Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് പതിറ്റാണ്ടിൽ ആദ്യമായി ശബരിമലയിലേക്ക് പുതിയ ബസുകളില്ല; പമ്പയിലേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഡീലക്‌സ് ബസുകൾ അന്തർസംസ്ഥാന റൂട്ടുകളിൽ ഓടി കാലഹരണപ്പെട്ടത്; സ്വകാര്യ മേഖലയിൽ നിന്നും ഏറ്റെടുത്ത സർവീസുകളും റൂട്ടുകളും പിൻവലിച്ചു; കാര്യങ്ങൾ പഠിച്ചു വരുന്ന കെഎസ്ആർടിസി എംഡിക്കെതിരെ കോടതി നടപടികൾക്കും സാധ്യത

രണ്ട് പതിറ്റാണ്ടിൽ ആദ്യമായി ശബരിമലയിലേക്ക് പുതിയ ബസുകളില്ല; പമ്പയിലേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഡീലക്‌സ് ബസുകൾ അന്തർസംസ്ഥാന റൂട്ടുകളിൽ ഓടി കാലഹരണപ്പെട്ടത്; സ്വകാര്യ മേഖലയിൽ നിന്നും ഏറ്റെടുത്ത സർവീസുകളും റൂട്ടുകളും പിൻവലിച്ചു; കാര്യങ്ങൾ പഠിച്ചു വരുന്ന കെഎസ്ആർടിസി എംഡിക്കെതിരെ കോടതി നടപടികൾക്കും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടുമൊരു മണ്ഡലവ്രത കാലം കൂടി ആരംഭിച്ചു. പ്രതീക്ഷിച്ചതു പോലെ തുടക്കം മുതൽ ഭക്തജന പ്രവാഹമാണ് സന്നിധാനത്തേക്ക്. പമ്പ വീണ്ടും തിരക്കുകളിൽ അമർന്നു. എന്നാൽ, പതിവിന് വിപരീതമായി മന്ത്രിയില്ലാത്ത കെഎസ്ആർടിയിൽ ഇത്തവണ പുതിയ ബസുകളൊന്നും സർവീസ് നടത്തുന്നില്ല. രണ്ട് പതിറ്റാണ്ടിൽ ആദ്യമായാണ് പുതിയ ബസുകളൊന്നും സർവീസ് നടത്താത്ത അവസ്ഥയുണ്ടാക്കുന്നത്. ഓരോ ശബരിമല സീസണിലും പുതിയ ബസുകൾ ഇറക്കിയാണ് കെഎസ്ആർടിസി എല്ലാ സജ്ജീകരണങ്ങളും നടത്തുന്നത്. എന്നാൽ, ഇത്തവണ പതിവിന് വിപരീതമായി കെഎസ്ആർടിസി പുതിയ ഒറ്റ ബസുകൾ പോലും പുറത്തിറക്കിയിട്ടില്ല.

നിറയെ യാത്രാക്കാരുമായി ദീർഘദൂര റൂട്ടുകളിൽ ഓടിയിരുന്ന 138 ഫാസ്റ്റ് പാസഞ്ചർ ബസുകൾ ബദൽ സംവിധാനങ്ങളൊരുക്കാതെ പിൻ വലിച്ചാണ് ഇത്തവണ കെഎസ്ആർടിസി ശബരിമല സർവ്വീസു നടത്തുന്നത്. ഇതോടെ കെഎസ്ആർടിസിയുടെ ദേശസാൽകൃത റൂട്ടുകളിൽ ഇതു കടുത്ത യാത്രാ ക്ലേശം സൃഷ്ടിച്ചിട്ടുണ്ട്. പിൻവലിച്ച 138 ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് പകരമായി നല്ല 10 വർഷത്തിൽ താഴെ പഴക്കമുള്ള വേണാട് മലബാർ ബസുകളുപയോഗിച്ച് ടൗൺ ടു ടൗൺ ഓർഡിനറിയും ലിമിറ്റഡ് ഓർഡിനറിയും ഓടിച്ചാൽ യാത്രാ ക്ലേശം ഒഴിവാക്കാം. എന്നാൽ, കെഎസ്ആർടിസിയുടെ വരുമാനം കൂട്ടാൻ സഹായകമാകുന്ന ഈ നടപിടിക്ക് ആരും മുൻകൈയെടുത്തിട്ടില്ല. റിസ്‌ക്ക് ഏറ്റെടുക്കാൻ ആരും തയ്യാറല്ലെന്നതാണ് കാരണം.

പൊലീസ് വകുപ്പിൽ കേമനായി വിലസിയ ശേഷം പണിഷ്‌മെന്റ് എന്നോണം കെഎസ്ആർടിസി എംഡിയാക്കി മാറ്റിയ ഹേമചന്ദ്രൻ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണം ഇപ്പോൾ തന്നെ ഉയരുന്നുണ്ട്. മുൻ എംഡി രാജമാണിക്യം എല്ലാ കാര്യത്തിലും സമർത്ഥമായി ഇടപെട്ടിരുന്നു. എന്നാൽ, പുതിയ എംഡിയുടെ കാര്യം വ്യത്യസ്തമാണ്. തീരുമാനങ്ങളെടുക്കാൻ ആരും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. കെഎസ്ആർടിസി ചീഫ് ഓഫീസ് എക്സിക്യുട്ടീവ് ഡയറക്ടർമാരെ തരം താഴ്‌ത്തിയതിനാൽ അവരും തീരുമാനങ്ങൾ കൈക്കൊള്ളുന്നില്ല. പുതിയ എക്സികുട്ടീവ് ഡയറക്ടർമാരെ കണ്ടെത്താനുള്ള ഇന്റർവ്യൂ കഴിഞ്ഞെങ്കിലും തീരുമാനമായിട്ടില്ല.

കഴിഞ്ഞ വർഷം മകരവിളക്ക് ദിവസം ബസോടിക്കാതെ പമ്പയിലും നിലക്കലിലും വൻ പ്രശ്നങ്ങളുണ്ടായിരുന്നു. ആവശ്യത്തിനു ബസുകളില്ലാത്തതും കഴിവുള്ള ഉഗ്യോഗസ്ഥരെ നിയമിക്കാത്തതുമായിരുന്നു കഴിഞ്ഞ വർഷത്തെ പ്രശ്നം. നിലക്കൽ - പമ്പ റൂട്ടിൽ ആവശ്യത്തിനു ചെയിൻ സർവ്വീസുകളില്ലാത്തതും പട്ടണങ്ങളിലും നഗരങ്ങളിലും മാത്രം ഓടിക്കാൻ പറ്റുന്ന കേരള അർബൻ റോഡ് കോർപറേഷന്റെ നോൺ ഏസി ലോക്കൽ ബസുകൾ മാത്രം കാനന പാതയിൽ ഓടിക്കുന്നത് അപകടകരമാകുമെന്ന മുന്നറിയിപ്പും കെഎസ്ആർടിസ് ഇത്തവണയും അവഗണിച്ചിരിക്കുന്നു.

നോൺ എ സി ലോക്കൽ ബസ് തൊടുപുഴ- കട്ടപ്പന റൂട്ടിൽ കുളമാവിൽ മാസങ്ങൾക്ക് മുൻപ് ഓട്ടത്തിൽ കത്തിയമർന്നിരുന്നു. പ്രതിദിനം 7000 രൂപ പോലും കളക്ഷനില്ലാത്ത 1367 ബസുകൾ കെഎസ്ആർടിസിക്ക് ഉള്ളപ്പോഴാണ് ആ ബസുകൾ ഉപയോഗിക്കാതെ ലോ ഫ്ളോർ ബസുകൾ നിലക്കൽ- പമ്പ റൂട്ടിൽ കെഎസ്ആർടിസ് ഉപയോഗിക്കുന്നത്. 50 പേരെ കയറ്റാവുന്ന ബസിൽ 150 മുതൽ 200 വരെ അടുക്കിക്കൂട്ടിയാണ് ചെയിൻ ഓടിച്ചത്. കഴിഞ്ഞ വർഷം ഇത് ഏറെ വിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ വർഷവും അതുതന്നെ തുടരാനാണ് നീക്കം.

നിലക്കൽ - പമ്പ ചെയിൻ സർവ്വീസിൽ നിന്നും ഈടാക്കിയിരുന്ന പരമാവധി ബസുകൂലി 18 രൂപ ആണെന്നിരിക്കെ കെഎസ്ആർടിസി ഈടാക്കുന്നത് 29 രൂപയാണെന്നും ആരോപണമുണ്ട്. 17 കിലോമീറ്റർ ആണ് നിലക്കൽ പമ്പ ദൂരമെന്നും ഇവിടെ ഓർഡിനറി ബസുകൾ മാത്രമേ ഓടിക്കാനാവു എന്നും അതിനു വാങ്ങാവുന്ന യാത്രാക്കൂലി 18 രൂപയാണെന്നും മോട്ടോർ-വാഹന അധികൃതരും വ്യക്തമാക്കുന്നു. ശബരിമല അധികയാത്രാ കൂലക്കെതിരെ വർഷങ്ങളോളം കേരള ഹൈക്കോടതിയിൽ കേസ് നടത്തിയത് അന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവും ഇപ്പോഴത്തെ ബിജെപി അധ്യക്ഷനുമായ കുമ്മനം രാജശേഖരനായിരുന്നു. എന്നാൽ, പാർട്ടിയുടെ തിരക്കിൽ ഇന്നദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിക്കുന്നുമില്ല.

പമ്പയിൽ നിന്നും അന്തർ സംസ്ഥാന റൂട്ടുകളിലോടാൻ കെഎസ്ആർടിസി പമ്പയിലെത്തിച്ചിരിക്കുന്ന 14 ബസുകളും മൂന്ന് വർഷത്തിൽ അധികം പഴക്കമുള്ളവയാണ്. ബാഗ്ലൂർ, മൈസൂർ, കോയമ്പത്തൂർ റൂട്ടുകളിൽ ഓടി തകർന്ന ബസുകളാണെന്നും ആക്ഷേപമുണ്ട്. ഭക്തരുടെ തിരക്കു വർദ്ധിക്കുന്നതനുസരിച്ച് എറണാകുളത്തും കോട്ടയത്തും ചെങ്ങന്നൂരിലും റയിൽവേ സ്റ്റേഷനുകളിൽ ആവശ്യത്തിനു ബസുകളെങ്ങനെ അയക്കും എന്നറിയാതെ കുഴങ്ങുകയാണ് യൂണിറ്റ് അധികാരികളും.

ഇതിനിടെ വലിയ നിയമ പോരാട്ടത്തിലൂടെ കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യസൂപ്പർ ക്ലാസ്സ് ബസുകളും ശബരിമലക്കായി റദ്ദാക്കി. അതു ചൂണ്ടിക്കാട്ടി കോടതിയിൽ നിന്നും സ്വകാര്യ ബസുകൾക്ക് പെർമിറ്റു വാങ്ങി കൊടുക്കാനുള്ള ശ്രമങ്ങളും കെഎസ്ആർടിസിയിലെ ഓപ്പറേഷൻസ് വിഭാഗത്തിലെ ഉന്നതർ ആരംഭിച്ചു കഴിഞ്ഞു. ഏറ്റെടുത്ത് ഓടുന്ന സ്വകാര്യ സൂപ്പർ ക്ലാസ്സ് പെർമിറ്റ് ബസുകൾ ടെലിഫോൺ നിർദ്ദേശത്തിലൂടെ പമ്പയിലേക്കയച്ചും ബസുകളോടിക്കാതെ നിയമ ലംഘനം നടത്തി സ്വകാര്യ ബസുകളെ സഹായിക്കാനാണ് കോർപ്പറേഷനിലെ ചില ഉന്നതരുടെ നീക്കം. തൊഴിലാളി യൂണിയനുകളുടെ മൗനാനുവാദം ഇക്കാര്യത്തിൽ ഇവർക്കു ലഭിച്ചു എന്നാണ് കെഎസ്ആർടിസിയിലെ തന്നെ ഉന്നതർ അടക്കം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP