Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അംബാനിയെ കെട്ടുകെട്ടിച്ച് പിണറായി; അനധികൃമായി രാത്രി താമസത്തിന് തെളിവായി അലമാരയിൽ വസ്ത്രങ്ങളും തോർത്തും; റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ അനധികൃതമായി ഫർണിച്ചർ ക്രമീകരണവും വ്യക്തം; കേരള ഹൗസിലെ മീഡിയ റൂമിലെ അംബാനിഫിക്കേഷൻ പൊളിച്ച് മുഖ്യമന്ത്രി; ന്യൂസ് 18 കേരളയുടെ കൈയേറ്റത്തിൽ ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകാൻ റസിഡന്റ് കമ്മിഷണർക്ക് നിർദ്ദേശം: മറുനാടൻ ഇംപാക്ട്

അംബാനിയെ കെട്ടുകെട്ടിച്ച് പിണറായി; അനധികൃമായി രാത്രി താമസത്തിന് തെളിവായി അലമാരയിൽ വസ്ത്രങ്ങളും തോർത്തും; റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ അനധികൃതമായി ഫർണിച്ചർ ക്രമീകരണവും വ്യക്തം; കേരള ഹൗസിലെ മീഡിയ റൂമിലെ അംബാനിഫിക്കേഷൻ പൊളിച്ച് മുഖ്യമന്ത്രി; ന്യൂസ് 18 കേരളയുടെ കൈയേറ്റത്തിൽ ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകാൻ റസിഡന്റ് കമ്മിഷണർക്ക് നിർദ്ദേശം: മറുനാടൻ ഇംപാക്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള ഹൗസിലെ മീഡിയ റൂം 'ന്യൂസ് 18 കേരള' ചാനൽ സംഘം അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്നുവെന്ന 'മറുനാടൻ മലയാളി' വാർത്തയെ തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. സ്ഥിതിഗതികളെ കുറിച്ച് ഒരാഴ്ചയ്ക്കകം ചീഫ് സെക്രട്ടറിക്കു വിശദ റിപ്പോർട്ട് നൽകാൻ കേരള ഹൗസ് റസിഡന്റ് കമ്മിഷണർക്കു നിർദ്ദേശം നൽകി.

മീഡിയ റൂം 'ന്യൂസ് 18' സംഘം കയ്യടക്കി വച്ചിരിക്കുന്നുവെന്നു കഴിഞ്ഞ ദിവസം കേരള ജേണലിസ്റ്റ് യൂണിയൻ (കെജെയു) കേരള ഹൗസ് റസിഡന്റ് കമ്മിഷണർക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു മറുനാടൻ മലയാളി വാർത്ത പുറത്തു വിട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കേരള ഉദ്യോഗസ്ഥർ മീഡിയ റൂമിൽ നിന്നു ഒഴിഞ്ഞു പോകാൻ ന്യൂസ് 18 സംഘത്തോട് ആവശ്യപ്പെട്ടു. ന്യൂസ് 18 സംഘത്തെ ഇറക്കി വിട്ട ശേഷം കെജെയു നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ മീഡിയ റൂം അനുവദിച്ച സമയത്തുണ്ടായിരുന്ന രൂപകൽപന പാടെ മാറ്റി ബ്യൂറോ ചീഫിനും റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ അനധികൃതമായി ഫർണിച്ചർ ക്രമീകരണം നടത്തിയതായും കണ്ടെത്തി.

നിബന്ധനകൾ ലംഘിച്ചു ന്യൂസ് 18 മാധ്യമ പ്രവർത്തകർ രാത്രിയിലും മീഡിയ റൂമിൽ താമസിച്ചതിനു തെളിവു ലഭിച്ചു. മുറിയിലെ അലമാരയിൽ നിന്നു വസ്ത്രങ്ങളും കുളിക്കാനുള്ള തോർത്തും എണ്ണയും പേസ്റ്റും ബ്രഷുമടക്കം കണ്ടെത്തി. റൂമിനോട് അനുബന്ധിച്ചു ചെറിയ കിച്ചനും ടോയ്ലറ്റുമുണ്ട്.

കേരള ഹൗസ് റസിഡന്റ് കമ്മിഷണർ ഔദ്യോഗിക തലത്തിൽ നടത്തിയ അന്വേഷണത്തിൽ സർക്കാർ ഉത്തരവ് ഇല്ലാതെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരള ഹൗസിൽ മീഡിയ റൂം അനുവദിച്ചതെന്നു വ്യക്തമായി. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി കെ.സി. ജോസഫ് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) നേതൃത്വത്തിന്റെ സമ്മർദ്ദത്തിൽ വാക്കാൽ നൽകിയ നിർദ്ദേശമനുസരിച്ചാണു മുറി നൽകിയത്. മന്ത്രിയുടെ ഓഫിസിൽ നിന്നു രേഖാമൂലം നിർദ്ദേശം ലഭിക്കാത്ത സാഹചര്യത്തിൽ ഉത്തരവു പുറപ്പെടുവിക്കാൻ അന്നത്തെ റസിഡന്റ് കമ്മിഷണറും തയാറായില്ല. ഫലത്തിൽ സർക്കാർ രേഖയിലില്ലാതെയാണ് ഇത്രകാലവും മീഡിയ റൂം പ്രവർത്തിച്ചു വന്നത്.

കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തെ നിയന്ത്രിക്കുന്ന ന്യൂസ് 18 പ്രവർത്തകർ ക്രമേണ മീഡിയ റൂം കയ്യടക്കി ചാനൽ ഓഫിസായി ക്രമീകരിക്കുകയായിരുന്നു. ഇതിൽ മറ്റു മാധ്യമങ്ങളിലെ പ്രവർത്തകർക്ക് അമർഷമുണ്ടായിരുന്നെങ്കിലും കെയുഡബ്ല്യൂജെ നേതൃത്വത്തിന്റെ ഒത്താശയോടെ ന്യൂസ് 18 സംഘത്തിന്റെ ഓഫിസ് നിർബാധം പ്രവർത്തിക്കുകയായിരുന്നു. 

കേരള ഹൗസ് അഡീഷനൽ റസിഡന്റ് കമ്മിഷണർ ഇന്നലെ വിളിച്ചു ചേർന്ന യോഗത്തിൽ മീഡിയ റൂം കയ്യേറ്റം അറിഞ്ഞിട്ടും മറച്ചു വച്ചിരുന്ന ഉദ്യോഗസ്ഥരെ ശാസിച്ചു. പിആർഡി, നോർക്ക ഓഫിസുകൾക്കു തൊട്ടടുത്തായി അനുവദിച്ചിരിക്കുന്ന മീഡിയ റൂം കേരള ഹൗസ് ആവശ്യങ്ങൾക്കായി ഏറ്റെടുക്കണമെന്ന നിർദ്ദേശവുമുണ്ടായി. 

മീഡിയ റൂമിനോടു ചേർന്നുള്ള പിആർഡി, നോർക്ക ഓഫിസുകളിൽ പ്രവർത്തിക്കുന്ന വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കേരള ഹൗസിലെത്തുന്ന അതിഥികളുടെയും സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന തരത്തിലാണ് മാധ്യമ പ്രവർത്തകരുടെ വിവിധ ഗ്രൂപ്പുകളിൽ സംഘർഷം നിലനിൽക്കുന്നതെന്നും യോഗം വിലയിരുത്തി. മീഡിയ റൂം തുടർന്നാൽ വീണ്ടും ന്യൂസ് 18 പ്രവർത്തകർ ദുരുപയോഗം ചെയ്യുന്നതു തടയാൻ പ്രയാസമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സാഹചര്യങ്ങൾ വിശകലനം ചെയ്തുള്ള റിപ്പോർട്ടാകും ചീഫ് സെക്രട്ടറിക്കു സമർപ്പിക്കുക. നിയമാനുസൃത ഉത്തരവില്ലാതെയാണു നേരത്തേ മീഡിയ റൂം അനുവദിച്ചതെന്നതിനാൽ അതു തുടരണമെങ്കിൽ തന്നെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

കേരള ഹൗസിൽ മാധ്യമ പ്രവർത്തകർക്കു പൊതുവായി അനുവദിച്ച മീഡിയ റൂം ന്യൂസ് 18 സ്വകാര്യ സ്വത്തായി ഉപയോഗിച്ചതിൽ മറ്റു ടിവി ചാനലുകളിലെയും പത്രങ്ങളിലെയും മാധ്യമ പ്രവർത്തകർക്കു കടുത്ത വിയോജിപ്പുണ്ട്. ഭരണകക്ഷിയായ സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള കൈരള ചാനൽ സാഗർ അപ്പാർട്ട്‌മെന്റിൽ പ്രതിമാസം മൂന്നു ലക്ഷം രൂപയോളം വാടക നൽകി ഓഫിസ് പ്രവർത്തിപ്പിക്കുമ്പോൾ അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനൽ ചുളുവിൽ ഓഫിസ് സംഘടിപ്പിച്ചുവെന്ന ആക്ഷേപവുമുണ്ട്.

മുൻപു ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിൽ കേരള സർക്കാരിന്റെ ട്രാവൻകൂർ പാലസ് കൈരളി ചാനലിനു വാടകയ്ക്കു നൽകിയിരുന്നെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയ ഉടൻ ഒഴിപ്പിച്ച ചരിത്രവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP