Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂണുകൾ പോലെ കെട്ടിടങ്ങൾ പണിതുയർത്തുമ്പോഴും ബാംഗ്ലൂരിലെ നിംഹാൻസ് ആശുപത്രിയിൽ ആവശ്യത്തിന് നഴ്സുമാരില്ല; 1200 നഴ്സുമാർ വേണ്ടിടത്ത് ജോലി ചെയ്യുന്നത് വെറും 440 നഴ്സുമാർ; ഡബിൾ ഡ്യൂട്ടിയും ഓവർ ടൈം ചെയ്ത് മടുത്ത നഴ്സുമാർ ജോലി നിർത്തി സമരത്തിലേക്ക്: കേന്ദ്ര സർക്കാരിൽ നിന്ന് വേണ്ടത്ര ഫണ്ട് കിട്ടിയിട്ടും പുതിയ നിയമനം നടത്താതെ കെട്ടിടങ്ങൾ പണിതുയർത്തുന്നതിന് പിന്നിൽ ഫണ്ട് തട്ടിപ്പെന്നും സംശയം

കൂണുകൾ പോലെ കെട്ടിടങ്ങൾ പണിതുയർത്തുമ്പോഴും ബാംഗ്ലൂരിലെ നിംഹാൻസ് ആശുപത്രിയിൽ ആവശ്യത്തിന് നഴ്സുമാരില്ല; 1200 നഴ്സുമാർ വേണ്ടിടത്ത് ജോലി ചെയ്യുന്നത് വെറും 440 നഴ്സുമാർ; ഡബിൾ ഡ്യൂട്ടിയും ഓവർ ടൈം ചെയ്ത് മടുത്ത നഴ്സുമാർ ജോലി നിർത്തി സമരത്തിലേക്ക്: കേന്ദ്ര സർക്കാരിൽ നിന്ന് വേണ്ടത്ര ഫണ്ട് കിട്ടിയിട്ടും പുതിയ നിയമനം നടത്താതെ കെട്ടിടങ്ങൾ പണിതുയർത്തുന്നതിന് പിന്നിൽ ഫണ്ട് തട്ടിപ്പെന്നും സംശയം

മറുനാടൻ മലയാളി ഡസ്‌ക്

ബാംഗ്ലൂർ: കേന്ദ്ര സർക്കാരിന്റെ ഫണ്ട് വേണ്ടു വോളം കിട്ടിയിട്ടും ബാംഗ്ലൂർ നിംഹാൻസ് ആശുപത്രിയിൽ ആവശ്യത്തിന് നഴ്‌സുമാരില്ല. ഇതേ തുടർന്ന് ഇന്നലെ മുതൽ ഇവിടുത്തെ ആശുപത്രിയിലെ നഴ്‌സുമാർ ജോലി നിർത്തി സമരത്തിനിറങ്ങി. എമർജൻസി കേസുകൾ ഒഴിച്ച് മറ്റൊരു രോഗികളെയും നോക്കില്ലെന്ന് അറിയിച്ച ശേഷമാണ് നഴ്‌സുമാർ സമരവുമായി രംഗത്ത് ഇറങ്ങിയത്.

1900 ബെഡുകൾ ഉള്ള ആശുപത്രിയിൽ വെറും 440 നഴ്‌സുമാരാണുള്ളത്. 1200 നഴ്‌സൂമാർ വേണ്ട സ്ഥാനത്താണ് വെറും 440 നഴ്‌സുമാരെ വെച്ച് ആശുപത്രി അധികൃതർ കാര്യങ്ങൾ നടത്തുന്നത്. നിലവിൽ ആശുപത്രിയിൽ 838 നഴ്‌സുമാരുടെ കുറവാണ് ഉള്ളത്. ഇത്രയം നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടുമ്പോഴും ഉള്ള സ്റ്റാഫിനെ വെച്ച് കാര്യങ്ങൾ നീക്കാനാണ് ആശുപത്രി അധികൃതരുടെ നീക്കം. ഇതോടെ ശ്വാസം വിടാൻ പോലും സമയം കിട്ടാത്ത നഴ്‌സുമാർ ഒടുവിൽ സമരത്തിനിറങ്ങാൻ തീരുമാനിക്കുക ആയിരുന്നു.

വേണ്ടത്ര നഴ്‌സുമാർ ഇല്ലാത്തപ്പോൾ ന്യൂറോ സെന്റർ ബിൽഡിങിൽ പുതിയ ഓപ്പറേഷന് തിയറ്റർ കൂടി തുറന്ന ന്യൂറോസർജറി ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനമാണ് നഴ്‌സുമാരെ ജോലി നിർത്തി സമരത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. പുതുതായി തുറന്ന ഓപ്പറേഷൻ തിയറ്ററിലേക്ക് 12 നഴ്‌സിങ് സ്റ്റാഫുകളെയാണ് ആവശ്യമായുള്ളത്. ഇവരിൽ ഒരാളെ പോലും എടുക്കാതെയാണ് പുതിയ തിയറ്റർ തുറന്നത്. നിലവിൽ ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാതെ പരക്കം പായുന്ന നഴ്‌സുമാർക്ക് പുതിയ ജോലിയും കൂടി താങ്ങാനാവാതായതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ നഴ്‌സുമാർ ഒന്നടങ്കം തീരുമാനിച്ചത്.

അസുഖം വന്നാൽ സിക്ക് ലീവ് പോലും എടുക്കാൻ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ള ഓരോ നഴ്‌സുമാർക്കും. വർദ്ധിച്ചു വരുന്ന രോഗികളും ആവശ്യത്തിന് നഴ്‌സുമാരുടെ അഭാവവും നിലിവിലുള്ള നഴ്‌സുമാരെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഇന്നലെ സമരത്തിനിറങ്ങിയ നഴ്‌സുമാർ സെക്കൻഡ് ഷിഫ്റ്റിലും ജോലി ചെയ്യാൻ തയ്യാറായില്ല. തുടർന്ന് ഓപ്പറേഷൻ തിയറ്റർ തുറക്കില്ലെന്ന് വകുപ്പ് തലവൻ വാക്കാൽ ഉറപ്പ് നൽകി എങ്കിലും അതും പാലിക്കപ്പെട്ടില്ല. തുടർന്ന് സമരത്തിനിറങ്ങി എന്ന് ആരോപിച്ച് നഴ്‌സുമാർക്ക് മെമോ നൽകി. ഇതോടെ നഴ്‌സുമാർ ഒന്നടങ്കം വാർഡിൽ നിന്നും ഇറങ്ങി നിന്നു. തുടർന്ന് ഓപ്പറേഷൻ തിയറ്റർ അടച്ചിടുകയും മെമോ പിൻവലിക്കുകയും ചെയ്തു.

മറ്റ് ജനറൽ ആശുപത്രികളിൽ നിന്നും വ്യത്യസ്തമായി നിംഹാൻസിലെ നഴ്‌സുമാർക്ക് വളരെ അധികം ജോലിഭാരമാണുള്ളത്. വർഷങ്ങളായി ഇവിടെ നഴ്‌സുമാരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. ഇത്രയധികം നഴ്‌സുമാരുടെ കുറവ് നിലവിലുള്ള നഴ്‌സുമാരുടെ ജോലി ഭാരം കൂട്ടുന്നതിനൊപ്പം രോഗികൾക്ക് ലഭിക്കേണ്ട പരിചരണത്തെയും ബാധിക്കുന്നുണ്ട്. നിലവിലുള്ളതും മുൻപ് ഉണ്ടായിരുന്നതുമായ ഭരണാധികാരികളുമായി നിരവധി തവണ ചർച്ച നടത്തുകയും സ്റ്റാഫുകളുടെ എണ്ണത്തിലെ കുറവ് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതൊന്നും ഫലം കാണാതായതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനമായത്.

പുതിയ പുതിയ കെട്ടിടങ്ങൾ പണിയുന്നതിനും ഓപ്പറേഷൻ തിയറ്ററുകൾ പണിയുന്നതിനും എല്ലാം സർക്കാരിൽ നിന്നും പണം എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുമ്പോഴും എന്തേ സ്റ്റാഫുകളെ എടുക്കുന്നതിൽ മാത്രം മടികാണിക്കുന്നതെന്നും നഴ്‌സുമാർ ചോദിക്കുന്നു. ഇതിന്റെ പിന്നിൽ സർക്കാറിന്റെ ഫണ്ടിലുള്ള തിരിമറി നടക്കുന്നതായും സംശയമുണ്ട്.

കേന്ദ്ര സർക്കാരിന്റെ പണം ധാരാളം കിട്ടുന്ന ആശുപത്രിയിൽ എത്തുന്ന രോഗികളിൽ കൂടുതലും മലയാളികൾ ആണ്. ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാരിൽ 65 ശതമാനത്തോളവും മലയാളി നഴ്‌സുമാരുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP