Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോജിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾ ആർക്കെങ്കിലും വേണ്ടി സംരക്ഷണ കവചം തീർത്തോ? നവ മാദ്ധ്യമ കൂട്ടായ്മയുടെ പ്രതിഷേധം തെരുവിലേക്കും; കിംസിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം

റോജിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾ ആർക്കെങ്കിലും വേണ്ടി സംരക്ഷണ കവചം തീർത്തോ? നവ മാദ്ധ്യമ കൂട്ടായ്മയുടെ പ്രതിഷേധം തെരുവിലേക്കും; കിംസിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം

ആവണി ഗോപാൽ

തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും ഉന്നതരെയോ സംരക്ഷിക്കാൻ വാർത്തകളെ ഒളിപ്പിക്കുന്ന മാദ്ധ്യമ തന്ത്രത്തിന് ഓൺലൈൻ മീഡിയയുടെ വരവോടെ തിരശ്ശീല വീണിരുന്നു. അടുത്തിടെ കേരളത്തിൽ പുറത്തുവന്ന വാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയുടെ പ്രതിഷേധത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. സദാചാര പൊലീസിംഗിനെതിരെ പ്രതിഷേധം ഉയർത്തി കൊച്ചിയിൽ നടത്തിയ കിസ് ഓഫ് ലവ് എന്ന പരിപാടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ യുവാക്കൾ ഏറ്റെടുത്ത സംഭവമായി മാറുകയുണ്ടായി. ഫേസ്‌ബുക്കും ട്വിറ്ററും ഓൺലൈൻ മാദ്ധ്യമങ്ങളുമായിരുന്നു ഈ പ്രതിഷേധ പരിപാടിക്ക് എല്ലാവിധ പിന്തുണയും നൽകിയത്. ഇപ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ റോജി റോയി എന്ന നഴ്‌സിങ് കോളേജ് വിദ്യാർത്ഥി പത്താംനിലയിൽ നിന്നും വീണുമരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തിപ്പടരുകയാണ്.

റോജി റോയി ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആവർത്തിച്ച് വ്യക്തമാക്കിയതോടെ നവമാദ്ധ്യമ കൂട്ടായ്മയിൽ പ്രതിഷേധം തെരുവിലേക്കും വ്യാപിക്കുകയാണ്. റാഗിങ് സംബന്ധിച്ച് പ്രശ്‌നങ്ങളെ തുടർന്നാണ് റോജി ആത്മഹത്യ ചെയ്തതെന്ന വിശദീകരണമായിരുന്നു ആദ്യം മാദ്ധ്യമങ്ങൾക്ക് ആശുപത്രി അധികൃതർ നൽകിയത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ ആശുപത്രിയുടെ പേരു പറയാതെയാണ് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്. തലസ്ഥാനത്തെ നക്ഷത്ര ആശുപത്രിയായ കിംസിലാണ് ആത്മഹത്യ ചെയ്തതെന്ന കാര്യം മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്‌ബുക്കിലൂടെയും മറ്റും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ക്രമേണ റോജിക്ക് നീതി ലഭിക്കണമെന്ന വിധത്തിലേക്ക് ഫേസ്‌ബുക്കിന്റെ കൂട്ട്ായമ്മ രൂപപ്പെടുകയാിരുന്നു.

ഈ വിഷയത്തിൽ മാദ്ധ്യമങ്ങൾ മൗനം പുലർത്തുന്നുവെന്ന ആരോപണം ഉയർത്തിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും ഫേസ്‌ബുക്ക് പേജ് തന്നെ ആരംഭിച്ചിട്ടുണ്ട്. റോജിയുടെ മരണത്തെ കുറിച്ച് മാതാപിതാക്കളിൽ നിന്നും ചില ചാനലുകൾ പ്രതികരണങ്ങൾ എടുത്ത ശേഷം ഇത് സംപ്രേഷണം ചെയ്യാൻ മടിച്ചു നിന്നിരുന്നു. ഇതോടെ വിഷയം ഏറ്റെടുത്ത സോഷ്യൽ മീഡിയ ഇക്കാര്യങ്ങൾ പ്രചരിപ്പിച്ചു. തുടർന്ന് വാർത്ത ഒളിച്ചുവെക്കാൻ ശ്രമിച്ചവർ തന്നെ ഇത് സംപ്രേഷണം ചെയ്യേണ്ടി വരികയും ചെയ്തു. ഇതോടെയാണ് വൻകിടക്കാർക്ക് വേണ്ടി മാദ്ധ്യമങ്ങൾ വാർത്ത മുക്കുന്നുവെന്ന പ്രചരണം ഫേസ്‌ബുക്കിൽ ശക്തമായത്.

റോജിക്ക് നീതി നേടികൊടുക്കാൻ വേണ്ടിയുള്ള ഫേസ്‌ബുക്ക് കമ്മ്യൂണിറ്റിയിൽ ഇതിനോടകം തന്നെ ആറായിരത്തിലേറെ പേർ അംഗങ്ങളായി കഴിഞ്ഞു. ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രം റോജിയുടേത് ആക്കി പ്രതിഷേധിക്കണമെന്ന ആഹ്വനം നിരവധി പേർ ഏറ്റെടുത്തു കഴിഞ്ഞു. റോജിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് നവമാദ്ധ്യമങ്ങളുടെ കൂട്ടായ്മയിൽ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കാൻ നീക്കമുണ്ട്. നവംബർ 16ന് വൈകീട്ട് കിംസിന് മുമ്പിൽ കരിങ്കൊടി പ്രതിഷേധത്തിനും ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

കിംസ് ആശുപത്രിയിൽ നിന്ന് ചാടിമരിച്ച റോജി റോയി ആത്മഹത്യ ചെയ്തതല്ലെന്ന ആരോപണവുമായി ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയതോടെ സംഭവം കൂടുതൽ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. റോജി റോയിയെ ആരെങ്കിലും ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് പിടിച്ചു തള്ളിയതാകാമെന്നാണ് ബന്ധുക്കളുടെ വാദം. കേൾവിയും സംസാര ശേഷിയുമില്ലാത്ത അച്ഛന്റേയും അമ്മയുടേയും മകളായ റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവർ തറപ്പിച്ച് പറയുന്നു.

റോജിയുടെ സംസ്‌കാരത്തിന് കോളേജിൽ നിന്ന് ആരുമെത്താത്തത് എന്തുകൊണ്ടാണെന്നും ബന്ധുക്കൾ ചോദിക്കുന്നു. റോജിയുടെ ദുരന്ത ശേഷം പ്രിൻസിപ്പൾ ലീവെടുത്തു പോയി. റോജിയുടെ ബന്ധുക്കളോട് സംസാരിക്കുന്നതിൽ നിന്ന് സഹപാഠികളേയും വിലക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. വീഴ്ചയിൽ തന്നെ റോജിക്ക് മരണം സംഭവിച്ചിരുന്നുവെങ്കിലും ആറു മണിക്കൂർ കഴിഞ്ഞാണ് കിംസ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. എന്തിന് ഇത്ര കാലതാമസം കാണിച്ചുവെന്നാണ് ഫേസ്‌ബുക്കിലൂടെ ഉയരുന്ന ചോദ്യം. മരണ ശേഷം കൃത്രിമ രേഖയുണ്ടാക്കാനാകാം ഈ കാലതാമസമെന്നാണ് ആരോപണം.

ആശുപത്രിയിൽ വച്ച് ബന്ധുക്കളോട് സംസാരിക്കാൻ സഹപാഠികളെ അനുവദിച്ചുമില്ല. എല്ലാവരേയും അകറ്റി നിർത്തി. ഒരു വിവരവും പങ്കുവച്ചുമില്ല. ബോധപാർവ്വമായ ഗൂഡാലോചനയാണ് ഇതിലുള്ളതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകാനാണ് തീരുമാനം. പൊലീസ് ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ റോജിയുടെ ബന്ധുക്കൾ തൃപ്തരുമല്ല. റാഗിങ് സംബന്ധിച്ച പരാതിയിൽ റോജിയെ ചോദ്യം ചെയ്‌തെന്നും, വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും, ഇതിനായി പേനയും പേപ്പറും എടുക്കാൻ പോയ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടുകയായിരുന്നുവെന്നുമാണ് കിംസ് അധികൃതർ പൊലീസിന് നൽകിയ മൊഴി.

എന്നാൽ ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന വിധത്തിൽ മാദ്ധ്യങ്ങൾ വാർത്ത നൽകിയതിനെതിരെയാണ് നവമാദ്ധ്യമങ്ങളുടെ പ്രതിഷേധം വ്യാപിക്കുന്നത്. മാദ്ധ്യമങ്ങൽ ഇക്കാര്യത്തിൽ ജാഗ്രത കാണിച്ചില്ലെന്നും വിമർശനം ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP