Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ പഠിപ്പിക്കാൻ വിദഗ്ധരില്ല; സാദാ അദ്ധ്യാപകർക്ക് കീഴിൽ പഠിക്കാനുമാളില്ല; സെന്റർ പൂട്ടിയേക്കുമെന്ന് ആശങ്ക

കോഴിക്കോട് സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ പഠിപ്പിക്കാൻ വിദഗ്ധരില്ല; സാദാ അദ്ധ്യാപകർക്ക് കീഴിൽ പഠിക്കാനുമാളില്ല; സെന്റർ പൂട്ടിയേക്കുമെന്ന് ആശങ്ക

എം പി റാഫി

കോഴിക്കോട്: പ്രവേശന പരീക്ഷകൾ മൂന്ന് കഴിഞ്ഞിട്ടും കോഴിക്കോട് വെസ്റ്റ്ഹിൽ സർക്കാർ സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ അഡ്‌മിഷൻ നേടാനെത്തിയത് 45 വിദ്യാർത്ഥികൾ മാത്രം. കഴിഞ്ഞ തവണ 120 വിദ്യാർത്ഥികൾ പഠിച്ചിരുന്ന സെന്ററിൽ എഴുപതിലധികം വിദ്യാർത്ഥികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു സെന്ററുകളിൽ അനുവദിച്ചിട്ടുള്ള സീറ്റ് തികയാത്ത അവസ്ഥ ഉള്ളപ്പോഴാണ് കോഴിക്കോട് സെന്ററിൽ അഡ്‌മിഷനെടുക്കാൻ വിദ്യാർത്ഥികളെ കിട്ടാതെ വന്നിരിക്കുന്നത്.

സർക്കാർ കോടികൾ മുടക്കി സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷനു (സിസിഇകെ) കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നാല് സിവിൽ സർവ്വീസ് കോച്ചിങ് സെന്ററുകളിലൊന്നാണ് കോഴിക്കോട്ടുള്ളത്. എംപിമാരായ എം കെ രാഘവൻ, എം ഐ ഷാനവാസ് എന്നിവർ കോഴിക്കോട് പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നതിനു വേണ്ടി പാർലമെന്റിൽ വർഷങ്ങളായി ശബ്ദം ഉയർത്തിയിരുന്നു. ഇതിന്റെ ഫലമായി ഇത്തവണ സിവിൽ സർവ്വീസ് പരീക്ഷാകേന്ദ്രമായി കോഴിക്കോട് പുതിയ സെന്റർ ആരംഭിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് ഇതുവരെ പരീക്ഷ സെന്ററുകൾ ഉണ്ടായിരുന്നത്. എന്നാൽ ആഗസ്ത് 24ലെ പ്രിലിമിനറി പരീക്ഷയോടെ കോഴിക്കോട്ടും സെന്റർ ആരംഭിക്കുകയാണ്.

പുതിയ പരീക്ഷ സെന്റർ മലബാറിലെ സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികളുടെ ഏറെ നാളെത്തെ ആവശ്യത്തിന് പരിഹാരമായിരിക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന സിവിൽ സർവ്വീസ് കോച്ചിങ് സെന്റർ സർക്കാറിനും വകുപ്പിനും അധിക ബാധ്യത മാത്രം വരുത്തികൊണ്ടിരിക്കുകയാണ്. ഇത്തവണ അഡ്‌മിഷൻ പകുതിയിലധികം കുറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം 35,000 രൂപ മുടക്കി ഇവിടെ ചേരുന്ന ഓരോ വിദ്യാർത്ഥിയും പുറത്ത് പോയി മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്ന അവസ്ഥായണുള്ളത്.

കോഴിക്കോട് സിവിൽ സർവ്വീസ് സെന്ററിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് സിവിൽ സർവ്വീസ് സിലബസ് പോലും അറിയില്ലെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ക്ലാസെടുക്കാൻ വരുന്നവരാകട്ടെ സ്‌പെഷൽ ഓഫീസർക്ക് വേണ്ടപ്പെട്ട സാദാ സ്‌കൂൾ കോളേജ് അദ്ധ്യാപകരും. വിദ്യാർത്ഥികളിൽ നിന്നും വലിയ ഫീസ് ഈടാക്കി ഐഎഎസുകാരെ സൃഷ്ടിക്കാൻ നടത്തുന്ന സ്ഥാപനത്തെ നയിക്കാൻ പ്രാപ്തരായ ഉദ്യോഗസ്ഥരോ ഫാക്കൽറ്റിയോ ഇല്ലെന്നതാണ് വസ്തുത. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സിവിൽ സർവ്വീസ് ഓറിയന്റഡ് ക്ലാസ് ലഭിക്കാറില്ല. ഈ വിഷയം പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമൊന്നും ഉത്തരവാദപ്പെട്ടവരിൽ നിന്നും ഉണ്ടായില്ല.

സ്ഥാപനത്തിന്റെ സ്‌പെഷൽ ഓഫീസർ പി വേണു, അഡ്‌മിനിസ്‌ട്രേറ്റിങ് ഓഫീസർ വി പി ജയാനന്ദൻ എന്നിവർക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും സിസിഇകെ ഡയറക്ടർക്ക് പരാതിനൽകിയിരുന്നു. യോഗ്യരായ നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെ സർക്കാറിനും സ്ഥാപനത്തിനും ഇവർ അധിക ബാധ്യത ഉണ്ടാക്കുകയാണെന്നും സിവിൽ സർവ്വീസ് സംബന്ധമായ കാര്യങ്ങളൊന്നും ഇവർക്കറിയില്ലെന്നും സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികളുടെ ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. കോച്ചിങ് സെന്ററിൽ കോഡിനേറ്റർ തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ഇതുവരെ അത് നികത്തിയിട്ടില്ല. ഈ സ്ഥാപനത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റിങ് ഓഫീസർ വി പി ജയാനന്ദനാകട്ടെ തിരുവനന്തപുരം സിസിഇകെയിലെ ഫിനാൻസ് ഓഫീസറാണ് നിലവിൽ. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടുള്ള കോച്ചിങ് സെന്ററിന്റെ മേൽനോട്ടം വഹിക്കുക എന്നത് പ്രയാസകരമാണ്. ഇദ്ദേഹം കോഴിക്കോടെത്തുമ്പോൾ സിസിഇകെയിലെ ഫിനാൻസിങ് ഫയലുകളൊന്നും നീങ്ങുകയുമില്ല. സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നവരാകട്ടെ കൃത്യമായി സ്ഥാപനത്തിൽ വരാറുമില്ല. ക്ലാസെടുക്കാനെത്തുന്നവർക്ക് കൃത്യമായി ശമ്പളം നൽകുകയുമില്ല. ഇത് ചൂണ്ടിക്കാട്ടി കഴിഞ്ഞ അധ്യയന വർഷത്തിൽ മറുനാടൻ വാർത്ത നൽകിയിരുന്നു.

വാർത്തയെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും സിസിഇകെ ഡയറക്ടർ അന്വേഷണ ഉത്തരവിറക്കിയെങ്കിലും കൃത്യമായ റിപ്പോർട്ടുകളൊന്നും മുകളിലേക്ക് വന്നിരുന്നില്ല. കോഴിക്കോട് സിവിൽ സർവ്വീസ് സെന്ററിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്കാർക്കും തന്നെ സ്ഥാപനത്തെക്കുറിച്ച് പറയാൻ പരാതികൾ മാത്രമേ ബാക്കിയുള്ളൂ. വർഷത്തിൽ രണ്ടു തവണയാണ് ഇവിടേക്ക് അഡ്‌മിഷൻ നടത്തുക. ജൂൺ മാസത്തിൽ പൂർത്തിയാക്കേണ്ട അഡ്‌മിഷൻ പ്രക്രിയകൾ ജൂലൈയിലും ആഗസ്തിലുംവരെ തുടർന്നു. അവസാനം മൂന്ന് എൻട്രൻസ് പരീക്ഷകളും നടത്തി നോക്കി. പക്ഷെ ഫലമുണ്ടായില്ല. ഈ രൂപത്തിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ കോഴിക്കോട് സിവിൽ സർവ്വീസ് കോച്ചിങ് സെന്റർ വരും വർഷങ്ങളിൽ ചിത്രത്തിൽ നിന്നു തന്നെ മാഞ്ഞു പോകും എന്നതിൽ സംശയമില്ല. സ്ഥാപനത്തിൽ കുട്ടികളുണ്ടെന്ന് തോന്നിക്കാൻ ഞായറാഴ്ചകളിലെ ഫൗണ്ടേഷൻ കോഴ്‌സ് മാത്രമാണ് ഇപ്പോൾ അധികൃതരുടെ ആശ്വാസം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP