Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ നിക്കണോ അതോ പോണോ? നിസാം കേസിൽ പണികിട്ടുമെന്നു ഭയന്ന് ജേക്കബ് ജോബ്; പത്തനംതിട്ട എസ്‌പിയായി ചുമതലയേറ്റെങ്കിലും ക്യാമ്പ് ഓഫീസിൽ താമസം തുടങ്ങിയില്ല

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: എസ്‌പിയായി ചുമതലയേറ്റെങ്കിലും തൃശൂരിലെ മുൻ പൊലീസ് കമ്മിഷണർ ജേക്കബ് ജോബിന് തൊപ്പി തലയിൽത്തന്നെ ഇരിക്കുമെന്ന് അത്ര ഉറപ്പില്ല. ഒരാഴ്ച മുമ്പ് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ ജേക്കബ് ജോബ് ഇതുവരെ ക്യാമ്പ് ഓഫീസിൽ താമസം തുടങ്ങിയിട്ടില്ല. നിസാം കേസിൽ പണികിട്ടുമെന്നു ഭയന്നാണ് ക്യാമ്പ് ഓഫീസിലേക്ക് താമസം മാറ്റാത്തത് എന്നാണ് അറിയുന്നത്.

ഇവിടെനിന്നു സ്ഥലം മാറ്റുകയോ സസ്‌പെൻഷൻ കിട്ടുകയോ ചെയ്താൽ എളുപ്പം വിട്ടുപോകുന്നതിനുള്ള സൗകര്യത്തിനാണ് ഇപ്പോൾ റസ്റ്റ് ഹൗസ് ക്യാമ്പ് ഓഫീസ് ആക്കി മാറ്റിയിരിക്കുന്നത്. ഇവിടെത്തന്നെ നിൽക്കണോ അതോ പോണോ എന്ന കാര്യത്തിൽ തീരുമാനം ആകാത്തതാണ് പുതിയ എസ്‌പിയെ കുഴപ്പിക്കുന്നത്. നിസാം കേസിൽ ജേക്കബ് ജോബിനെതിരേ വിജിലൻസ് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതോടെ ഏതാണ്ടൊക്കെ സംഭവിക്കുമെന്ന കാര്യം ഇദ്ദേഹത്തിന് ഉറപ്പായിട്ടുമുണ്ട്.

പുതിയ എസ്‌പി ചാർജെടുക്കാൻ എത്തുമ്പോൾ നിലവിലുള്ളയാൾ ചുമതല ഒഴിയുകയും ക്യാമ്പ് ഓഫീസിൽ പുതിയ ആൾ താമസം ഉറപ്പിക്കുകയും ചെയ്യുന്നതാണ് കീഴ്‌വഴക്കം. കഴിഞ്ഞ 19 ന് വൈകിട്ടാണ് ജേക്കബ് ജോബ് ജില്ലയിൽ ചുമതലയേറ്റത്. അന്നു തന്നെയാണ് നിസാമിന്റെ കേസ് ഒതുക്കാൻ ഇദ്ദേഹം ശ്രമിച്ചുവെന്ന ആരോപണം ഉയർന്നത്. കുറ്റമെല്ലാം കീഴുദ്യോഗസ്ഥരുടെ തലയിൽ കെട്ടി വച്ചുകൊണ്ടാണ് ജേക്കബ് ജോബ് പത്തനംതിട്ടയ്ക്ക് വണ്ടി വിട്ടത്. പിന്നീടുള്ള രണ്ടു ദിവസം ഇദ്ദേഹത്തിന് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു.

ഐ.ജി. ശങ്കർ റെഡി വിളിച്ച് മൊഴിയെടുക്കുന്നു, വിജിലൻസ് കേസ്... അങ്ങനെ പലതും. എസ്‌പിയുടെ സീറ്റിൽ ആദ്യമായി ഒന്നു കുത്തിയിരിക്കാൻ സമയം കിട്ടിയത് ഇന്നലെയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ആദ്യ കോൺഫറൻസും വിളിച്ചുചേർത്തു. യോഗത്തിൽ പുതിയ എസ്‌പി അത്ര ഊർജസ്വലൻ അല്ലായിരുന്നുവത്രേ. ജില്ലയ്ക്ക് ചിരപരിചിതനാണ് മുൻ എസ്‌പി. ജില്ലയിൽ പല സ്റ്റേഷനുകളിലും എസ്.ഐയും സി.ഐയും ആയിരിക്കുമ്പോൾ മുതൽ ഇവിടെ വിവാദങ്ങളുടെ തോഴനായിരുന്നു ജേക്കബ് ജോബ്.

ചിറ്റാറിൽ സിഐ ആയിരിക്കുന്ന കാലത്ത് വിലക്ക് ലംഘിച്ച് ശബരിമല പൊന്നമ്പലമേട്ടിൽ കൂട്ടുകാർക്കൊപ്പം പോയ സംഭവം വിവാദത്തിനു വഴിയൊരുക്കിയിരുന്നു. മദ്യപാനികളായ ചിലരും ഇദ്ദേഹത്തോടൊപ്പം സംഘത്തിൽ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. പൊന്നമ്പലമേട്ടിൽ ഒരുസംഘം ആളുകൾ നിയമം ലംഘിച്ച് കടന്നതായി വിവരം ലഭിച്ചതോടെ വനപാലകർ ഇതേപ്പറ്റി അനേ്വഷിക്കാൻ സ്ഥലത്തെത്തി. അവരോട് സി.ഐയും സംഘവും തട്ടിക്കയറിയതിനെത്തുടർന്ന് തോക്കെടുക്കാൻ വനപാലകർ നിർബന്ധിതരായി. ഇത് വാർത്തയായപ്പോൾ ഉന്നത കോൺഗ്രസ് നേതാക്കൾ ഇടപെട്ട് കേസ് ഒതുക്കിത്തീർക്കുകയായിരുന്നു.

കേന്ദ്രസർക്കാരിൽ മുൻപ് പിടിയുണ്ടായിരുന്ന, ജില്ലയിൽ തന്നെയുള്ള ഒരു ഉന്നത കോൺഗ്രസ് നേതാവാണ് ജേക്കബ് ജോബിന് എന്നും തുണയായി നിന്നിട്ടുള്ളത്. തൃശൂരിൽ നിന്നും ജേക്കബ് ജോബ് പത്തനംതിട്ടയിൽ എത്താനുള്ള കാരണവും ഇദ്ദേഹമാണ്. രമേശ് ചന്ദ്രഭാനു തിരുവനന്തപുരം ഐ.ജി ആയിരുന്ന കാലത്ത് ജേക്കബ് ജോബിനെതിരെ 11 കേസുകളാണു വിജിലൻസ് എടുത്തത്. പലതും സാമ്പത്തിക കുറ്റകൃത്യങ്ങളായിരുന്നു. ഇവയെല്ലാം പിന്നീട് പിൻവലിച്ചു. ഇതിനും രാഷ്ട്രീയ പാർട്ടികളുടെ സഹായമുണ്ടായിരുന്നു.

ഇവിടെ പൊലീസ് മേധാവിയായി നേരിട്ടുള്ള ഐ.പി.എസുകാരെ അധികകാലം വാഴാൻ അനുവദിക്കാത്തതിന്റെ കാരണം ചില രാഷ്ട്രീയ ഉന്നതരുടെ ഇഷ്ടത്തിനൊത്ത് തുള്ളാത്തതാണെന്ന ആരോപണം ശക്തമാണ്. ഏറ്റവും ഒടുവിൽ എത്തിയ ഡോ. എ. ശ്രീനിവാസൻ കേവലം എട്ടുമാസം മാത്രമാണ് ആ കസേരയിൽ ഇരുന്നത്.

അതിന് മുമ്പ് എസ്‌പിയായിരുന്ന രാഹുൽ ആർ. നായരെ പാറമടലോബി സ്ഥലം മാറ്റിച്ചതിനു പിന്നിലും ചില രാഷ്ട്രീയ നേതാക്കളുടെ പിൻബലമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അതിനു മുൻപുണ്ടായിരുന്ന പുട്ട വിമലാദിത്യ തെറിച്ചത് കരിക്കിനേത്തു തുണിക്കടയിൽ നടന്ന കൊലക്കേസിൽ ശക്തമായ നടപടി എടുത്തതിനെ തുടർന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP