Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസുഖമില്ലെങ്കിൽ പോലും നിപ്പ രോഗബാധിതരുമായി ബന്ധപ്പെട്ടവർ ആശുപത്രിയിൽ എത്തണമെന്ന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി; സംസ്ഥാനത്തെ വീണ്ടും ഭീതിയിലാഴ്‌ത്തി വൈറസ് ബാധയുടെ രണ്ടാം ഘട്ടം സ്ഥിരീകരിച്ചു; വൈറസിന്റെ വ്യാപന സമയപരിധി ജൂൺ അഞ്ചായി കണക്കാക്കിയെങ്കിലും അതിന് മുമ്പ് വീണ്ടും മരണം സംഭവിച്ചത് ആശങ്കയേറ്റുന്നു; ആയിരത്തോളം പേർ നിരീക്ഷണത്തിൽ; ജില്ലാ കോടതി അടച്ചിടാൻ അനുമതി തേടി

അസുഖമില്ലെങ്കിൽ പോലും നിപ്പ രോഗബാധിതരുമായി ബന്ധപ്പെട്ടവർ ആശുപത്രിയിൽ എത്തണമെന്ന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി; സംസ്ഥാനത്തെ വീണ്ടും ഭീതിയിലാഴ്‌ത്തി വൈറസ് ബാധയുടെ രണ്ടാം ഘട്ടം സ്ഥിരീകരിച്ചു; വൈറസിന്റെ വ്യാപന സമയപരിധി ജൂൺ അഞ്ചായി കണക്കാക്കിയെങ്കിലും അതിന് മുമ്പ് വീണ്ടും മരണം സംഭവിച്ചത് ആശങ്കയേറ്റുന്നു; ആയിരത്തോളം പേർ നിരീക്ഷണത്തിൽ; ജില്ലാ കോടതി അടച്ചിടാൻ അനുമതി തേടി

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: സംസ്ഥാനത്തെയാകെ വീണ്ടും ഭീതിയിലാഴ്‌ത്തി നിപ്പ വൈറസ് ബാധയുടെ രണ്ടാംഘട്ടം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരെല്ലാം തന്നെ ആശുപത്രിയിലെത്തി പരിശോധനകൾക്ക് വിധേയരാകാനും ചികിത്സ തേടാനും നിർദ്ദേശിച്ചിരിക്കുകയാണ്. ഇക്കാര്യം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തന്നെയാണ് വ്യക്തമാക്കിയത്.

രോഗം ആദ്യഘട്ടത്തിൽ തന്നെ നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരോഗ്യ പ്രവർത്തകർ. രോഗം പടരുന്നത് നിയന്ത്രിക്കാനായെന്ന് ആശ്വസിക്കുന്ന ഘട്ടത്തിലാണ് കൂടുതൽ പേർക്ക് രോഗം പടർന്നിരിക്കാമെന്ന ആശങ്കയേറുന്നത്. ഒന്നാം ഘട്ടത്തെ വളരെ നല്ല രീതിയിൽ നേരിട്ടെങ്കിലും അതിന്റെ ഇൻക്യുബേഷൻ പിരീഡ് ജൂൺ അഞ്ച് വരെയാണ് ആരോഗ്യ വകുപ്പ് കണക്കാക്കിയിരുന്നത്. അതിനുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ രോഗം കൂടുതൽ പേരിലേക്ക് പടർന്നില്ലെന്ന് വിലിയരുത്താമെന്നായിരുന്നു ആരോഗ്യ പ്രവർത്തകരുടെ പ്രതീക്ഷ.

എന്നാൽ കഴിഞ്ഞ ദിവസം മരിച്ച റസിലിന് രോഗം സ്ഥിരീകരിച്ചത് ഈ നിഗമനത്തിലെത്തി ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം ബുധനാഴ്ചയാണ്. വ്യാഴാഴ്ച ഇയാൾ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന മുഴുവൻ സംവിധാനങ്ങളും തുടരാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഐസിഎംആറിന്റെ ആദ്യം വന്ന ഡോക്ടർമാരുടെ സംഘം തിരിച്ച് പോയിട്ടുണ്ട്. മറ്റൊരു സംഘം അടുത്ത ദിവസങ്ങളിലെത്തും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള രണ്ടാമത് സംഘവും അടുത്ത ദിവസങ്ങളിൽ വീണ്ടും കോഴിക്കോടെത്തും. എൻസിഡിസിയുടെ സംഘവും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന സമയത്ത് വരാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാർ നല്ല രീതിയിൽ ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സഹായിച്ചിട്ടുണ്ട്. ഡോക്ടർമാരോ മറ്റ് ആരോഗ്യ വകുപ്പിലെ ജീവനക്കാരോ അനാവശ്യമായി ലീവെടുക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും ആരോഗ്യ പ്രവർത്തകരെല്ലാം ഭീതിയിലാണ്. എന്നാൽ അതിന്റെ ഭാഗമായി ആരെയങ്കിലും ലീവെടുത്ത് കൃത്യവിലോപം നടത്തിയിട്ടുണ്ടോ എന്ന് പീന്നീട് പരിശോധിക്കും.

ഡോക്ടർമാരടക്കമുള്ള എല്ലാ ആശുപത്രി ജീവനക്കാർക്കും നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിശോധിക്കേണ്ടത് സംബന്ധിച്ച് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ട്. അതനുസരിച്ച് തന്നെയാണ് അവർ രോഗികളോട് ഇടപഴകുന്നത്. അതിനാൽ അവരിലേക്ക് രോഗം പകരുമെന്ന ഭീതി അനാവശ്യമാണ്. പലയിടങ്ങളിൽ മരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞുള്ള സന്ദേശങ്ങൾ വരുന്നുണ്ട്. അതെല്ലാം പ്രയോഗിക്കുന്നത് സ്ഥിതി വഷളാകുന്നതിന് കാരണമാകുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. വേണ്ടപ്പെട്ട ഏജൻസികളുമായി കൂടിയാലോചിച്ചേ അത്തരം മരുന്നുകൾ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ ആരോഗ്യ മന്ത്രി ശൈലജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് വ്യക്തമായതോടെ കൂടുതൽ കരുതൽ

വൈറസിന്റെ ഒന്നാം ഘട്ടം അവസാനിച്ചുവെന്നാണ് ഇന്നലെ വരെ ആരോഗ്യവകുപ്പ് അധികൃതർ കരുതിയിരുന്നത്. ആരോഗ്യവകുപ്പിന്റെ പ്രതീക്ഷകളെ തെറ്റിച്ച് നിപ്പാ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നാണ് മനസിലാകുന്നത്. ഇന്നലെ കോഴിക്കോട് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പത്രസമ്മേളനം കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് സൂചന നൽകുന്നു. കോഴിക്കോട് നടുവണ്ണൂരിനടുത്ത് കോട്ടൂർ പഞ്ചായത്തിലെ പുനത്ത് റസിൽ നിപ്പാ വൈറസ് ബാധയേറ്റ് ഇന്നലെ മരിച്ചു. രണ്ടു ദിവസത്തിനിടെ മൂന്ന് പേരെയാണ് നിപ്പാ കൊണ്ടുപോയത്.

രോഗം ബാധിച്ചുവെന്ന് സംശയിക്കുന്നവരുടെ നേരത്തെയുള്ളവരുടെ ലിസ്റ്റിൽ റസിൽ ഉണ്ടായിരുന്നില്ല. ഇന്നലെയാണ് റസിലിന് രോഗം സ്ഥിരീകരിച്ചത്. ഉടനെ മരണവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കരുതുന്നത്. രണ്ടാം ഘട്ട വ്യാപനത്തിന് നേരത്തെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും റസിലിന്റെ മരണത്തോടെ കൂടുതൽ ജാഗ്രത പാലിക്കാനാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

ഇതോടെ, ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിൽ നിന്ന് നേരിട്ട് രോഗം പകർന്ന 16 പേരും മരിച്ചു. ഈ 16 പേരുമായി ബന്ധപ്പെട്ടവരിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യതയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. നിർമ്മാണ തൊഴിലാളിയായ റസിൽ നേരത്തെ പനിയെ തുടർന്ന് ബാലുശ്ശേരി മുക്കിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതേസമയത്ത് നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച കോട്ടൂർ സ്വദേശി ഇസ്മാഈലും ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് നിപ്പ വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. റസിൽ പനി മാറി വീട്ടിലെത്തിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 27നാണ് രോഗലക്ഷണങ്ങളോടെ റസിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാര്യങ്ങൾ വിചാരിച്ചതിനേക്കാളും അപകടമാണ്. നക്കിത്തുടച്ച് പോകാൻ മാത്രം ശേഷിയുള്ളതാണ് നിപ്പാ. അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യരുത്. പരമാവധി ജാഗ്രത കാണിച്ച്, ഭയപ്പാടില്ലാതെ മുന്നോട്ടുപോകുക. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക. ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കുക. - ഇതാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.

മെയ് അഞ്ചിന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയും 14 ന് രാത്രി ഏഴ് മുതൽ ഒൻപത് വരെയും മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്‌കാൻ റൂമിലും വെയിറ്റിങ് റൂമിലും സന്ദർശിച്ചവരും മെയ് 18നും 19 ന് പകൽ രണ്ട് വരെയും ബാലുശേരി താലൂക്ക് ആശുപത്രി സന്ദർശിച്ചവരും സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഫോൺ : 04952381000. വിളിക്കുന്നവരുടെ പേര് വിവരങ്ങൾ പുറത്തറിയിക്കുന്നതല്ല. വൈറസ് ബാധയേറ്റ് മരിച്ച കൊടിയത്തൂർ നെല്ലിക്കാപറമ്പിൽ അഖിൽ (28), കോട്ടൂർ പഞ്ചായത്ത് പൂനത്ത് നെല്ലിയുള്ളതിൽ വീട്ടിൽ റസിൽ (25) എന്നിവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ നിപ്പാ സെല്ലുമായി നിർബന്ധമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP