Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ജീവിക്കുന്നവരെ ശശിയാക്കി കേരള സർക്കാർ; എല്ലാ നിയമ ലംഘനങ്ങൾക്കും നിയമ സാധുത നൽകി പ്രത്യേക ഓർഡിനൻസ്; കോടികൾ സർക്കാരിനെ വെട്ടിച്ചുണ്ടാക്കിയ നിർമ്മാണ പ്രവർത്തനങ്ങൾക്കെല്ലാം തുച്ഛമായ പണം അടച്ച് അംഗീകാരം നേടാം; ക്രമപ്പെടുത്തൽ നിയമം വഴി വമ്പന്മാർ കൈക്കലാക്കുന്നത് കോടികളുടെ ലാഭം

നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ജീവിക്കുന്നവരെ ശശിയാക്കി കേരള സർക്കാർ; എല്ലാ നിയമ ലംഘനങ്ങൾക്കും നിയമ സാധുത നൽകി പ്രത്യേക ഓർഡിനൻസ്; കോടികൾ സർക്കാരിനെ വെട്ടിച്ചുണ്ടാക്കിയ നിർമ്മാണ പ്രവർത്തനങ്ങൾക്കെല്ലാം തുച്ഛമായ പണം അടച്ച് അംഗീകാരം നേടാം; ക്രമപ്പെടുത്തൽ നിയമം വഴി വമ്പന്മാർ കൈക്കലാക്കുന്നത് കോടികളുടെ ലാഭം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നമ്മുടെ നാട് അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അതുപോലെ പാലിച്ച് ജീവിക്കുന്നവരാണ് നമ്മൾ ഭൂരിഭാഗം മലയാളികളും. എന്നാൽ ഇങ്ങനെയുള്ള നമ്മളെ ശശിയാക്കിക്കൊണ്ട് പുതിയ ഓർഡിനൻസ് പാസാക്കിയിരിക്കുകയാണ് കേരള സർക്കാർ. നിർമ്മാണ മേഖലയിലെ എല്ലാ നിയമ ലംഘനങ്ങൾക്കും സാധുത നൽകി കൊണ്ടാണണ് സർക്കാർ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ നിയമം ലംഘിച്ച് നിർമ്മിച്ചിരിക്കുന്ന എല്ലാ കെട്ടിടങ്ങളും പിഴയടച്ച് നിയമ വിധേയമാക്കാം.

പഞ്ചായത്തീരാജ് നിയമത്തിലാണ് ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ ഈ കെട്ടിടങ്ങൾക്കെല്ലാം നിയമ സാധുത നൽകാൻ ഒരുങ്ങുന്നത്. 600 ചതുരശ്ര അടിക്കു മുകളിൽ 1000 ച.അ. വരെയുള്ള വീടുകൾക്ക് 2000 രൂപ. 1001 മുതൽ 2000 ച.അ. വരെ 15,000 രൂപയും 2001നും 3000നും ഇടയിൽ 20,000 രൂപയും നൽകണം. വാണിജ്യ കെട്ടിടങ്ങൾക്കു പ്രത്യേക നിരക്കാണ്. പഞ്ചായത്ത് പരിധിയിൽ കാർ പാർക്കിങ്ങിന് 50% വരെ സ്ഥലം ലഭ്യമാക്കിയിട്ടുള്ളവർ കുറവുള്ള ഓരോ കാർ പാർക്കിങ് ഇടത്തിനും രണ്ടു ലക്ഷം രൂപ വീതം പിഴ അടയ്ക്കണം. 25% ഇടമുള്ളവർ ബാക്കി ഓരോ കാർ പാർക്കിങ് ഇടത്തിനും മൂന്നു ലക്ഷം രൂപ വീതവും 25 ശതമാനത്തിൽ താഴെയാണെങ്കിൽ മൂന്നര ലക്ഷം രൂപ വീതവും നൽകിയാൽ ക്രമവൽക്കരിക്കാം.

കോർപറേഷനിൽ 50% ഇടമുള്ളവർ മൂന്നു ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികളിൽ രണ്ടര ലക്ഷം രൂപയും. 25% ലഭ്യമാക്കിയവർ കോർപറേഷനിൽ നാലു ലക്ഷവും മുനിസിപ്പാലിറ്റിയിൽ മൂന്നര ലക്ഷവും. 25 ശതമാനത്തിൽ താഴെയെങ്കിൽ കോർപറേഷനിൽ അഞ്ചു ലക്ഷവും മുനിസിപ്പാലിറ്റിയിൽ നാലു ലക്ഷവും വീതം അടയ്ക്കണം. അതേസമയം നിയമലംഘനത്തിനു കൂട്ടുനിൽക്കുന്നതാണ് ഈ നടപടിയെന്നും അഴിമതിക്കു കുട പിടിക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും ബില്ലിനെ എതിർത്ത പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, മറ്റു വഴികളില്ലാത്തതിനാലാണു സർക്കാർ തീരുമാനമെടുത്തതെന്നു മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

2017 ജൂലൈ 31നോ അതിനു മുൻപോ നിർമ്മിച്ചതും കൂട്ടിച്ചേർത്തതും നവീകരിച്ചതുമായ കെട്ടിടങ്ങൾ ഈ നിയമപ്രകാരം ക്രമവൽക്കരിക്കാം. കഴിഞ്ഞ മെയ്‌ 20 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതു നീട്ടി വീണ്ടും അപേക്ഷിക്കാൻ അവസരം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ജില്ലാ ടൗൺ പ്ലാനർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, റീജനൽ ജോയിന്റ് അർബൻ ഡയറക്ടർ, തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവരുൾപ്പെടുന്ന ജില്ലാതല സമിതിക്കാണ് അപേക്ഷ നൽകേണ്ടത്. നിയമലംഘനവും പിഴത്തുകയും സ്വയം നിർണയിച്ചു കെട്ടിടത്തിന്റെ പ്ലാനിനൊപ്പം അപേക്ഷ നൽകണം. സമിതി പരിശോധിച്ചു പിഴ തിട്ടപ്പെടുത്തും. നിശ്ചയിച്ച പിഴത്തുകയുടെ പകുതി ട്രഷറിയിലും ബാക്കി തദ്ദേശ സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫിസിലും അടയ്ക്കണം. രണ്ടു രസീതും തദ്ദേശ സ്ഥാപന സെക്രട്ടറിക്കു നൽകുമ്പോൾ കെട്ടിടം ക്രമവൽക്കരിച്ചു കെട്ടിട നമ്പർ ലഭിക്കും.

ചട്ടങ്ങൾ കാറ്റിൽപറത്തി നിർമ്മിച്ച ഈ കെട്ടിടങ്ങൾ വേണമെങ്കിൽ സർക്കാരിനു പൊളിച്ചുകളയാം. എന്നാൽ, മൂന്നാറിൽ സംഭവിച്ചതുപോലെ പൊളിക്കാൻ തുടങ്ങുമ്പോൾ കോടതി ഇടപെടും. പൊളിക്കുമ്പോഴുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾ വേറെയുമുണ്ട്. അതിനാലാണ് അനധികൃത കെട്ടിടങ്ങൾ പിഴ ഈടാക്കി ക്രമവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസ് ഇറക്കിയതിനു പിന്നാലെ ഇതുവരെ 1566 അപേക്ഷകൾ ലഭിച്ചു. ഇതിൽ വൻകിട വാണിജ്യ കെട്ടിടങ്ങൾ കുറവാണ്. ഭാവിയിൽ നിയമം ലഘിച്ചു കെട്ടിടം നിർമ്മിച്ചാൽ പ്ലാൻ തയാറാക്കിയ എൻജിനീയറെ അടക്കം കരിമ്പട്ടികയിൽപെടുത്തുന്നതിനു നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ഓഫിസുകൾ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഡ്‌സ് സ്‌കൂളുകൾ എന്നിവ പിഴ അടയ്ക്കാതെ ക്രമവൽക്കരിക്കാം. പഞ്ചായത്ത് പരിധിയിൽ 600 ചതുരശ്ര അടി വരെയുള്ള വീടുകൾക്കും പിഴയില്ല. ഗവ. എയ്ഡഡ് സ്‌കൂളുകൾ, കോളജുകൾ, വൃദ്ധമന്ദിരങ്ങൾ, അനാഥ മന്ദിരങ്ങൾ, ഡേകെയർ, ക്രെഷ്, ലൈബ്രറികൾ എന്നിവ പിഴത്തുകയുടെ 10% അടച്ചാൽ മതി. പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കുകൾ, മതസ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ഓഫിസ് കെട്ടിടങ്ങൾ എന്നിവ 25% തുക നൽകണം. സർക്കാർ അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ സ്ഥാപനങ്ങളും 35% തുക അടച്ചാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP