Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രികൾ അടച്ചിടില്ല; നഴ്സുമാരുടെ സമരം നിയമവിരുദ്ധവും അന്യായവുമെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ്; ശമ്പള വർധന ആവശ്യപ്പെടുന്നവരിൽ പലരും ഒരു സിറിഞ്ച് പോലും വെയ്ക്കാൻ അറിയാത്തവർ; സർക്കാർ താങ്ങാനാവാത്ത ശമ്പള വർധനവ് അടിച്ചേൽപ്പിച്ചാൽ ജനങ്ങളെ പിഴിയാൻ നിർബന്ധിതരാവും; സൗകര്യമുണ്ടേൽ ആശുപത്രിയിൽ വന്നാൽ മതിയെന്നും ആശുപത്രി മുതലാളി

ആശുപത്രികൾ അടച്ചിടില്ല; നഴ്സുമാരുടെ സമരം നിയമവിരുദ്ധവും അന്യായവുമെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ്; ശമ്പള വർധന ആവശ്യപ്പെടുന്നവരിൽ പലരും ഒരു സിറിഞ്ച് പോലും വെയ്ക്കാൻ അറിയാത്തവർ; സർക്കാർ താങ്ങാനാവാത്ത ശമ്പള വർധനവ് അടിച്ചേൽപ്പിച്ചാൽ ജനങ്ങളെ പിഴിയാൻ നിർബന്ധിതരാവും; സൗകര്യമുണ്ടേൽ ആശുപത്രിയിൽ വന്നാൽ മതിയെന്നും ആശുപത്രി മുതലാളി

കെ സി റിയാസ്

കോഴിക്കോട്: നഴ്സുമാർക്ക് ന്യായമായ ശമ്പള വർധനവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ നടത്താനിരിക്കുന്ന സമരത്തിൽ നിന്ന് നഴ്സുമാരുടെ സംഘടന പിന്മാറണമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെ പി എച്ച് എ) ഭാരവാഹികൾ. സമരം അനാവശ്യവും അനവസരത്തിലുള്ളതും നിയമവിരുദ്ധവുമാണ്. സമരത്തെ നേരിടാൻ ആശുപത്രികൾ അടച്ചിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സാമ്പത്തിക സ്ഥിതി പൂർണമായും അനുവദിക്കാതിരുന്നിട്ടും ഐ ആർ സി ആവശ്യപ്പെട്ട ശമ്പളം നൽകാൻ മാനേജ്മെന്റുകൾ തയ്യാറായിട്ടും സമരവുമായി നഴ്സുമാർ മുന്നോട്ടുപോകുന്നത് ദൗർഭാഗ്യകരമാണെന്നും ഭാരവാഹികൾ അറിയിച്ചു.

നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തിൽ 60 ശതമാനം വർധനവാണ് മൂന്നു മന്ത്രിമാരുടെയും നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചേർന്ന ഐ ആർ സി (ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി) യോഗത്തിൽ തീരുമാനിച്ചത്. ഈ നിർദ്ദേശം ആശുപത്രി ചെലവുകൾ വർധിപ്പിക്കുമെങ്കിലും നഴ്സുമാർക്ക് മാന്യമായ ശമ്പളം ലഭിക്കുന്നതിനു വേണ്ടി സമ്മതിക്കുകയാണുണ്ടായതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. ഹുസൈൻകോയ തങ്ങൾ, ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവർ വ്യക്തമാക്കി. സർക്കാരിനെയും കേരള ഹൈക്കോടതി വിധിയെയും മാനിക്കാതെ സമരം തുടരാനുള്ള അസോസിയേഷൻ തീരുമാനം ദൗർഭാഗ്യകരമാണ്.

ഈ മാസം 17 മുതൽ ആശുപത്രികൾ പൂർണമായി ബഹിഷ്‌കരിക്കാനാണ് നഴ്സുമാരുടെ സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികൾ അടച്ചിടുന്ന പ്രശ്നമില്ല. എല്ലാ നഴ്സുമാരും പണിമുടക്കിയാലും അത്യാവശ്യ സർവീസുകൾ നിർബന്ധമായും മറ്റുള്ളവ സാധ്യമായ നിലയിലും പ്രവർത്തിപ്പിക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, പിജി വിദ്യാർത്ഥികൾ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവരുടെ സേവനത്തോടെ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകും. അത്യാഹിത വിഭാഗമുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും രോഗികൾക്ക് ലഭ്യമാക്കും. ഇനിയൊരു ശമ്പള വർധന ഇപ്പോൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

അതിനിടെ, ശമ്പള വർധനയുമായി ബന്ധപ്പെട്ട നഴ്സുമാരുടെ പ്രശ്നങ്ങളിൽ മാധ്യമപ്രവർത്തകരിൽനിന്ന് മറുചോദ്യങ്ങൾ ഉയർന്നപ്പോൾ ആശുപത്രി മാനേജ്മെന്റിലെ ചിലർക്കത് ദഹിച്ചില്ല. ഒരാൾ തന്നെ കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും മറ്റുള്ളവർക്കും അവസരം നൽകണമെന്ന് വിശദീകരണങ്ങൾക്കിടെ ഒരു ആശുപത്രി ഉടമ വ്യക്തമാക്കിയപ്പോൾ, ചോദ്യങ്ങൾ ആര് ചോദിക്കണമെന്നത് അവരവരുടെ ഇഷ്ടമാണെന്നും മുൻ ചോദ്യങ്ങളിൽ വ്യക്തതയുള്ള മറുപടിയാണ് വേണ്ടതെന്നും മാധ്യമപ്രവർത്തകർ പ്രതികരിച്ചു.

തുടർന്ന് മാധ്യമപ്രവർത്തകരിൽനിന്ന് വീണ്ടും കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ 'നിങ്ങൾക്ക് സൗകര്യമുണ്ടേൽ വന്നാൽ മതി' എന്നായി ഒരു ആശുപത്രി ചെയർമാന്റെ മറുപടി. ഈ പ്രസ്താവന തിരുത്തണമെന്നും ധിക്കാരപരമാണെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പ്രസ്താവന ആവർത്തിച്ചു. അതോടെ 'സൗകര്യമുണ്ടേൽ വന്നാൽ മതി'യെന്ന വാദത്തോട് ഡയസിലുള്ള മറ്റു ആശുപത്രി അധികൃതർക്കും യോജിപ്പാണോ എന്നു ചോദിച്ചപ്പോൾ അങ്ങനയല്ലെന്ന നിലയിലായി വിശദീകരണം.

ചില സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിയുകയാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം പ്രസ്താവനകൾ പിൻവലിക്കണമെന്ന് ഒരു ആശുപത്രി മുതലാളി പറഞ്ഞപ്പോൾ, സർക്കാർ ഇവ്വിധം തങ്ങൾക്കു താങ്ങാനാവാത്ത വിധത്തിലുള്ള ശമ്പള വർധന അടിച്ചേൽപ്പിച്ചാൽ അത് ജനങ്ങളെ പിഴിയാൻ നിർബന്ധിതമാക്കുന്ന സാഹചര്യമാണുണ്ടാക്കുകയെന്നായി മറ്റൊരു മുതലാളി.

ശമ്പള വർധനവ് ആവശ്യപ്പെടുന്ന പല നഴ്സുമാരും ഒരു സിറിഞ്ച് പോലും വെയ്ക്കാൻ അറിയാത്തവരാണെന്ന് വേറൊരു ആശുപത്രി എം ഡി വിശദീകരിച്ചപ്പോൾ ഇങ്ങനെയാണെങ്കിൽ എന്തു ധൈര്യത്തിലാണ് പൊതുജനങ്ങൾ ആശുപത്രിയിലേക്കു വരികയെന്നും നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങുന്ന നഴ്സിങ് വിദ്യാർത്ഥികൾക്ക് എന്തുകൊണ്ടാണ് ഇത്തരമൊരു ദുർഗതിയുണ്ടായതെന്നും മാധ്യമപ്രവർത്തകർ തിരിച്ചു ചോദിച്ചു. അതോടെ, എല്ലാ ആശുപത്രികളിലും മതിയായ പരിശീലനം പൂർത്തിയാക്കിയ നഴ്സുമാരെ പൂർണമായും ലഭിക്കാത്ത സാഹചര്യമുണ്ടെന്നായി ഔദ്യോഗിക വിശദീകരണം. ആശുപത്രികളിൽ കച്ചവടവും കരിഞ്ചന്തയുമാണ് നടക്കുന്നതെന്ന നിലയ്ക്കുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സമരക്കാർക്കു നേരെ എസ്മ പ്രയോഗിക്കണോ വേണ്ടയോ എന്നത് സർക്കാറും കോടതിയും തീരുമാനിക്കട്ടെ. ജൂലൈ 20ന് ചേരുന്ന ഐ ആർ സി യോഗം എന്തു തീരുമാനമാണ് കൈക്കൊള്ളുക എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും ഭാരവാഹികൾ പ്രതികരിച്ചു.

നഴ്സുമാരുടെ സമരം ആരോഗ്യ സേവന രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കും. വൈറൽ പനി പോലുള്ള അസുഖങ്ങൾ മൂലം സംസ്ഥാനത്ത് ജനം പൊറുതിമുട്ടുമ്പോൾ നഴ്സുമാർ ആശുപത്രികൾ പൂർണമായി ബഹിഷ്‌ക്കരിക്കുന്നത് ആശങ്ക ഉണർത്തുന്നതാണ്. നഴ്സുമാർ സമരം നടത്തിയാലും പി ജി വിദ്യാർത്ഥികളെയും മറ്റും ഒപ്പം നിർത്തി ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി സേവനങ്ങൾ നൽകും. ഡോക്ടർമാരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും സഹകരണം ഉറപ്പ് നൽകിയിട്ടുണ്ട്.

നഴ്സുമാരുടെ ശമ്പളത്തിൽ 60 ശതമാനത്തിന്റെ വർധനവ് വരുത്താൻ സംസ്ഥാന തൊഴിൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു വിഭാഗത്തിനും ഒറ്റയടിക്ക് 60 ശതമാനത്തിന്റെ ശമ്പള വർധനവ് ഉണ്ടായിട്ടില്ല. 20 കിടക്കയിൽ താഴെയുള്ള ആശുപത്രികളിലെ ജനറൽ നഴ്സുമാർക്ക് 8175 രൂപയായിരുന്നു നേരത്തെ ശമ്പളം. ഇപ്പോഴത് 17200 രൂപയായി വർധിച്ചു. 21 മുതൽ 100 കിടക്കൾ വരെയുള്ള ആശുപത്രികളിൽ 19800 രൂപ, 101 മുതൽ 300 വരെയുള്ള ആശുപത്രികളിൽ 20014 രൂപ, 301 മുതൽ 500 കിടക്കൾ വരെയുള്ളിടത്ത് 20980 രൂപ എന്നിങ്ങനെയാണ് ശമ്പള വർധനവുണ്ടായിരിക്കുന്നത്. രാജ്യത്ത് ഡൽഹിയോട് കിടപിടിക്കുന്ന ശമ്പള വർധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

വലിയ പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും സർക്കാർ തീരുമാനിച്ച ഈ ശമ്പള വർധനവ് ആംഗീകരിക്കാൻ മാനേജ്മെന്റുകൾ തയ്യാറാണ്. എന്നാൽ ഹൈക്കോടതിയെയും സംസ്ഥാന സർക്കാറിനെയും മാനിക്കാതെ സമരവുമായി മുന്നോട്ട് പോകാനുള്ള നഴ്സിങ് അസോസിയേഷന്റെ തീരുമാനം തിരുത്തണം. നഴ്സുമാരുടെ ബാങ്ക് അക്കൗണ്ടിൽ ശമ്പളമായി ഒരു തുക ഇടുകയും പിന്നീട് ഇതിൽ നിന്ന് കുറച്ച് തിരിച്ച് വാങ്ങുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും ആശുപത്രികളിൽ ഇത്തരം രീതികൾ ഉണ്ടെങ്കിൽ ഇതിനെതിരെ ലേബർ കമ്മിഷനെ സമീപിക്കാവുന്നതാണ്.

അത്തരം ആശുപത്രികൾക്കെതിരായ നിയമ നടപടിക്ക് നഴ്സുമാർക്ക് എല്ലാവിധ പിന്തുണയുമുണ്ടാകും. 2013-ൽ തീരുമാനിച്ച മിനിമം വേജസിൽ കുറഞ്ഞ ശമ്പളം ഒരു ആശുപത്രിയും നൽകുന്നില്ലെന്നും ഭാരവാഹികൾ വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ സ്റ്റാർ കെയർ ഹോസ്പിറ്റൽ എം ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട്, ബേബി ഹോസ്പിറ്റൽ ചെയർമാൻ ഡോ. അലക്സാണ്ടർ ജേക്കബ്, കാർഡിയാക് ഹോസ്പിറ്റൽ മാനേജിങ് ഡയരക്ടർ ഡോ. പി പി മുഹമ്മദ് മുസ്തഫ, മലബാർ ഹോസ്പിറ്റൽസ് എംഡി ഡോ. പി എ ലളിത, ശിഫ ഹോസ്പിറ്റൽ എം ഡി ഡോ. മുഹമ്മദ് ഹനീഫ, ഡോ. ജയ്കിഷ് ജയരാജ് എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP