Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചെങ്ങന്നൂരുകാരെ രക്ഷിക്കാൻ ഏത് ദുരന്തത്തെയും നേരിട്ട് പരിചയമുള്ള 240 അംഗ വിദഗ്ധസംഘം ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി; രാജ്യത്തെ എല്ലാ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളം നൽകും; കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ സംസ്ഥാനങ്ങളും പണം നൽകി; ഖത്തർ സർക്കാറും ഷാർജ ഭരണാധികാരിയും സഹായം നൽകും

ചെങ്ങന്നൂരുകാരെ രക്ഷിക്കാൻ ഏത് ദുരന്തത്തെയും നേരിട്ട് പരിചയമുള്ള 240 അംഗ വിദഗ്ധസംഘം ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി; രാജ്യത്തെ എല്ലാ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളം നൽകും; കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ സംസ്ഥാനങ്ങളും പണം നൽകി; ഖത്തർ സർക്കാറും ഷാർജ ഭരണാധികാരിയും സഹായം നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടുത്ത പ്രളയത്തെ നേരിടുന്ന കേരളത്തിന് ആശ്വാസമേകാൻ വിവിധ കോണുകളിൽ നിന്നാണ് സഹായം പ്രവഹിക്കുന്നത്. സ്ഥിതിഗതികൾ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് വ്യക്തികളും സംസ്ഥാനങ്ങളും രാജ്യങ്ങളും കേരളത്തെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. സാമ്പത്തികമായും ഭക്ഷണമായും സാങ്കേതിക സഹായങ്ങളും കേരളത്തിന് വാഗ്ദാനം ചെയ്തത് വിവിധ സംസ്ഥാനങ്ങളുണ്ട്. ചെങ്ങന്നൂരിലാണ് ഇനി രക്ഷാപ്രവർത്തനം അവശേഷിക്കുന്നത്. അവിടേക്ക് സഹായവുമായി എത്തിയത് ഒഡീഷയിൽ നിന്നുള്ള വിദഗ്ധസംഘം എത്തിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ഒഡീഷയിൽനിന്നുള്ള 240 അംഗ ഫയർ ആൻഡ് റസ്‌ക്യൂ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. ഇവർ 120 പേരുള്ള രണ്ടു സംഘങ്ങളായി പ്രളയ ബാധിത മേഖലകളിലേക്കു തിരിച്ചു. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് 30 അംഗങ്ങളടങ്ങുന്ന എട്ടു ബറ്റാലിയൻ ഫയർ ആൻഡ് റസ്‌ക്യൂ സംഘം രണ്ടു വിമാനങ്ങളിലായി എത്തിയത്. ഇവർക്കായി സംസ്ഥാന സർക്കാർ പ്രത്യേക കെഎസ്ആർടിസി ബസുകൾ ഒരുക്കിയിരുന്നു. അതേസമയം മഴക്കെടുതിയെത്തുടർന്ന് 6,61,887 പേർ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടി. 3,446 ക്യാംപുകളിലായി താമസിക്കുന്നത് 1,69,935 കുടുംബങ്ങളാണ്. ഈ മാസം എട്ടു മുതൽ മഴക്കെടുതിയിൽ മരിച്ചത് 164 പേർ.

പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത് 133 ആളുകളാണ്. 380 വീടുകൾ പൂർണമായും 4,363 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നത്. 678 എണ്ണം. 48,158 കുടുംബങ്ങളിലെ 1,94,074 പേരാണ് ക്യാംപുകളിലുള്ളത്. റവന്യൂവകുപ്പിന്റെ വൈകുന്നേരം 3.30വരെയുള്ള കണക്കാണിത്.

പ്രളയക്കെടുതിയിലായ കേരളത്തിന് സഹായഹസ്തം നീട്ടി മറ്റു സംസ്ഥാനങ്ങൾ. അടിയന്തര ധനസഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരുകളും സഹായം നൽകിയത്. രാജ്യത്തെ എല്ലാ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് സംഭാവന നൽകുമെന്നു പാർട്ടി വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. ആംആദ്മി പാർട്ടി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ അറിയിച്ചു.

ധനസഹായത്തിനു പുറമെ രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ അഗ്‌നിശമന സേനാംഗങ്ങളുൾപ്പെടെയുള്ള സന്നാഹങ്ങൾ നൽകാമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികൾ സൗജന്യമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു നൽകാമെന്ന് കർണാടക ആർടിസിയും അറിയിച്ചു. പഞ്ചാബ് ഭക്ഷണപ്പൊതികൾ എത്തിക്കും.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് ഒരു മാസത്തെ ശമ്പളം കേരളത്തിന് നൽകും. മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാനും ഒരു മാസത്തെ ശമ്പളം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ എല്ലാ മന്ത്രിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകും. ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

സഹായിക്കാൻ ഖത്തർ സർക്കാറും

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ ഖത്തറും. ഖത്തർ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഖത്തർ ചാരിറ്റി കേരളത്തിനു സഹായമെത്തിക്കാൻ പ്രത്യേക പദ്ധതിക്കു രൂപം നൽകി. ദുരിതബാധിതരായ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണു ഖത്തർ ചാരിറ്റി രൂപം നൽകിയിട്ടുള്ളത്. കേരളത്തിലെ പ്രളയ ദുരന്തത്തിൽ കണക്കെടുക്കാൻ സാധിക്കാത്ത വിധത്തിൽ നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ടു. ദുരിത മൂലം ആയിരക്കണക്കിനു കുടുംബങ്ങളാണു വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടി വന്നിട്ടുള്ളത്. ഇവർക്കു സഹായമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണു ഖത്തർ ചാരിറ്റി രൂപം നൽകിയിട്ടുള്ളത്.

ഓൺലൈനായും ഖത്തർ ചാരിറ്റി കേന്ദ്രങ്ങൾ മുഖേനയും പദ്ധതിയിലേക്കു സഹായമെത്തിക്കാൻ സാധിക്കും. രക്ഷാ കേന്ദ്രങ്ങളൊരുക്കുക, പൊതുവായ സഹായം, ഭക്ഷണ, ഭക്ഷണേതര സാധനങ്ങൾ എത്തിക്കുക, മെഡിക്കൽ സഹായം എന്നീ ആവശ്യങ്ങൾക്കു വേണ്ടിയാണു സഹായം നൽകാനാവുക. വെബ്‌സൈറ്റ് https://www.qcharity.org/en/qa/campaign?campaignId=178.--

ഇത് കൂടാതെ പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാലുകോടി രൂപ സഹായധനം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടൻ കൈമാറുമെന്ന് അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സയീദ് മുഹമ്മദ് അറിയിച്ചു.

വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച സഹായധനം ചുവടെ:

തെലങ്കാന 25 കോടി രൂപ

മഹാരാഷ്ട്ര 20 കോടി

ഉത്തർപ്രദേശ് 15 കോടി

ഡൽഹി 10 കോടി

മധ്യപ്രദേശ് 10 കോടി രൂപ

രാജസ്ഥാൻ 10 കോടി

പഞ്ചാബ് 10 കോടി

ബിഹാർ 10 കോടി

ഹരിയാന 10 കോടി

ഛത്തീസ്‌ഗഡ് 10 കോടി

ഗുജറാത്ത് 10 കോടി

കർണാടക 10 കോടി

തമിഴ്‌നാട് അഞ്ച് കോടി

ജാർഖണ്ഡ് അഞ്ച് കോടി

ഒഡിഷ അഞ്ച് കോടി

ഹിമാചൽ പ്രദേശ് അഞ്ച് കോടി

ഉത്തരാഖണ്ഡ് അഞ്ചു കോടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP