Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദരപൂർവം മുസ്ലിംങ്ങൾ നിലവിളക്ക് കൊളുത്തുന്നത് തെറ്റ്; വെളിച്ചത്തിനായോ ഉദ്ഘാടനമെന്ന രീതിയിലോ ഏതു വിളക്കും തെളിയിക്കാം: നിലവിളക്ക് വിവാദത്തിൽ ഇ കെ സമസ്തയിൽ നിന്നും വ്യത്യസ്ത അഭിപ്രായവുമായി എ പി വിഭാഗം

ആദരപൂർവം മുസ്ലിംങ്ങൾ നിലവിളക്ക് കൊളുത്തുന്നത് തെറ്റ്; വെളിച്ചത്തിനായോ ഉദ്ഘാടനമെന്ന രീതിയിലോ ഏതു വിളക്കും തെളിയിക്കാം: നിലവിളക്ക് വിവാദത്തിൽ ഇ കെ സമസ്തയിൽ നിന്നും വ്യത്യസ്ത അഭിപ്രായവുമായി എ പി വിഭാഗം

എം പി റാഫി

കോഴിക്കോട്: നിലവിളക്ക് വിവാദത്തിൽ അന്തിമ വിധി കൽപനയുമായി കാന്തപുരം സമസ്ത. നിലവിളക്ക് വിവാദം കെട്ടണഞ്ഞ സാഹചര്യത്തിൽ സാധാരണക്കാരിൽ ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ യോഗത്തിൽ വച്ച് നിലവിളക്കിൽ അന്തിമ തീരുമാനമെടുക്കാൻ കാരണം. ദീപാരാധനയും അഗ്നിയാദരവും ഇസ്ലാമിൽ പാടില്ലാത്തതാണെന്നും ആദരപൂർവം മുസ്ലിംങ്ങൾ ദ്വീപം കൊളുത്തൽ ശരിയല്ലെന്നും നിലവിളക്ക് ഇസ്ലാമിക സംസ്‌കാരമല്ലെന്നുമായിരുന്നു സമസ്ത മുശാവറയുടെ തീരുമാനം. അതേസമയം പ്രകാശം ലഭിക്കുന്നതിന് ആധുനികവും പുരാതനവുമായ ഏത് വിളക്കുകൾ കത്തിക്കുന്നതിലും വിരോധമില്ലെന്നുമായിരുന്നു മുശാവറ യോഗത്തിന്റെ പ്രസ്താവന. എന്നാൽ ഇതേ നിലപാടുമായിട്ടായിരുന്നു ഇ.കെ വിഭാഗം സമസ്ത നേതാവും സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിന്റുമായ എംപി മുസ്തഫൽ ഫൈസി ദിവസങ്ങൾക്ക് മുമ്പ് രംഗത്ത് വന്നത്. ഫെയ്‌സ് ബുക്കിൽ അഭിപ്രായം കുറിച്ച ഫൈസിയെ തൽസ്ഥാനങ്ങളിൽ നിന്നും നീക്കുകയാണുണണ്ടായത്.

ഇതര മതങ്ങളെയോ സംസ്‌കാരങ്ങളെയോ അനുകൂലിച്ചോ അനുകരിച്ചോ അവയോട് തുല്യ ഭാവം വിചാരിച്ചോ കത്തിക്കുകയും കത്തുന്ന വെളിച്ചത്തിലും തീയിലും അനുഗ്രഹം ആഗ്രഹിക്കുന്നതും ഇസ്ലാമികമായി തെറ്റാണെന്നും അതെസമയം, നാടമുറിക്കുക, ബട്ടണമർത്തി ബോർഡ് പ്രകാശിപ്പിക്കുക, ബോർഡിനു മുകളിൽ കവർ ശീല മാറ്റുക എന്നിവയോ ഇവയ്ക്കു പകരം ഇതേ ലക്ഷ്യത്തിനു മാത്രം നിലവിളക്കോ മറ്റോ കത്തിക്കുകയോ ചെയ്യുന്നത് തെറ്റല്ലെന്നായിരുന്നു മുസ്തഫൽ ഫൈസിയുടെ നിലപാട്. ചരിത്ര പരമായ പിൻബലവും പ്രമാണ പിൻബലവും ചൂണ്ടിക്കാട്ടിയായിരുന്നു മുസ്തഫൽ ഫൈസി ഈ വാദങ്ങൾ ഉന്നയിച്ചിരുന്നത്. എന്നാൽ മുസ്തഫൽ ഫൈസിയുടെ നിലപാട് നിലവിളക്കേ കത്തിക്കാൻ പാടില്ലെന്ന ഇ.കെ സമസ്തുടെ നിലപാടിനു വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു ഭാരവാഹിത്വത്തിൽ നിന്നും ഇവരെ മാറ്റിയതായി പത്രുകുറിപ്പിലൂടെ അറിയിച്ചത്.

എന്നാൽ, വൈകിയാണെങ്കിലും ഇപ്പോൾ എ.പി വിഭാഗം സമസ്ത നിലവിളക്ക് വിഷയത്തിൽ തീരുമാനമെടുത്തത് ഏറെ ചർച്ചകൾക്ക് വഴിവെയ്ക്കുന്നതാണ്. ഇ കെ വിഭാഗം നിലവിളക്ക് വിഷയത്തിൽ മുശാവറ കൂടുകയോ ഫത് വ കമ്മിറ്റി ചേരുകയോ ചെയ്തിരുന്നില്ല. ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കടന്നാക്രമിക്കുക എന്ന ലക്ഷ്യമുള്ള പണ്ഡിതർ മാത്രമാണ് നിലവിളക്കിനെ അടച്ചാക്ഷേപിച്ച് രംഗത്ത് വന്നിരുന്നതെന്ന് ഇ.കെ സുന്നികൾക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ മുസ്തഫ ഫൈസി എന്ന മുതിർന്ന നേതാവിനെതിരെ നിലവിളക്കിൽ നിലപാടെടുത്തതിന് പുറത്താക്കൽ നടപടി സ്വീകരിച്ചിട്ടും ഫൈസിയുടെ വാദങ്ങൾ കേൾക്കാൻ തയ്യാറാവുകയോ ഇതുമായി ബന്ധപ്പെട്ട് മുശാവറ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കാത്തതിലും അണികളിൽ അമർശം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുസ്തഫ ഫൈസിയുടെ നിലപാട് ശരിവെയ്ക്കുന്ന തരത്തിലുള്ള പ്രസ്ഥാവനയായിരുന്നു കഴിഞ്ഞ ദിവസം എ.പി സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.

പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെയാണ്:

നിലവിളക്ക് ഇസ്ലാമിക സംസ്‌കാരമല്ലെന്നും ബഹുമാനാദരവോടെ ആചാരമെന്ന നിലക്ക് തെളിക്കുന്നത് അനുവദനീയമല്ല. വെളിച്ചം ലഭിക്കാൻ ആധുനികവും പുരാതനവുമായ ഏത് വിളക്കുകളും കത്തിക്കുന്നതിന് വിരോധമില്ലാത്തതും അതേസമയം ദീപാരാധനയും അഗ്നിയാദരവും ഇസ്ലാമികമായി പാടില്ലാത്തതും ഉദ്ഘാടന വേളകളിലും മറ്റും ആദരപൂർവം ദ്വീപം കൊളുത്തുന്ന ആചാരം മുസ്ലിംങ്ങൾ നടപ്പാക്കുന്നത് ശരിയല്ല. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, പിടി കുഞ്ഞമ്മു മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി, സയ്യിദ് ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി തുടങ്ങിയ പണ്ഡതന്മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

കേരളത്തിലെ പ്രബലമായ രണ്ട് മുസ്ലിം സംഘടനകളായ എ.പി, ഇ.കെ സുന്നികൾ രണ്ട് അഭിപ്രായം പറഞ്ഞിരിക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. നിലവിളക്ക് കൊളുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതും അത് മതവിരുദ്ധമാണെന്നും ഇ.കെ വിഭാഗം പറയുമ്പോൾ, വെളിച്ചം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ആധുനികവും പുരാതനവുമായ എല്ലാ വിളക്കുകളും കത്തിക്കുന്നതിൽ പ്രശ്‌നമില്ലെന്നാണ് എ.പി വിഭാഗത്തിന്റെ തീരുമാനം.ഇനി മറ്റു ലക്ഷ്യത്തോടെ കൊളുത്തിയാൽ നിഷിദ്ധമാണെന്നോ മതത്തിൽ നിന്നും പുറത്താകുമെന്നോ എ.പി സമസ്ത വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ജാറങ്ങളിലും പുരാതന പള്ളികളിലും നിലവിളക്ക് ഇന്നും കത്തിച്ചു പോരുന്നതും പ്രസ്ഥാവനയിൽ വിശദമാക്കിയിട്ടില്ല.

അതേസമയം, ഇരു സമസ്തകളും എന്ത് നിലപാടെടുത്താലും താൻപറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് എംപി മുസ്തഫൽ ഫൈസി മറുനാടൻ മലയാളിയോടു പറഞ്ഞു. ഇപ്പോൾ കാന്തപുരം വിഭാഗം ഇറക്കിയ പ്രസ്ഥാവന ഞാൻ പറഞ്ഞതിന് എതിരല്ല. അവർ നിലവിളക്ക് തീരെ കൊളുത്താൻ പാടില്ലെന്നും പറഞ്ഞ് ഓടുകയല്ല ചെയ്തത്, വിഷയത്തിൽ തീർപ്പുകൽപ്പിക്കാൻ സമസ്ത മുശാവറ കൂടി ആർക്കും പ്രശ്‌നമോ പ്രയാസമോ ഇല്ലാത്ത പൊതു സ്വീകാര്യമായ പ്രസ്താവനയാണ് ഇറക്കിയിട്ടുള്ളത്. എന്നാൽ സമസ്തക്കാർ ചെയ്തത് ഒരു മുശാവറയോ ഫത് വ കമ്മിറ്റിയോ കൂടാതെ പണ്ഡിതന്മാരുടെ പേരിലെന്നു പറഞ്ഞ് മറ്റാരോ എഴുതിയ ചില ലേഖനങ്ങൾ മാത്രമാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP