Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപ്പ വൈറസ് വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്നത് പഴങ്ങളിലൂടെയും മാംസത്തിലൂടെയുമെന്ന പ്രചരണം അടിയായത് വിപണിക്ക്; ചിക്കൻ വില മൂന്നുദിവസംകൊണ്ട് നൂറിനടുത്തേക്ക് താണു; മാമ്പഴവും ഞാവലും വാഴപ്പഴവും തൊടാതെ പഴംപ്രേമികൾ; വിദേശ മാധ്യമങ്ങളിലും വാർത്ത വന്നതോടെ കേരളത്തിലെ മൺസൂൺ ടൂറിസം സാധ്യതയും അവതാളത്തിൽ

നിപ്പ വൈറസ് വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്നത് പഴങ്ങളിലൂടെയും മാംസത്തിലൂടെയുമെന്ന പ്രചരണം അടിയായത് വിപണിക്ക്; ചിക്കൻ വില മൂന്നുദിവസംകൊണ്ട് നൂറിനടുത്തേക്ക് താണു; മാമ്പഴവും ഞാവലും വാഴപ്പഴവും തൊടാതെ പഴംപ്രേമികൾ; വിദേശ മാധ്യമങ്ങളിലും വാർത്ത വന്നതോടെ കേരളത്തിലെ മൺസൂൺ ടൂറിസം സാധ്യതയും അവതാളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്; കേരളത്തിൽ നിപ വൈറസ് ബാധയുണ്ടായത് വാവലിൽ നിന്നാണെന്ന് ഇതുവരെ സ്ഥിരീകരണംപോലും പുറത്തുവന്നില്ലെങ്കിലും വിപണിയിൽ പഴങ്ങളുടേയും മാംസത്തിന്റേയും വിലയിൽ വൻ ഇടിവ്. അതേസമയം മത്സ്യം വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവ് വന്നതായും വ്യാപാരികൾ വ്യക്തമാക്കുന്നു.

വാവൽ കടിച്ചുതുപ്പുന്ന പഴങ്ങളിലൂടെയും അവയുടെ വിസർജ്യത്തിലൂടെയും മൃഗങ്ങളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും നിപ വൈറസ് പടരുന്നു എന്ന പ്രചാരണം യാതൊരു അടിസ്ഥാനവുമില്ലാതെ സോഷ്യൽ മീഡിയിയിൽ ഉൾപ്പെടെ ശക്തമായതോടെയാണ് പഴക്കച്ചവടക്കാർക്കും മാംസ കച്ചവടക്കാർക്കും ചിക്കൻ വ്യാപാരികൾക്കുമെല്ലാം വലിയ തിരിച്ചടിയായത്. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം പോലും ഉണ്ടായിട്ടില്ല.

എന്നാൽ കച്ചവടം വളരെ കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ഇതോടെ ചെറുകിട വ്യാപാരമേഖലയിൽ വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നതെന്നാണ് സൂചന. റംസാൻ കാലമായതിനാൽ പഴങ്ങൾക്കെല്ലാം വലിയ ഡിമാൻഡ് ഉണ്ടാകേണ്ട കാലമാണിത്. എന്നാൽ മലപ്പുറത്തും കോഴിക്കോടും ഇപ്പോൾ രണ്ടുമൂന്നു ദിവസംകൊണ്ട് പഴക്കച്ചവടം വലിയ തോതിൽ കുറഞ്ഞു. മാംസങ്ങളുടെ വിൽപനയിലും ചിക്കൻ വിൽപനയിലും കുറവ് വന്നിട്ടുണ്ട്.

വിനോദ സഞ്ചാരരംഗത്തും നിപ വൈറസ് ബാധ ഭീതി പടർത്തുമെന്ന ആശങ്കയുണ്ട്. ഇതോടെ കേരളത്തിന് നിപ വൈറസ് ബാധ സാമ്പത്തിക രംഗത്തും വലിയ ക്ഷീണം വരുത്തിയേക്കുമെന്നാണ് വിലയിരുത്തലുകൾ. കേരളം ആഗോള തലത്തിൽ ഉയർത്തിക്കാട്ടുന്ന മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികൾ എത്തുന്ന സമയമാണിത്. രാജ്യത്ത് മറ്റിടങ്ങളിൽ കനത്ത ചൂട് ആയതിനാൽ തദ്ദേശീയരായ ഇതര സംസ്ഥാനക്കാരും മൺസൂണും മഴയും ആസ്വദിക്കാൻ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമയം. എന്നാൽ ഇതിനെല്ലാം തിരിച്ചടിയാവുകയാണ് നിപ ബാധ ഉയർത്തുന്ന ഭീതി.

നിപ്പ വൈറസ് ഭീതിയിൽ വിനോദസഞ്ചാരികൾ കൂട്ടത്തോടെ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയാണെന്ന റിപ്പോർട്ടുകളും വരുന്നു. വിദേശ മാധ്യമങ്ങളിൽ നിപ്പ വൈറസിന്റെ വാർത്ത വന്നതോടെയാണിത്. ഇതിന് പുറമെയാണ് വ്യാപാരികൾ നേരിടുന്ന തിരിച്ചടി. ഈ മാസം പകുതിയോടെ 135-150 രൂപ വരെയെത്തിയ ചിക്കൻ വില രണ്ടു ദിവസം കൊണ്ട് 25-30 രൂപയോളമാണ് കുറഞ്ഞത്. പലയിടത്തും വില കുറച്ചിട്ടും വില്പന തീരെ ഇടിഞ്ഞു. നിപ്പ വൈറസ് വളർത്തു മൃഗങ്ങളിലേക്കും പകർന്നേക്കാമെന്ന പ്രചരണം ശക്തമായതോടെയാണ് ഇത്. വവ്വാൽ കടിച്ചിടുന്ന പഴങ്ങൾ തിന്നുന്ന മൃഗങ്ങളിൽ രോഗബാധയുണ്ടാകുമെന്ന പ്രചരണം നടന്നതോടെ മാംസ വിൽപന കുറഞ്ഞു. എന്നാൽ കോഴിയിൽ വൈറസ് ബാധയുണ്ടാവുമെന്നു പോലും എവിടെയും പ്രചരണം നടന്നില്ലെങ്കിലും കോഴിവിൽപനയും കുറഞ്ഞു. ഇതോടെയാണ് വിലയിലും കുറവുണ്ടായിരിക്കുന്നത്. അതേസമയം കോഴിയിറച്ചി കഴിക്കുന്നത് അപകടകരമാണോ എന്ന കാര്യത്തിൽ ആശങ്കയകറ്റാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്ന് വ്യാപാരികൾ പറയുന്നു.

കേരളത്തിൽ വിറ്റഴിയുന്നതിൽ 80 ശതമാനവും അതിർത്തി കടന്നുവരുന്നതാണ്. ഈസ്റ്ററിനുശേഷം ഇപ്പോൾ റംസാൻ നോമ്പുകാലത്ത് വലിയ വിൽപന പ്രതീക്ഷിച്ച് ഇറങ്ങിയ വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാണ് നിപ്പ വൈറസ് നല്കിയത്. തമിഴ്‌നാട് ലോബിക്കാണ് നഷ്ടം കൂടുതൽ. വില്പനയിൽ 70 ശതമാനത്തോളം ഇടിവു വന്നതോടെ തമിഴ്‌നാട്ടിൽ നിന്നു വരുന്ന ലോഡുകൾ കുറഞ്ഞു. തല്ക്കാലം തമിഴ്‌നാട്ടിലെ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവിടുത്തെ വ്യാപാരികളുടെ നീക്കം. നിപ്പ വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ ചിക്കൻ വില 100 രൂപയിൽ താഴെയാകുമെന്നാണ് ഇപ്പോൾ വ്യാപാരികൾ പറയുന്നത്. ഇറച്ചിക്കോഴികളെ നിശ്ചിത കാലയളവിനുശേഷം സൂക്ഷിക്കാനാകില്ല. അതുകൊണ്ട് തന്നെ കിട്ടുന്ന കാശിനു വിറ്റു തീർക്കുകയാണ് കച്ചവടക്കാർക്ക് മുന്നിലുള്ള അവസാന മാർഗം. അതിനാലാണ് വില കുറയുന്നതും. ഹോട്ടലുകളിലും വിലക്കുറവ് വരുന്നുണ്ട്.

സമാനമായ രീതിയിലാണ് പഴവിപണിയിലും മാന്ദ്യം ഉണ്ടായിട്ടുള്ളത്. പഴം-പച്ചക്കറി മേഖലയിലും നിപ്പ വൈറസ്ബാധ ക്ഷീണമുണ്ടാക്കുന്നു. വൈറസ് ബാധയുള്ള വവ്വാലിൽ നിന്ന് പഴങ്ങളിലേക്ക് വൈറസ് പകരുമെന്ന് പറഞ്ഞതോടെയാണ് ഇത്. ആവശ്യക്കാരേറെയുണ്ടായിരുന്ന മാമ്പഴത്തിനു വൈറസ് ഭീതി തിരിച്ചടിയായി. കിലോയ്ക്ക് എൺപതും തൊണ്ണൂറുമായിരുന്ന മാമ്പഴത്തിന് സീസണായതോടെ അറുപതും നാല്പതുമൊക്കെയായി കുറഞ്ഞിരുന്നു.

എന്നാൽ, നിപ്പാ വൈറസ് ബാധയുടെ വാർത്തകൾ വന്നതിന് ശേഷം മാമ്പഴം തീരെ വിറ്റുപോകാത്ത സാഹചര്യവുമുണ്ട്. അതേസമയം, ആപ്പിളിനും മറ്റും ആവശ്യക്കാരുമുണ്ട്. മാമ്പഴവിപണിയെയും ഞാവൽപഴ വിപണിയെയുമാണ് വൈറസ് ഭീതി കൂടുതലും ബാധിച്ചത്. കിലോയ്ക്ക് ഇരുന്നൂറും മുന്നൂറും വരെ വിലവന്നിരുന്ന ഞാവൽപഴം സാധാരണ നോമ്പുകാലത്ത് വിപണി കീഴടക്കുന്നതാണ്. ഇപ്പോൾ ഞാവലും ആർക്കും വേണ്ടാതായി. വാഴപ്പഴവിപണിയിലും മാന്ദ്യം പ്രകടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP