Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂർ പാട്ടുത്സവത്തെ രാഷ്ട്രീയ വത്ക്കരിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ അമർഷം ശക്തമാകുന്നു; പാട്ടുത്സവത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ മത്സരം നടത്തുമ്പോൾ നഷ്ടമാകുന്നത് നാട്ടുകാർ ഏറെ സ്‌നേഹിച്ചിരുന്ന ജനകീയ ഉത്സവത്തിന്റെ തനിമ: വിശ്വാസപരവുമായി വളരെ ആഘോഷത്തോടെ നടത്തിയിരുന്ന പാട്ടുത്സവത്തിന്റെ തനിമ കാക്കണമെന്ന് ആവശ്യം ശക്തം

നിലമ്പൂർ പാട്ടുത്സവത്തെ രാഷ്ട്രീയ വത്ക്കരിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ അമർഷം ശക്തമാകുന്നു; പാട്ടുത്സവത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ മത്സരം നടത്തുമ്പോൾ നഷ്ടമാകുന്നത് നാട്ടുകാർ ഏറെ സ്‌നേഹിച്ചിരുന്ന ജനകീയ ഉത്സവത്തിന്റെ തനിമ: വിശ്വാസപരവുമായി വളരെ ആഘോഷത്തോടെ നടത്തിയിരുന്ന പാട്ടുത്സവത്തിന്റെ തനിമ കാക്കണമെന്ന് ആവശ്യം ശക്തം

ജാസിം മൊയ്ദീൻ

നിലമ്പൂർ: കഴിഞ്ഞ നിരവധി വർഷങ്ങളായി നിലമ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ ജനതയുടെയും ജനകീയ ഉത്സവമായിരുന്ന നിലമ്പൂർ പാട്ടുത്സവം ഇക്കുറി ഏതാണ്ട് അവസാനിച്ചിരിക്കുമ്പോൾ പ്രധാനമായും മൂന്ന് ചോദ്യങ്ങളാണുയരുന്നത്. ഒന്ന് വ്യപാരോത്സമെന്ന പേരിൽ നടത്തുന്ന പരിപാടിയിൽ എവിടുത്തെ വ്യപാരികൾക്കാണ് അത് ഉത്സവ പ്രതീതിയുണ്ടാക്കുന്നത്. രണ്ട് ഇത്രയും കാലം ജാതി, മത, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ നടന്ന ഒരു ആഘോഷത്തെ ആരുടെ താത്പര്യം സംരക്ഷിക്കാനാണ് ഇത്തരത്തിൽ വിഭജിച്ചത്. മൂന്ന് പാരമ്പര്യമായുള്ള ആചാരങ്ങൾക്കെപ്പോഴെങ്കിലും ഉത്സവ നടത്തിപ്പുകാർ ശ്രദ്ധ നൽകിയിട്ടുണ്ടോ.

കോഴിക്കോട് നിന്ന് നിലമ്പൂർ കോവിലകം നിർമ്മിക്കാനായെത്തിയവർ അന്ന് നിലമ്പൂരിലുണ്ടായിരുന്ന ആദിവാസികളെ കാട്ടിലേക്ക് ആട്ടിയോടിക്കുകയും ഗൂഡലൂർ നമ്പോലക്കോട്ടയിലുണ്ടായിരുന്ന ആദിവാസികളുടെ കുലദൈവമായ വേട്ടക്കൊരുമകനെ നിലമ്പൂരിൽ കൊണ്ട് വന്ന് പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിന്റെ പ്രായശ്ചിത്തമെന്നോണം എല്ലാവർഷവും ധനുമാസം ആറാം തിയ്യതി ആദിവാസികൾക്ക് കോവിലകത്തെ ക്ഷേത്രത്തിൽ വന്ന് വേട്ടക്കൊരുമകനെ തൊഴാമെന്ന് നിർദ്ദേശിച്ച കോവിലകം അന്നത്തെ ദിവസം ആദിവാസികൾക്ക്
സർവ്വാണി സദ്യയെന്ന പേരിൽ സമൃദ്ധമായ ഭക്ഷണവും നൽകി വന്നു. ഇതാണ് നിലമ്പൂർ പാട്ടിന്റെ പൈതൃകവും ആചാരവും.

പിന്നീട് വർഷങ്ങൾക്ക് ശേഷം ആര്യാടൻ ഷൗകത്ത് നിലമ്പൂർ നഗരസഭ ചെയർമാനായിരുന്ന തുടക്ക കാലം മുതലാണ് നിലമ്പൂർ മുനിസിപ്പാലിറ്റിയും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് വിപുലമായ രീതിയിൽ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവൽ എന്ന പേരിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് വന്നത്. പ്രധാനമായും പ്രമുഖ സിനിമാ താരങ്ങളെയും ഗായകരെയും അണിനിരത്തിയുള്ള സ്റ്റേജ് ഷോകളായിരുന്നു നടന്നിരുന്നത്.

അന്നു മുതൽക്ക് നിലമ്പൂർ പാട്ടുത്സവം കേവലം കോവിലകത്ത് നടക്കുന്ന ആചാരങ്ങൾ മാത്രമായി. പിന്നീടിപ്പോൾ നിലമ്പൂരിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി, ആര്യടൻ ഷൗകത്തിനെ തോൽപിച്ച് പി വി അൻവർ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് എം എൽ എയായി. പിന്നീട് നിലമ്പൂരിലെ എല്ലാ കാര്യങ്ങളിലും അത് വരെ പറയത്തക്ക പ്രാതിനിധ്യം ലഭിക്കാതിരുന്നവർ എം എൽ എയുടെ ആളുകളെന്ന പേരിൽ തലയിടാനും തുടങ്ങി, അവസാനം ഒരുനാടൊന്നാകെ ജനകീയമായി നടത്തിയിരുന്ന നിലമ്പൂർ പാട്ട് വിവിധ പാർട്ടിക്കാരുടെ ശക്തി കാണിക്കാനുള്ള വേദിയുമായി. ഒരു ഘട്ടത്തിൽ ശശികല ടീച്ചറെ വരെ ഇടപെടീച്ച് കൊണ്ട് അമ്പലത്തിലെ ഉത്സവത്തിൽ മറ്റുള്ളവർക്കെന്ത് കാര്യമെന്ന് സംഘപരിവാറും ചോദിച്ചു.

ഇന്ന് ഇപ്രാവശ്യത്തെ പാട്ടുത്സവം ഏറെക്കുറെ അവസാനിക്കാറായി. ടൂറിസം ഫെസ്റ്റിവലെന്ന പേരിൽ ആര്യാടൻ ഷൗകത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പേരിൽ നാലു ദിവസം നീണ്ട് നിന്ന സ്റ്റേജ് പ്രോഗ്രാമുകൾ നടന്നു. മഞ്ജരിയുടെ ഗാനമേളയും, ഹരീഷ് കണാരന്റെ കോമഡിഷോയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. മറുഭാഗത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, സംസ്ഥാന ടൂറിസം വകുപ്പും ചേർന്ന് എം എൽ എയുടെ പേരിൽ സി പി എം നേതൃത്വം നൽകിയ മൂന്ന് ദിവസത്തെ സ്റ്റേജ് പ്രോഗ്രാമുകളും നടന്നു.

സി പി എമ്മിന്റെ നിയുക്ത ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസടക്കം നിലമ്പൂരിലെ പ്രാദേശിക നേതാക്കൾ മുഴുവൻ വേദിയിൽ കയറി പട്ടവും ബലൂണും പറത്തിയായിരുന്നു ഉദ്ഘാടനം. അതിനെല്ലാം മുന്നേ നിലമ്പൂർ ബാലൻ അനുസ്മരണ നാടകോത്സവം എന്ന പേരിൽ അഞ്ച് നാടകങ്ങളും നിലമ്പൂരിൽ അരങ്ങേറി. ഇതിനിടെയിലെല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ കോവിലകത്തെ ക്ഷേത്രത്തിൽ ആദിവാസികൾ വന്ന് തങ്ങളുടെ ദൈവത്തെ തൊഴുത് സർവ്വാണി സദ്യയും കഴിച്ച് അവർ കാട് കയറി. ഫലത്തിൽ ജനകീയവും വിശ്വാസപരവുമായി വളരെ ആഘോഷത്തോടെ നടത്തിയിരുന്ന ഒരു ഉത്സവം ഭിന്നിപ്പിച്ച് വിവിധ പരിപാടികളാക്കി അതിന്റെ പൊലിമ കെടുത്തി.

മറ്റൊരു പ്രധാന പ്രശ്നം വ്യാപാരോത്സമെന്ന പേരിൽ നടക്കുന്ന ഈ പരിപാടി സത്യത്തിൽ നിലമ്പൂരിലെ വ്യാപാരികൾക്ക് വ്യാപാര സംഘടനകൾ നൽകുന്ന സംഭാന രസീതുകൾക്കപ്പുറത്ത് യാതൊന്നും നൽകുന്നില്ല എന്നതാണ്. ഇപ്രാവശ്യവും ഇരു സംഘങ്ങളും നടത്തിയ പരിപാടികളുടെ മുഖ്യ സഹകാരികൾ വ്യാപാരി വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി സമിതിയുമായിരുന്നു.

എന്നാൽ ഇവർ വ്യാപാരികളിൽ നിന്ന് ഭീഷണിപ്പെടുത്തിയും മറ്റും പിരിവ് വാങ്ങിയതിനപ്പുറം ഇവിടുത്തെ വ്യാപാരികൾക്ക് പ്രയോജനമാകുന്ന രീതിയിൽ യാതൊരു സഹായവും നൽകിയില്ല എന്നുമാത്രമല്ല പരിപാടിയുടെ സ്ഥലം ക്രമീകരിച്ചത് നിലമ്പൂർ നഗരത്തിൽ നിന്നും ദൂരത്തായതിനാൽ പരിപാടി നടക്കുന്ന ദിവസങ്ങൾ നിലമ്പൂരിലെ വ്യാപാരികൾ കഷ്ടപ്പാടിന്റെ ദിനങ്ങളായിരുന്നു. നിലമ്പൂർ നഗരത്തിലെ വ്യാപാരികൾക്ക് മറ്റ് ദിനങ്ങളെ അപേക്ഷിച്ച് ഏറ്റവും കച്ചവടം കുറഞ്ഞ ദിനങ്ങളാണ് ഉത്സവ ദിവസങ്ങളെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.

ഒരുനാടിന്റെ ജനകീയ ഉത്സവത്തെ തങ്ങളുടെ താൻപോരിമ കാണിക്കാൻ വിഭജിച്ചവരോട് ഇവിടുത്തെ ജനത പൊറുക്കില്ല. കഴുത്തിന് പിടിച്ച് പിരിവ് വാങ്ങാൻ മാത്രം ആത്മാർത്ഥത കാണിക്കുന്ന വ്യാപാര സംഘടനകളോട് നിലമ്പൂരിലെ വ്യാപാരി സമൂഹമിനി ചോദ്യങ്ങളുയർത്തും. ഇതൊന്നും കാര്യമാക്കാതെ കോവിലകത്തെ അമ്പലത്തിൽ കഴിയുന്ന തങ്ങളുടെ ദൈവത്തെ തൊഴാനും സർവ്വാണി സദ്യയുണ്ണാനും എല്ലാ വർഷവും ധനുമാസം ആറാം തിയ്യതി ഈ ഭൂലോകത്ത് നിന്ന് അവസാന കണ്ണിയും മറയുന്നത് വരെ ആദിവാസികൾ കാടിറങ്ങി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP