Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എതിർ രാഷ്ട്രീയക്കാർപോലും ചെയ്യാത്ത രീതിയിൽ കരുണാകരനെ കരയിപ്പിച്ച് ഇറക്കിവിട്ടത് ഉമ്മൻ ചാണ്ടി; ആ കണ്ണുനീർ ഏറ്റ പൊള്ളലാണ് ഇന്ന് അനുഭവിക്കുന്നത്; കണക്കുകൾ കാലം കാത്തുവെക്കും ചിലർക്കായി; ജോയ് തോമസ് പോസ്റ്റിട്ടത് ചെന്നിത്തലയുടെ അറിവോടെയോ? സോളാറിൽ ഉമ്മൻ ചാണ്ടിയെ അപമാനിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ ഗ്രൂപ്പ്; കോൺഗ്രസിൽ വീണ്ടും അടി മൂക്കുന്നു

എതിർ രാഷ്ട്രീയക്കാർപോലും ചെയ്യാത്ത രീതിയിൽ കരുണാകരനെ കരയിപ്പിച്ച് ഇറക്കിവിട്ടത് ഉമ്മൻ ചാണ്ടി; ആ കണ്ണുനീർ ഏറ്റ പൊള്ളലാണ് ഇന്ന് അനുഭവിക്കുന്നത്; കണക്കുകൾ കാലം കാത്തുവെക്കും ചിലർക്കായി; ജോയ് തോമസ് പോസ്റ്റിട്ടത് ചെന്നിത്തലയുടെ അറിവോടെയോ? സോളാറിൽ ഉമ്മൻ ചാണ്ടിയെ അപമാനിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ ഗ്രൂപ്പ്; കോൺഗ്രസിൽ വീണ്ടും അടി മൂക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസ്സ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ കെപിസിസി അംഗം പോസ്റ്റിട്ടത് വിവാദമായി. തൊടുപുഴയിലെ കെപിസിസി അംഗവും കൺസ്യൂമർഫെഡ് മുൻ ചെയർമാനുമായ ജോയ് തോമസാണ് ഉമ്മൻ ചാണ്ടിക്കെതിരെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടത്. എതിർ രാഷ്ട്രീയക്കാർ പോലും ചെയ്യാത്ത രീതിയിൽ അന്ന് കരുണാകരനെ കരയിപ്പിച്ച് ഇറക്കി വിട്ടതിനു പിന്നിൽ ഉമ്മൻ ചാണ്ടി ആയിരുന്നു. ആ കണ്ണുനീർ ഏറ്റ പൊള്ളലാണ് ഉമ്മൻ ചാണ്ടി ഇന്ന് അനുഭവിക്കുന്നത് എന്നിങ്ങനെയുള്ള സന്ദേശമാണ് ജോയ് തോമസ് പോസ്റ്റു ചെയ്തത്.

ഇതിനെതിരെ ഡിസിസി നേതൃത്വം കെപിസിസി പ്രസിഡന്റിന് പരാതി നൽകി. എന്നാൽ ഇടുക്കി ഡിസിസി പ്രിസഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും ജോയ് തോമസും ഒരു ഗ്രൂപ്പുകാരാണ്. ഐ ഗ്രൂപ്പിന്റെ അറിവോടെയാണ് ജോസ് തോമസ് പോസ്റ്റ് ഇട്ടതെന്നാണ് ഉയരുന്ന വാദം. കെപിസിസി അധ്യക്ഷൻ പരാതി കൊടുത്തത് വിവാദം ഒഴിവാക്കാനെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. ഈ സാഹചര്യത്തിൽ ഇടുക്കിയിലെ പടയൊരുക്കത്തിൽ എ ഗ്രൂപ്പ് നിർജ്ജീവമാകും. രമേശ് ചെന്നിത്തലയുടെ യാത്രയുമായി പ്രത്യക്ഷ സഹകരണം ഉണ്ടാകില്ലെന്നാണ് ഉമ്മൻ ചാണ്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതോടെ ഇടുക്കിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തുകയാണ്.

സോളാർ അന്വേഷണ കമ്മീഷനിൽ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ജോയ് തോമസിന്റെ പോസ്റ്റ്. കരുണാകര വികാരം ആളിക്കത്തിക്കാനുള്ള തന്ത്രം. നിമിഷങ്ങൾക്കുള്ളിൽ ഇത് മറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യപ്പെട്ടു. എതിർത്തും അനുകൂലിച്ചുമുള്ള കമന്റുകളുമെത്തി. ഇതറിഞ്ഞ ഡിസിസി നേതൃത്വം പോസ്റ്റ് നീക്കം ചെയ്തു. ജോയ് തോമസിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തു. പരാതി വ്യാപകമായതിനെ തുടർന്നാണ് ഡിസിസി നേതൃത്വം ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിച്ചത്. കെപിസിസി പ്രിസഡന്റുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുമ്പോഴാണ് പുതിയ വിവാദവുമെത്തുന്നത്. കളിയാക്കൽ ഹൈക്കമാണ്ടിനെ അറിയിക്കുന്നതും പരിഗണനയിലുണ്ട്.

ഇതിനിടെ പ്രകോപിതരായ ചില യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തൊടുപുഴ രാജീവ് ഭവനിൽ ജോയ് തോമസിനെ തടഞ്ഞു വച്ചു. നേതാക്കൾ ഇടപെട്ട് മാപ്പു പറയിച്ച ശേഷമാണ് വിട്ടയച്ചത്. ഒരേ ഗ്രൂപ്പുകാരായതിനാൽ ജോയി തോമസിനെ സംരക്ഷിക്കാൻ ഡിസിസി പ്രസിഡന്റ് ശ്രമിക്കുന്നെന്നു കാണിച്ച് പ്രവർത്തകരും കെ പി സി സിക്ക് പരാതി നൽകിയിട്ടുണ്ട്. പടയൊരുക്ക വേദിയിലെത്തിയാൽ കൈകാര്യം ചെയ്യുമെന്നും ചില യൂത്ത് കോണഗ്രസുകാർ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ ഇടുക്കിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തുകയാണ്.

ഐഎസ്ആർഒ ചാരക്കേസുമായി മുഖ്യമന്ത്രി കെ. കരുണാകരന്റെ രാജിക്ക് ഒരു ബന്ധവുമില്ലെന്ന് ഉമ്മൻ ചാണ്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. എം.എ. കുട്ടപ്പനു രാജ്യസഭാ സീറ്റ് കൊടുക്കാതിരുന്നതിന്റെ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് കരുണാകരനു രാജിവെയ്ക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നിട്ടും ചാരക്കേസ് വ്യാജമായുണ്ടാക്കി കരുണാകരനെ ഉമ്മൻ ചാണ്ടി പുറത്താക്കിയെന്ന ആരോപണമാണ് ഐ ഗ്രൂപ്പ് പലപ്പോഴും സജീവമാക്കുന്നത്. കരുണാകരന്റെ മകൻ മുരളീധരൻ പോലും ഇങ്ങനെ പറയുന്നില്ല. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ കരിവാരിതേയ്ക്കാനുള്ള ജോയ് തോമസിന്റെ ശ്രമം അനുവദിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി അനുകൂലികൾ പറയുന്നു. സോളാറിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഐ ഗ്രൂപ്പിലെ ഉന്നതരാണെന്ന് സരിത പോലും പറയുന്നുണ്ടെന്നും എ ഗ്രൂപ്പ് പറയുന്നു.

'അന്നൊരിക്കൽ കരഞ്ഞുകൊണ്ട് ഒരാൾ അധികാരത്തിൽനിന്ന് പടിയിറങ്ങിയിരുന്നു. എതിർ രാഷ്ട്രീയക്കാർപോലും ചെയ്യാത്ത രീതിയിൽ അന്ന് ശ്രീ കരുണാകരനെ കരയിപ്പിച്ച് ഇറക്കിവിട്ടതിന് പിന്നിൽ ഉമ്മൻ ചാണ്ടി ആയിരുന്നു. ആ കണ്ണുനീർ ഏറ്റ പൊള്ളലാണ് ഉമ്മൻ ചാണ്ടി ഇന്ന് അനുഭവിക്കുന്നത്. കണക്കുകൾ കാലം കാത്തുവെക്കും ചിലർക്കായി' എന്നായിരുന്നു ജോയ് തോമസ് തന്റെ വാട്‌സ്ആപ് നമ്പറിൽനിന്ന് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തത്. എന്നാൽ, പിന്നീട് ഇദ്ദേഹം അബദ്ധം പറ്റിയതായി പ്രതികരിച്ചു.

ഉമ്മൻ ചാണ്ടിക്കതിരെ എന്ത് നീക്കമുണ്ടായാലും കോൺഗ്രസുകാർ ഒറ്റക്കെട്ടായി നേരിടണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രസംഗിച്ചതിന് പിന്നാലെ വാട്‌സ്ആപ് ഗ്രൂപ്പിൽ കമന്റിട്ടത് പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP