Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരകർഷകന് 'നീര' എന്താണ് നൽകുന്നത്? വകുപ്പുമന്ത്രിക്കുപോലും പിടിയില്ലാത്ത കണക്കുകളുമായി ബോർഡ്; മോഹിപ്പിക്കുന്ന പരസ്യവാചകങ്ങൾ കേട്ടു തലവയ്ക്കുന്ന കർഷകൻ വഴിയാധാരമാകുമോ?

കേരകർഷകന് 'നീര' എന്താണ് നൽകുന്നത്? വകുപ്പുമന്ത്രിക്കുപോലും പിടിയില്ലാത്ത കണക്കുകളുമായി ബോർഡ്; മോഹിപ്പിക്കുന്ന പരസ്യവാചകങ്ങൾ കേട്ടു തലവയ്ക്കുന്ന കർഷകൻ വഴിയാധാരമാകുമോ?

കേര കർഷകർക്ക് നല്ല കാലത്തിന്റെ സൂചന നൽകിയാണ് നീര ഡ്രിങ്ക് വിപണിയിൽ എത്തുന്നതെന്ന വാർത്ത പുറത്തുവന്നിട്ട് നാളേറെയായി. കർഷകർക്ക് ഇനി മാസം 30,000 രൂപവരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് നീര വിപണനത്തിന്റെ ഘടന എന്നും ബോർഡു പറയുന്നു.

എന്നാൽ പരസ്യത്തിലും മറ്റും പറയുന്ന രീതിയിലാണോ നീരയുടെ കണക്കുകൾ. കർഷകന് ഇതിൽ നിന്ന് കാര്യമായ ലാഭം പ്രതീക്ഷിക്കാമോ. ബോർഡു പറയുന്ന കണക്കുകളൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുകയാണ് മാദ്ധ്യമങ്ങളും മറ്റും ചെയ്തത്. വകുപ്പുമന്ത്രിക്കുപോലും നീരയുടെ കണക്കുകളുടെ കാര്യത്തിൽ വലിയ എത്തും പിടിയും ഇല്ലെന്നതാണ് സത്യം.

ബോർഡ് പറയുന്ന കണക്കുകളും നീരയുടെ വിപണിയുമെല്ലാം കർഷകർക്ക് പ്രയോജനം ചെയ്യുന്നതാണോ. മറ്റു രാജ്യങ്ങളിലെ കർഷകർ നീരയിലൂടെ നേടിയ മോഹിപ്പിക്കുന്ന വരുമാനം നമ്മുടെ കർഷകർക്കും ലഭിക്കുമോ. നീരയെക്കുറിച്ചും അതിന്റെ വിപണിയെക്കുറിച്ചും കണക്കുകളെക്കുറിച്ചുമെല്ലാം പരിശോധിക്കാം.

നീര തൊണ്ട തൊടാതെ കുടിക്കുന്നവർ
കേര കാർഷിക മേഖലയിൽ വൻ പ്രതിസന്ധിയാണ്. ഇനി കേരകർഷകർക്ക് രക്ഷപ്പെടുവാൻ ഒരേയൊരു വഴിയെ ഉള്ളു. വേഗം നീര ചെത്തണം, അതു വിപണനം ചെയ്യണം, കർഷകന് തെങ്ങൊന്നിന് 1500 രൂപയെങ്കിലും കുറഞ്ഞത് കിട്ടും, ഒരു ശതമാനം തെങ്ങ് ചെത്തിയാൽ (18 ലക്ഷം എന്നാണ് വെയ്പ്) 54000 കോടിരൂപയുടെ അധികം വരുമാനം ലഭിക്കും. തൊഴിൽ ഇല്ലാത്ത എല്ലാവർക്കും ഗ്രീൻ കോളർ ജോബ്, പണമില്ലാത്ത സംസ്ഥാന സർക്കാരിന് ഖജനാവിലേക്ക് പണം. ഇങ്ങനെ നീളുന്നു നീരയുടെ കടലാസിലെ സാമ്പത്തിക ശാസ്ത്രം. സ്വാഭാവികയുക്തിക്കു ചിന്തിച്ചാൽ പോലും നീതിയുക്തമല്ലാത്ത കണക്കുകൾ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്രയുമധികം പണംതരുന്ന പൊന്മുട്ടിയിടുന്ന താറാവാണോ നീര എന്നു ചിന്തിക്കുവാനുള്ള സാമാന്യബുദ്ധി മാദ്ധ്യമപ്രവർത്തകരോ സാമ്പത്തിക വിദഗ്ധരോ കർഷകരോ ഇതുവരെ പ്രയോഗിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. 90 ൽ അധികം നാൡകേര ഉത്പാദന രാജ്യങ്ങളിൽ നീര നൽകുന്ന സാമ്പത്തിക വരുമാനം, തായ്‌ലന്റിലും മലേഷ്യയിലും കർഷകർ നീരയിലൂടെ നേടിയ കോടികളുടെ പുളകം കൊള്ളിക്കുന്ന കഥകൾ എന്നതിലപ്പുറം ഇതിലെ നെല്ലും പതിരും വേർതിരിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നു ചുരുക്കും.

നീര ബോർഡു പറയുന്ന കണക്കുകൾ
മൂന്നു തെങ്ങു നീര ചെത്തുവാൻ നൽകിയാൽ ഒരു കർഷകന് ജീവിക്കുവാൻ സാധിക്കുമെന്നാണ് നാളികേര ബോർഡിന്റെ വാദം. ഒരു ലിറ്റർ നീര വീതം ഒരു തെങ്ങിൽ നിന്നു ലഭിച്ചാൽ മാസം 1500 രൂപയ്ക്കടുത്ത് വരുമാനം ലഭിക്കും. മൂന്ന് തെങ്ങാകുമ്പോൾ ഇത് 4500 രൂപയാകും. ഒരു ലിറ്റർ നീര 100 രൂപ വിലയ്ക്കാണ് വിൽക്കപ്പെടുക. 50 രൂപ കർഷകന്, 25 രൂപ നീര ടെക്‌നീഷ്യന്, 25 രൂപ കമ്പനിക്ക്. ഒരു നാളികേര ഫെഡറേഷനു കീഴിൽ 1500 തെങ്ങുകൾ ചെത്തുമെന്നും 13,000 രൂപ മുതൽ 30,000 രൂപ വരെ നീര ടെക്‌നീഷ്യന്മാർക്ക് ലഭിക്കുമെന്നാണ് കണക്ക്. 18 ലക്ഷം തെങ്ങുകൾ അതായത് 1 ശതമാനം തെങ്ങുകൾ ചെത്തുമ്പോൾ ഇത്തരത്തിൽ വലിയ വരുമാനം വാങ്ങുന്ന 1 ലക്ഷം തൊഴിലാളികളെയാണ് നീര വിഭാവനം ചെയ്യുന്നത്. കേരകർഷകരുടെ ഭാഗത്ത് നിന്നു വിശകലനം ചെയ്യുമ്പോൾ ഒരു ഹെക്ടറിലെ 80 തെങ്ങുകൾ ചെത്താൻ തിരഞ്ഞെടുത്താൽ ഹെക്ടറിനു ലഭിക്കുന്ന പ്രതിവർഷ വരുമാനം 3.6 ലക്ഷം രൂപയാണ്.

നീരയുടെ വില
മുകളിൽ സൂചിപ്പിച്ച കണക്കുകളെ സംബന്ധിച്ച് വകുപ്പ് മന്ത്രിയോട് ചോദിച്ചപ്പോൾ പറഞ്ഞ് ഇത് അവരുടെ (ബോർഡിന്റെ) കണക്കുകളാണ് എനിക്കറിയില്ല എന്നാണ്. ഇതുമായി ബന്ധപ്പെടുന്ന കേരളത്തിലെ ഒരു വകുപ്പ് മന്ത്രിക്കുപോലും അറിയാത്ത കണക്കാണ് നീരയുടേതെന്ന് ചുരുക്കം. ഈ സാഹചര്യത്തിലാണ് കണക്കുകൾ എത്രമാത്രം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടി വരുന്നത്. ബോർഡിന്റെ തന്നെ പ്രോജക്ട് റിപ്പോർട്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 50 രൂപ എന്ന വിലയൊന്നും നീരയ്ക്ക് ലഭിക്കുകയില്ലെന്നാണ് സത്യം. നീരയുടെ വില തൊട്ട് പറഞ്ഞതെല്ലാം തെറ്റിദ്ധാരണാജനകമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഒരു ലിറ്റർ നീരയ്ക്ക് വിലയായി 50 രൂപ കർഷകന് നൽകുമെന്നാണ് ബോർഡ് പറഞ്ഞിരുന്നത്. എന്നാൽ ബോർഡിന്റെ തന്നെ സൈറ്റിൽ പറയുന്ന പ്രോജക്ട് റിപ്പോർട്ടിൽ അഞ്ചാം പേജിൽ 2.5 ലിറ്റർ നീര വീതം നൽകുന്ന തെങ്ങ് കർഷകന് 500 രൂപയാണ് മാസം ലഭിക്കുന്നത്. അതായത് ലിറ്ററിന് 6.70 രൂപ മാത്രം. പക്ഷെ കർഷകർക്ക് ആശ്വാസം എന്ന രീതിയിൽ ഒരു ദിവസം 10,000 ലിറ്റർ നീര അതായത് മാസം 3 ലക്ഷം ലിറ്റർ നീര വിൽക്കുമ്പോൾ 30,000 രൂപ ലഭിക്കുമെന്ന് കണക്കുകൾ ഉണ്ട്. ഇതിന്റെ പങ്ക് കർഷക കമ്പനി അംഗങ്ങൾക്ക് അതായത് കർഷകർക്ക് ഉള്ളതാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ലിറ്റർ നീരയ്ക്ക് വീണ്ടും ഒരു രൂപ കൂടി അതായത് പരമാവധി 8 രൂപയിൽ താഴെ വില മാത്രമെ കർഷകന് ലഭിക്കു. 50 രൂപ ബോർഡ് പറയുമ്പോൾ യഥാർത്ഥത്തിൽ 42.30 രൂപയോളം നഷ്ടപ്പെടുത്തി കർഷകന് 7.70 പൈസയ്ക്ക് നീര വിൽക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

കണക്കില്ലാതെ ബോർഡ്
50 രൂപയിൽ 42 രൂപ എവിടെ പോകുന്നു എന്നതാണ് കണക്കുകളിൽ നിന്ന് കണ്ടെത്തേണ്ടത്. അതിലെ കണക്കുകളിലേക്ക് കടക്കുമ്പോൾ നാളികേര ബോർഡും അനുബന്ധ ഏജൻസികളും നൂറു രൂപയുടെ വരുമാനത്തിൽ 25 രൂപ മാത്രം കമ്പനി വിഹിതമായി കാണിക്കുന്നു എന്നയിടത്ത് തന്നെ 42 രൂപ എവിടെ പോകുന്നു എന്നുള്ളതിനുള്ള ഉത്തരം ലഭിക്കും.50 രൂപ കർഷകനും 25 ടെക്‌നീഷ്യനും നൽകി 75 രൂപയ്ക്ക നീര വാങ്ങി, സംസ്‌കരിച്ച്, മാർക്കറ്റിൽ എത്തിച്ച്, വിപണനം ചെയ്യുന്നവന് 25 രൂപയാണ് മാർജിൻ ഇട്ടിരിക്കുന്നത്. ഉത്പാദന സ്ഥലത്ത് നിന്ന് നീര കളക്റ്റ് ചെയ്യുവാനുള്ള ഗതാഗത ചെലവും, നീര പ്ലാന്റിന്റെ പ്രാഥമിക മൂലധന ചെലവും, വിലയുടെ 30 ശതമാനത്തിൽ അധികം വരുന്ന പരസ്യചെലവും, സംസ്‌കരണ തൊഴിലാളികളുടെ ചെലവും, മറ്റു ഒളിഞ്ഞിരിക്കുന്ന വ്യവസായ ചെലവുകളും മനഃപൂർവം മറന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ചുരുക്കം. വിപണി സമവാക്യങ്ങളും രീതികളും പരിശോധിക്കുമ്പോൾ കൃത്യമായ പഠനം ഇല്ലാത്തതിന്റെയും അപഗ്രഥിക്കാത്തതിന്റെ അപാകതയാണ് ഇതെന്ന് മനസിലാകും. മാർക്കറ്റിങ് വിലയോ, മൂലധന ചെലവോ കണക്കാക്കാതെയും വിപണിയെയും കുറിച്ചു പഠിക്കാതെയും തട്ടിക്കൂട്ടിയ റിപ്പോർട്ടിൽ മാത്രമെ 50 രൂപ കർഷകന് നൽകുവാൻ സാധിക്കു. കൃത്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ വിപണിയിൽ വേരുറപ്പിക്കുവാൻ നീരയ്ക്ക് സാധിച്ചാൽ 67- 68 ശതമാനം കമ്പനി വിഹിതമായും, 25 ശതമാനം തൊഴിലാളി വിഹിതമായും, ബാക്കിയുള്ളത് അതായത് 7 - 8 ശതമാനം കർഷനും നൽകുവാൻ സാധിച്ചേക്കും. പരമാവധി 10 രൂപയ്ക്കപ്പുറം കർഷകന് നൽകി നീര വ്യവസായം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുകയില്ല, 10 രൂപയ്ക്ക് മുകളിൽ കർഷകന് നൽകിയാൽ കമ്പനി അടിച്ചു പൂട്ടേണ്ടി വന്നേക്കാം. ബോർഡിന്റെ പ്രോജക്ട് റിപ്പോർട്ട് പഠിക്കുന്ന ഏതൊരു സാധാരണ വ്യക്തിക്കും ഇതു മനസിലാക്കാവുന്നതാണ്. ഇനി വെറുമൊരു വാദത്തിനു വേണ്ടി 100 രൂപ സിദ്ധാന്തം അംഗീകരിച്ചാലും വിപണനം ചെയ്യാൻ ഏറെ വിയർക്കേണ്ടി വരുമെന്നതാണ് മറ്റൊരു സത്യം. 20 രൂപയ്ക്ക് വിപണിയിൽ ലഭിക്കുന്ന നീര 100 രൂപയ്ക്ക് വിൽക്കുവാൻ കർഷക കമ്പനികൾ മൂക്കുകൊണ്ട് 'ക്ഷ' തന്നെ വരക്കേണ്ടി വരും.

നീരയുടെ വില 20 രൂപ മാത്രം
ഒരു ലിറ്റർ നീരയ്ക്ക് 100 മുതൽ 125 രൂപ വരെ വില വരുമെന്നാണ് ബോർഡ് പറയുന്നത്. നാളികേര വികസന ബോർഡിന്റെ ചെയർമാൻ കൂടിയ ടി കെ ജോസിന്റെ കണക്കുകളനുസരിച്ച് കുറഞ്ഞത് 50രൂപ കർഷകന് കിട്ടിയാലെ നീര വിൽക്കുകയുള്ളു. അതിന്റെ വ്യംഗ്യം മറ്റൊന്നുമല്ല 100 രൂപ കിട്ടിയേ മതിയാകൂ എന്നതു തന്നെ. എന്നാൽ 100 രൂപ എങ്ങനെയാണ് നീരയ്ക്ക് വില വന്നത് എന്നതിനെക്കുറിച്ച് ആരും അഭിപ്രായം ഉന്നയിച്ചു കാണുന്നില്ല. ഉത്പാദന ചെലവിന് ആനുപാതികമായിട്ടാണോ വില നിശ്ചയിച്ചതെന്നും അറിയില്ല. എന്നാൽ നീരയ്ക്ക് നിലവിൽ ലഭിക്കുന്ന വിലയുമായി അതിനെ താരതമ്യപ്പെടുത്തേണ്ടിയിരിക്കുന്നു. നാളികേര വികസന ബോർഡിന്റെ ജേണലിൽ ഇവിടെ 100 മുതൽ 125 രൂപ വരെ വില വരുന്ന നീര, ലക്ഷ്വദ്വീപിൽ 30 രൂപയ്ക്ക് ലഭിക്കും എന്നു പറയുന്നുണ്ട്. തമിഴ്‌നാട്ടിൽ പനയുടെ മധുരക്കള്ള് (നീര) 20 രൂപയ്ക്കു വിൽക്കപ്പെടുകയും ചെയ്യുന്നു. ഗുജറാത്തിലും നീര 20 രൂപയ്ക്ക് തന്നെയാണ് വിൽക്കുന്നത്. ശ്രീലങ്കയിലും സ്ഥിതി വ്യത്യസ്തമല്ല. വിപണിയിൽ നിലവിൽ 20 മുതൽ 30 രൂപ വരെ വിലയിൽ ലഭിക്കുന്ന നീര നാം 100 രൂപയ്ക്ക് വിൽക്കുമെന്നു പറയുന്നതിന്റെ യുക്തി ആരും ഇതുവരെ ചോദ്യം ചെയ്തു കണ്ടില്ല. 2018 ആസിയാൻ കരാറോടെ അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാകുമ്പോൾ 30 രൂപയുടെ നീര വിൽക്കപ്പെടുമോ, അതോ ബോർഡിന്റെ 100 രൂപയുടെ നീര വിൽക്കപ്പെടുമോ എന്നു മാത്രം ചിന്തിച്ചാൽ മതി ഇതിന്റെ പൊള്ളത്തരം മനസിലാകാൻ. കേര പഞ്ചസാരയുടെ കാര്യത്തിലും ഇതുപോലെ തന്നെ അവ്യക്തതകളുണ്ട്. 600 രൂപ വിപണിയിൽ വിലയുള്ള കേര പഞ്ചസാരയ്ക്ക് 1000 രൂപയാണ് നാളികേര ബോർഡ് നൽകിയിരിക്കുന്ന വില. വിലയുടെ കാര്യത്തിൽ തന്നെ വിപണിയിൽ നിന്നും നിഷ്‌കാസിതരാകുമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇനി പിടിച്ചു നിൽപ്പിനായി 50 രൂപ വില കിട്ടിയാൽ തന്നെ കർഷകന് എന്തുലഭിക്കും എന്നു ഊഹിക്കാവുന്നതേയുള്ളു. മദ്യത്തോട് ഏറെ പ്രതിബദ്ധതയുള്ള നാട്ടിൽ കള്ളിനുപോലും (8 ശതമാനം ആൽക്കഹോൾ) 100 രൂപ വിലകിട്ടാത്തപ്പോൾ നീരയ്ക്ക് 100 രൂപ കിട്ടുമെന്ന സാമ്പത്തിക വാദത്തോട് യോജിക്കുവാൻ ബുദ്ധിയുള്ളവർക്ക് സാധിക്കുമെന്നു തോന്നുന്നില്ല.

വിപണി എവിടെ?
നീരയുടെ രുചി തേനൂറുന്നതാണെന്നും അത് വലിയ സ്വീകര്യതയുള്ളതുമാകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ നീര കുടിച്ചു നോക്കിയിട്ടുള്ളവർക്ക് ഇതിനോടു എത്രമാത്രം യോജിക്കുവാൻ കഴിയുമെന്ന് അറിയില്ല. നാളികേര ബോർഡിന്റെ 200 എംഎൽ കുപ്പിയിലെ നീര 3 പേർ ചേർന്നിട്ടും കുടിച്ചു തീർക്കുവാൻ സാധിച്ചില്ല. ചിലർ തുപ്പിക്കളയുന്നതും കണ്ടിരുന്നു. ഇത്രയും മോശമായ സാധനം എങ്ങനെ വിപണിയിൽ സ്വീകരിക്കപ്പെടുമെന്ന ചോദ്യം ഉന്നയിക്കുന്നില്ല. കാരണം രുചി നല്ല സാങ്കേതിക വിദ്യയുടെ സഹായം ഉണ്ടെങ്കിൽ ശരിയാക്കാവുന്നതേയുള്ളു. അതിനുള്ള ശ്രമം ഉണ്ടായാൽ മതി. പക്ഷെ 18 ലക്ഷം ലിറ്റർ നീര എവിടെയാണ് വിൽക്കുക എന്നു പറഞ്ഞാൽ മതി. 100 രൂപയ്‌ക്കേ നീര വിൽക്കുകയുള്ളു എന്നതും ഇതിനോടു ചേർത്തു വായിക്കണം. ഇത് വ്യക്തമാക്കുന്നത് നീര കയറ്റുമതി ചെയ്ത് വിൽക്കുമ്പോൾ കുറഞ്ഞ് 150 രൂപയെങ്കിലും ലിറ്ററിനു വില വരുമെന്നാണ്. വിപണിയിൽ സ്വഭാവികമായും വിലക്കുറഞ്ഞ നീര സ്വീകരിക്കപ്പെടും,കേരളത്തിന്റെ നീര കുപ്പിയിൽ തന്നെ ഇരിക്കേണ്ടി വരുവുനുള്ള സാഹചര്യമാണ് ഇത് സംജാതമാക്കുന്നത്. അതിനാൽ കയറ്റുമതി കഴിച്ച് 10 ലക്ഷം ലിറ്റർ നീരയെങ്കിലും ദിവസം കേരളത്തിൽ വിൽക്കപ്പെടണം (18 ലക്ഷം ലീറ്റർ നീരയാണ് ഉൽപ്പാദിപ്പിക്കപ്പെടുക). 100 രൂപയ്ക്ക് നീര എത്ര പേർ വാങ്ങിക്കുടിക്കുമെന്നതാണ് ഇതിലെ സംശയകമായ കാര്യം. ഇതിലും പോഷക സമ്പന്നമായ പാൽ 50 രൂപയ്ക്ക് കിട്ടുമ്പോൾ നീര എന്തിന് വാങ്ങണം എന്ന് ഉപഭോക്താവ് ചിന്തിച്ചാൽ കുറ്റം പറയുന്നതിൽ യുക്തിയില്ല. ഈ നീര വിൽക്കാതെ ഇരുന്നാൽ കള്ളാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അത് വീണ്ടും വാറ്റിന്റെയും ചാരായത്തിന്റെയും നാടായി കേരളത്തെ മാറ്റിയേക്കാം. കള്ള് വിറ്റതിനു അറസ്റ്റിലാകുന്ന കടക്കാരെയാകും കേരളം ഇനി കാണുക

നീരയുടെ രുചി; ഗുണം
നീരയുടെ രുചിയിൽ തർക്കങ്ങൾ ഉണ്ടെങ്കിലും നീരയുടെ ഗുണത്തിൽ തർക്കിക്കേണ്ടതില്ല. എന്നിരുന്നാലും ചില വസ്തുതകൾ പറയാതെ പറ്റില്ല. ധാതുക്കളുടെയും മൂലകങ്ങളുടെയും പ്രകൃതിദത്ത കലവറയാണ് നീരയെന്നാണ് പറയപ്പെടുന്നത്. നീരയിൽ അടങ്ങിയിരിക്കുന്നതിൽ 80 ശതമാനത്തിലധികവും ജലം തന്നെയാണ്. പിന്നെ അന്നജവും, സിട്രിക് ആസിഡ്, ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ തുടങ്ങിയ ശരീരത്തിനുവേണ്ട അത്യാവശ്യം ഘടകങ്ങളുമുണ്ട്. നീര ഏറെ പോഷകസമ്പന്നം തന്നെ. എന്നാൽ 100 രൂപയുടെ ഫുഡ് സപ്ലിമെന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ നീര ഒരുപാട് പിന്നിലാണെന്ന് പറയാതെ വയ്യ. ഇതിന്റെ പകുതി വിലയ്ക്കു ലഭിക്കുന്ന പാലിന്റെ പോഷക ഗുണങ്ങൾക്കൊപ്പം നീര നിൽക്കില്ല എന്നാണ് വിദഗ്ധ അഭിപ്രായം. നീരയ്ക്ക് ഗുണങ്ങൾ ഉണ്ട്, പക്ഷെ ആ ഗുണമേന്മ ഇതിനും വിലക്കുറവിൽ മറ്റു ഭക്ഷ്യവസ്തുക്കളിലും ലഭ്യമാണ്. മാത്രമല്ല ഏറെ തെറ്റിദ്ധാരണജനകവും അപകടരവുമായ ഒരു കാര്യവും നീരയുടെ കാര്യത്തിൽ പ്രചരിക്കുന്നുണ്ട്. നീര പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം എന്നതാണ് ഈ കാര്യം. എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രചരിക്കുന്നതെന്ന് വ്യക്തമല്ല. നീരയിൽ 80 ശതമാനം സൂക്രോസാണെന്നും ഫ്രക്‌ടോസല്ലെന്നുമാണ് പറയുന്നത്. എന്നാൽ അത് തെറ്റാണ് സൂക്രോസ് കുടലിലെത്തുമ്പോാൾ വിഘടിച്ച് ഫ്രക്‌ടോസ് ആയിമാറും എന്നതാണ് യാഥാർഥ്യം. നീരയിൽ നിന്നു രക്തത്തിലേക്ക് ഇത് ആഗിരണം ചെയ്യുവാൻ അൽപ്പം കൂടുതൽ നേരം എടുക്കുമെന്നു മാത്രമെയുള്ളു. രക്തത്തിൽ എത്തുന്നതു വരെയുള്ള കുറച്ചു നേരം ഷുഗർ കുറഞ്ഞിരിക്കും. ഫലത്തിൽ നീര സ്ഥിരം കൂടിച്ചാൽ രോഗം മൂർച്ഛിക്കുക തന്നെ ചെയ്യും. പ്രമേഹ രോഗികൾ മരിച്ചാലും അത്ഭുതപ്പേടേണ്ടതില്ല.

കണക്കുകളിലെ മറ്റൊരു വൈരുദ്ധ്യം
കേരളത്തിൽ ഇന്നും 18 കോടി തെങ്ങുണ്ടെന്നാണ് ബോർഡിന്റെ കണക്കുകൾ. എന്നാൽ ഇത് എത്രത്തോളം ശരിയാണെന്ന് പറയാൻ സാധിക്കില്ല. തെങ്ങു കൃഷിയെ രക്ഷിക്കാൻ കോടിക്കണക്കിന് രൂപ വർഷം തോറും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയിട്ടും ഒന്നു ചെയ്യാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. ചെല്ലിയും മഞ്ഞളിപ്പുംകൊണ്ട് ഇന്നു പകുതിയിലേറെ നാളികേരകൃഷിയും നശിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. കീടനിയന്ത്രണത്തിനും രോഗങ്ങൾ അകറ്റുന്നതിനും വർഷങ്ങളായി കോടികൾ പാഴാക്കി ശ്രമിക്കുകയാണ് നാളികേര ബോർഡ്. വേപ്പിൻ പിണ്ണാക്കും പുകയില കഷായവുമാണ് ഇതുവരെ കണ്ടുപിടിച്ച കീടനാശിനിനികൾ. പിന്നെ ഇതിൽ നിയന്ത്രിക്കാൻ പറ്റാത്തവ വെട്ടിക്കളയാൻ തെങ്ങു പുനരുദ്ധാരണ പദ്ധതിയുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിന് തെങ്ങുകൾ വെട്ടിമാറ്റിയിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ് വീണ്ടുമൊരു കണക്കെടുപ്പ് നടത്തിയാൽ 10 കോടിയെങ്കിലും തെങ്ങുകൾ ഉണ്ടായാൽ ഭാഗ്യം. ഒരു കാലഘട്ടത്തിൽ കോക്കോ കൃഷിയും വാനില കൃഷിയും ചെയ്ത ഓർമ്മയും അനുഭവമുള്ള കർഷകർ നീര എന്നു കേൾക്കുമ്പോൾ എടുത്തു ചാടില്ല എന്നു വിശ്വസിക്കുന്നു. ദുർലഭതയായിരുന്നു ഇതിന്റെ വില കൂട്ടിയ ഘടകം. സുലഭമായപ്പോൾ ആർക്കും വേണ്ടതായി. നീരയും അങ്ങനെതന്നെ ദുർലഭം ആയതുകൊണ്ടു മാദ്ധ്യമ പരിലാളന കിട്ടുന്നു എന്നു മാത്രം. സുലഭമാകുമ്പോൾ നീര ആർക്കും വേണ്ടാത്ത പാനീയം ആയി മാറിയേക്കും. കർഷക കമ്പനികൾക്ക് ഒരു മുന്നറിയിപ്പും; പറഞ്ഞ വില കിട്ടാതെ വരുമ്പോൾ ആരും വഴക്കിടരുത്, ആരുടെയും കുഴപ്പമില്ല നാളികേര ബോർഡിന്റെ തലപ്പത്തുള്ളവരുടെ വിവര ഇല്ലായ്മയ്ക്ക് അവർ ഇരയായതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP