Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അകലെ നിന്നും നോക്കിയാൽ ആരും ഒന്ന് പാടുപെടും ഇത് ആക്രിക്കടയാണെന്ന് മനസ്സിലാക്കാൻ; വീട് വൃത്തികേടാവാതിരിക്കാൻ നമ്മൾ വീട്ടിൽ നിന്നും പുറത്താക്കിയ സാധനങ്ങൾ ഈ ആക്രിക്കടയിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടാൽ ആരും ഒന്ന് ഞെട്ടും: വൃത്തിയുടെ കാര്യത്തിൽ ഒന്നാമനായി ജില്ലാ ശുചിത്വ മിഷന്റെ ബഹുമതി കരസ്ഥമാക്കിയ ഉമേർ പാദം എന്ന തമിഴ് നാട്ടുകാരന്റെ കഥ

അകലെ നിന്നും നോക്കിയാൽ ആരും ഒന്ന് പാടുപെടും ഇത് ആക്രിക്കടയാണെന്ന് മനസ്സിലാക്കാൻ; വീട് വൃത്തികേടാവാതിരിക്കാൻ നമ്മൾ വീട്ടിൽ നിന്നും പുറത്താക്കിയ സാധനങ്ങൾ ഈ ആക്രിക്കടയിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടാൽ ആരും ഒന്ന് ഞെട്ടും: വൃത്തിയുടെ കാര്യത്തിൽ ഒന്നാമനായി ജില്ലാ ശുചിത്വ മിഷന്റെ ബഹുമതി കരസ്ഥമാക്കിയ ഉമേർ പാദം എന്ന തമിഴ് നാട്ടുകാരന്റെ കഥ

രഞ്ജിത് ബാബു

കണ്ണൂർ: അകലെ നിന്ന് നോക്കിയാൽ ഗ്രന്ഥാലയമോ തുണിക്കടയോ ആണെന്നേ തോന്നൂ. എന്നാൽ അടുത്തു ചെന്നാൽ ഇതൊരു ആക്രി കടയാണ്. മലയാളികൾക്ക് ശുചിത്വത്തിന്റെ സന്ദേശം നൽകുകയാണ് ഈ ആക്രി കടയിലൂടെ തമിഴ്‌നാട്ടുകാരനായ ഉമേർ പാദവും കുടുംബവും. ആക്രി കടക്ക് എന്തിന് ഇത്ര സൗന്ദര്യം എന്ന് ചോദിച്ചാൽ ഉമേർ പാദത്തിന്റെ മറുപടി മിനുട്ടുകൾ നീണ്ടു നിൽക്കും. തമിഴ് നാട്ടിലെ തൂത്തുക്കുടി എട്ടയ്യാപുരം ഗ്രാമത്തിൽ നിന്നും കണ്ണൂരിലേക്ക് ജീവിതോപാധി തേടിയായിരുന്നു ഉമേർ പാദം വർഷങ്ങൾക്കു മുമ്പ് എത്തിയത്. കണ്ണൂർ കാട്ടാമ്പള്ളി ആശാരി കമ്പനിക്ക് സമീപത്തെ അരുൺ കുമാർ ട്രേഡേർസ് എന്ന ആക്രി കടയുടെ സമ്പന്നനായ ഉടമയാണ് ഇന്ന് ഉമേർ പാദം. ആക്രി കടയിലേക്ക് കയറാൻ ശ്രമിക്കവേ അതിന്റെ ശുചിത്വത്തിൽ ശ്രദ്ധിച്ച തനിക്ക് ചെരിപ്പിട്ട് കയറാൻ തോന്നിയില്ല. കടയുടെ വൃത്തിയും അഴകുമാണ് എന്നെ ആകർഷിച്ചത്. നിറഞ്ഞ ചിരിയോടെ ഉടമസ്ഥരിലൊരാളായ അരുൺ കുമാർ എന്നെ സ്വീകരിച്ചു. സി.സി. ടി.വി. ക്യാമറയിൽ എല്ലാം തെളിഞ്ഞു കാണുന്നു. ജില്ലാ ശുചിത്വ മിഷന്റെ ബഹുമതി കരസ്ഥമാക്കിയ സ്ഥാപനമാണ് ഇത്.

കടയിൽ വിൽപ്പനക്കെത്തിയ പേപ്പറുകൾ വെക്കാൻ കള്ളികളാക്കി തിരിച്ച അലമാരകൾ. അതിൽ അടുക്കി വെച്ച പേപ്പറുകൾ കണ്ടാൽ നല്ലൊരു ലൈബ്രറിയാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ. അകത്ത് ഉപയോഗ ശൂന്യമായി നാം വലിച്ചെറിയുന്ന ലോഹങ്ങൾ. ഇരുമ്പരും അലൂമിനിയവും ചെമ്പുമൊക്കെ വേർതിരിച്ച് വെക്കുകയാണ് തൊഴിലാളികൾ. ഇതിനെല്ലാം നേതൃത്വം നൽകുമ്പോൾ അരുൺകുമാറിന് വേറെ സമയമില്ല. ഒരു കിലോ മീറ്റർ അകലെയുള്ള ഗോഡൗണിൽ അച്ഛൻ ഉമേർ പാദം ഉണ്ടെന്നും വിശദ വിവരങ്ങൾ അവർ തരുമെന്നും പറഞ്ഞ് അരുൺ കുമാർ എനിക്ക് വഴി കാട്ടി. ഓട്ടോയിൽ കയറി വളവും തിരിവും കഴിഞ്ഞ് ഒടുവിൽ സമതലത്തിലെത്തി. അവിടെ വലിയൊരു ഫാക്ടറി എന്ന് തോന്നിക്കുന്ന കൂറ്റൻ ബോർഡ്. അരുൺ കുമാർ ട്രേഡേർസ്. വലിയ ഗേറ്റിൽ രണ്ട് തവണ മുട്ടുമ്പോഴേക്കും ഒരാൾ വന്ന് കാര്യമന്വേഷിച്ചു. ഉമേർ പാദത്തെ കാണാൻ വന്നതാണെന്ന് അറിയിച്ചപ്പോൾ ഗേറ്റ് തുറന്നു.

അകത്ത് ലോഹങ്ങൾ അമർത്തുന്ന ശബ്ദം. ഗേറ്റ് വഴി അകത്ത് കടന്നപ്പോൾ ആധുനിക രീതിയിൽ പണിയിച്ച വലിയ ഗോഡൗൺ. ഇടതു വശത്ത് ഒരു വലിയ ഓഫീസ് മുറി. അതിനകത്തു നിന്നും തുവെള്ള ഷർട്ടും മുണ്ടും അണിഞ്ഞ ഒരു മധ്യ വയസ്‌ക്കൻ പുറത്തേക്ക് വന്നു. കാര്യങ്ങൾ അന്വേഷിച്ചതോടെ അയാൾ ഓഫീസിലേക്ക് എന്നെ സ്വീകരിച്ചു. താൻ കസേരയിൽ ഇരിക്കുന്നതു വരെ അയാൾ എഴുന്നേറ്റ് നിൽപ്പാണ്. ശീതീകരിച്ച മുറിയിൽ ഞാൻ ഇരുന്നപ്പോൾ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു. ആക്രി കടക്ക് എന്തിന് ഇത്ര സൗന്ദര്യം. എങ്കിലും ഞാൻ ചോദിച്ചു. ഇങ്ങിനെ ഈ ആക്രി കട സജ്ജീകരിക്കാനുള്ള പ്രചോദനം എന്താണ്? ഉമേർ പാദം അയാളുടെ ജീവിത കഥ വിവരിച്ചു തുടങ്ങി.

1978 ൽ ഉമേർ പാദം കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങളിൽ തലച്ചുമടായി തുണികൾ വിറ്റു നടന്ന ആളാണ്. അതിനിടെ പുതിയ തെരുവിലെ ഒരു ബന്ധുവിന്റെ ആക്രി കടയിൽ സഹായിയായി നിന്നു. അനാവശ്യ ചിലവുകളൊന്നുമില്ലാതിരുന്ന ഉമേർ പാദം 1985 ഓടെ ചെറിയ ഒരു വാടക മുറിയെടുത്ത് ആക്രി വ്യാപാരം തുടങ്ങി. 2003 ഓടെ സ്വന്തമായി ആക്രി വ്യാപാരിയുമായി. ആക്രി കടയിലെ ശുചിത്വ ബോധം എനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന് അയാൾ പറയുന്നു. ദരിദ്ര ചുറ്റുപാടിൽ തമിഴ്‌നാട്ടിൽ കഴിഞ്ഞിരുന്നപ്പോൾ നിലത്തു വീണ അരിയും മറ്റും അമ്മ എടുത്ത് മാറ്റുന്നത് ബാല്യകാലത്ത് എനിക്ക് അനുഭവമായി. ചെറിയ വീട്ടിലെ സാധനങ്ങൾ ഒരുക്കി വെക്കാനും അമ്മയുടെ ശ്രദ്ധയും പാഠമായി. അത് തുണി വിൽപ്പന കാലം മുതൽ ഇന്ന് സമ്പന്നനായ ആക്രി വ്യാപാരിയിൽ എത്തിയപ്പോഴും ഉമേർ പാദം തുടർന്നു. വീട്ടിലും ജോലി സ്ഥലത്തും വെടിപ്പും വൃത്തിയും വേണമെന്ന പാഠമാണ് ഈ തമിഴൻ നൽകുന്നത്.

ആക്രി സാധനങ്ങൾ എടുക്കാൻ വീടുകളിലേക്ക് പോകുന്നതിന് പകരം വീട്ടു സാധനങ്ങൾ നേരിട്ട് ഇവിടെ കൊണ്ടു വരുന്നു. ഇവിടുത്തെ വൃത്തിയും വെടിപ്പുമാണ് അതിന് ആളുകളെ പ്രേരിപ്പിക്കുന്നത്. ആക്രി ശേഖരിച്ചു കൊണ്ടു വരുന്നവർ മുറുക്കി തുപ്പുന്നതും നിലത്ത് കിടന്ന് ഉരുളുന്നതുമൊക്കെ ഉമേർ പാദം അനുവദിക്കാറില്ല. അങ്ങിനെയുള്ളവർ ഇവിടെ വരണമെന്നുമില്ല എന്ന് വിലക്കിയിരിക്കയാണ്. സംസാരത്തിൽ തമിഴ് ചുവയുണ്ടെങ്കിലും തനി മലയാളികളായി കഴിയുകയാണ് ഉമേർ പാദത്തിന്റെ ഭാര്യ ഈശ്വരിയും മൂന്ന് മക്കളും. പ്ലസ് വൺ വരെ പഠിച്ച ഉമേർ പാദത്തിന് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അയാളുടെ മൂത്ത മകൾ തിലകം രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ഹൈസ്‌ക്കൂൾ അദ്ധ്യാപികയായി ജോലി നോക്കി. വിവാഹം കഴിഞ്ഞ് ഭർത്താവിനോടൊപ്പം ഇപ്പോൾ ബംഗളൂരുവിലാണ്. കോമേഴ്സിൽ ബിരുദധാരികളാണ് ആൺമക്കളായ അരുൺകുമാറും അശോകനും. ആക്രി കച്ചവടത്തിൽ അറച്ചു നിന്നെങ്കിലും ഇപ്പോൾ അവർ സജീവമായി കട നോക്കുന്നു. പരസ്യ ബോർഡുകൾ തയ്യാറാക്കുന്ന സ്ഥാപനവും ഇവർ നടത്തുന്നുണ്ട്.

അരുൺകുമാർ,  അശോക് കുമാർ മലയാളികളായ കണ്ണൂരുകാരികളെ തന്നെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് തമിഴിനേക്കാൾ വഴങ്ങുന്നത് മലയാളം തന്നെ. തനിക്ക് ഈ സൗഭാഗ്യം നൽകിയ മലയാളത്തേയും കണ്ണൂരിനേയും വിട്ട് ഒരു ജീവിതമില്ലെന്ന് ഉമേർ പാദം പറയുന്നു. കടയിൽ ശേഖരിക്കുന്ന ഇരുമ്പും ചെമ്പും അലൂമിനിയവുമെല്ലാം വെവ്വേറെയാണ് ഒതുക്കി വെക്കുന്നത്. ഇവയെല്ലാം ഗോഡൗണിൽ എത്തിച്ച് അമർത്തി കയറ്റി അയക്കാൻ പാകത്തിൽ ഒരുക്കിവെക്കും. പ്ലാസ്റ്റിക് വേറെ. കടലാസും കാർഡ് ബോർഡും വേറെ. ഓരോ സാധനങ്ങളും പാലക്കാട് , ബംഗളൂരു, ഹൈദരാബാദ്., എന്നിവിടങ്ങളിലേക്കാണ് അയക്കുന്നത്. സാധനങ്ങൾ ഒതുക്കി വെക്കാൻ ഇപ്പോൾ ചെറികിട യന്ത്രങ്ങൾ മാത്രമേയുള്ളൂ. കുറച്ചു കൂടി സംവിധാനം വേണമെന്നാണ് മക്കൾ പറയുന്നത്.

കടയുടെ വിളിപ്പാടകലെ വീട് വെച്ച് കഴിയുകയാണ് ഈകുടുംബം. സ്‌ക്രാപ്പ് ഡീളേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയാണ് ഉമേർ പാദം. സംഘടനക്കകത്തും ശുചിത്വത്തിന്റെ സന്ദേശം നൽകാറുണ്ടെന്ന് ഉമേർ പാദം പറുന്നു. തനിക്ക് ഇന്നത്തെ നിലയിലുള്ള വളർച്ചക്ക് കാരണം ആക്രി വ്യാപാരമാണെന്ന് അയാൾ ആവർത്തിച്ചു പറയുന്നു. നാം അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കൾ ശേഖരിച്ച് വിജയം കൊയ്യുന്ന ഈ മനുഷ്യന്റെ ശുചിത്വ ബോധവും എളിമയും കണ്ട് പഠിക്കേണ്ടതാണ്. ആര് വന്നാലും എഴുന്നേറ്റ് നിന്ന് സ്വീകരിക്കുന്ന ഉമേർ പാദം പ്രശസ്ത തമിഴ് കവി ഭാരതിയാറുടെ ഗ്രാമത്തിലാണ് താൻ പിറന്നതെന്ന് അഭിമാനത്തോടെ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP