Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയുടെ മരണത്തോടെ എഐഡിഎംകെയ്ക്ക് ഉണ്ടായ ഗതി കലൈഞ്ജറുടെ വിയോഗത്തിൽ ഡിഎംകെയ്ക്കും ഉണ്ടാകുമോ? അച്ഛന്റെ ബന്ധുക്കളും പാർട്ടിയിലെ അനുഭാവികളും തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട് അഴഗിരി; കരുണാനിധി മരിച്ച് ഒരാഴ്‌ച്ചയ്ക്കുള്ളിൽ ഡിഎംകെയിൽ അധികാര തർക്കം രൂക്ഷം; സ്റ്റാലിൻ പാർട്ടി അധ്യക്ഷനാകുന്നത് തടയാൻ കരുക്കൾ നീക്കി ജ്യേഷ്ഠൻ അഴഗിരി; പ്രതിരോധിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് മറുപക്ഷം

ജയലളിതയുടെ  മരണത്തോടെ എഐഡിഎംകെയ്ക്ക് ഉണ്ടായ ഗതി കലൈഞ്ജറുടെ വിയോഗത്തിൽ ഡിഎംകെയ്ക്കും ഉണ്ടാകുമോ? അച്ഛന്റെ ബന്ധുക്കളും പാർട്ടിയിലെ അനുഭാവികളും തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട് അഴഗിരി; കരുണാനിധി മരിച്ച് ഒരാഴ്‌ച്ചയ്ക്കുള്ളിൽ ഡിഎംകെയിൽ അധികാര തർക്കം രൂക്ഷം; സ്റ്റാലിൻ പാർട്ടി അധ്യക്ഷനാകുന്നത് തടയാൻ കരുക്കൾ നീക്കി ജ്യേഷ്ഠൻ അഴഗിരി; പ്രതിരോധിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് മറുപക്ഷം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധി മരിച്ച് ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ട സമയം പാർട്ടിയിൽ അധികാര തർക്കം മുറുകുന്നു. കരുണാനിധിയുടെ മകൻ അഴഗിരി അച്ഛന്റെ ബന്ധുക്കളും പാർട്ടി അനുഭാവികളും തനിക്കൊപ്പമാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കാൻ ചൊവ്വാഴ്‌ച്ച പാർട്ടി നിർവാഹക സമിതി യോഗം ചേരാനിരിക്കെയാണ് അഴഗിരി വിവാദത്തിന് തിരി കൊളുത്തിയത്. ' എന്റെ അച്ഛന്റെ യഥാർത്ഥ ബന്ധുക്കളെല്ലാം എനിക്കൊപ്പമാണ്. തമിഴ്‌നാട്ടിലെ പാർട്ടി അനുഭാവികളെല്ലാം എന്റെ ഭാഗത്താണ്. അവർ എന്നെ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. എല്ലാറ്റിനും കാലം മറുപടി നൽകും.ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിനേക്കാൾ യോഗ്യൻ താനാണ്. അതു മാത്രമാണ് ഞാനിപ്പോൾ പറയുന്നത്.' എന്നായിരുന്നു അഴഗിരിയുടെ പ്രതികരണം. കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അഴഗിരി മാധ്യമപ്രവർത്തകരോട് തന്റെ പ്രതികരണറിയിച്ചത്.

നാലു വർഷം മുൻപ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് അഴഗിരിയെ ഡിഎംകെയിൽ നിന്നും പുറത്താക്കിയിരുന്നു. ഡിഎംകെയുടെ സൗത്ത് സോൺ ഓർഗനൈസേഷൻ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. അഴഗിരിയും സ്റ്റാലിനും തമ്മിൽ നാളുകളായി നീണ്ടു നിന്ന പോരിന്റെ ബാക്കിയായാണ് ഇങ്ങനെ സംഭവിച്ചതെന്നും ആരോപണമുണ്ട്. കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മൂത്തമകനായ അഴഗിരി ഡി.എം.കെ.യുടെ മധുരയിലെ കരുത്തുറ്റ മുഖമായിരുന്നു. കലൈഞ്ജറുടെ മകൻ, മുൻകേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങൾ മാറ്റിനിർത്തിയാൽ രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാൻ അഴഗിരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, പണ സമ്പാദനത്തിന്റെ കാര്യത്തിൽ കലൈഞ്ജർക്കും സ്റ്റാലിനും മുകളിലാണ് അദ്ദേഹം. കരുണാനിധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഡിഎംകെ യോഗം ചേരുന്നതെന്നാണ് ആദ്യം വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഇതിനു ശേഷമാണ് സ്റ്റാലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ടാണ് യോഗമെന്ന വിവരം പാർട്ടി അറിയിച്ചത്. ഇതേ തുടർന്നാണ് ഡിഎംകെയിലേക്ക് തിരിച്ചു വരാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്ന രീതിയിൽ അഴഗിരിയുടെ പ്രതികരണം.

ഡിഎംകെയിൽ അഴഗിരിയെ അപ്പാടെ തഴയരുതെന്നും കരണാനിധിയുടെ കുടുംബത്തിലും അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡിഎംകെ പിളർന്നത് പോലെ ഡിഎംകെയിലും സംഭവക്കരുതെന്നും, അതിനായി അഴഗിരിയെ തിരിച്ചെടുക്കണമെന്നും അഴഗിരി അനുകൂലികൾ യോഗത്തിൽ ഉന്നയിക്കാനാണ് സാധ്യത. പ്രായാധിക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2017 ജനുവരിയിലാണ് കരുണാനിധി വിശ്രമത്തിലേക്ക് കടന്നത്.ഇതേ തുടർന്ന് സ്റ്റാലിൻ വർക്കിങ് പ്രസിഡന്റായി ചുമതലയേൽക്കുയായിരുന്നു. ഇപ്പോൾ ഈ സ്ഥാനത്തിനൊപ്പം ട്രഷറർ പദവിയും സ്റ്റാലിൻ വഹിക്കുന്നുണ്ട്. 2ജി സ്‌പെക്ട്രം കേസിൽ കുറ്റവിമക്തരായതോടെ കരുണാനിധിയുടെ മക്കളായ കനിമൊഴിയും മുൻ കേന്ദ്ര മന്ത്രി കൂടിയായ എ.രാജയും പാർട്ടി തലപ്പത്തേക്ക് വരുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഇത് സ്റ്റാലിന് തിരിച്ചടിയാകുമോ എന്നും ആരോപണം ശക്തമാണ്. യുവജന വിഭാഗം സെക്രട്ടറി എന്ന പദവിയിൽ 1982ലാണ് കരുണാനിധി സ്റ്റാലിനെ ഡിഎംകെയിലേക്ക് പ്രവേശനം നൽകിയത്.

65 വയസ്സ് പിന്നിട്ട സ്റ്റാലിൻ കഴിഞ്ഞ വർഷം വരെ പാർട്ടി യുവജന വിഭാഗം സെക്രട്ടറി പദവിയും വഹിച്ചിരുന്നു. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന സ്റ്റാലിനെ കാത്തിരിക്കുന്നത് ഏറെ വെല്ലുവിളികളാണ്. ജയലളിത മരിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് ഉണ്ടായ മങ്ങൽ മികച്ച രീതിയിൽ മുതലെടുത്ത് പ്രവർത്തനം കാഴ്‌ച്ചവയ്ക്കുവാൻ ഡിഎംകെയ്ക്ക് കഴിഞ്ഞിട്ടില്ല. ജയലളിതയുടെ മരണത്തോടെ അരക്കോടിയിലധികം അംഗങ്ങൾ എഐഎഡിഎംകെ വിട്ടു പോയെന്നാണ് കണക്കുകൾ. എന്നാൽ ഇവരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സ്റ്റാലിന് സാധിച്ചിട്ടില്ല. കരുണാനിധിയുടെ രാഷ്ട്രീയ തന്ത്രങ്ങളും അത് ഫലത്തിൽ കൊണ്ടു വരാനുള്ള മികവും സ്റ്റാലിന് സാധിക്കുമോ എന്ന് സംശയവും ജന മനസിൽ ഉയരുന്നുണ്ട്. പ്രായാധിക്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നും കലൈഞ്ജർ മാറി നിന്ന സമയം മുതൽ തന്നെ പാർട്ടിക്കുള്ളിൽ അധികാര വടം വലി ആരംഭിച്ചിരുന്നു. വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നിട്ടും പാർട്ടിയിൽ സ്റ്റാലിന് കാലുറപ്പിക്കാൻ സാധിച്ചോ എന്ന് തന്നെ സംശയമാണ്.

അഴഗിരിയെ ചേർത്തു നിർത്തിയില്ലെങ്കിൽ സ്റ്റാലിന് മുന്നോട്ട് പോകാനാവില്ലെന്ന് വാദിക്കുന്നവരുമുണ്ട്. മകനും സിനിമാ താരവുമായ ഉദയ നിധി സ്റ്റാലിനെ യുവജന വിഭാഗം സെക്രട്ടറിയായി സ്റ്റാലിൻ സ്ഥാനം നൽകുമെന്നും സൂചനയുണ്ട്. ഇത് പാർട്ടിക്കുള്ളിലെ കുടുംബ വാഴ്‌ച്ചയ്‌ക്കെതിരെ മറ്റ് നേതാക്കൾ രംഗത്ത് വരുന്നതിനും ഇടയാക്കിയേക്കും. ദ്രാവിഡ രാഷ്ടീയത്തെ തമിഴ്‌നാടിന്റെ ആത്മാവാക്കി മാറ്റിയ കരുണാനിധിയുടെ രാഷ്ട്രീയ മികവ് മകനിൽ ഉണ്ടായില്ലെങ്കിൽ ഡിഎംകെയുടെ ശക്തി കുറയുന്ന ദിവസങ്ങളാകും ഇനിയുള്ളതെന്ന് നിസ്സംശയം പറയാം. ഈ വർഷം ജൂലൈ 27ന് കരുണാനിധി ഡിഎംകെ അധ്യക്ഷ സ്ഥാനത്തക്ക് പ്രവേശിച്ചിട്ട് 49 വർഷം പൂർത്തിയാക്കിയിരുന്നു. പ്രായാധിക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പനിയും മൂത്രനാളിയിലെ അണുബാധയും കലശലായതോടെ കരുണാനിധിയെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2018 ഓഗസ്റ്റ് ഏഴിന് കരുണാനിധി ഇഹലോകത്തോട് വിട പറഞ്ഞതോടെ തമിഴ്‌നാടിന്റെ സൂര്യ തേജസ്സാണ് അണഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP