Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിപ്പയ്ക്ക് ചികിത്സിച്ച ഹോമിയോ ഡോക്ടർമാർക്കെതിരെയും നടപടി; ഹോമിയോ ഫലപ്രദമെന്ന് പ്രചാരണം നടത്തിയ ഡോക്ടർക്കെതിരെ നടപടിക്ക് മലപ്പുറം കലക്ടറുടെ നിർദ്ദേശം; കോഴിക്കോട്ട് ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് നിപ്പക്ക് മരുന്ന് നൽകിയതിനെതിരെയും നടപടി; എന്നിട്ടും പിന്നോട്ടില്ലാതെ ഒരു വിഭാഗം ഹോമിയോ ഡോക്ടർമാർ: ചികിത്സിച്ചത് രോഗലക്ഷണം അടിസ്ഥാനമാക്കിയെന്ന് ഹോമിയോ ഡോക്ടർമാർ

നിപ്പയ്ക്ക് ചികിത്സിച്ച ഹോമിയോ ഡോക്ടർമാർക്കെതിരെയും നടപടി; ഹോമിയോ ഫലപ്രദമെന്ന് പ്രചാരണം നടത്തിയ ഡോക്ടർക്കെതിരെ നടപടിക്ക് മലപ്പുറം കലക്ടറുടെ നിർദ്ദേശം; കോഴിക്കോട്ട്  ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് നിപ്പക്ക് മരുന്ന് നൽകിയതിനെതിരെയും നടപടി; എന്നിട്ടും പിന്നോട്ടില്ലാതെ ഒരു വിഭാഗം ഹോമിയോ ഡോക്ടർമാർ: ചികിത്സിച്ചത് രോഗലക്ഷണം അടിസ്ഥാനമാക്കിയെന്ന് ഹോമിയോ ഡോക്ടർമാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയടക്കമുള്ളവരുടെ അഭ്യർത്ഥനകൾ മാനിക്കാതെ വ്യാജ പ്രചാരണം നടത്തിയതിന് ഹോമിയോ ഡോക്ടർമാർക്കെതിരെ നടപടി. പരാതി ശ്രദ്ധയിൽപെട്ട മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയാണ്, ഹോമിയോമരുന്നുകൾ നിപ്പക്ക് ഫലപ്രദമാണെന്ന് പ്രചാരണം നടത്തിയ ഡോക്ടക്കെതിരെ നടപടിയെടുക്കാൻ മലപ്പുറം ജില്ലാപൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്.

സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചാരണം നടത്തിയ മലപ്പുറം പുത്തനത്താണിയിലെ ഒരു ഹോമിയോ ഡോക്ടർക്കെതിരെയാണ് നടപടി. നിപ്പക്ക് ഹോമിയോയിൽ മരുന്നുണ്ടെന്ന ഇദ്ദേഹത്തിന്റെ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.നിപ്പക്കുള്ള പ്രതിരോധമരുന്നെന്ന പേരിൽ കോഴിക്കോട്ട് ചില ഹോമിയോ ഡിസ്‌പെൻസറിയിൽ നിന്ന് മരുന്ന് നൽകിയതിനെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. നിപയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയതിന് സമാന്തര ചികിത്സകർ എന്ന് അറിയപ്പെടുന്ന മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കൻ ചേരിക്കുമെതിരെ കേസ് എടുത്തിരുന്നു.

സമാനമായ നടപടിയാണ് ചില ഹോമിയോ ഡോക്ടർമാരും സ്വീകരിക്കുന്നതെന്ന് ശക്തമായ ആക്ഷേപം സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഹോമിയോപ്രതിരോധ മരുന്ന് കഴിച്ച പലരും തങ്ങൾക്കിനി രോഗം പകരില്ലന്ന് വിശ്വസിച്ച് നടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാക്കുമെന്നാണ് ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്. നിപ്പയ്ക്ക് ഹോമിയോപ്പതിയിൽ മരുന്നുള്ളതായി അറിയില്‌ളെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് പിന്നാലെ,ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും വ്യക്തമാക്കിയിരുന്നു.ഇതേ പ്രചാരണം തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഹോമിയോ ഡോക്ടർമാർക്കെതിരെയും നടപടി വരുമെന്നാണ് ആരോഗ്യവൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ രോഗം ഏറെക്കുറേ നിയന്ത്രണ വിധേയമായപ്പോൾ തങ്ങളുടെ മരുന്ന് ഫലപ്രദമാണെന്ന വാദവുമായി ഹോമിയോ ഡോക്ടർമാർ രംഗത്ത് വന്നിരിക്കുകയാണ്. ഒരുവിഭാഗം ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനകളായ ദി ഇൻസ്റ്റി്യൂഷൻ ഓഫ് ഹോമിയോപ്പതസ് കേരള ( ഐ എച്ച് കെ)യും ഐ എച്ച് എം എയും ഇപ്പോഴും തങ്ങളുടെ അവകാശവാദങ്ങളിൽ ഉറച്ചുനിൽക്കയാണ്.

ഹോമിയോ നിപ്പക്ക് ഫലപ്രദമാണെന്ന യാതൊരു വിവരവും ഇല്ലന്നെും നിലവിലെ ചികിത്സ തന്നെ തുടരണമെന്നുമാണ് ആരോഗ്യമന്ത്രി മറുനാടൻ മലയാളിയോട് പറഞ്ഞത്. എന്നാൽ ആരോഗ്യമന്ത്രിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 25 കോടി രൂപ സർക്കാർ അനുവദിച്ചത് ഈ മേഖലയോടുള്ള വിശ്വാസത്തിന്റെ തെളിവാണെന്നുമാണ് ഹോമിയോ ഡോക്ടർമാർ പറയുന്നത്.കഴിഞ്ഞദിവസം കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിലും ഒരു വിഭാഗം ഹോമിയോ ഡോക്ടർമാർ ഇക്കാര്യമാണ് ഉയർത്തിക്കാട്ടിയത്.

ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനമെന്നത് രോഗലക്ഷണങ്ങളെ ആധാരമാക്കിയാണ്. രോഗകാരണം ബാക്ടീരയായാലും വൈറസായാലും മറ്റന്തെു കാരണങ്ങളാണെങ്കിലും രോഗിയിൽ കാണുന്ന രോഗലക്ഷണങ്ങളെയാണ് മരുന്ന് നിർണ്ണയിക്കുന്നതിൽ അടിസ്ഥാനമാക്കുന്നത്. അതുകൊണ്ട് തന്നെ പരിഗണനയിലുള്ള സാംക്രമിക രോഗ ലക്ഷണങ്ങൾ അപഗ്രഥിച്ച് സമാന ലക്ഷണങ്ങൾ ആരോഗ്യവാനായ ഒരു മനുഷ്യനിൽ ഉണ്ടാക്കും എന്ന് തെളിയിക്കപ്പെട്ട ഒരു ഔഷധം (ജീനസ് എപ്പിഡമിക്കസ്) കണ്ടത്തെുക എന്ന രീതിയാണ് പ്രതിരോധ മരുന്നിന്റെ കാര്യത്തിൽ ഹോമിയോപ്പതി സ്വീകരിച്ചു പോരുന്നത്.

ലോകത്തുണ്ടായ മാരകമായ സാംക്രമിക രോഗങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിൽ ഹോമിയോപ്പതി പ്രതിരോധവരുന്നുകൾ വഹിച്ച പങ്ക് സ്തുത്യർഹമാണ്. ക്യൂബയിൽ എലിപ്പനി പ്രതിരോധിക്കുന്നതിലും സമീപകാലത്ത് ആന്ധ്രാപ്രദേശിൽ ജപ്പാൻ ജ്വരം നിയന്ത്രിക്കുന്നതിലും കേരളത്തിൽ ചിക്കൻ ഗുനിയ, ഡെങ്കിപ്പനി എന്നിവയെ പ്രതിരോധിക്കുന്നതിലും ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതായിരുന്നുവെന്നും ഡോക്ടർമാർ അവകാശപ്പെടുന്നു.

നിപക്കെതിരായ ചികിത്സയിലും പ്രതിരോധത്തിലും ഹോമിയോപ്പതിയെ ഉൾപ്പെടുന്നതിൽ ഹോമിയോപ്പതി വകുപ്പിലെ സംസ്ഥാന ജില്ലാ മേധാവികൾ ജനവിരുദ്ധവും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഐ എച്ച് കെ, ഐ എച്ച് എം എ അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതി രോഗത്തെക്കുറിച്ച് പഠിച്ച് യുക്തമായ പ്രതിരോധ മരുന്ന് നിർണ്ണയിച്ച് കോഴിക്കൊട് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർക്കും സംസ്ഥാന സർക്കാറിന് കീഴിലുള്ള സാംക്രമിക രോഗ പ്രതിരോധത്തിനായുള്ള സമിതിക്കും (റീച്ച്) സമർപ്പിച്ചിരുന്നു. സമിതിയുടെ കോഴിക്കോട് ജില്ലാ ഘടകവും പുതിയ വൈറൽ രോഗമായ നിപ പനിയെക്കുറിച്ച് പഠിച്ച് പ്രതിരോധ ഔഷധം നിർണ്ണയിച്ച് സംസ്ഥാന ഘടകത്തിന്റെ അനുമതിക്കായി സമർപ്പിക്കുകയും സംസ്ഥാന ഘടകത്തിന്റെ തീരുമാനം ഹൈ പവർ കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ച് ഹോമിയോപ്പതി ഡയരക്ടർ പ്രതിരോധ മരുന്ന് വിതരണത്തിന് സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു.

പ്രസ്തുത സർക്കുലറിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിലവിലുള്ള പനിക്കെതിരായ പ്രതിരോധ മരുന്ന് എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ കോഴിക്കോട് ഡി എൽ ഇ ജിയും,ഐ എച്ച് കെ യും ഐ എച്ച് എം എ വിദഗ്ധ സമിതിയും നിപ പ്രതിരോധമായി നിർദ്ദേശിച്ച ബെല്ലാഡോണ എന്ന മരുന്ന് തന്നെയാണ് വിതരണം നടത്തുവാൻ നിർദ്ദേശിച്ചത്. സർക്കുലർ നിപ്പക്കുള്ള പ്രതിരോധ മരുന്നെന്ന് പറഞ്ഞില്ലങ്കെിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹോമിയോപ്പതി ഡയറക്ടർ നിർദ്ദേശിച്ച മരുന്ന് നിപ്പാ പ്രതിരോധ മരുന്നെന്ന് വ്യക്തമായിരുന്നു. അതുകൊണ്ടാണ് നിപ്പക്കെന്ന് പറഞ്ഞ് തന്നെ ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ട് ആ മരുന്ന് വിതരണം ചെയ്തതെന്നും ഇവർ പറഞ്ഞു. വ്യക്തി ശ്രദ്ധയല്ലാതെ മറ്റൊരു പ്രതിരോധ മാർഗവും ഈ രോഗത്തിന് ഇല്‌ളെന്നിരിക്കെ ആരോഗ്യരംഗത്ത് തീവ്രപരിചരണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് പോലും മറ്റ് പ്രതിരോധ മാർഗങ്ങൾക്ക് പുറമെ പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോപ്പതി പ്രതിരോധ മരുന്നുകൂടി ഉപയോഗിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.

വൈറസിനെപ്പറ്റി പഠിക്കാതെ എങ്ങിനെ മരുന്ന് കണ്ടുപിടിച്ചു എന്ന ചോദ്യത്തിന് ഹോമിയോപ്പതിയിൽ വൈറസിനെപ്പറ്റി പഠിക്കേണ്ടെന്നും ഞങ്ങൾ ലക്ഷണങ്ങളാണ് പഠിക്കുന്നതെന്നുമായിരുന്നു മറുപടി. നേരത്തെ രോഗമുണ്ടായ മലേഷ്യയിലും ബംഗ്‌ളാദേശിലുമൊക്കെ നിങ്ങൾ മരുന്ന് കൊടുത്തിരുന്നോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അവിടെയൊന്നും ഹോമിയോപ്പതി അത്ര പ്രചാരത്തിലല്ലന്നെും ബംഗാളിൽ കൊടുത്തോ എന്ന കാര്യം അറിയില്ലെന്നെുമായിരുന്നു മറുപടി. മരുന്ന് ഫലപ്രദമാകുമെന്ന് ഉറപ്പാണോ എന്ന് ചോദിച്ചപ്പോൾ മരുന്ന് കൊടുത്തു തുടങ്ങിയാലേ അത് ഫലപ്രദമാണെന്ന് പറയുവാൻ കഴിയൂ എന്നും ഇപ്പോൾ ആസ്‌ത്രേലിയയിൽ നിന്ന് കൊണ്ടുവന്ന മരുന്നു പോലും വിജയിക്കും എന്ന് ഉറപ്പ് പറയാൻ പറ്റുമോ എന്നും ഡോക്ടർമാർ ചോദിച്ചു. മറ്റ് മരുന്നുകൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ എന്തുകൊണ്ട് ഹോമിയോ മരുന്ന് കൊടുത്തു നോക്കിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം.

എന്തായാലും ശരിയായി പ്രതിരോധ മരുന്ന് കുടിക്കുകയും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ രോഗം വരില്ലന്നെ് ഉറപ്പാണെന്നും അവർ വ്യക്തമാക്കി. ഹോമിയോ ഡോക്ടർമാരും ഹോമിയോ ഡി എം ഒയും ഉൾപ്പെടെ ഹോമിയോപ്പതിയിൽ മരുന്നില്ലന്നെ് പറയുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ കയ്യം കാലും കെട്ടിയിട്ടിരിക്കുകയാണെന്നും ഹോമിയോപ്പതി വകുപ്പിന്റെ നിഷ്‌ക്രിയത്വമാണ് പലതിനും കാരണമെന്നും അവർ പറഞ്ഞു.പ്‌ളേഗും കോളറയും ഉൾപ്പെടെ ചികിത്സിച്ച് മാറ്റിയ ചരിത്രമാണ് ഹോമിയോപ്പതിക്കുള്ളത്. ഹോമിയോ ഡയരക്ടർ ഡോ: കെ ജമുന കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇപ്പോൾ നിലവിലുള്ള പനിക്കെതിരെ ഹോമിയോ പ്രതിരോധ ഔഷധം സ്ഥാപനങ്ങൾ വഴി ആവശ്യക്കാർക്ക് നൽകാവുന്നതാണ് എന്നാണ് ഉത്തരവിറക്കിയത്. അത് അവർക്ക് നിപ്പ എന്ന് തന്നെ പുറത്തിറക്കാമായിരുന്നു. അതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഇതേ സമയം ഡയരക്ടറോട് ഇക്കാര്യം ചോദിച്ചിരുന്നോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, ഹോമിയോപ്പതിയിൽ രോഗത്തിനല്ല ലക്ഷണത്തിനാണ് മരുന്ന് നൽകുന്നതെന്നും അതുകൊണ്ട് എന്തിന് രോഗത്തിന്റെ പേരുപറയണം എന്നവർ ചോദിച്ചാൽ മറുപടി പറയാനില്ലന്നെുമുള്ള മറുപടിയായിരുന്നു ഡോക്ടർമാർ നൽകിയത്. അതിനിടെ നിപ്പ ബാധിതരെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്തവർക്കെതിരെയും മലപ്പുറം ജില്ലാ ഭരണകൂടം നടപടിയെടുത്തിട്ടുണ്ട്.താനൂർ മുക്കോല അംബേദ്ക്കർ കോളനിയിലെ ചിലർ നിപ്പ രോഗബാധിതരുമായി അടുത്ത് ഇടപഴകിയുട്ടുണ്ടെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമായിരുന്നു ചില വാട്‌സാപ്പ് സന്ദേശങ്ങൾ.ഇവർക്കെതിരെയും മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP