Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെ ഉപേക്ഷിച്ച് വിദ്യാർത്ഥിനിക്കൊപ്പം പോയതിന്റെ പേരിൽ അറസ്റ്റിലാവുകയും ജോലി പോവുകയും ദേശീയ മാധ്യമങ്ങളിൽ നിറയുകയും ചെയ്ത പ്രൊഫസ്സറെ കാമുകിയും കൈവിട്ടു; ജയിൽവാസവും ബഹളങ്ങളും കഴിഞ്ഞപ്പോൾ കുട്ടിക്കാമുകി ഓഷോയുടെ ആശ്രമത്തിൽ സ്‌നേഹം പഠിക്കാൻ പോയി

ഭാര്യയെ ഉപേക്ഷിച്ച് വിദ്യാർത്ഥിനിക്കൊപ്പം പോയതിന്റെ പേരിൽ അറസ്റ്റിലാവുകയും ജോലി പോവുകയും ദേശീയ മാധ്യമങ്ങളിൽ നിറയുകയും ചെയ്ത പ്രൊഫസ്സറെ കാമുകിയും കൈവിട്ടു; ജയിൽവാസവും ബഹളങ്ങളും കഴിഞ്ഞപ്പോൾ കുട്ടിക്കാമുകി ഓഷോയുടെ ആശ്രമത്തിൽ സ്‌നേഹം പഠിക്കാൻ പോയി

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: മഥുക് നാഥ് ചൗധരി ഒരിക്കൽ ബീഹാറിലെ പ്രണയികളുടെ പ്രതീക്ഷയും ആവേശവുമായിരുന്നു. 51-ാം വയസ്സിൽ ഭാര്യയെപ്പോലും ഉപേക്ഷിച്ച് വിദ്യാർത്ഥിനിയായ കാമുകിക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കമിട്ട പ്രൊഫസ്സർ വാർത്തകളിൽ നിറഞ്ഞുനിന്നു. പൊലീസ് അറസ്റ്റ് പോലും നേരിടേണ്ടിവന്നെങ്കിലും മഥുക്കിന്റെയും ജൂലി കുമാരിയുടെയും പ്രണയം അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വാർത്തയായി. ഇപ്പോഴിതാ, 13 വർഷത്തിനിപ്പുറം, മഥുക് തനിച്ചാണ്. ലൗകിക കാര്യങ്ങളിൽ താത്പര്യം നഷ്ടപ്പെട്ട ജൂലി, ഓഷോയുടെ ആശ്രമത്തിലേക്ക് പോയതോടെ, അദ്ദേഹം ജീവിതത്തിൽ തനിച്ചായി.

എങ്കിലും തിരിച്ചടികളിൽ തളരാൻ 64-കാരനായ പ്രൊഫസ്സർ തയ്യാറല്ല. സാഹചര്യങ്ങൾ മാറിക്കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഒരു പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചപ്പോൾ, ജൂലിക്ക് ആത്മീയ കാര്യങ്ങളിൽ താത്പര്യം വർധിക്കുകയും അവർ ആ വഴി തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് മഥുക് പറയുന്നു. സംഭവിച്ച കാര്യങ്ങളിലൊന്നും തനിക്ക് പ്രത്യേകിച്ച് ദുഃഖമില്ലെന്നും അദ്ദേഹം പറയുന്നു.

പട്‌നയിലെ ബിഎൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു മഥുക്. അവിടെവച്ചാണ് 21-കാരിയായ ജൂലിയെ 2004-ൽ അദ്ദേഹം കണ്ടുമുട്ടിയത്. ഗുരുശിഷ്യ ബന്ധം പിന്നീട് പ്രണയത്തിലേക്ക് നീണ്ടു. സംഭവം വാർത്തയായതോടെ, മഥുക്കിനെ സർവകലാശാല സസ്‌പെൻഡ് ചെയ്തു. പിന്നീട് പുറത്താക്കി. ഉയർന്ന മാർക്ക് നൽകാമെന്ന് പ്രലോഭിപ്പിച്ച് മഥുക് വിദ്യാർത്ഥിനികളെ വശത്താക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപണം ഉന്നയിച്ചതോടെ പൊലീസ് മഥുക്കിനെ അറസ്റ്റ് ചെയ്തു.

പിന്നീട് കോടതിയിലായി മഥുക്കിന്റെ ജീവിതം. ഭാര്യ വിവാഹമോചനത്തിന് തയ്യാറാകാതെ വന്നതോടെ അതിനായി ആദ്യം നിയമയുദ്ധം. സർവകലാശാല തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും അദ്ദേഹം കോടതി കയറി. ശമ്പളത്തിന്റെയോ പെൻഷന്റെയോ മൂന്നിലൊരു ഭാഗം ഭാര്യക്ക് നൽകണമെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതി വിധിച്ചു. സ്‌റ്റോക്ക്‌ഹോമിലുള്ള മകൻ പോലും ഉപേക്ഷിച്ച മഥുക്കിന് സുപ്രീം കോടതിയിൽനിന്നും തിരിച്ചടിയേറ്റു.

ബീഹാർ സർവകലാശാലയിൽനിന്നും ജെഎൻയുവിൽനിന്നും ബിരുദം നേടിയിട്ടുള്ള ജൂലിക്ക് നാല് വർഷം മുമ്പാണ് ആത്മീയ പാതയിൽ സഞ്ചരിക്കണമെന്ന മോഹമുദിച്ചത്. പിന്നീട് പുതുച്ചേരിയിലും ഋഷികേശിലും പുണെയിലെ ഓഷോ ആശ്രമത്തിലുമായി അവർ ജീവിക്കുകയാണ്. ജൂലി എവിടെയാണെങ്കിലും സന്തോഷത്തോടെ കഴിയട്ടെയെന്നാണ് മഥുക് പറയുന്നത്. പ്രായവ്യത്യാസം തങ്ങൾക്കിടെ ഇപ്പോഴും ഒരു പ്രശ്‌നമല്ലെന്നും അദ്ദേഹം പറയുന്നു. പട്‌നയിൽ വരുമ്പോഴൊക്കെ ഇപ്പോഴും ജൂലി മഥുക്കിനൊപ്പമാണ് താമസിക്കാറ്.

മഥുക്കിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം തന്നെ പട്‌നയിൽ നടന്നിരുന്നു. ഗവർണറുടെ വീടിന് മുന്നിൽ മഥുക് നിരാഹാരമിരുന്നു. കോടതിയിലും സർവകലാശാലയുടെ തീരുമാനം ചോദ്യം ചെയ്തു. 2011-ൽ അദ്ദേഹത്തെ സർവകലാശാല തിരിച്ചെടുത്തു. എന്നാൽ, കഴിഞ്ഞവർഷം വീണ്ടും സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം അദ്ദേഹം നൃത്തംവെക്കുന്ന വീഡിയോ യുട്യൂബിൽ വന്നതാണ് ഇക്കുറി വിവാദമായത്.

2013-ൽ സർവകലാശാല അദ്ദേഹത്തിന് ശമ്പളക്കുടിശികയായ 20 ലക്ഷം രൂപ നൽകി. അതുപയോഗിച്ച് ജൂലിക്ക് അദ്ദേഹം ആഡംബരക്കാർ വാങ്ങിനൽകി. വലൈന്റൈൻ സമ്മാനമായാണ് അദ്ദേഹം കാർ നൽകിയത്. ഒക്ടോബറിൽ സർവകലാശാലയിൽനിന്ന് വിരമിക്കുന്ന അദ്ദേഹം പട്‌നയിലെ ശാസ്ത്രി നഗറിലുള്ള അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കാണ് ഇപ്പോൾ താമസം. വിരമിക്കലിനുശേഷം വിദ്യാർത്ഥികൾക്ക് പ്രണയത്തിന്റെ പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ ഭഗൽപ്പുരിൽ പ്രേം പാഠശാലയ്ക്ക് തുടക്കമിടാനുള്ള ഒരുക്കത്തിലാണദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP