Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഘപരിവാറുകാരിൽ നിന്നുള്ള ഭീഷണികൾ ശക്തമായതോടെ മീശ നോവൽ പിൻവലിക്കുന്നതായി എഴുത്തുകാരൻ ഹരീഷ്; സൈബർ ആക്രമണവും വീട്ടുകാരെയുൾപ്പെടെ അവഹേളിക്കുന്ന ഫോൺവിളികളും പതിവായതോടെ തീരുമാനം; സാഹിത്യ അക്കാഡമി അവർഡ് ജേതാവുകൂടിയായ നോവലിസ്റ്റിന് എതിരെ സ്ത്രീവിരുദ്ധനെന്നും ഹൈന്ദവവിരുദ്ധനെന്നും പ്രചരണം അഴിച്ചുവിട്ടത് ആസൂത്രിതമെന്ന് സൂചന

സംഘപരിവാറുകാരിൽ നിന്നുള്ള ഭീഷണികൾ ശക്തമായതോടെ മീശ നോവൽ പിൻവലിക്കുന്നതായി എഴുത്തുകാരൻ ഹരീഷ്; സൈബർ ആക്രമണവും വീട്ടുകാരെയുൾപ്പെടെ അവഹേളിക്കുന്ന ഫോൺവിളികളും പതിവായതോടെ തീരുമാനം; സാഹിത്യ അക്കാഡമി അവർഡ് ജേതാവുകൂടിയായ നോവലിസ്റ്റിന് എതിരെ സ്ത്രീവിരുദ്ധനെന്നും ഹൈന്ദവവിരുദ്ധനെന്നും പ്രചരണം അഴിച്ചുവിട്ടത് ആസൂത്രിതമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണി ശക്തമാകുകയും വീട്ടുകാരെ ഉൾപ്പെടെ അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതോടെ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്ന മീശ നോവൽ പിൻവലിച്ച് നോവലിസ്റ്റ് എസ് ഹരീഷ്. മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവൽ പിൻവലിക്കുന്നതായി കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ എസ്.ഹരീഷ് തന്നെയാണ് വ്യക്തമാക്കിയത്.

നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകൾ രംഗത്ത് വന്നിരുന്നു. അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. താൻ ആരെയും ദ്രോഹിക്കാൻ ഉദ്ദേശിച്ചല്ല ഇതെഴുതിയതെന്നും മറ്റും ചൂണ്ടിക്കാട്ടി തന്റെ നിലപാട് വ്യക്തമാക്കി ഹരീഷ് രംഗത്തുവന്നെങ്കിലും സൈബർ ആക്രമണവും ഫോണിലൂടെയുള്ള ഭീഷണികളും തുടരുകയായിരുന്നു. മാതൃഭൂമിക്ക് നേരെയും പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നോവൽ പിൻവലിക്കുന്നതായി ഹരീഷ് തന്നെ വ്യക്തമാക്കുന്നത്.

അതേസമയം, ഹരീഷിന്റെ നോവലിനെതിരെ ആസൂത്രിതമായിരുന്നു സൈബർ ആക്രമണമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നോവലിലെ വിവാദ പരാമർശം ഉൾപ്പെട്ട ഭാഗം വന്ന ലക്കം പുറത്തിറങ്ങി കുറേ ദിവസങ്ങൾ കഴിഞ്ഞായിരുന്നു ഇത് പൊടുന്നനെ സോഷ്യൽ മീഡിയയിൽ വിവാദമായി എത്തിയത്. ഇതിന്റെ പിന്നിൽ ചില കരുനീക്കങ്ങൾ നടന്നതായാണ് സൂചനകൾ.

വിവാദമാക്കപ്പെട്ട പരാമർശം

പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തിൽ പോകുന്നന്നത്? ആറു മാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു. 'പ്രാർത്ഥിക്കാൻ' ഞാൻ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'. ഞാൻ ചിരിച്ചു. 'അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ.'- യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണം ഇങ്ങനെയായിരുന്നു. ഇതിനെതിരെ സൈബർ ആക്രമണം ശക്തമായതോടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു ഹരീഷ്.

മനപ്പൂർവ്വം ഹിന്ദുത്വത്തെ അവഹേളിക്കാൻ ഹരീഷ് ശ്രമിച്ചുവെന്നാണ് സംഘ പരിവാർ അനുകൂലികൾ ആരോപിച്ചത്. പരസ്യമായി കുരീപ്പുഴ ശ്രീകുമാറിനെ മർദ്ദിച്ച പോലെ ഹരീഷിനെയും മർദ്ദിക്കുമെന്നും എസ്. ഹരീഷിന്റെ കൈ വെട്ടണമെന്നും സംഘപരിവാർ അനുയായികൾ പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടാതെ ഹരീഷിന്റെ അമ്മയെ ഉൾപ്പടെ ഉള്ള ആളുകളെ സംഘം ചേർന്ന് സൈബർ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. എല്ലാം അതിരുവിട്ടപ്പോഴാണ് ഹരീഷ് ഫെയ്സ് ബുക്ക് പേജ് തന്നെ പൂട്ടിയത്. അപ്പർ കുട്ടനാടിനെ തന്നെ പ്രധാന കഥാപാത്രമാക്കി ഹരീഷ് എഴുതിയ നോവലാണ് മീശ. മീശ എന്ന കഥാപാത്രമാണ് നോവലിലെ കേന്ദ്രബിന്ദു. അയാളിലൂടെയാണ് കഥാകാരൻ കഥ പറയുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ കൊലവിളി കേരളത്തിലും സജീവമാക്കുന്നതിന്റെ സൂചനയായി ഇതിനെ സോഷ്യൽ മീഡിയയിലുൾപ്പെടെ ഇത് വിലയിരുത്തപ്പെട്ടു. കലാകാരന്മാർക്ക് പ്രതികരിക്കാനാവാത്ത സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്ന വിലയിരുത്തലും സജീവമായി.

ഹരീഷ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ:

'ഒരു നോവലിൽ നല്ലതും ചീത്തയും ആയ കഥാപാത്രങ്ങൾ ഉണ്ടാവാം. സമൂഹം അങ്ങനെയാണ് എന്നാൽ ചീത്ത കഥാപാത്രങ്ങൾ പറയുന്ന വാക്കുകൾ നോവലിസ്റ്റിന്റെ അഭിപ്രായമാണെന്ന് എങ്ങനെ പറയും.' എന്നായിരുന്നു നോവലിസ്റ്റ് എസ് ഹരീഷ് മറുനാടൻ മലയാളിയുമായി സംസാരിക്കവേ നേരത്തെ വ്യക്തമാക്കിയത്.

നോവൽ എന്നത് നറേറ്ററുടെ അഭിപ്രായമല്ല. പ്രാഥമികമായ സാഹിത്യവിവരംപോലും ഇല്ലാത്തവരാണ് ഇങ്ങനെ പ്രതികരിക്കുന്നത്.നോവലിലെ ഞാൻ എന്നു പറയുന്നതു പോലും എഴുത്തുകാരനല്ല. ഞാൻ പോലുമല്ല അതിൽ പറയുന്നത്. അതിലെ ഒരു കഥാപാത്രം ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ കുറിച്ച് നടത്തുന്ന നിരുത്തരവാദപരമായ കമന്റാണത്. അങ്ങനെ പറയുന്ന പലരുമില്ലേ? പള്ളിയിൽ പോകുന്ന സ്ത്രീകളേയും അച്ചന്മാരേയും ചേർത്തു പറയുന്നവരുണ്ട്. അങ്ങനെ പറയുന്ന ഒരു കഥാപാത്രമാണ് നോവലിലേത്. ആ കഥാപാത്രത്തിന് നോവലിൽ അങ്ങനെ പറയാൻ സ്വാതന്ത്ര്യമുണ്ടല്ലോ.-ഹരീഷ് വ്യക്തമാക്കി.

അങ്ങനെയാണെങ്കിൽ രാമായണവും മഹാഭാരതവുമൊക്കെ നാം എങ്ങനെ വ്യാഖ്യാനിക്കും. ദ്രൗപദിയെ അർജ്ജുനൻ കല്യാണം കഴിച്ചു കൊണ്ടു വരുന്നു. അഞ്ചുപേരും കൂടി പകുത്തെടുത്തോളാൻ അമ്മ പറയുന്നു. അത് അഞ്ചുപേരും അനുസരിക്കുന്നു. രാമനാവട്ടെ അലക്കുകാരൻ അപവാദം പറഞ്ഞതിന് സീതയെ കാട്ടിൽ ഉക്ഷേിക്കുന്നു. സംഘികളുടെ വാദം അനുസരിച്ചാണെങ്കിൽ അലക്കുകാരൻ പറഞ്ഞതിന്റെ ഉത്തരവാദിത്തം വാത്മീകിക്കല്ലേ വരേണ്ടത്. പാഞ്ചാലിയെ അഞ്ചുപേർ കല്യാണം കഴിച്ചതിന്റെ ഉത്തരവാദിത്തം വ്യാസനല്ലേ വരേണ്ടത്?-ഹരീഷ് ചോദിക്കുന്നു. വയലാർ എഴുതിയ തങ്കഭസ്മക്കുറിപോലുള്ള ഗാനങ്ങളുടെ സ്ഥിതി ഇന്ന് എന്താവുമായിരുന്നു. ഭഗവതിയെ കാറിത്തുപ്പി സ്വയം വെട്ടിമരിച്ച വെളിച്ചപ്പാടിനെ ഇന്ന് അവതരിപ്പിക്കാൻ എംടിക്കാവുമോ.

സ്ത്രീവിരുദ്ധത ഈ സമൂഹത്തിൽ ഉള്ളതാണ്. കടുത്ത വർഗ്ഗീയത പുലർത്തുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ഇവരെ കഥാപാത്രമായി അവതരിപ്പിക്കാൻ എഴുതുന്ന ആർക്കും സ്വാതന്ത്ര്യമുണ്ട് എന്നു തന്നെയാണ് ഞാൻ കരുതുന്നത്. തീർച്ചയായും അവരെ അവതരിപ്പിക്കേണ്ടതു തന്നെയാണ്. എല്ലാ കഥാപാത്രങ്ങളും നല്ലവരായിരിക്കണം. നല്ലതായി സംസാരിക്കണം. പൊളിറ്റിക്കലി സംസാരിക്കണം എന്നുവന്നാൽ കഥ മുന്നോട്ടു പോകില്ല.

ഈ നോവലിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന വിമർശനങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു. 'ആ കഥാപാത്രം സ്ത്രീവിരുദ്ധൻ ആയിരിക്കാം. അത്രയേയുള്ളു. അതിനു ഞാൻ സ്ത്രീ വിരുദ്ധനാണെന്ന് അർത്ഥമില്ലല്ലോ. സ്ത്രീ വിരുദ്ധ കഥാപാത്രത്തെ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എല്ലാ കഥാപാത്രവും ഫെമിനിസം സംസാരിക്കണമെന്ന് പറയാനാവില്ലല്ലോ.-

മുകുന്ദനും ഒ.വി വിജയനും സക്കറിയയയും വികെഎന്നും അടക്കമുള്ളവർ എത്രയോ തവണ സമാനമായ വിഷയങ്ങൾ കൈകാര്യം ചെയ്്തിട്ടുണ്ട്. കൃഷ്ണനെ തൊഴാൻ എന്താണ് സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് എന്നതിന് വികെഎന്നിന്റെ കഥാപാത്രം ചോദിക്കുമ്പോൾ പറയുന്നത്- 'തരാവാനുള്ള ത്വരയാന്നാണ്'. അന്നൊന്നും വിമർശനങ്ങൾ വരാത്തത് മലയാളികളുടെ വായനാ നിലവാരം ഉയർന്നതായതു കൊണ്ടാണ്. പക്ഷേ ഇന്ന് അതല്ല സ്ഥിതി.- ഇതായിരുന്നു ഹരീഷ് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP