Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി സി സനൽകുമാറിന് സർക്കാർ ഔദ്യോഗിക ബഹുമതി നിഷേധിച്ചു; പത്രങ്ങൾ ഒന്നാം പേജിൽ ചരമക്കുറിപ്പും: മരിച്ചാലും മരിക്കാത്ത മലയാളിയുടെ ജാതിബോധം ഒരേദിവസം നടന്ന രണ്ട് മരണങ്ങളെ വേർതിരിച്ച വിധം

പി സി സനൽകുമാറിന് സർക്കാർ ഔദ്യോഗിക ബഹുമതി നിഷേധിച്ചു; പത്രങ്ങൾ ഒന്നാം പേജിൽ ചരമക്കുറിപ്പും: മരിച്ചാലും മരിക്കാത്ത മലയാളിയുടെ ജാതിബോധം ഒരേദിവസം നടന്ന രണ്ട് മരണങ്ങളെ വേർതിരിച്ച വിധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജാതി സമരത്തെ എതിർക്കുകയും തുല്യ അവസരത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന അഭിനവ ബുദ്ധിജീവികൾ ഈ വാർത്ത വായിക്കാതെ പോകരുത്. മരിച്ചാൽ പോലും മലയാളിയുടെ മനസ്സിൽ ജാതിബോധം മരിക്കയില്ല എന്ന നഗ്നസത്യം. അതിന് വരേണ്യവർഗ്ഗവും ഉദ്യോഗസ്ഥവൃന്ദവും മാത്രമല്ല സർക്കാർ പോലും ജീവിക്കുന്ന തെളിവുകൾ ആകുന്നു. അല്ലെങ്കിൽ ഒരേദിവസം മരിച്ച രണ്ട് പ്രമുഖരിൽ ഒരാൾ മാത്രം അവഗണിക്കപ്പെടുകയും വേറൊരാൾ ആദരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ? ശനിയാഴ്ച അന്തരിച്ച പ്രൊഫസർ ഹൃദയകുമാരി ആദരിക്കപ്പെടുകയും അന്ന് തന്നെ അന്തരിച്ച പി സി സനൽകുമാർ അവഗണിക്കപ്പെടുകയും ചെയ്ത വിധം തിരിച്ചറിയുമ്പോഴേ കേരളം എത്രമാത്രം ഉച്ചനീചത്വം ഉള്ള നാടാണെന്ന് വ്യക്തമാകൂ.

പി സി സനൽകുമാറിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിക്കപ്പെട്ടത് അർഹമായ ഔദ്യോഗിക ബഹുമതികൾ നിരസിക്കപ്പെട്ടാണ്. എന്നാൽ പ്രൊഫസർ ഹൃദയകുമാരിയുടെ മൃതദേഹം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കപ്പെടാൻ വേണ്ടി തയ്യാറെടുക്കപ്പെടുന്നു. രണ്ട് പേരിൽ സാഹിത്യ ലോകത്തും കൂടുതൽ തിളങ്ങിയത് ആരെന്ന് ചോദിച്ചാൽ സാമാന്യബോധമുള്ളവർ പറയും അത് സനൽകുമാർ ആയിരുന്നെന്ന്. കളക്ടറായും മറ്റും അനേകം പദവികളിൽ ഇരുന്ന സനൽ കുമാർ റിട്ടയർചെയ്തിട്ടു പോലും അധിക നാളുകൾ ആയില്ല. എന്നാൽ ഹൃദയകുമാരി ടീച്ചർ റിട്ടയർ ചെയ്തിട്ട് കാൽ നൂറ്റാണ്ടായി. എഴുത്തുകാരൻ എന്ന നിലയിൽ സർക്കാർ അംഗീകാരമാണ് പ്രധാനമെങ്കിൽ രണ്ട് പേർക്കും സാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടിയിട്ടുണ്ട്. പുസ്തകത്തിന്റെ എണ്ണമാണെങ്കിൽ രണ്ട് പേരും തമ്മിൽ വ്യത്യാസം കുറവ്. എന്നിട്ടും എന്തുകൊണ്ട് സനൽകുമാറിന് മാത്രം ഈ അവഗണന?

ഹാസ്യ സാഹിത്യകാരൻ എന്ന നിലയിലും നർമ്മ പ്രഭാഷകൻ എന്ന നിലയിലും അനേകരുടെ ഹൃദയത്തിൽ ഇടംനേടിയ ആളാണ് സനൽകുമാർ. എന്നാൽ ഹൃദയകുമാരിയാവട്ടെ സാഹിത്യ നിരൂപണ രംഗത്ത് ഒട്ടും ശ്രദ്ധിക്കപ്പെടാത്ത വിരലിൽ എണ്ണാൻ കഴിയുന്ന പുസ്തകങ്ങൾ മാത്രമാണ് കുറിച്ചത്. വളരെ ചുരുങ്ങിയ ചില ആളുകളാൽ മാത്രം വായിക്കപ്പെട്ട ഹൃദയകുമാരിയെക്കാൾ എന്തുകൊണ്ടും മുമ്പിലിരുന്ന സനൽകുമാർ മാത്രം എങ്ങനെയാണ് ഇങ്ങനെ അവഗണിക്കപ്പെട്ടത് എന്ന ചോദ്യമാണ് ജാതിയിൽ ചെന്നുതട്ടി നിൽക്കുന്നത്. ദളിതനായ സനൽകുമാറിനെ അംഗീകരിക്കാൻ സാമാന്യ സമൂഹത്തിന് ഇപ്പോഴും സാധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. സുഗതകുമാരിയുടെ സഹോദരിയും ബോധേശ്വരന്റെ മകളുമെന്ന മുൻഗണന കൂടി ഹൃദയകുമാരിക്ക് ലഭിച്ചപ്പോൾ സനൽകുമാർ എന്ന ദളിതൻ അവഗണിക്കപ്പെടുകയായിരുന്നു.

ഇരുവരും മരിച്ചതിന്റെ പിറ്റേ ദിവസം കേരളത്തിലെ പത്രങ്ങൾ നല്കിയ പരിഗണന മാത്രം മതി ഈ വിവേചനത്തിന്റെ ആഴം തിരിച്ചറിയാൻ. വ്യവസ്ഥാപിത സംവിധാനങ്ങളോട് സ്‌നേഹപൂർവ്വം കലഹിച്ചിരുന്ന സനൽകുമാറിന്റെ മരണം കേരളത്തിലെ ഏറ്റവും വലിയ പത്രമായ മനോരമയുടെ ഒന്നാം പേജിൽ പോലും ഉണ്ടായിരുന്നില്ല. ഒമ്പത് പേജിൽ ഒറ്റക്കോളം വാർത്തയിൽ ഒതുക്കുകയായിരുന്നു മനോരമ. എന്നാൽ ഹൃദയകുമാരിക്ക് വേണ്ടി മനോരമയാണ് ഒന്നാം പേജിൽ കോളം മാറ്റി വച്ചു. ഇക്കാര്യത്തിൽ മാതൃഭൂമി ദിനപത്രമാണ് അൽപ്പംകൂടി മാന്യത കാണിച്ചത്. ഒന്നാംപേജിൽ രണ്ട് പേരുടെയും മരണ വാർത്ത മാതൃഭൂമി നൽകി. ഇതിൽ ഹൃദയകുമാരിക്ക് അൽപ്പം പ്രാധാന്യം കൂടിയെന്ന് മാത്രം. പി സി സനൽകുമാറിനെ കുറിച്ചുള്ള ഒരു വാർത്ത ഉൾപേജിലും മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഉൾപേജുകളിൽ ഹൃദയകുമാരിയുടെ മരണത്തിനായിരുന്നു പ്രാധാന്യം നൽകിയത്.

ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ശാന്തികവാടം വൈദ്യുതി ശ്മശാനത്തിലായിരുന്നു സനൽകുമാറിന്റെ ഭൗതികദേഹം സംസ്‌ക്കരിച്ചത്. സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ കലക്ടർ എന്ന നിലയിൽ ഔദ്യോഗിക ബഹുമതികൾ ലഭിക്കേണ്ട വ്യക്തി കൂടിയായിരുന്നു സനൽകുമാറിന്റെത്. എന്നാൽ അദ്ദേഹത്തിന്റെ മക്കളാരും അച്ഛന് ബഹുമതി വേണെന്ന് പറഞ്ഞ് പുറകേ പോകാത്തതിനാൽ അർഹമായ മരണാനന്തര ബഹുമതി അദ്ദേഹത്തിന് നഷ്ടമാകുകയായിരുന്നു. 2009ൽ സർക്കാറിൽ സെക്രട്ടറി സ്ഥാനത്തു നിന്നാണ് പി സി സനൽകുമാർ വിമരിച്ചത്. പിന്നീട് ഹാസ്യസാഹിത്യകാരനെന്ന നിലയിൽ നിറസാന്നിധ്യമാകുകയും ചെയ്തു.

ഇങ്ങനെയുള്ള ബഹുമുഖ പ്രതിഭയായിരുന്നിട്ടും സർക്കാർ ഔദ്യോഗിക ബഹുമതി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ദളിതനാണെന്ന കാരണം മാത്രമാണ് ഇതിന് ഇടയാക്കിയത്. ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോഴും ദളിത് വിഭാഗക്കാരെ അടിച്ചമർത്താൻ ശ്രമങ്ങൾ നടക്കുന്നു എന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവം. ദളിത് ഉദ്യോഗസ്ഥർക്ക് അർഹമായ യോഗ്യതകൾ ഉണ്ടെങ്കിൽ കൂടി ഉന്നത സ്ഥാനത്തെത്താൻ സാധിക്കാറില്ല. എത്തിപ്പെടുന്നവരെ തന്നെ ചവിട്ടിതാഴ്‌ത്താൻ ശ്രമം നടത്തുകയും ചെയ്യുമെന്ന ആരോപണങ്ങളെ അടിവരയിടുന്നതാണ് ഈ സംഭവവും. പി സി സനൽകുമാറിന് ഔദ്യോഗിക ബഹുമതികൾ ലഭിക്കുമന്ന് കരുതിയിരുന്നെങ്കിലും അത് അവസാന നിമിഷം ഒഴിവാക്കുകയാണെന്ന ആരോപണവും ശക്തമാണ്.

അതേസമയം പി സി സനൽമാറിന്റെ പ്രായക്കുറവും അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകുന്നതിന് തടസമായി എന്ന വിലയിരുത്തലുമുണ്ട്. 64ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അതേസമയം ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന സനൽകുമാറിന് സർക്കാർ ബഹുമതി നൽകാത്തതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കടിയിലും പ്രതിഷേധമുണ്ട്. എന്നാൽ മരണാനന്തരം നൽകുന്ന ഔദ്യോഗിക ബഹുമതികൾ പ്രഹസനമാകുന്ന കാലത്ത് പി സി സനൽകുമാറിന് സാധാരണക്കാരന്റെ പരിഗണന ലഭിച്ചത് ഭാഗ്യമായും അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP