Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടിആർഎസിന്റെയും എഐഎഡിഎംകെയുടെയും അടക്കം നിരവധി ചെറുകിട പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി ബിജെപി; അടുത്ത രാഷ്ട്രപതി സ്ഥാനാർത്ഥിയെ ബിജെപി തീരുമാനിക്കും; വെറുതെയാകുന്നത് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ദിവാസ്വപ്‌നം

ടിആർഎസിന്റെയും എഐഎഡിഎംകെയുടെയും അടക്കം നിരവധി ചെറുകിട പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി ബിജെപി; അടുത്ത രാഷ്ട്രപതി സ്ഥാനാർത്ഥിയെ ബിജെപി തീരുമാനിക്കും; വെറുതെയാകുന്നത് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ദിവാസ്വപ്‌നം

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 54 ശതമാനം വോട്ട് ഉറപ്പാക്കിയതായി സൂചന. ഇതോടെ പ്രതിപക്ഷകക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ ബിജെപി സ്വന്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയെ രംഗത്തിറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 

തെലുങ്കാന രാഷ്ട്രീയ സമിതി(ടിആർഎസ്)യും എഐഎഡിഎംകെയും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഡിഎംകെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷകക്ഷികളോട് അടുത്ത സാഹചര്യത്തിലാണ് എഐഎഡിഎംകെ പിന്തുണ എൻഡിഎയ്ക്ക് ഉറപ്പായത്.

വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് കൂടി ബിജെപിയുടെ താമരക്കുമ്പിളിൽ ഭദ്രമായതോടെ ദേശീയ തലത്തിൽ പ്രതിപക്ഷം പേരിനു മാത്രമായി. ബിജെപിയേയും മോദിയേയും നേരിടാൻ അവരവരുടെ തുരുത്തുകളിലുള്ള പ്രാദേശിക പാർട്ടികളും, പ്രതാപം പോയ കോൺഗ്രസും, ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇടത് പാർട്ടികളും മാത്രം. അവരെക്കൊണ്ട് കൂട്ടിയാൽ ഉടനൊന്നും കൂടുന്നതല്ല കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന ബിജെപിയെ ഒതുക്കൽ. മോദി രാജ്യത്തെ ഏറ്റവും സ്വീകാര്യനായ നേതാവാണെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരത്തിനുപോലും പറയേണ്ടി വന്നിരിക്കുന്നു.

അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് 53,634 ഇലക്ടറൽ കോളേജ് വോട്ടാണ് കൂടിയത്. ആകെയുള്ള 10,98,882 ഇലക്ട്രറൽ കോളേജ് വോട്ടുകളിൽ 42 ശതമാനം മാത്രമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് വരെ എൻഡിഎയ്ക്ക് ഉണ്ടായിരുന്നത്. രാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള 5,49,441 ഇലക്ടറൽ കോളേജ് വോട്ടിലേക്കെത്താൻ 91,658 വോട്ടുകളുടെ കുറവ്. ബിജെപിക്ക ്തനിച്ച് 3.80 ലക്ഷം വോട്ടുകളും ഉണ്ടായിരുന്നു. പുതുതായി 53,634 ലഭിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള 50.1 ശതമാനം കടക്കാൻ ആവശ്യമായത് രണ്ട് ശതമാനം വോട്ട് മാത്രം.

ഒഡീഷയിലെ ബിജെഡിക്ക് 117 എംഎൽഎമാരാണ് നിയമസഭയിലുള്ളത്. ലോക്സഭയിൽ 20ഉം രാജ്യസഭയിൽ 8 എംപിമാരുമുണ്ട് ബിജെഡിക്ക് 133 എംഎൽഎമാരുള്ള എഐഎഡിഎംകെയ്ക്ക് പാർലമെന്റിൽ 50 എംപിമാരുണ്ട്. ലോക്സഭയിലെ 543 ഉം രാജ്യസഭയിലെ 233 എംപിമാരുടെയും ആകെ വോട്ടിന്റെ മൂല്യം 54,9474 ആണ്.രാജ്യത്തെ 4120 എംഎൽഎമാരുടെ വോട്ട് മൂല്യവും കണക്കിലെടുക്കുമ്പോഴാണ് ആകെ 10,98,882 ഇലക്ടറൽ കോളേജ് വോട്ടുകൾ ലഭിക്കുന്നത്.

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതാണ് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. കോൺഗ്രസ് ആണ് രാജ്യസഭയിലെ വലിയ ഒറ്റകക്ഷി. 59 അംഗങ്ങളാണ് അവർക്കുള്ളത്. ബിജെപിക്ക് 56 ഉം. എസ്‌പി-18, എഐഎഡിഎംകെ-13, തൃണമൂൽ കോൺഗ്രസ് -11, ജെഡിയു-10, സിപിഐഎം-8, ബിജെഡി-8, ബിഎസ്‌പി-6, എൻസിപി-5 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ അംഗബലം. എന്നാൽ അടുത്ത വർഷം ആദ്യം ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭയിലേക്ക് 11 എംപിമാരുടെ ഒഴിവുണ്ടാകും. ബിജെപിക്ക് സ്വാധീനമുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലും രാജ്യസഭാ എംപിമാരുടെ കാലാവധി അവസാനിക്കാറായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്തവർഷത്തോടെ ഈ പ്രതസന്ധിയും സർക്കാരിന് അതിജീവിക്കാനാകും.

ഏതായാലും പ്രദേശിക പാർട്ടികളുടെ പിന്തുണയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങളുടെ സഹായം ഇല്ലാതെ തന്നെ ബിജെപി അവരുടെ രാഷ്ടപതി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP