Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങൾക്കു വിലക്ക്; മൂന്നുമീറ്റർ അകലെ മാത്രമേ ആളുകളെ നിർത്താവൂ; പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോയെന്ന് ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കും; ആനയിടച്ചിൽ തടയാൻ കർശന നിർദേശങ്ങൾ

ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങൾക്കു വിലക്ക്; മൂന്നുമീറ്റർ അകലെ മാത്രമേ ആളുകളെ നിർത്താവൂ; പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോയെന്ന് ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കും; ആനയിടച്ചിൽ തടയാൻ കർശന നിർദേശങ്ങൾ

ആലപ്പുഴ: മദപ്പാടിൽ ഇടയുന്ന ആനകൾ ചവിട്ടിക്കൊല്ലുന്നത് പാവങ്ങളെ. നാട്ടാനപരിപാലനനിയമം കാറ്റിൽ പറത്തി ആനകളെ പീഡിപ്പിക്കുന്നു. ഉൽസവപ്പറമ്പുകളിലും തൊഴിൽമേഖലകളിലും ആനയ്ക്ക് വിശ്രമമില്ല. ആന ഇടയൽ പതിവാകുന്നു.ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആനകളെ ഉപയോഗിക്കുന്നു. മരണസംഖ്യ വർദ്ധിച്ചതോടെ അന്വേഷിക്കാൻ ഡി.എഫ്.ഒ.യുടെ ഉത്തരവ്. ഉത്സവാഘോഷങ്ങളിലും മറ്റും ആനയുടമകളും സംഘാടകരും നാട്ടാന പരിപാലനച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞദിവസം ഹരിപ്പാട് വിട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരുന്ന വിമുക്ത ഭടനെ ഇടഞ്ഞ ആന അടിച്ചു കൊന്നിരുന്നു. കോമളത്ത് കുളങ്ങര പിലാപ്പുഴ ശിവസദനത്തിൽ മനോഹരൻ പിള്ളയെ (72) ആണ് ആന അടിച്ചുകൊന്നത്. മദമിളകിയ ആന് ഏഴു കിലോമീറ്ററോളം ദേശീയപാതയിലൂടെ ഓടിയാണ് പിലാപുഴയിലെത്തിയത്. ഇന്നലെ ആനയെ തളയ്ക്കുന്നതിനിടയിൽ പാപ്പാനെയും ചവിട്ടിക്കൊന്നു. കരുവാറ്റ ആഞ്ഞിലിവേലിൽ പടീറ്റതിൽ ഉണ്ണികൃഷ്ണൻ നായർ (54) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 7 വർഷമായി ആനയുടെ ഓന്നാം പാപ്പാനാണ് ഉണ്ണികൃഷ്ണൻ നായർ.

നേരത്തെ കായംകുളം വള്ളികുന്നത്ത് വ്രണങ്ങളുള്ള ആനയെ എഴുന്നെള്ളത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടന്നുവരികയാണ്. അമ്പലപ്പുഴയിൽ ക്ഷേത്ര ഉടമസ്ഥതയിലുള്ള ആന പരിതാപകരമായ അവസ്ഥയിലാണ്. ആവശ്യമായ ചികിൽസയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. കനത്ത വേനൽ ചൂടിൽ ആനകളെ കഠിനാദ്ധ്വാനം ചെയ്യിച്ചും ഉറക്കാതെയും നടത്തുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ വനം വകുപ്പും സർക്കാരും ജാഗ്രതയോടെ രംഗത്തെത്തിക്കഴിഞ്ഞു. ഇതിനായി കർശന നിർദേശങ്ങളാണ് വച്ചിട്ടുള്ളത്.

ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇനി 2012 ൽ ഉണ്ടായിരുന്ന പൂരങ്ങൾക്ക് മാത്രമേ ആനയെ ഉപയോഗിക്കാൻ അനുവാദം നൽകുകയുള്ളൂ. ആനകളുടെ എണ്ണവും 2012 ലേതിനു മുകളിലാകരുത്. ആനകളിൽനിന്ന് കുറഞ്ഞത് മൂന്നുമീറ്റർ അകലെമാത്രമേ ആളുകളെ നിർത്താവൂ. പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസുദ്യോഗസ്ഥർ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കും.

ആനകളെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്നവർ ഏഴു ദിവസം മുമ്പ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അധികൃതരിൽനിന്നും അനുമതിപത്രം വങ്ങേണ്ടതാണ്. എഴുന്നെള്ളിപ്പിന് ഒരാഴ്ച മുമ്പ് സാമൂഹികവനവത്കരണവിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർക്കോ റാന്നി ഡി.എഫ്.ഒ.യ്‌ക്കോ അപേക്ഷ നൽകണം. ഉപയോഗിക്കുന്ന ആനകളുടെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് (പതിനഞ്ച് ദിവസത്തിനകം എടുത്തത്), ഡേറ്റാ ബുക്ക്, ഇൻഷുറൻസ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്, പരിപാടിയുടെ നോട്ടീസ് എന്നിവയും ഹാജരാക്കണം.

എഴുന്നെള്ളിപ്പിന് 72 മണിക്കൂർ മുമ്പ് അടുത്തുള്ള പൊലീസ് സ്‌റ്റേഷൻ ഓഫീസർ, വനം വകുപ്പ് റേഞ്ചർ എന്നിവരെ ആഘോഷക്കമ്മിറ്റി ഭാരവാഹികൾ വിവരം അറിയിക്കണം. വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ഉപയോഗിക്കാൻ അനുവദിക്കില്ല.പകൽ 11-നും 3.30-നും ഇടയിൽ ആനകളെ എഴുന്നെള്ളിപ്പിനുപയോഗിക്കാൻ പാടില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ കളക്ടറുടെ പ്രത്യേകാനുമതി വാങ്ങണം. ഒരു ദിവസം ആറു മണിക്കൂറിൽ കൂടുതൽ ഒരേ ആനയെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കരുത്. ഒരു ദിവസം പരമാവധി രണ്ടു തവണയായി നാലു മണിക്കൂർ വരെ നിർത്താം. രാത്രി എഴുന്നെള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകൽ വീണ്ടും അതിനുപയോഗിക്കരുത്. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും ഉത്സവക്കമ്മിറ്റി 72 മണിക്കൂർ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും ഇൻഷൂർ ചെയ്തിരിക്കണം.

ആനയെ ഇടച്ചങ്ങല, മുട്ടുചങ്ങല എന്നിവ കൂടാതെ എഴുന്നെള്ളിപ്പിന് നിർത്തരുത്. ആനയെ നിർത്തുന്നതിന് ചട്ടപ്രകാരം ആവശ്യമായ സ്ഥലസൗകര്യമുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കും. ഒന്നും രണ്ടും പാപ്പാന്മാർക്ക് ആനയുടമ ഇൻഷുറൻസ് എടുത്തിരിക്കണം.ആനയെ ടാർ റോഡിലൂടെ ഉച്ചസമയത്ത് അധികനേരം നടത്തരുത്. ആനയുടെ സമീപത്തുവച്ച് വൻ ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കരുത്. അഞ്ചോ അതിൽക്കൂടുതലോ ആനകളെ എഴുന്നെള്ളിപ്പിനു നിർത്തുന്ന സ്ഥലങ്ങളിൽ എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവക്കമ്മിറ്റി ഉറപ്പാക്കണം. ആനകൾക്ക് ഉത്സവസമയത്ത് മതിയായ വിശ്രമം കമ്മിറ്റി ഭാരവാഹികൾ ഉറപ്പാക്കണം. ഏതായാലും നിയമത്തിന്റെ നൂലാമാലകൾ കടന്ന് ആനയെ എഴുന്നെള്ളിക്കാൻ ഉടമസ്ഥർ തയ്യാറായില്ലെങ്കിൽ കുരുതി കഴിക്കപ്പെടുന്നത് ഒന്നുമറിയാത്ത പാവങ്ങളായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP