Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷങ്ങൾ കൊടുത്താലും കിട്ടാത്ത കമ്പ്യൂട്ടർ വിദഗ്ധനെ വെറുതെ കിട്ടിയ ആവേശത്തിൽ ജയിൽ അധികൃതർ; നിനോ മാത്യുവിനെ തൂക്കിക്കൊല്ലും മുമ്പ് ജയിലിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കാൻ നീക്കം; തൊഴിൽ എന്തെന്നറിയാതെ അനുശാന്തി കാത്തിരിക്കുന്നു

ലക്ഷങ്ങൾ കൊടുത്താലും കിട്ടാത്ത കമ്പ്യൂട്ടർ വിദഗ്ധനെ വെറുതെ കിട്ടിയ ആവേശത്തിൽ ജയിൽ അധികൃതർ; നിനോ മാത്യുവിനെ തൂക്കിക്കൊല്ലും മുമ്പ് ജയിലിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കാൻ നീക്കം; തൊഴിൽ എന്തെന്നറിയാതെ അനുശാന്തി കാത്തിരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിംഹമാണ് ജയിൽ മേധാവി. ആരെ എങ്ങനെ ഉപയോഗിച്ചാൽ തന്റെ വകുപ്പിന് നേട്ടമുണ്ടാകുമെന്ന് അറിയാവുന്ന ഉദ്യോഗസ്ഥൻ. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലയിൽ വധശിക്ഷയാണ് നീനോ മാത്യുവിന് കോടതി വിധിച്ചത്. എന്നു കരുതി ഈ കുറ്റവാളിയെ വെറുതെ ഇരുത്തിക്കാൻ ഋഷിരാജ് സിങ് എന്ന ജയിൽ മേധാവി തയ്യാറല്ല. തന്റെ വകുപ്പിന് ഗുണകരമാകുന്ന വിധത്തിൽ നീനോ മാത്യുവിന്റെ സേവനം ഉപയോഗിക്കുകയാണ് ജയിൽ വകുപ്പ്. പഴഞ്ചൻ രീതികൾ വിട്ട് സാങ്കേതികതയുടെ കരുത്തിൽ ജയിൽ വകുപ്പിനെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യം. ഇതിനായി നീനോ മാത്യുവിനേയും കൂടെ കൂട്ടുകയാണ് ഡിജിപി ഋഷിരാജ് സിങ്.

അവിഹത ബന്ധം വിജയകരമാക്കാനായി രണ്ട് കൊലപാതകങ്ങളാണ് നിനോ മാത്യു നടത്തിയത്. കാമുകിയായ അനു ശാന്തിയുടെ മകളേയും ഭർത്താവിന്റെ അമ്മയേയുമാണ് കൊലപ്പെടുത്തിയത്. ടെക്‌നോപാർക്ക് ജീവനക്കാരായിരുന്നു നീനോ മാത്യവും, അനു ശാന്തിയും. നീനോ മാത്യുവിനെതിരെ കൊലപാതകം, ഗൂഢാലോചന കുറ്റവുമാണ് തെളിഞ്ഞിരിക്കുന്നത്. ഗൂഢാലോചനയിൽ പങ്കാളിയായ അനുശാന്തിക്ക് ജീവപര്യന്തമാണ് ശിക്ഷ. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കേരളത്തിലെ അറിയപ്പെടുന്ന ഐടി വിദഗ്ധനാണ് നിനോ മാത്യു. ടെക്‌നോപാർക്കിലെ പ്രമുഖ സ്ഥാപനത്തിലെ പ്രോഗ്രാം മാനേജർ ആയിരുന്നു. അതിനിടെയാണ് കൊലപാതകത്തിന് കരുക്കൾ നീക്കിയത്.  സോഫ്ട് വെയർ നിർമ്മാണത്തിലും മറ്റും ഏറെ അറിവുള്ള വ്യക്തി. അതുകൊണ്ട് കൂടിയാണ് നിനോ മാത്യുവിന്റെ സേവനം ജയിലിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാനുള്ള തീരുമാനം.

ജയിൽ കംപ്യൂട്ടർവൽക്കരണത്തിൽ പ്രധാന ചുമതലക്കാരനാണ് നിനോ മാത്യു. നാലു മാസം വിചാരണത്തടവുകാരനായി ഉണ്ടായിരുന്നപ്പോഴും ഇതു തന്നെയായിരുന്നു ജോലി. എന്നാൽ ശിക്ഷാ വിധിക്ക് ശേഷമെത്തിയ നിനോ മാത്യുവിനെ പുതിയൊരു ഉത്തരവാദിത്തം തന്നെ ജയിൽ അധികൃതർ ഏൽപ്പിച്ചു. ജയിൽ കന്റീനിലെ കംപ്യൂട്ടർവൽക്കരണത്തിന്റെ ചുമതല. സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ഉള്ള വൈദഗ്ധ്യത്തിലൂടെ നാല് മാസത്തിനുള്ളിൽ എല്ലാം ശരിയാക്കാനാണ് തീരുമാനം. ഇത്തരത്തിലൊരു വിദഗ്ധനെ കൊണ്ടു വന്ന് ഇത് ചെയ്യിക്കണമെങ്കിൽ ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ഒഴുകും. ഇവിടെ നിനോ മാത്യുവെന്ന തടവ് പുള്ളിയിലൂടെ വലിയ ലാഭമുണ്ടാക്കുന്ന തരത്തിൽ കമ്പ്യൂട്ടർ വൽക്കരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. കാന്റീൻ കമ്പ്യൂട്ടർവൽക്കരണത്തിന് ശേഷം അടുത്ത പദ്ധതിയിലേക്ക് മാറ്റും.

ജയിലിനുള്ളിൽ പ്രതിയുടേതു മാന്യമായ പെരുമാറ്റം തന്നെ. ജയിലിലെ ഒന്നാം നമ്പർ ബ്ലോക്കിൽ സാധാരണ തടവുകാരനായാണു നിനോയെ പാർപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് എട്ടു തടവുകാർ കൂടി ഇവിടെയുണ്ട്. നിനോ മാത്യുവിന്റെ കൺവിക്ട് നമ്പർ 975 ആണ്. വധശിക്ഷയിൽ ഇളവു വേണമെന്ന ദയാഹർജി രാഷ്ട്രപതി തള്ളിയ ആന്റണി എന്ന പ്രതി മാത്രമാണ് ഇവിടെ ഏകാന്ത തടവുകാരൻ. പുതിയ ജയിൽ ചട്ടപ്രകാരം വധശിക്ഷ നടപ്പിലാക്കാൻ വിചാരണ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കുന്നതുവരെ ഇത്തരം തടവുകാരെ മറ്റു സാധാരണ ശിക്ഷാ പ്രതികളെ പോലെ കണക്കാക്കണമെന്നാണു ചട്ടം. ഇതിന്റെ വെളിച്ചത്തിലാണ് ജയിലിലെ കമ്പ്യൂട്ടർവൽക്കരണത്തിന്റെ ചുമതലക്കാരനായി നിനോ മാത്യുവിനെ മാറ്റുന്നത്.

നിനോ മാത്യുവിന്റെ ഹർജി മേൽക്കോടതികളും രാഷ്ട്രപതിയും തള്ളി ശിക്ഷ നടപ്പിലാക്കാൻ കോടതി ബ്ലോക്ക് വാറന്റ് പുറപ്പെടുവിച്ചാൽ നിനോ മാത്യുവും ഏകാന്ത തടവുകാരനാകും. അതു കഴിഞ്ഞാൽ പിന്നെ ഇത്തരം ജോലികളൊന്നും ചെയ്യാനാകില്ല. എന്നാൽ അതിന് മാസങ്ങളും വർഷങ്ങളും നീളുന്ന നിയമ നടപടികൾ പൂർത്തിയാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടർവൽക്കരണത്തിന്റെ മുഴുവൻ കുരുക്കുകളും നിനോ മാത്യുവിന്റെ സാഹയത്താൽ പൂർത്തിയാക്കാനാണ് നീക്കം. ഇത്തരം കുറ്റവാളികൾ തിരിവനന്തപുരം സെൻ്ട്രൽ ജയിലിൽ വളരെ അപൂർവ്വമായേ എത്താറുള്ളൂ. അതും വിചാരണ തടവുകാരായും മറ്റും. ഇത്തരക്കാരുടെ പെരുമാറ്റവും ഇടപെടലും മാന്യമായിരിക്കും. ഏത് ജോലിയും കൃത്യമായി ചെയ്യുകയും ചെയ്യും. അതാണ് ജയിൽ അധികൃതരുടെ അനുഭവും. ഇതെല്ലാം മനസ്സിലാക്കിയാണ് ഉത്തരവാദിത്തപ്പെട്ട ജോലി തന്നെ നിനോ മാത്യുവിന് നൽകുന്നത്.

കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച നിനോ മാത്യുവിന്റെ കാമുകിയും ടെക്‌നോപാർക്ക് ഉദ്യോഗസ്ഥയുമായ അനുശാന്തിയെ വനിതാ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. രണ്ടാം ബ്ലോക്കിൽ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പം. അനുശാന്തിക്ക് ഇതുവരെ ജോലിയൊന്നും നൽകിയിട്ടില്ല. വനിതാ ജയിലിലെ ഏക ഇരട്ട ജീവപര്യന്തം തടവുകാരിയാണ് അനുശാന്തി. ഇവർക്ക് എന്ത് ജോലി നൽകണമെന്ന കാര്യവും ജയിൽ ഡിജിപിയാകും നിശ്ചയിക്കുക. കമ്പ്യൂട്ടറിൽ നിനോ മാത്യുവിനൊപ്പം പ്രാഗൽഭ്യം അനുശാന്തിക്കില്ല. എന്നാലും ജയിൽ വകുപ്പിന് ഗുണകരമാകുന്ന ഉത്തരവാദിത്തങ്ങൾ അനുശാന്തിയേയും ഏൽപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.

പിഞ്ചുകുഞ്ഞിനേയും അമ്മൂമ്മയെയും മൃഗീയമായി വധിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും ശിക്ഷയുമാണ് കോടതി വിധിച്ചത്. അനുശാന്തി മാതൃത്വത്തിനാകെ അപമാനമാണെന്നും കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി വിലയിരുത്തി. സൗദി അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും കൊണ്ട് കഴുകിയാലും നിനോയുടെ കൈയിലെ ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാനാവില്ലെന്ന് വിധി പ്രസ്താവിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷിർസി വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിനുള്ള എല്ലാ ഒരുക്കങ്ങളും രണ്ടാം പ്രതി അനുശാന്തി ചെയ്തുകൊടുത്തതായി കോടതി കണ്ടെത്തി. നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. നിനോമാത്യു അമ്പതുലക്ഷവും അനുശാന്തി മുപ്പത് ലക്ഷവും പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 50 ലക്ഷം വധശ്രമത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷിനും 30 ലക്ഷം കൊല്ലപ്പെട്ട ഓമനയുടെ ഭർത്താവ് തങ്കപ്പൻചെട്ടിയാർക്കും നൽകണം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതിയും വനിത എന്നതും കണക്കിലെടുത്താണ് അനുശാന്തിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി.

കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു. വാട്‌സ്ആപ് അടക്കം സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം പ്രോസിക്യൂഷന് സംശായാതീതമായി തെളിയിക്കാൻ സാധിച്ചു. തെളിവുകൾ നശിപ്പിക്കുന്നതിനുമുമ്പ് പ്രതികളെ കസ്റ്റഡിയിലെടുക്കാനായതായി കോടതി വിലയിരുത്തി. ഫോറൻസിക് പരിശോധനയും ശാസ്ത്രീയ അന്വേഷവും കുറ്റമറ്റ രീതിയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.2014 ഏപ്രിൽ 16നാണ് ആറ്റിങ്ങലിനെ നടുക്കിയ ദാരുണകൊലപാതകം നടന്നത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം അവിക്‌സിനു സമീപം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫീസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകൻ ലിജീഷിന്റെ മകൾ സ്വസ്തിക (നാല്) എന്നിവരാണ് അരുംകൊല ചെയ്യപ്പെട്ടത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ഒന്നാം പ്രതിയായ തിരുവനന്തപുരം കരമണിൽ സ്വദേശിയായ നിനോമാത്യു വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണ്. അനുശാന്തിയും ലിനോയും ടെക്‌നോപാർക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായിരുന്നു, ഇവരുടെ പ്രണയമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. ലിജീഷിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പെട്ടെന്നുതന്നെ അന്വേഷണം നടത്തിയതിനാലാണ് മണിക്കൂറുകൾക്കുള്ളിൽ ലിനോയെ പിടികൂടാനായത്. കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിലായിരുന്നു ഇയാൾ. പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP