Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലബാറിൽ നിന്നും ബാംഗ്ലൂരിലേക്ക് എളുപ്പത്തിലെത്താം; ചരക്കു ഗതാഗതത്തിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും; നാല് നഗരങ്ങളിലേക്ക് യാത്ര സുഗമമാകും; എന്നിട്ടും നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്നു; പദ്ധതിക്ക് തുരങ്കം വെക്കുന്നത് സ്വകാര്യ ബസ് - ലോറി ലോബികളെന്നും ആക്ഷേപം

മലബാറിൽ നിന്നും ബാംഗ്ലൂരിലേക്ക് എളുപ്പത്തിലെത്താം; ചരക്കു ഗതാഗതത്തിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും; നാല് നഗരങ്ങളിലേക്ക് യാത്ര സുഗമമാകും; എന്നിട്ടും നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്നു; പദ്ധതിക്ക് തുരങ്കം വെക്കുന്നത് സ്വകാര്യ ബസ് - ലോറി ലോബികളെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്റ അവഗണനയിൽ പ്രതിഷേധിച്ച് വയനാട്ടിൽ യു.ഡി.എഫ്-എൻ.ഡി.എയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്. കർണാടക സർക്കാറിന് കാര്യമായ എതിർപ്പില്ലാതിരുന്നിട്ടും കേരള സർക്കാറിന്റെ താൽപ്പര്യക്കുറവ് ഒന്നു കൊണ്ട് മാത്രമാണ് വയനാട്ടുകാരുടെ ചിരകാല സ്വപ്‌നമായ തീവണ്ടിപ്പാത യാഥാർത്ഥ്യമാകാതെ പോകുന്നത്. യാഥാർഥ്യമായാൽ അത് കാർഷിക കുടിയേറ്റ മേഖലയായ വയനാടിന്റെ വികസനത്തിന്റെ ഗതിവേഗം കൂട്ടുന്നതാണ് ഈ പദ്ധതി. മൈസൂർ, ബാംഗ്ലൂർ നഗരങ്ങളിലേക്ക് മലബാറുകാർക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന ഈ പാത ചരക്കു ഗതാഗത മേഖലക്കും ഗുണകരമാകുന്നതാണ്.

എന്നാൽ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ കാരണം രാഷ്ട്രീയക്കാർക്ക് താൽപ്പര്യമില്ലായ്മ്മയാണ് ഈ പദ്ധതി നടപ്പിലാകാതെ പോകാൻ പ്രധാന കാരണമായത്. സർക്കാറിന്റെ താൽപ്പര്യക്കുറവ് ചൂണ്ടിക്കാട്ടി പദ്ധതിയിൽ നിന്നും ഡിഎംആർസി പൂർണമായും പിന്മാറിയതോടെയാണ് സംഭവം വിവാദത്തിലായത്. നിലമ്പൂർ-നഞ്ചൻകോട് പാതയുടെ പ്രവർത്തനങ്ങൾക്കാരംഭിച്ച കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഓഫീസുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ജൂൺ 30-ന് ഈ ഓഫീസുകൾ അടച്ചുപൂട്ടുമെന്ന് ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവായ ഡോ. ഇ. ശ്രീധരൻ സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വീണ്ടും വിവാദമായതും ഇപ്പോൾ ഹർത്താൽ പ്രഖ്യാപിച്ച് സർക്കാറുകൾ രംഗത്തെത്തിയതും.

സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണമാണ് ഡി.എം.ആർ.സി.യെ പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയതെന്ന് ഇ ശ്രീധരന്റെ വാക്കുകളിൽ തന്നെ വ്യക്തമായിരുന്നു. വിശദമായ പദ്ധതിരേഖയും അന്തിമസ്ഥലനിർണയവും നടത്തുന്നതിനായി ഒരുവർഷം മുമ്പാണ് ഡി.എം.ആർ.സി.യെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ജൂൺമാസത്തിൽ എട്ടുകോടി രൂപ ചെലവിൽ പാതയുടെ പദ്ധതിരേഖ തയ്യാറാക്കുന്നതിനായി ഡി.എം.ആർ.സി. കോഴിക്കോട്ട് ഓഫീസ് ആരംഭിച്ചു. പ്രാരംഭപ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോവുകയും വൻതുക ചെലവഴിക്കുകയും ചെയ്തിട്ടും ആദ്യഗഡുവായ രണ്ടുകോടി രൂപപോലും കൈമാറാതെ സർക്കാർ ഡി.എം.ആർ.സി. ഉദ്യോഗസ്ഥരെ വട്ടംചുറ്റിക്കുകയായിരുന്നു.

തുക കൈമാറാത്ത സാഹചര്യത്തിൽ സർവേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാവില്ലെന്നും പദ്ധതിരേഖ തയ്യാറാക്കുന്നതിൽനിന്ന് പിന്മാറുകയാണെന്നും കാണിച്ച് ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ. ശ്രീധരൻ സർക്കാരിന് നേരത്തെ കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസുകൾ അടച്ചുപൂട്ടിയത്. ബന്ദിപ്പുർ വന്യജീവിസങ്കേതത്തിലൂടെയുള്ള സർവേക്ക് കർണാടകം അനുമതി നല്കാത്തതിനാലാണ് പണം കൈമാറാത്തതെന്ന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതല്ല വസ്തുതയെന്നാണ് ശ്രീധരൻ പറയുന്നത്. മൈസൂരു-തലശ്ശേരി പാത നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിന് താത്പര്യമെങ്കിലും ഇത് സാമ്പത്തികമായി ലാഭകരമാവില്ലെന്ന് ഡി.എം.ആർ.സി. സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

മലബാറിന്റെ ഗതാഗത സൗകര്യങ്ങളെ എളുപ്പത്തിലാകാൻ സഹായകമാകുന്നതായിരുന്നു ഈ നിലമ്പൂർ - നഞ്ചൻകോട് റെയിൽവെ പദ്ധതി. ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, കൊച്ചി എന്നീ നഗരങ്ങളിലേക്ക് യാത്ര എളുപ്പമാക്കുകയും ചെയ്യും. വിനോദ സഞ്ചാരമേഖലക്കും ഗുണകരമായിരുന്നു ഈ പദ്ധതി. കേരളം, കർണാടകം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. കൊച്ചി-വിഴിഞ്ഞം തുറമുഖങ്ങളുടെ വികസനത്തിനും കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിനും ഈ പാത കൂടിയേ കഴിയൂ.

കൊച്ചി-ബെംഗളൂരു, മൈസൂരു-കോയമ്പത്തൂർ എന്നിങ്ങനെ രണ്ട് റെയിൽ ഇടനാഴികളാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയിലൂടെ ലഭിക്കുക. തിരുവനന്തപുരത്തുനിന്നും കൊച്ചിയിൽനിന്നും ബെംഗളൂരുവിലേക്കും മൈസൂരുവിൽ നിന്ന് കോയന്പത്തൂരിലേക്കുമുള്ള ഏറ്റവും എളുപ്പമാർഗമാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത. നിലവിൽ 12 മണിക്കൂറുള്ള കൊച്ചി-ബെംഗളൂരു റെയിൽയാത്രാ സമയം ഏഴ് മണിക്കൂറായും മൈസൂരു-കോയമ്പത്തൂർ യാത്രാസമയം അഞ്ച് മണിക്കൂറായും ഈ പാതവഴി ചുരുങ്ങും. വയനാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് ഈ പാത വഴിയുള്ള യാത്രാസമയം മൂന്നു മണിക്കൂറും കൊച്ചിയിലേക്കും കോയമ്പത്തൂരിലേക്കും നാലു മണിക്കൂറുമായിരിക്കും. രണ്ട് ഐ.ടി. നഗരങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ദക്ഷിണേന്ത്യയുടെ സുവർണ ഐ.ടി, ടൂറിസം, വ്യവസായ ഇടനാഴിയായിരിക്കും.

കേരളത്തിലേക്കുള്ള റെയിൽപാതയുടെ ശേഷി പരമാവധിയിലുമധികം വിനിയോഗിക്കുതിനാൽ കേരളത്തിലേക്ക് പുതിയ തീവണ്ടികളും ചരക്കുനീക്കവും അസാധ്യമായ സാഹചര്യത്തിൽ നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്ക് അതീവപ്രാധാന്യമുണ്ട്. ശബരിപാതയുടെ പൂർണ പ്രയോജനം ലഭിക്കാൻ നിലമ്പൂർ-നഞ്ചൻകോട് പാത അത്യാവശ്യമാണ്. അതേസമയം പദ്ധതിക്കെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുന്നത് സ്വകാര്യ ബസ് ലോബിയും ലോറി ലോബിയുമാണ്. മലബാറിൽ നിന്നും ആയിരക്കണക്കിന് യാത്രക്കാരാണ് ബാംഗ്ലൂരിലേക്ക് ദിവസവും യാത്ര ചെയ്യുന്നത്. ഇവർ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. മാത്രമല്ല, കോഴിക്കോട്ടും മലപ്പുറത്തും അടക്കമുള്ള നഗരങ്ങളിലേക്ക് ചരക്ക് മൈസൂരിൽ നിന്നും എത്തിക്കുന്നത് ലോറി മാർഗ്ഗമാണ്.

താമരശ്ശേരി ചുരമാണ് പ്രധാനമായും വയനാട്ടിലേക്കുള്ള പ്രധാനയാത്രാപാത. തിരക്കുള്ള വേളകളിൽ ഇവിടെ ഗതാഗത സ്തംഭനം പതിവ് പരിപാടിയാണ്. എന്നാൽ, റെയിൽപാത വന്നാൽ, ചുരത്തിലെ ഗതാഗത കുരുക്ക് കുറയാക്കാൻ സാധിക്കുകയും ചെയ്യും. എന്നാൽ, ഗുണങ്ങൾ ഏറെയാണെങ്കിലും പദ്ധതി നടപ്പിലാക്കാൻ വേണ്ടത് ഇച്ഛാശക്തിയാണ്. ആ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം ഇല്ലെന്നതാണ് വയനാട്ടുകാരുടെ ചിരകാല സ്വപ്‌നമായ നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്ക് വിനയായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP