Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശുപത്രിയുടെ പേര് പരബ്രഹ്മം; നടക്കുന്നത് ചൂഷണവും; രോഗിയുടെ പക്കൽ നിന്നും 300 മുതൽ 1000 രൂപ നേഴ്‌സിങ് ഫീസ് ഈടാക്കും; മലാഖമാർക്ക് കൊടുക്കുന്ന അടിസ്ഥാന ശമ്പളം 3500 രൂപ; പത്ത് വർഷം സർവ്വീസുള്ളവർക്ക് കിട്ടുന്നത് 10000 രൂപയും; ചർച്ചയ്ക്ക് വിളിച്ചു പരിഹസിച്ച് ഓച്ചിറ ഭരണ സമിതി; ഓച്ചിറ പരബ്രഹമ ആശുപത്രിയിൽ ഇനി അനിശ്ചിതകാല സമരം

ആശുപത്രിയുടെ പേര് പരബ്രഹ്മം; നടക്കുന്നത് ചൂഷണവും; രോഗിയുടെ പക്കൽ നിന്നും 300 മുതൽ 1000 രൂപ നേഴ്‌സിങ് ഫീസ് ഈടാക്കും; മലാഖമാർക്ക് കൊടുക്കുന്ന അടിസ്ഥാന ശമ്പളം 3500 രൂപ; പത്ത് വർഷം സർവ്വീസുള്ളവർക്ക് കിട്ടുന്നത് 10000 രൂപയും; ചർച്ചയ്ക്ക് വിളിച്ചു പരിഹസിച്ച് ഓച്ചിറ ഭരണ സമിതി; ഓച്ചിറ പരബ്രഹമ ആശുപത്രിയിൽ ഇനി അനിശ്ചിതകാല സമരം

കൊല്ലം: സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റൽ മാനേജ്‌മെന്റ് യു.എൻ.എ നേതാക്കളെ ചർച്ചയ്‌ക്കെക്കെന്ന പേരിൽ വിളിച്ച് വരുത്തുകയും അപമാനിക്കുകയും ചെയ്തു. ഡ്യൂട്ടി സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടും നടപ്പിലാക്കത്തതിനെ തുടർന്ന് ഇന്നലെ യുഎൻ.എയുടെ നേതൃത്വത്തിൽ സമരം തുടങ്ങാനായി തീരുമാനമെടുത്തിരുന്നു. എന്നാൽ ഹോസ്പിറ്റലിന്റെ ചുമതലക്കാരായ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ പ്രസിഡന്റ് യു.എൻ.എ പ്രതിനിധികളെ ബന്ധപ്പെട്ട് സമരം നടത്തരുതെന്നും ചർച്ച നടത്തി രമ്യമായി പരിഹരിക്കാമെന്നും അറിയിച്ചു.

ഇതിനെ തുടർന്ന് യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷും കൊല്ലം ജില്ലാ പ്രസിഡന്റ് മുകേഷ്, ട്രെഷറർ ഐശ്വര്യ തുടങ്ങിയവർ ക്ഷേത്ര കാര്യാലയത്തിൽ ചർച്ചയ്ക്കായി എത്തി. ഭരണ സമിതി പ്രസിഡന്റും സെക്രട്ടറിയും മറ്റൊരാളും മാത്രമേ ഈ സമയം ഉണ്ടായിരുന്നുള്ളൂ. ചർച്ച തുടങ്ങാം എന്ന് യുഎൻ.എ പ്രതിനിധികൾ പറഞ്ഞപ്പോൾ ചർച്ചയ്ക്കല്ല നിങ്ങളെയൊക്കെ കാണാനാണ് വരാൻ പറഞ്ഞതെന്ന് പ്രസിഡന്റ് പറയുകയായിരുന്നു.

കൂടാതെ ഹോസ്പ്പിറ്റലിൽ യു.എൻ.എ ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കാൻ ഇപ്പോൾ സാധ്യമല്ല എന്നും പഴയ ഭരണ സമിതി ചെയ്തിട്ടില്ലാത്ത ഒരു കാര്യവും പുതിയ ഭരണസമിതി ചെയ്യില്ല എന്നും പറഞ്ഞു. ഇതോടെ ഡ്യൂട്ടി സമയ പരിഷ്‌ക്കാരത്തോടൊപ്പം ഇ.എസ്.ഐ, പി.എഫ്, സർക്കാർ നടപ്പിലാക്കിയ ശമ്പള വർദ്ധനവ്, ശമ്പളം ബാങ്ക് അക്കൗണ്ട് വഴി തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.എൻ.എ 25 മുതൽ സമരം ആരംഭിക്കുവാൻ തീരുമാനിച്ചത്. ഹോസ്പിറ്റലിലെ 78 രജിസ്റ്റേർഡ് നഴ്‌സുമാരും സമരത്തിലിറങ്ങുമെന്ന് യു.എൻ.എ ഓച്ചിറ യൂണിറ്റ് പ്രസിഡന്റ് ശ്രീകല മറുനാടൻ മലയാളിയോട് പറഞ്ഞു.

ഹോസ്പിറ്റലിൽ നഴ്‌സുമാർക്ക് കടുത്ത അവഗണനയും അധിക ജോലി ഭാരവുമാണ്. വേണ്ടത്ര ശമ്പളമില്ല കൂടാതെ ഇന്ത്യൻ നഴ്‌സിങ്ങ് കൗൺസിൽ പറഞ്ഞിരിക്കുന്ന ജോലി സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്യേണ്ട അവസ്ഥയാണ്. നിലവിൽ രണ്ട് ഷിഫ്റ്റ് മാത്രമേ ഇവിടെയുള്ളൂ. പകൽ ഡ്യൂട്ടി 9 മണിക്കൂറും രാത്രി ഡ്യൂട്ടി 16 മണിക്കൂറുമാണ്. പതിനാറു മണിക്കൂറിൽ അൽപ്പ സമയം പോലും വിശ്രമിക്കാൻ അനുവദിക്കില്ല. ഓരോ മണിക്കൂർ ഇടവിട്ട് ഹോസ്പിറ്റലിലെ സുരക്ഷാ ജീവനക്കാർ മാനേജ്‌മെന്റിന്റെ നിർദ്ധേശ പ്രകാരം സ്റ്റാഫുകൾ ഉണർന്നിരിക്കുകയാണ് എന്ന് ഉറപ്പു വരുത്താനായി രജിസ്റ്ററിൽ എല്ലാ വാർഡിലേയും നഴ്‌സുമാരുടെ ഒപ്പു വാങ്ങാറുണ്ട്. കൂടാതെ ഒരു മാസം 6 നൈറ്റ് മാത്രമേ ഇന്ത്യൻ നഴ്‌സിങ്ങ് കൗൺസിൽ പറഞ്ഞിട്ടുള്ളു.

നൈറ്റ് ഓഫും മറ്റൊരവധിയും നിഷ്‌ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഇവിടെ പാലിക്കുന്നില്ല. ഒരു നഴ്‌സിനെ പല ഡിപ്പാർട്ട്‌മെന്റുകളിലേക്ക് മാറ്റി നിയമിക്കുന്നത് ജോലിയെ സാരമായി ബാധിക്കുന്നുണ്ട്. വാർഡിൽ ഡ്യൂട്ടി നോക്കുന്നയാളെ നാളെ ഒപിയിലായിരിക്കും നിയമിക്കുക. അടുത്ത ദിവസം ലേബർ റൂമിൽ. പിന്നെ ഐ.സി.യുവിൽ ഇങ്ങനെ പോകുന്നു. ശമ്പളം നൽകുന്നതിന് കൃത്യമായ രസീതോ രേഖകളോ തരാറില്ല. അനാവശ്യമായി നഴ്‌സുമാരെ സൂപ്രണ്ടുമാർ പീഡിപ്പിക്കുന്നുണ്ട്. യാതൊരു തൊഴിൽ നിയമവും പാലിക്കാതെ നിയമങ്ങളൊക്കെ കാറ്റിൽ പറത്തി മുന്നോട്ട് പോകുന്ന ഹോസ്പ്പിറ്റൽ മാനേജ്‌മെന്റിനെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണ്. മുന്ന് ഷിഫ്റ്റ് നിലവിൽ കൊണ്ടുവരേണ്ടതും ആവശ്യമാണ്.

3500 രൂപയാണ് ഇവിടുത്തെ അടിസ്ഥാന ശമ്പളം. പത്ത് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് 10000 രൂപ വരെയാണ് ഇവിടെയും ശമ്പളം. പെർമനന്റ് സ്റ്റാഫുകൾക്ക് മാത്രം13000 രൂപ കിട്ടുന്നുണ്ട്. 18 രോഗികൾക്ക് ഇവിടെ ഒരു നേഴ്‌സ് നെയാണ് നൈറ്റ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. ഇത് മൂലം രോഗികൾക്ക് വേണ്ട രീതിയിൽ കെയർ നൽകാൻ പലപ്പോഴും നഴ്‌സുമാർക്ക് കഴിയുന്നില്ല. എങ്കിലും വിശ്രമമില്ലാതെ ഓരോ രോഗിയുടെ അടുത്തും ഇവർ ഓടിയെത്താറുണ്ട്. ഏറ്റവും തിരക്കുള്ള അത്യാഹിത വിഭാഗത്തിലും വേണ്ടത്ര സ്റ്റാഫ് നേഴ്‌സുമാർ ഇല്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ളവരുടെ നടു ഒടിയും. രണ്ട് ഷിഫ്റ്റ് മാത്രമാണ് ഇവിടെ. രാവിലെ 8.30 നാണ് ഡേ ഡ്യൂട്ടി ആരംഭിക്കുന്നത്. അഞ്ച് മണിക്കാണ് ഡ്യൂട്ടി തീരുന്നതെങ്കിലും 18 രോഗികളുടെ കേസ് ഷീറ്റ് ഹാൻഡ് ഓവർ ചെയ്തു കഴിയുമ്പോഴേക്കും ആറു മണിയാകും.

നൈറ്റ് 5 മണിക്ക് തുടങ്ങും 8.30 ന് കഴിയുമെങ്കിലും പത്ത് മണിയാകും ഇറങ്ങുമ്പോൾ. പന്ത്രണ്ട് മണിക്കൂർ നൈറ്റും 9 മണിക്കൂർ ഡേയും ചെയ്യുന്ന സ്റ്റാഫുകൾക്കാണ് പിച്ചക്കാശ് എന്ന രീതിയിൽ 3500 രൂപ വച്ചുനീട്ടുന്നത്. ഇവിടെ 5000 രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം നൽകുക. മറ്റുള്ളവർക്ക് ക്യാഷായി കൈയിൽ കൊടുക്കുകയാണ്. ഇങ്ങനെ കൊടുക്കുന്ന ശമ്പളത്തിന് യാതൊരു റസീപ്‌റ്റോ വൗച്ചറോ നൽകാറില്ലെന്ന് നേഴ്‌സുമാർ പറയുന്നു. നേഴ്‌സിങ്ങ് ചാർജ്ജ് ഇനത്തിൽ ദിവസം ഒരു രോഗിയുടെ പക്കൽ നിന്നും 300 മുതൽ 1000 രൂപ വരെ വാങ്ങുന്നുണ്ട്. നേഴ്‌സിങ്ങ് സൂപ്രണ്ട് മാനേജ്‌മെന്റുമായി അടുത്ത ബന്ധമുള്ളതിനാൽ നേഴ്‌സുമാരുടെ ആവശ്യങ്ങൾ ഇവർ ചെവിക്കൊള്ളാറില്ല. മാനേജ്‌മെന്റിനെതിരെ സംസാരിക്കുന്നവരെ നേരിടുന്നത് കൂടുതൽ നൈറ്റ് ഡ്യൂട്ടി നൽകിയും ലീവ് വെട്ടിക്കുറച്ചുമാണ്.

ഇന്നലെ സമരത്തിനായി അസീസിയ, കിംസ്, ഹോളിക്രോസ്, ഉപാസന, മെഡിസിറ്റി, വലിയത്ത് എന്നീ ആശുപത്രികളിലെ 150 ൽ പരം നഴ്‌സുമാർ പരബ്രഹ്മയിലെത്തിയിരുന്നു. പരബ്രഹ്മ ഹോസ്പിറ്റലിന് മുന്നിൽ യുഎൻ.എയുടെ കൊടിമരം സ്ഥാപിച്ച് കൊടിയുയർത്തിയതിന് ശേഷം സമര പ്രഖ്യാപനം നടത്തി മടങ്ങി. 25 ന് കൊല്ലം യു.എൻ.എയുടെ കീഴിലുള്ള മുഴുവൻ യൂണിറ്റുകളും ഓച്ചിറയലെത്തി സമരത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP