Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജ്യോതിഷ പ്രവചനം അച്ചട്ടായി; 'മാരാർജി ഭവനെ' കൈവിട്ടപ്പോൾ നിയമസഭയിൽ അക്കൗണ്ട് തുറന്നു; 'പൂഞ്ഞാർ ഭവനിലിരുന്ന്' പന്ത്രണ്ട് നില മണിമാളിക ഉയർത്തും; സിപിഐ(എം) പാതയിൽ സാമ്പത്തിക ശക്തിയായി വേരുറപ്പിക്കാൻ ബിജെപി

ജ്യോതിഷ പ്രവചനം അച്ചട്ടായി; 'മാരാർജി ഭവനെ' കൈവിട്ടപ്പോൾ നിയമസഭയിൽ അക്കൗണ്ട് തുറന്നു; 'പൂഞ്ഞാർ ഭവനിലിരുന്ന്' പന്ത്രണ്ട് നില മണിമാളിക ഉയർത്തും; സിപിഐ(എം) പാതയിൽ സാമ്പത്തിക ശക്തിയായി വേരുറപ്പിക്കാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ വ്യവസായവൽക്കരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തമ്പാനൂരിലെ പാർട്ടിയുടെ പഴയ ആസ്ഥാനത്ത് മന്ദിരത്തിൽ പന്ത്രണ്ട് നില ബഹുനില മന്ദിരം കെട്ടും. ആർക്കിടക് ശങ്കറിന്റെ ഉപദേശ പ്രകാരം ഇതിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഒരു മാസത്തിനുള്ളിൽ തന്നെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങാനാണ് ആലോചന. വാസ്തു ശാസ്ത്രം പാർട്ടിയുടെ മുന്നേറ്റത്തിന് അനുകൂലമാക്കുന്ന തരത്തിലൂമാകും. പ്രശസ്ത ആർക്കിടെക്ട് ശങ്കറുമായി ഇതു സംബന്ധിച്ച ആശയ വിനിമയം ബിജെപി തുടങ്ങി കഴിഞ്ഞു. കേരളത്തിലുടനീളം പാർട്ടി ആസ്ഥാന നിർമ്മാണത്തിന് ഫണ്ട് പിരിവ് നടത്താനാണ് ബിജെപി തീരുമാനം. മാർജി ഭവന് ജ്യോതിഷ പ്രശ്‌നങ്ങളുണ്ടെന്ന പ്രവചനത്തെ തുടർന്നാണ് പുതിയ കെട്ടിടം പണി.

രണ്ടാഴ്ച മുമ്പ് മാരാർജി ഭവനിൽ നിന്ന് സംസ്ഥാന കാര്യാലയം മാറ്റിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷൻ കമ്മിഷൻ ഓഫീസ് പ്രവർത്തിച്ചിരുന്ന കൂറ്റൻ വീട്ടിലേക്കാണ് സംസ്ഥാന കാര്യാലയം മാറ്റിയത്. മുമ്പ് ചീഫ് വിപ്പായിരുന്ന പിസി ജോർജ് താമസിച്ചിരുന്ന വീടായിരുന്നു ഇത്. പൂഞ്ഞാർ ഭവനെന്നാണ് ഇതിന്റെ അന്നത്തെ പേര്. അതാണ് ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായി മുഖം മാറിയത്. ഒന്നേകാൽ ലക്ഷം രൂപയ്ക്ക് വാടകയ്ക്കാണ് ഈ വീട് ബിജെപി എടുത്തിരിക്കുന്നത്. തൊട്ടു പിറകെയുള്ള വീടും ഇരുപത്തി അയ്യായിരം രൂപ നൽകി വാടകയ്ക്ക് ബിജെപി ഏറ്റെടുത്തിട്ടുണ്ട്. പാർട്ടി അധ്യക്ഷനായ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, സംഘടനാ സെക്രട്ടറിമാരായ ഗണേശ്, സുഭാഷ് എന്നിവർക്ക് ഇവിടെ താമസ സൗകര്യവുമുണ്ട്. പുതിയ ബിൽഡിങ് രണ്ട് കൊല്ലം കൊണ്ട് പണി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് വാടകകെട്ടിടത്തിലേക്കുള്ള മാറ്റം.

പുതിയ പന്ത്രണ്ട് നില ബിൽഡിംഗിൽ എല്ലാ സൗകര്യവും ഉണ്ടാകും. മുറികളും ഹാളുകളും വാടകയ്ക്ക് നൽകി പണം ഉണ്ടാകുന്നത് ഉൾപ്പെടെയുള്ള സംവിധാനമാണ് ആലോചിക്കുന്നത്. നിലവിൽ ബിജെപി നേതാക്കൾക്ക് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കുന്നത്. പുതിയ കെട്ടിടം വരുമ്പോൾ ഇതെല്ലാം ഓഫീസൽ തന്നെ ആക്കും. ജന്മഭൂമിയുടെ ഓഫീസിന് പോലും സ്ഥലം നൽകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ആലോചന. ആവശ്യമെങ്കിൽ ജനം ടിവിക്കും പ്രവർത്തന സൗകര്യം ഒരുക്കും. പാർട്ടിയുടെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അനുമതിയോടെയാണ് കെട്ടിട നിർമ്മാണം. മോദി സർക്കാരിന്റെ അഞ്ചു കൊല്ലം പൂർത്തിയാകുന്നതിന് മുമ്പ് പുതിയ കെട്ടിടത്തിന്റെ പാലുകാച്ചാണ് ലക്ഷ്യം.

ബിജെപിയുടെ ഭാവി പ്രവർത്തനത്തിന് ഫണ്ട് അനിവാര്യമായ ഘടകമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് തിരുവനന്തപുരത്തെ കണ്ണായ സ്ഥലത്തുള്ള വസ്തു പൂർണ്ണമായും ഉപയോഗിക്കാൻ തീരുമാനം. നിലവിലെ കെട്ടിടത്തിന് പിറകിൽ സ്ഥലം കാടുപിടിച്ചു കിടക്കുന്നു. ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം പാർട്ടിക്കുണ്ടാകും. സിപിഎമ്മിനെ പോലെ സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് ആർജ്ജിക്കുന്നതിന്റെ ഭാഗമായാണ് ഈ ചുവടു മാറ്റം. തിരുവനന്തപുരത്ത് ട്യൂട്ടേഴ്‌സ് ലൈനിലും ബിജെപിക്ക് സ്വന്തമായി ഭൂമിയുണ്ട്. തമ്പാനൂരിലെ കെട്ടിട നിർമ്മാണം ലക്ഷ്യം കണ്ടാൽ ട്യൂട്ടേഴ്‌സ് ലൈനിലേക്കും ഈ മാതൃക പറിച്ചു നടും. മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

അക്കൗണ്ട് തുറക്കാനും കരുത്തു തെളിയിക്കാനുമുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇത്തവണ മാരാർജി ഭവിനൽ നടന്നിരുന്നില്ല. അതിന് കാരണം ജ്യോതിഷ പ്രവചനമായിരുന്നു. തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനുള്ള സാധ്യതകൾ ജ്യോതിഷ വിധിപ്രകാരം കുമ്മനം തേടി. അപ്പോഴാണ് മാരാർജി ഭവനിലെ രാശിക്കുറവ് വ്യക്തമായത്. ഈ ഓഫീസിൽ നിന്ന് മാറി പ്രവർത്തിച്ചാൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാമെന്നാണ് കിട്ടിയ ഉപദേശം. ഇത് ശരിയാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനമെല്ലാം നടന്നത് വാടക കെട്ടിടത്തിലായിരുന്നു. ഫലം വന്നപ്പോൾ നേമത്ത് രാജഗോപാൽ ജയിച്ചു. ഇത് തന്നെയായിരുന്നു ഇത്തവണ ജ്യോതിഷനും പ്രവചിച്ചത്. തമ്പാനൂരിലെ മാർജി ഭവനെ പൂർണ്ണമായും ഒഴിവാക്കി. ദോഷമകറ്റിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസായി മാർജി ഭവൻ മാറിയതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഇവിടം കേന്ദ്രീകരിച്ചായിരുന്നു. റെയിൽവേ ്‌സ്റ്റേഷനോട് ചേർന്നായതിനാൽ അന്യജില്ലാക്കാരായ നേതാക്കൾക്ക് വന്നു പോകുന്നതിനും സൗകര്യം. തെരഞ്ഞെടുപ്പ് കാലത്ത് ഈ ഓഫീസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയമാകും. മുമ്പിൽ പന്തലിട്ട് സംവിധാനങ്ങൾ ഒരുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇതൊക്കെ മാരാർജി ഭവനിൽ സംഭവിച്ചു. എന്നാൽ ജ്യോതിഷ പ്രവചനമെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പുതിയ ഓഫീസിലേക്ക് ചിന്ത എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP