Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷമില്ലാത്ത പച്ചക്കറി നൽകിയ സിപിഎമ്മിൽ നിന്ന് പുതിയൊരു പദ്ധതി കൂടി; 'ഒരു വീട്ടിൽ ഒരു കറിവേപ്പില മരം' പദ്ധതിയുമായി കാട്ടാക്കടയിലെ പാർട്ടി പ്രവർത്തകർ; പൂർണ പിന്തുണയുമായി നാട്ടുകാരും

വിഷമില്ലാത്ത പച്ചക്കറി നൽകിയ സിപിഎമ്മിൽ നിന്ന് പുതിയൊരു പദ്ധതി കൂടി; 'ഒരു വീട്ടിൽ ഒരു കറിവേപ്പില മരം' പദ്ധതിയുമായി കാട്ടാക്കടയിലെ പാർട്ടി പ്രവർത്തകർ; പൂർണ പിന്തുണയുമായി നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോ. ടി എം തോമസ് ഐസക് എംഎൽഎയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാൻ കേരളം തയ്യാറായപ്പോൾ അതിന്റെ മുൻ നിരയിൽ ഉണ്ടായിരുന്ന പ്രദേശമാണ് കാട്ടാക്കട. സിപിഐ(എം) കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ കീഴിൽ ഈ പദ്ധതി വിജയിപ്പിക്കാൻ പാർട്ടിയുടെയും പോഷക സംഘടനയായ കർഷക സംഘത്തിന്റെയും പ്രവർത്തകർ മുന്നിട്ടിറങ്ങുകയും ചെയ്തു.

ഇപ്പോഴിതാ പുതിയൊരു പദ്ധതിയുമായി സിപിഐ(എം) കാട്ടാക്കട ഏരിയാ കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. 'ഒരു വീട്ടിൽ ഒരു കറിവേപ്പില മരം' എന്ന പുതിയ പദ്ധതിയാണ് ജനങ്ങൾക്കായി സിപിഐ(എം) പ്രവർത്തകർ അവതരിപ്പിക്കുന്നത്.

വിഷവിമുക്തമായ നാട്ടിൻപുറങ്ങൾക്കായി ഓരോ വീട്ടിലും ഒരു കറിവേപ്പില മരം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ പദ്ധതിക്കു രൂപം നൽകിയതെന്നു സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ പറഞ്ഞു.

വിപണിയിൽ നിന്നു വാങ്ങുന്ന കറിവേപ്പിലയിൽ കീടനാശിനികളുടെ അംശം കാണാനുള്ള സാധ്യത ഏറെയാണ്. പാചകത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില എന്നതിനാൽ തന്നെ കീടനാശിനി തളിച്ച കറിവേപ്പില നമ്മുടെ ഭക്ഷണത്തിനൊപ്പം ചേരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് ഇക്കാര്യത്തിൽ സ്വയംപര്യാപ്തരാകാനുള്ള നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്.

വിപണിയിൽ നിന്നു വാങ്ങുന്ന കറിവേപ്പിലയിലെ മാരക കീടനാശിനികൾ ശരീരത്തിനുള്ളിൽ കടക്കുന്ന അവസ്ഥ ഒഴിവാക്കാനായി വീട്ടിൽ ഒരു കറിവേപ്പ് നട്ടുവളർത്താൻ ശ്രമിക്കാനാണ് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നത്. ഇതിനായി ഗ്രാമങ്ങളിൽ ഓരോ വീടുകളിലും പ്രവർത്തകർ നേരിട്ടെത്തി ബോധവൽക്കരണം നടത്തും.

ആരോഗ്യ സംരക്ഷണത്തിന് കറിവേപ്പില ഉത്തമം ആണെന്നതിൽ സംശയമില്ല. അകാലനര തടയുന്നതിനും ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദമാണ് കറിവേപ്പില. ദഹനക്കേടിനു പ്രതിവിധിയായും ഇതുപയോഗിക്കുന്നു. അതിസാരം, ആമാശയസ്തംഭനം എന്നിവയ്ക്കുള്ള പ്രതിവിധിയായും കറിവേപ്പില ഉപയോഗിക്കുന്നുണ്ട്. കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രയോജനപ്രദവുമാണ്.

കറിവേപ്പില ഓരോ വീട്ടിലും നട്ടുപിടിപ്പിക്കാൻ സിപിഐ(എം) പ്രവർത്തകർ എത്തുമ്പോൾ ഇതിന്റെ ഗുണങ്ങളെക്കുറിച്ചും ഇത് നട്ടുവളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓരോരുത്തരെയും ബോധവൽക്കരിക്കുന്നുമുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തിൽ കാട്ടാക്കട ഏരിയയിൽ ജൈവ പച്ചക്കറികൃഷി ജനങ്ങൾക്കു നൽകാൻ ശ്രദ്ധിച്ചിരുന്നു. സിപിഎമ്മിന്റെയും കർഷകസംഘത്തിന്റെയും നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചതും വിൽപ്പന നടത്തിയതും.

തരിശുകിടന്ന സ്ഥലങ്ങൾ പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. അതോടൊപ്പം പാർട്ടി നിർദ്ദേശമനുസരിച്ച് നിരവധി പ്രവർത്തകർ സ്വന്തമായുള്ള പുരയിടങ്ങളിലും വീട്ടുവളപ്പിലും കൃഷി ആരംഭിച്ചു. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെയും സഹകരണസംഘങ്ങളുടെയും നേതൃത്വത്തിലും നിരവധി സ്ഥലങ്ങളിൽ ജൈവ പച്ചക്കറികൃഷി നടത്തി. ഇതെല്ലാം പ്രത്യേക വിപണനകേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുകയും ചെയ്തു.

പൂർണമായും ജൈവ കീടനാശിനിയും ജൈവവളവും മാത്രം ഉപയോഗിച്ച് വിളയിച്ച പച്ചക്കറികൾ കർഷകരിൽനിന്ന് നേരിട്ട് ശേഖരിച്ച് ഏരിയയിലെ അഞ്ച് പഞ്ചായത്തുകളിൽ പ്രത്യേക ജൈവ പച്ചക്കറി സ്റ്റാളുകൾ തുറന്നാണ് വിൽപ്പന നടത്തിയത്. ഇത് വൻ വിജയമാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജനോപകാരപ്രദമായ പുതിയ പദ്ധതിയുമായി സിപിഐ(എം) കാട്ടാക്കട ഏരിയാ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP