ക് മാഗി ഇറക്കുമതി ചെയ്യുന്നതും തടയും.

അന്താരാഷ്ട്ര തലത്തിൽ തന്നെ തുടർ വാർത്തകൾ എത്തി തുടങ്ങിയതോടെ ബ്രാന്റ് നേരിടുന്ന നെഗറ്റീവ് ഇമേജിൽ നിന്നും രക്ഷപെടാൻ ശക്തമായ എതിർ പ്രചരണത്തിനുള്ള ശ്രമവും നെസ്‌ലെ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ വഴി കമ്പനിയുടെ പ്രചാരണ വിഭാഗം സജീവമായിരിക്കുകയാണ്. തുടരെ തുടരെ എത്തുന്ന ട്വീറ്റുകളിൽ നെസ്‌ലെ ഉത്പ്പന്നങ്ങൾ ഗുണമേന്മയിൽ വിട്ടു വീഴ്ച ഇല്ലെന്നും സുരക്ഷിതത്വം ഉറപ്പാണെന്നും ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഗുണമേന്മ പരിശോധന നടത്തുന്ന ബ്രാന്റ് ആണെന്നും ഒരു വർഷം 100 ദശലക്ഷം ഭക്ഷ്യ ഗുണമേന്മ പരിശോധന നടത്തുന്ന ബ്രാന്റ് ആണെന്നും അക്കമിട്ടു നിരത്തിയാണ് പ്രചരണം. എങ്ങനെയും പ്രതിസന്ധി തരണം ചെയ്യുക എന്ന നീക്കത്തിന്റെ ഭാഗമായി അനുകൂല പ്രചാരണത്തിനായി അമേരിക്കൻ കമ്പനിയായ ആപ്‌കോ വേൾഡ് വൈഡിനെ സമീപിച്ചിരിക്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിൽ മോദിയുടെ ഇമേജ് ഉയർത്തുന്നതിൽ പ്രധാന പ്രചാരണ ചുമതല ഏറ്റത് ആപ്‌കോ ആയിരുന്നു. ഗുജറാത്ത് കലാപ ശേഷം സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനും കലാപ വാർത്തകൾ സൃഷ്ടിച്ച നെഗറ്റീവ് ഇമേജ് മറി കടക്കാനും ആപ്‌കോ തയ്യാറാക്കിയ തന്ത്രങ്ങൾ വിജയമായിരുന്നു എന്ന് കണ്ടാണ് ഇപ്പോൾ നെസ്‌ലെയും സഹായം തേടിയിരിക്കുന്നത്. ആപ്‌കോ നിർദ്ദേശ പ്രകാരമാണ് അന്തരീക്ഷം തണുപ്പിക്കാൻ നെസ്‌ലെ ഇന്ത്യൻ മേധാവി തന്നെ നേരിട്ട് മാദ്ധ്യമ പ്രധിനിധികളുടെ മുന്നിൽ എത്തി വിശദീകരണം നൽകിയതും. എന്നാൽ നെസ്‌ലെ സഹായം തേടിയോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അനുകൂലം ആയോ പ്രതികൂലം ആയോ പ്രതികരിക്കാൻ ആപ്‌കോ വിസമ്മതിച്ചു. തങ്ങളുടെ ഇടപാടുകാരെ കുറിച്ച് പുറം ലോകത്തോട് വെളിപ്പെടുത്തുന്ന പതിവ് ഇല്ലെന്നാണ് ആപ്‌കോ മേധാവി സുഖാന്തി ഘോഷ് വെളിപ്പെടുത്തിയത്.

മാഗി ഉത്പാദകരായ നെസ്‌ലെ യുകെ മറുനാടൻ മലയാളിക്ക് നല്കിയ കത്തിന്റെ പൂർണ രൂപം

Dear Shaijumon

Thank you very much for your email.

Maggi Noodles are completely safe and have been trusted in India for over 30 years. The trust of our consumers and the safety of our products is our first priority. Unfortunately, recent developments and unfounded concerns about the product in India have led to an environment of confusion for the consumer there, to such an extent that Nestlé India has decided to withdraw the product from the shelves in India, despite the product being safe.

The UK and Ireland market currently import only one flavour of ‘Maggi 2 Minute Noodles’ (masala flavour) from India. The batch of noodles originally tested by the authorities in India is not sold in the UK or Ireland. Other flavour Maggi noodles are not imported from India but from other Nestlé factories in other countries.

Nestlé UK and Ireland is working closely with the Food Standards Agency and Local Authority. As a precautionary measure the FSA have requested testing of Maggi noodle products in the UK.

Please click on the following link for the more detailed information and your questions answered.

http://www.nestle.com/aboutus/ask-nestle/answers/maggi-noodles-india-msg-lead-ban-recall

Thank you once again for taking the trouble to contact us. I hope this reply answers your questions and that you enjoy our products in the future.

Yours sincerely

Tracey Scott
Contact Centre Officer

Consumer Services 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP