Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സരിതടേപ്പിൽ തമ്പാനൂർ രവിക്കെതിരെ കേസെടുക്കില്ല; വി എസിന്റെ പരാതി പൊലീസ് തള്ളി; മാണിക്കെതിരെ വിജിലൻസ് തെളിവായെടുക്കാത്ത ശബ്ദരേഖാ ടേപ്പ് സുകേശന് എതിരായ തെളിവായി ക്രൈംബ്രാഞ്ച് എടുക്കുന്നതിൽ വൈരുധ്യം വ്യക്തം; വിജിലൻസ് എസ്‌പിക്കും കോൺഗ്രസ് നേതാവിനും ആഭ്യന്തര വകുപ്പിന് ഇരട്ടനീതിയെന്ന ആരോപണം ശക്തം

സരിതടേപ്പിൽ തമ്പാനൂർ രവിക്കെതിരെ കേസെടുക്കില്ല; വി എസിന്റെ പരാതി പൊലീസ് തള്ളി; മാണിക്കെതിരെ വിജിലൻസ് തെളിവായെടുക്കാത്ത ശബ്ദരേഖാ ടേപ്പ് സുകേശന് എതിരായ തെളിവായി ക്രൈംബ്രാഞ്ച് എടുക്കുന്നതിൽ വൈരുധ്യം വ്യക്തം; വിജിലൻസ് എസ്‌പിക്കും കോൺഗ്രസ് നേതാവിനും ആഭ്യന്തര വകുപ്പിന് ഇരട്ടനീതിയെന്ന ആരോപണം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ വിവാദവും സോളാർ കേസുമാണ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ പ്രതിച്ഛായ കെടുത്തിയതെന്ന കാര്യം കൊച്ച് കുഞ്ഞുങ്ങൾക്ക് പോലും വ്യക്തമായ കാര്യമാണ്. ഈ രണ്ട് കേസുമായി ബന്ധപ്പെട്ട് ഇരട്ടനീതി വാദവും ശക്തമായിരുന്നു. ബാർകോഴയുടെ കാര്യത്തിലാണെങ്കിൽ കെ എം മാണിക്കും കെ ബാബുവിനും എതിരായ ഉയർന്നത് കൈക്കൂലി ആരോപണമായിരുന്നു. ഇതിൽ കോടതി പരാമർശത്തിന്റെ പേരിൽ കെ എം മാണിക്ക് മന്ത്രിക്കസേര വിട്ടൊഴിയേണ്ടിയും വന്നു. എന്നാൽ കെ ബാബു ആരോപണം ഉയർന്നിട്ടും മന്ത്രിസ്ഥാനത്ത് തുടർന്നു. ഒടുവിൽ കോടതി പരാമർശത്തെ തുടർന്ന് രാജിവച്ചെങ്കിലും തിരികേ വീണ്ടും മന്ത്രികസേരയിൽ എത്തുകയും ഉണ്ടായി. ഇത് ഇരട്ടനീതിയാണെന്ന് കേരളാ കോൺഗ്രസുകാർ തന്നെ ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ബാർകോഴ കേസിന്റെ കാര്യത്തിൽ തന്ന വീണ്ടും ഇരട്ടനീതി ആരോപണം ഉയരുന്നു. വിജിലൻസ് തെളിവായി സ്വീകരിക്കാത്ത ശബ്ദരേഖ സർക്കാറിന്റെ തന്നെ മറ്റൊരു അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് തെളിവായി സ്വീകരിച്ചതാണ് വിവാദം കൊഴിപ്പിക്കുന്നത്. കെ എം മാണി കോഴ വാങ്ങിയെന്ന് പറഞ്ഞ് ബാർ ഉടമകൾ വെളിപ്പെടുത്തൽ നടത്തുന്നതായി കാണിച്ചാ ബിജു രമേശ് സമർപ്പിച്ച ശബ്ദരേഖ തെളിവായി എടുക്കാനാവില്ലെന്ന് പറഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സുകേശൻ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് കോടതി പരിഗണിക്കാനിരിക്കുകയുമാണ്. ഇതിനിടെയാണ് വിജിലൻസ് തെളിവായി എടുക്കാത്ത ടേപ്പ് ബാർകേസിൽ ഗൂഢാലോചന ആരോപണത്തിന്റെ പേരിൽ എസ് പി സുകേശനെതിരെ തെളിവായി സ്വീകരിച്ചതും. രണ്ടു ടേപ്പിലെ ശബ്ദരേഖകളും ഒന്നു തന്നെയാണെന്നിരിക്കേ ടേപ്പിലെ ഒരു ഭാഗം വിശ്വസനീയമാണെന്ന് പറയുകയും ചെയ്ത് കേസെടുക്കുന്നതിലെ വൈരുധ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബാർകോഴ ആരോപണം തിരിഞ്ഞപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനിലേക്ക് കാര്യങ്ങൾ മാറിയത്. അതുകൊണ്ട്തന്നെ വിജിലൻസ് തള്ളിയ ടേപ്പ് ക്രൈംബ്രാഞ്ച് തെളിവായി സ്വീകരിക്കുമ്പോൾ അത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു. കോടതി ഇത് തെളിവായി സ്വീകരിക്കുമോ എന്ന് കണ്ടറിയുകയും വേണം. മാണിക്ക് കോഴ നൽകിയെന്ന് ബാർ ഉടമ പറയുന്ന ഭാഗം തെളിവായി സ്വീകരിക്കില്ലെന്ന് പറഞ്ഞപ്പോഴാണ് വിജിലൻസിന് അത് തെളിവല്ലാതായി മാറിയത്. മറിച്ച്, നാല് മന്ത്രിമാരെ ശരിയാക്കി ത്തരാം എന്ന് ബിജു രമേശ് പറഞ്ഞത് സുകേശന്റെ കാര്യത്തിൽ തെളിവായി സ്വീകരിക്കുകയും ചെയ്തു.

ആഭ്യന്തര വകുപ്പിനെതിരെ ഇരട്ടനീതി വാദം ഇവിടം കൊണ്ടും തീരുന്നില്ല. സോളാർ വിവാദത്തിലും ഈ വിഷയം ചർച്ചയാകുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി സോളാർ കേസിലെ മുഖ്യപ്രതി സരിത നായരുമായി നടത്തിയ ഫോൺ സംഭാഷണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദൻ നൽകിയ പരാതിയിൽ കേസെടുക്കേണ്ടെന്ന് നിലപാടിലാണ് പൊലീസ്. സോളാർ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് തമ്പാനൂർ രവി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

തമ്പാനൂർ രവി സരിതയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ശബ്ദരേഖയിൽ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്ന് നിയമോപദേശം ലഭിച്ചതിനേത്തുടർന്നാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. കോടതിയിലേക്ക് പോകുമ്പോഴല്ല, അന്വേഷണ കമ്മീഷനിൽ ഹാജരാകുന്നതിന് മുമ്പാണ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചത്. സംഭാഷണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി സൂചനയില്ല. അതുകൊണ്ട് പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം.

എന്നാൽ തമ്പാനൂർ രവിക്ക് ലഭിച്ച പരിഗണന വിജിലൻസ് എസ്‌പി ആർ സുകേശന്റെ കാര്യത്തിൽ ഉണ്ടായില്ല. കൃത്രിമം എന്ന് ചൂണ്ടിക്കാട്ടി മുൻ വിജിലൻസ് ഡയറക്ടർ തന്നെ വിധിയെഴുതിയ സിഡിയാണ് ഇപ്പോൾ സുകേശനെതിരായ തെളിവായി വിജിലൻസ് പറയുന്നത്. സോളാർ കേസിൽ തമ്പാനൂർ രവിയുടെ ശബ്ദരേഖ സ്പഷ്ടമാണെന്നിരിക്കെയും, ശബ്ദം തന്റേതാണെന്ന് തമ്പാനൂർ രവി തന്നെ സ്ഥിരീകരിച്ചിട്ടും ഇത് തെളിവായി സ്വീകരിക്കാനാകില്ലെന്നാണ് പൊലീസിന്റെ വാദം.

ബാർ കോഴക്കേസിൽ തെളിവായി 20 മണിക്കൂറിലധികം ദൈർഘ്യമുള്ള ശബ്ദരേഖയടങ്ങുന്ന മൊബൈൽ ഫോണുംസിഡിയുമാണ് 2015 മാർച്ച് 31ന് ബാറുടമ ബിജു രമേശ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ബാറുടമകളുടെ യോഗത്തിൽ കോഴ ഇടപാട് സ്ഥിരീകരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു സിഡിയിലുണ്ടായിരുന്നത്. എന്നാൽ അന്വേഷണ വേളയിൽ ബാറുടമകളെല്ലാം ബിജു രമേശിനെ തള്ളി. ശബ്ദരേഖ വിശ്വസനീയമല്ലെന്നും വെട്ടിച്ചേർക്കലുകൾ ഉണ്ടായിരിക്കാമെന്നും ഫോറൻസിക് സംഘം വിധിയെഴുതി.

ശബ്ദരേഖ തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ നിയമോപദേശവും നൽകി.  തുടർന്ന് വിജിലൻസ് ശബ്ദരേഖ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് നിലപാടെടുത്തു. ഇപ്പോൾ എസ് പി ആർ സുകേശന്റെ കാര്യത്തിൽ ഇതേ നിലപാട് മാറ്റുകയും ചെയ്തു. തെളിവല്ലാതിരുന്ന ശബ്ദരേഖ തെളിവായി മാറി.

സോളാർ കേസിൽ കെപിസിപി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പ്രതി സരിത എസ് നായരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ഫോൺസംഭാഷണം അടിസ്ഥാനമാക്കി കേസെടുക്കണമെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. മുഖ്യമന്ത്രിയെ മൂന്ന് തവണ മാത്രമേ കണ്ടിട്ടുള്ളുവെന്ന് പറയണമെന്നാണ് ശബ്ദരേഖയിൽ രവി സരിതയോട് പറയുന്നത്. നിയമോപദേശത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഫോറൻസിക് പരിശോധന പോലും നടത്താതെ പരാതി തള്ളുകയും ചെയ്തു. ഇങ്ങനെ അന്വേഷണം മുന്നോട്ടു പോകുന്ന ഘട്ടത്തിൽ ഈ ഇരട്ടനീതിവാദം ശക്തമായി തന്നെ ഉന്നയിക്കപ്പെടും. ഇത് സർക്കാറിനെതിരെ രൂക്ഷ വിമർശനത്തിലേക്കും കാര്യങ്ങളെ എത്തിച്ചേക്കും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP