Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകടനം മോശമായതിന് കെപി ജയ്ദീപിനെ ഒഴിവാക്കിയത് കേരളത്തിലെ ഏറ്റവും സീനിയർ ജേർണലിസ്റ്റ് എന്ന് പറഞ്ഞ് 'ആദരിച്ച്'; മനോരമയിൽ നിന്നെത്തിയ രാജീവ് ദേവരാജിന് നൽകിയത് എഡിറ്റോറിയൽ വിഭാഗത്തിന്റെ സമ്പൂർണ്ണ ചുമതല; വൻ ശമ്പള വാഗ്ദാനത്തിൽ വീണ് ന്യൂസ് 18 കേരളയിൽ എത്തിയ ഏഷ്യാനെറ്റ് സംഘം പ്രതിസന്ധിയിൽ

പ്രകടനം മോശമായതിന് കെപി ജയ്ദീപിനെ ഒഴിവാക്കിയത് കേരളത്തിലെ ഏറ്റവും സീനിയർ ജേർണലിസ്റ്റ് എന്ന് പറഞ്ഞ് 'ആദരിച്ച്'; മനോരമയിൽ നിന്നെത്തിയ രാജീവ് ദേവരാജിന് നൽകിയത് എഡിറ്റോറിയൽ വിഭാഗത്തിന്റെ സമ്പൂർണ്ണ ചുമതല; വൻ ശമ്പള വാഗ്ദാനത്തിൽ വീണ് ന്യൂസ് 18 കേരളയിൽ എത്തിയ ഏഷ്യാനെറ്റ് സംഘം പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; അംബാനിയുടെ ചാനലായ ന്യൂസ് 18 കേരളയിൽ നിന്ന് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉപയോഗമില്ലാത്ത ജേർണലിസ്റ്റുകളെ പുറത്താക്കും. ഇതിന്റെ ആദ്യ പടിയായാണ് പ്രകടനം മോശമായ കെപി ജയദീപിനെ വാർത്താ വിഭാഗം മേധാവി സ്ഥാനത്ത് മാറ്റുന്നത്. ഇതു സംബന്ധിച്ച് ന്യൂസ് 18 ഗ്രൂപ്പിന്റെ എഡിറ്റർ ജീവനക്കാർക്കെല്ലാം മെയിലും അയച്ചു. ജയ്ദീപ് രാജിവച്ചു പോകട്ടെയെന്ന നിലപാടാണ് ചാനലിന് ഉള്ളത്. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് അയച്ച മെയിലിൽ ജയ്ദീപിനെ ആവുന്നത്ര മഹത്വവൽക്കരിക്കുകയാണ് ഗ്രൂപ്പ് എഡിറ്റർ. ചാനലിന്റെ വാർത്താ വിഭാഗത്തിന്റെ പൂർണ്ണ ചുമതല മനോരമയിൽ നിന്നെത്തിയ രാജീവ് ദേവരാജിനാകുമെന്നും മെയിലിൽ വ്യക്തമാക്കുന്നുണ്ട്.

ലക്ഷങ്ങളുടെ ശമ്പളവുമായാണ് കെപി ജയദീപിനെ ഏഷ്യാനെറ്റിൽ നിന്ന് ന്യൂസ് 18 കേരള അടർത്തിയെടുത്തത്. തുടക്കത്തിൽ പ്രമോദ് രാഘവനായിരുന്നു ചാനലിന്റെ ചുമതല. അതിനിടെയാണ് വമ്പന്മാരെ കൊണ്ടു വന്ന് മലയാള വാർത്ത മേഖലയിൽ സ്ഥാനമുറപ്പിക്കാൻ അംബാനി ഗ്രൂപ്പ് തീരുമാനിച്ചത്. ഏഷ്യാനെറ്റിലും മനോരമ ന്യൂസിലും പ്രവർത്തിച്ച മികവ് കാട്ടിയ ജയ്ദീപ് അപ്പോൾ ഏഷ്യാനെറ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിലെ ബാർ വിവാദത്തിൽ വിനു വി ജോണിന്റെ പോസ്റ്റുകളെ ജയ്ദീപ് എതിർത്തു. എന്നാൽ മാനേജ്‌മെന്റ് പിന്തുണ വിനു വി ജോണിനായിരുന്നു. ഇതോടെയാണ് ജയ്ദീപിന് ഏഷ്യാനെറ്റിൽ പ്രതിസന്ധിയുണ്ടായത്. അതുകൊണ്ട് തന്നെ ന്യൂസ് 18 കേരളയിൽ നിന്നുള്ള ഓഫർ ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ ന്യൂസ് 18 കേരളയ്ക്ക് വലിയൊരു ബ്രേക്ക് നൽകാൻ ജയ്ദീപിന് ആയിരുന്നില്ല.

ജയ്ദീപിന് മുമ്പേ ന്യൂസ് 18 കേരളയിൽ രാജീവ് ദേവരാജ് എത്തിയിരുന്നു. മനോരമയുടെ തിരുവനന്തപുരത്തെ ഹെഡായിരുന്ന രാജീവ്, ജയ്ദീപ് എത്തിയതോടെ ന്യൂസ് 18 കേരളയിൽ രണ്ടാമനായി. പ്രമോദ് രാഘവനെ അഡ്‌മിനിസ്‌ട്രേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് ശേഷം ലല്ലു ശശിധരൻ പിള്ള, ഗോപീകൃഷ്ണൻ തുടങ്ങിയവരേയും വമ്പൻ ശമ്പളത്തിന് ന്യൂസ് 18 കേരളയിൽ എത്തിച്ചു. വാർത്താ അവതരണത്തിന് ശരത് ചന്ദ്രനേയും സനീഷിനേയും പോലുള്ളവരേയും വമ്പൻ ശമ്പളം നൽകി കൊണ്ടു വന്നു. എന്നാൽ ഒരു നേട്ടവും ഇതൊന്നും ന്യൂസ് 18 കേരളയ്ക്കുണ്ടാക്കി നൽകിയില്ല. ഇതോടെയാണ് ജയ്ദീപിന്റെ തന്ത്രങ്ങൾ പാളുന്നുവെന്ന് ന്യൂസ് 18 ഗ്രൂപ്പ് തിരിച്ചറിഞ്ഞത്. മംഗളം ചാനലിന്റെ ആദ്യ ന്യൂസ് തന്നെ വലിയ ചർച്ചയായതോടെയാണ് എത്രയും കാശ് നൽകി ജീവനക്കാരെ പോറ്റേണ്ടതുണ്ടോയെന്ന ചിന്ത ന്യൂസ് 18 കേരളക്കാർക്കുണ്ടാകുന്നത്.

ഇതിന്റെ ഭാഗമായാണ് ജയ്ദീപിനെ മാറ്റുന്നത്. ജയ്ദീപ് രാജി വയ്ക്കുമെന്ന് തന്നെയാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഇതോടൊപ്പം അദ്ദേഹം കൊണ്ടു വന്ന വൻകിടക്കാരും പോകും. ആരേയും പുറത്താക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇതിന്റെ വ്യക്തമായ സൂചനയാണ് ജീവനക്കാർക്ക് ഗ്രൂപ്പ് എഡിറ്റർ അയച്ച മെയിലിൽ ഉള്ളത്. ശനിയാഴ്ച തന്നെ ജയ്ദീപിനെ മാറ്റുന്നുവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് ഗ്രൂപ്പ് എഡിറ്റർ രാജേഷ് റെയ്‌ന മെയിൽ അയച്ചത്. വിശ്വാസ്യതയുള്ള ചാനലായി മാറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പ്രൊഫഷണൽ എത്തിക്‌സ് മുറുകെ പിടിച്ചാകും ചാനലിന്റെ പ്രവർത്തനം. എല്ലാവർക്കും നീതി ഉറപ്പാക്കുന്ന കവറേജാണ് ലക്ഷ്യം. ഇനായി ചാനലിന്റെ മുഴുവൻ ചുമതലയും എഡിറ്ററായ രാജീവ് ദേവരാജിന് നൽകുകയാണ്. വാർത്ത വിഭാഗത്തിന്റെ ചുമതലയെല്ലാം അദ്ദേഹത്തിന് ആയിരിക്കും. ഇൻപുട്, ഔട്പുട്, അസൈന്മെന്റ് ചുമതലകളും രാജീവ് നിർവ്വഹിക്കുമെന്നാണ് ഗ്രൂപ്പ് എഡിറ്ററുടെ റിയിപ്പ്.

കേരളത്തിലെ മാധ്യമ പ്രവർത്തകരിൽ ഏറ്റവും സീനിയറായ വ്യക്തികളിൽ ഒരാളാണ് കെപി ജയ്ദീപ്. അദ്ദേഹം ഇനി കൺസൾട്ടിങ് എഡിറ്ററായിരിക്കും. ദീർഘകാല പദ്ധതികൾ തയ്യാറാക്കാൻ മാനേജ്‌മെന്റിനെ സഹായിക്കുന്ന ഉത്തരവാദിത്തമാകും ജയ്ദീപ് നിർവ്വഹിക്കുക. എങ്ങനെ ചാനലിനെ ശക്തിപ്പെടുത്തണമെന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അദ്ദേഹം നൽകും. ആഴ്ചയിൽ ഒരിക്കലുള്ള പരിപാടി അവതരിപ്പിക്കുകയും ചെയ്യും-ഇമെയിൽ വിശദീകരിക്കുന്നത്. അതായത് തികച്ചും പ്രഫഷണൽ സങ്കേതം ഉപയോഗിച്ചാണ് ജയ്ദീപിനെ മാറ്റുന്ന കാര്യം മാനേജ്‌മെന്റ് ജീവനക്കാരെ അറിയിക്കുന്നത്. ബ്രേക്കിങ് ന്യൂസുകളുടെ കുറവ് തന്നെയാണ് ഇതിന് കാരണം. ഇതിനൊപ്പം ചാനലിൽ ഏഷ്യാനെറ്റ് ഗ്രൂപ്പിനെതിരെ നിരവധി പരാതികളും ഉയർന്നു. ഇതും മാറ്റത്തിന് കാരണമായി. എല്ലാ ജീവനക്കാരേയും ഒരു പോലെ പരിഗണിക്കണമെന്ന നിർദ്ദേശം രാജീവിന് ഗ്രൂപ്പ് എഡിറ്റർ നൽകിയിട്ടുണ്ട്.

രാജീവ് ദേവരാജിനെ തലപ്പത്തുകൊണ്ടുവരുന്നതോടെ ചാനലിന് പുതിയൊരു മുഖമാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. പുതിയ ചീഫ് മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. നിലവിലെ ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ മേൽക്കോയ്മ മാറുമെന്ന കണക്ക് കൂട്ടാലിലാണ് മറ്റ് ജീവനക്കാരും. അതിനിടെ ചാനലിന്റെ തലപ്പത്തേക്ക് പുതിയ മുഖത്തേയും നോക്കുന്നുണ്ട്. ഇതുവരെ ന്യൂസ് 18 കേരളയിലെ ജീവനക്കാർ മൂന്ന് ഗ്രൂപ്പുകളായാണ് പ്രവർത്തിച്ചിരുന്നത്. ജയ്ദീപിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റുകാരെല്ലാം ഒരുമിച്ചു നിന്നു. രാജീവ് ദേവരാജിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം. ടിവി 18 ഗ്രൂപ്പിൽ നിന്നെത്തിയ പ്രമോദ് രാഘവന്റെ ഗ്രൂപ്പും സജീവമായിരുന്നു. മലയാളത്തിലെ ചാനലിന് പിന്നിൽ തുടക്കത്തിൽ ്പ്രവർത്തിച്ചത് പ്രമോദ് രാഘവനായിരുന്നു. ജയ്ദീപ് എത്തിയതോടെ പ്രമോദ് ഒത്തുക്കപ്പെട്ടു. പിന്നീട് ജയ്ദീപും രാജീവ് ദേവരാജും രണ്ടു വഴിക്കായി. ഈ സഹാചര്യത്തിലാണ് ജയ്ദീപിനെ മാറ്റി പ്രശ്നപരിഹാരത്തിന് ന്യൂസ് 18 കേരള മാനേജ്മെന്റ് ശ്രമിക്കുന്നത്.

വമ്പൻ ശമ്പളം കൊടുത്ത് ലലു ശശിധരൻ പിള്ള, ഗോപീകൃഷ്ണൻ തുടങ്ങിയവരെ ഏഷ്യാനെറ്റിൽ നിന്നും ജയ്ദീപ് ന്യൂസ് 18 കേരളയിൽ എത്തിച്ചു. എന്നാൽ ഇതുകൊണ്ട് ചാനലിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയതുമില്ല. ഒരു ബ്രേക്കിംഗും ചാനലിന്റേതായി ഇതുവരെ വന്നില്ലെന്നും അംബാനി ഗ്രൂപ്പ് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സമഗ്ര അഴിച്ചു പണിയാണ് ന്യൂസ് 18 കേരളയിൽ മാനേജ്മെന്റ് നടത്താൻ ഉദ്ദേശിക്കുന്നത്. അംബാനി ഗ്രൂപ്പ് എന്നും ബിജെപി അനുകൂല നിലപാടാണ് എടുക്കാറുള്ളത്. എന്നാൽ ജയ്ദീപ് അടക്കമുള്ളവർ ഇടതു പക്ഷത്താണ്. വാർത്ത നൽകലിലും ഇതെല്ലാം പ്രതിഫലിക്കുന്നുണ്ട്. യുപിയിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കൂടുതൽ കരുത്തരായി. അതുകൊണ്ട് കൂടിയാണ് കേരളത്തിലെ ചാനലിൽ മാറ്റങ്ങളുണ്ടാകുന്നതെന്നും സൂചനയുണ്ട്. ബിജെപി പക്ഷത്തേക്ക് ചാനലിനെ അടുപ്പിക്കാൻ നീക്കം സജീവമായി നടക്കുകയാണ്.

കേരളത്തിൽ ചുവടുറപ്പിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് മാധ്യമപിന്തുണ വേണമെന്നു തിരിച്ചറിഞ്ഞാണ് ഈ നടപടി. ബിജെപി അധ്യക്ഷൻ അമിത്ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേണ്ടി ചാനലിന്റെ ഉള്ളടക്കം മാറ്റണമെന്നാണ് മാനേജ്‌മെന്റ് നൽകിയ പ്രധാന നിർദ്ദേശം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാവണം പരിപാടികളെന്നും നിർദ്ദേശമുണ്ട്. സിപിഎമ്മിനെ മുഖ്യ എതിരാളിയായി കാണണമെന്നാണ് ചാനൽ തലപ്പത്ത് ഇരിക്കുന്നവർക്ക് നൽകിയ നിർദ്ദേശം. രാജ്യമെമ്പാടും ചാനൽ ശൃംഖലയുണ്ടായിരുന്ന ഇടിവി എന്ന ഈനാട് ടെലിവിഷനാണ് കേരളത്തിലും ചാനൽ തുടങ്ങാനെത്തിയത്. ഇടിവിയുടെ ചാനൽ എന്ന നിലയിലായിരുന്നു ന്യൂസ് 18 ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ചാനലിന്റെ പൂർണ നിയന്ത്രണം റിലയൻസ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് ജയ്ദീപിനേയും രാജീവ് ദേവരാജിനേയും എത്തിച്ച് ചാനലിനെ ശക്തിപ്പെടുത്തിയത്.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമായാണ് ന്യൂസ് 18 ചാനൽ കേരളത്തിലെത്തിയത്. വാർത്താസംപ്രേഷണത്തിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കാൻ വേണ്ട സോഫ്റ്റ് വെയറുകൾ തയ്യാറാക്കി.കടുത്ത മത്സരമാണ് മലയാളം വാർത്താ ചാനലുകൾക്കിടയിൽ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. വൻ മുതൽമുടക്കിൽ ന്യൂസ് 18 എത്തുന്നതോടെ ഈ മത്സരം കൊഴുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റിലയൻസ് ഗ്രൂപ്പിന്റെ ചാനലിന് ഒരു ചലനവും സൃഷ്ടിക്കാനായില്ലെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP