Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒബ്റോൺ മാളിൽ ചിതറിയ ആ തീപ്പൊരി വലിയൊരു ആപത്തിന്റെ വെറും സൂചന മാത്രം; സംസ്ഥാനത്തെ മിക്ക വൻകിട മാളുകളും പ്രവർത്തിക്കുന്നത് മതിയായ അഗ്നിശമന സൗകര്യങ്ങളില്ലാതെ; ഇതു തന്നെയാണ് അന്ന് ഫയർഫോഴ്സ് മേധാവിയായിരിക്കേ ജേക്കബ് തോമസ് പറഞ്ഞതും; കെട്ടിടമാഫിയ വാളെടുത്തതും

ഒബ്റോൺ മാളിൽ ചിതറിയ ആ തീപ്പൊരി വലിയൊരു ആപത്തിന്റെ വെറും സൂചന മാത്രം; സംസ്ഥാനത്തെ മിക്ക വൻകിട മാളുകളും പ്രവർത്തിക്കുന്നത് മതിയായ അഗ്നിശമന സൗകര്യങ്ങളില്ലാതെ; ഇതു തന്നെയാണ് അന്ന് ഫയർഫോഴ്സ് മേധാവിയായിരിക്കേ ജേക്കബ് തോമസ് പറഞ്ഞതും; കെട്ടിടമാഫിയ വാളെടുത്തതും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെട്രോ നഗരമായ കൊച്ചിയെ നടുക്കിയ തീപിടുത്തമാണ് ഇന്ന് പാലാരിവട്ടത്തെ ഒബ്‌റോൺ മാളിലുണ്ടായ തീപിടുത്തം. അഗ്നിബാധയിൽ ഒരു നില മുഴുവൻ കത്തി നശിക്കുകയുണ്ടായി. ഭാഗ്യം ഒന്നു കൊണ്ട് മാത്രവും അഗ്നിശമന സേനയുടെ ജീവൻ പണയപ്പെടുത്തിയുള്ള പ്രവർത്തനവും ഒന്നുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവാക്കാൻ ഇടയാക്കിയത്. ഫുഡ്‌കോർട്ടിലെ അടുക്കളയിൽ നിന്നും തീപടർന്നുവെന്ന് അറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ അണക്കാൻ ഉള്ളിലേക്ക് പോകാൻ മാർഗ്ഗങ്ങളുണ്ടായില്ല.

തീ പിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ തീ അണയ്ക്കാൻ മാളുകളിൽ സ്ഥാപിക്കുന്ന സ്പ്രിങ്ലറിന്റെ ക്യാപ് നീക്കം ചെയ്തിട്ടില്ലാത്ത നിലയിലായിരുന്നു എന്ന് ചില സന്ദർശകർ അഭിപ്രായപ്പെട്ടു. ഇതും തീ പടരാൻ കാരണമായതായി സംശയിക്കുന്നുണ്ട്. ഫയർ ഫൈറ്റിങ്ങ് സിസ്റ്റം, സ്മോക്ക് എക്സ്ട്രാക്ഷൻ, സ്മോക്ക് ഡിറ്റക്ഷൻ, ഫയർ ഡിറ്റക്ഷൻ, ഫയർ സപ്രഷൻ സിസ്റ്റം എന്നിവയാണ് ഒരു കെട്ടിടത്തിനെ തീ പിടുത്തത്തിൽ നിന്നും രക്ഷിക്കുന്നത്. കെട്ടിടത്തിന് എൻഒസ് വേണമെങ്കിൽ ഈ സംവിധാനങ്ങൾ കെട്ടിടത്തിൽ ഉണ്ട് എന്നത് അധികൃതർക്ക് ബോധ്യപ്പെടണം. എന്നാൽ ഒബ്റോൺ മാളിന്റെ കാര്യത്തിൽ എൻഒസി ലഭിക്കുന്ന അവസരത്തിൽ ഇതെല്ലാം സജ്ജമാക്കുകയും, എന്നാൽ പിന്നീട് ഇത് വേണ്ടവിധത്തിൽ മെയിന്റെയിൻ ചെയ്യാത്തതോ, അതിന്റെ പവർ ഓഫായതോ ആണ് ഈ കനത്ത നാശനഷ്ടത്തിന് വഴിയൊരുക്കിയതെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്.

സന്ദർശകരെ മുഴുവൻ ഒഴിപ്പിച്ചത് മൂലം ആളപായമുണ്ടായില്ല. സ്ഥലത്ത് പുക പടരുന്നതിനാൽ പ്രദേശവാസികളെ ആശങ്കയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സിനെ അറിയിച്ച ശേഷം പ്രദേശവാസികളും, ഒബറോൺ മാൾ സെക്യൂരിറ്റി ജീവനക്കാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ശേഷം ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് വണ്ടികൾ വന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഒബ്‌റോൺ മാളിലുണ്ടായ അപകടം ഒരാനിരിക്കുന്ന വലിയൊരു ആപത്തിന്റെ സൂചന മാത്രമാണ്. കാരണം കേരളത്തിലെ ചെറുതും വലുതുമായി നഗരങ്ങളിൽ അങ്ങോളമിങ്ങോളും മാളുകൾ നിർമ്മിക്കുന്നുണ്ട്. ഇവിടങ്ങളിൽ പലപ്പോഴും അഗ്നിശമന സൗകര്യങ്ങൾ കുറവാണ്.

ഇക്കാര്യം വ്യക്തമാക്കി മാളുകളുടെ സുരക്ഷാ അനുമതിയിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നത് ജേക്കബ് തോമസ് ഫയർഫോഴ്‌സ് മേധാവി ആയിരിക്കവേയാണ്. വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ ഫയർഫോഴ്‌സിന്റെ സുരക്ഷാ അനുമതി നിർബന്ധമാക്കിയിരുന്നു. കോഴിക്കോട് രവി പിള്ളയുടെ ആർപി മാളിൽ അടക്കം അഗ്നിബാധയുണ്ടായാൽ രക്ഷാപ്രവർത്തനം എളുപ്പം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാളുകൾക്ക് പുറമേ വൻകിട ഫ്‌ലാറ്റ് സമുച്ഛയങ്ങളുടെയും അവസ്ഥ ഇതായിരുന്നു.

കേന്ദ്രസർക്കാറിന്റെ സിവിൽ ഡിഫൻസ് ആക്ട് 1968 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന മേഖലകളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളായിരുന്നു ജേക്കബ് തോമസ് കൈക്കൊണ്ടിരുന്നത്. കോഴിക്കോട്ടെ മാവൂർ റോഡിലെ ആർ.പി മാളിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അഗ്നിശമന സേന നിലപാട് എടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് മാളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ കോഴിക്കോട് കോർപറേഷനോടും ജില്ലാ കളക്ടറോടും അഗ്നിശമന സേന ആവശ്യപ്പെട്ടത്. പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥയിലുള്ള ആർപി മാൾ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് അഗ്നിശമനസേന റിപ്പോർട്ടും നൽകി.

മാളിൽ പ്രവർത്തിക്കുന്ന പി.വി എസ് തിയറ്റർ പ്രവർത്തിക്കുന്നത് ഫയർ എക്സിറ്റുകൾ പൂർണമായും അടച്ചാണ്. തിയറ്ററിൽ തീപിടുത്തമുണ്ടായാൽ പുറത്ത് കടക്കാൻ എമർജൻസി എക്സിറ്റ് ഇല്ലെന്നു മാത്രമല്ല തീയണയ്ക്കാനുള്ള സംവിധാനവുമില്ലെന്ന കാര്യം റിപ്പോർട്ടിലുണ്ടായിരുന്നു. ജേക്കബ് തോമസ് എത്തും മുൻപും ഫയർഫോഴ്സിൽ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും ഫയർഎഞ്ചിൻ പോകാനുള്ള സ്ഥലം ഉണ്ടെങ്കിലേ അനുമതി നല്കാവൂവെന്ന നിയമം ഉണ്ടായിരുന്നു. പക്ഷെ ജേക്കബ് തോമസ് വന്ന ശേഷമാണ് ആ നിയമം പ്രവർത്തിച്ചു തുടങ്ങിയത്.

പന്ത്രണ്ട് മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളിൽ സ്വന്തമായി അഗ്നിശമന സംവിധാനം ഒരുക്കണമെന്ന അഗ്നിശമനസേനാ മേധാവിയുടെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പിലാക്കാൻ ആരും തയ്യാറായില്ല. ദേശീയ കെട്ടിടനിയമം നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മിക്ക ഫ്ലാറ്റ് നിർമ്മാതാക്കളും പാലിക്കുന്നില്ലെന്നാണ് ജേക്കബ് തോമസ് ചൂണ്ടിക്കാണിച്ചത്. അടിയന്തരസാഹചര്യങ്ങളിൽ ഫയർ സർവീസിന്റെ സൗകര്യങ്ങളുപയോഗിച്ച് മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കുമേൽ കയറാനാവില്ല. ഇതു തന്നെയാണ് ഒബ്‌റോൺ മാളിലെ രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതും.

തീയണക്കാൻ പ്രത്യേക വാട്ടർ ടാങ്ക്, ഫയർ, സ്മോക്, ഫ്യൂം അലാമുകൾ, ലിഫ്റ്റിന് സുരക്ഷാവാതിൽ എന്നിവ മിക്ക ഫ്‌ളാറ്റുകളിലും മാളുകളിലും വേണം. എന്നാൽ പലയിടത്തും ഇതല്ല അവസ്ഥ. അതുകൊണ്ട് തന്നെ അന്ന് ജേക്കബ് തോമസിന്റെ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞവർ വരുംകാലങ്ങളിൽ അപകടങ്ങളെയും ക്ഷണിച്ചുവരുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP