Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാറിൽ ലക്ഷ്യമിട്ടത് 4000 കോടിയുടെ പദ്ധതി; ആവശ്യപ്പെട്ടത് 1000 കോടിയുടെ കമ്മീഷനെന്ന് കുരുവിള; തെറ്റിയപ്പോൾ വ്യവസായിയെ ജയിലിലടച്ചു; ബംഗ്ലുരുവിലെ വിധി തിരിച്ചടിയാകുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെ; കുരുവിള കേസ് സോളാർ കമ്മീഷനെ സ്വാധീനിച്ചേക്കും

സോളാറിൽ ലക്ഷ്യമിട്ടത് 4000 കോടിയുടെ പദ്ധതി; ആവശ്യപ്പെട്ടത് 1000 കോടിയുടെ കമ്മീഷനെന്ന് കുരുവിള; തെറ്റിയപ്പോൾ വ്യവസായിയെ ജയിലിലടച്ചു; ബംഗ്ലുരുവിലെ വിധി തിരിച്ചടിയാകുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെ; കുരുവിള കേസ് സോളാർ കമ്മീഷനെ സ്വാധീനിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട ബംഗളൂരു കോടതി വിധി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കടുത്ത തിരിച്ചടിയാണ്. സോളാർ കേസുകളുമായി ബന്ധപ്പെട്ട കമ്മീഷൻ തീരുമാനത്തെ പോലും ഈ വിധി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ബംഗളുരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ സോളാർ കമ്മീഷന് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ ഗൗരവത്തോടെ തന്നെ കാണേണ്ടിവരും. ഈ സാഹചര്യത്തിൽ നടപടികൾക്കും കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.

ഈ സാഹചര്യത്തിലാണ് ബംഗളുരു കോടതി വിധിയെ ഉമ്മൻ ചാണ്ടി വിമർശിക്കുന്നത്. ഏകപക്ഷീയമാണെന്നു കോടതി വിധിയെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. എക്‌സ് പാർട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തന്റെ ഭാഗം കേൾക്കുകയോ തെളിവോ പത്രികയോ നൽകാൻ അവസരം നൽകുകയോ അതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. കേസ് നടത്താൻ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കോടതിയിൽ നിന്നു സമൻസ് ലഭിച്ചിരുന്നില്ല. വിധിയുടെ വിശദാംശങ്ങൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോടതിയിൽ നിന്നു വിധിപകർപ്പും ഡിക്രിയും ലഭിച്ചാൽ വിധി അസ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.

സോളർ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നൽകാമെന്നു പറഞ്ഞ് വ്യവസായി എം.കെ. കുരുവിളയിൽ നിന്നു പണം തട്ടിച്ചെന്നായിരുന്നു പരാതി. കേസിൽ ഉമ്മൻ ചാണ്ടി അടക്കം ആറു പേർക്കെതിരെയാണ് ബംഗളൂരു സെഷൻസ് കോടതി വിധി. പരാതിക്കാരനായ വ്യവസായി എം.കെ. കുരുവിളയ്ക്ക് ആറു മാസത്തിനകം 1.6 കോടി രൂപ നൽകണമെന്നാണ് കോടതി വിധി. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. സ്‌കോസ കമ്പനി ഡയറക്ടർമാരായ ബിന്ദു നായർ, ബെൽജിത്, ആൻഡ്രൂസ് എന്നിവരും കേസിൽ പ്രതികളാണ്. സോളർ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നൽകാമെന്ന് പറഞ്ഞ് തട്ടിച്ചെന്നായിരുന്നു പരാതി.

ഈ കമ്പനിക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നൽകിയെന്നാണ് കുരുവിളയുടെ പരാതി. കേസിൽ പ്രതിഭാഗം വാദത്തിനെത്തിയില്ല. എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സോസ എഡ്യുക്കേഷണൽ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡാണ് ഒന്നാംപ്രതി. കൺസൾട്ടൻസി എംഡി ബിനുനായരാണ് രണ്ടാംപ്രതി. ഉമ്മൻ ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂസ് മൂന്നാപ്രതിയും പ്രൈവറ്റ് സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ ഡെൽജിത്ത് നാലാംപ്രതിയുമാണ്. സോസ കൺസൾട്ടൻസിയാണ് ആറാംപ്രതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് തൃശൂർ കൊടകര പേരാമ്പ്ര സ്വദേശിയായ ഡെൽജിത്.

ബംഗളൂരു കോടതിയിലെ കേസ് അറിഞ്ഞില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രചാരണം തെറ്റെന്ന വാദവും സജീവമാണ്. 2015 മാർച്ച്് 23ന് ഒരുകോടി 35,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം കെ കുരുവിള കോടതിയിൽ കേസ് ഫയൽചെയ്ത ശേഷം രണ്ടുതവണ ഇതുസംബന്ധിച്ച നോട്ടീസ് ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായി രേഖയുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.. തുടർന്ന് ഉമ്മൻ ചാണ്ടി നിരന്തരം കോടതിയിൽ ഹാജരാകാതിരിക്കുകയും കേസ് എക്‌സ്പാർട്ടിയാവുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഒഴിവാക്കി നാമനിർദ്ദേശപത്രിക നൽകാൻ ഉമ്മൻ ചാണ്ടി നേരിട്ട് ബംഗളൂരുവിൽ എത്തി വക്കാലത്ത് നൽകി. സത്യവാങ്മൂലവും നൽകിയിരുന്നു.

ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ തന്റെ പേരിൽ ഒരു കേസും നിലവിലില്ലെന്നാണ് അവകാശപ്പെട്ടത്. കോടതിയിൽ ഉമ്മൻ ചാണ്ടി അപേക്ഷ നൽകിയശേഷം സ്റ്റേറ്റ്‌മെന്റ് എഴുതി സമർപ്പിക്കാൻ കോടതി നാലുതവണ അവധി നൽകി. ഇതു ഫയൽചെയ്യാതെ വന്നപ്പോൾ മലയാളപത്രത്തിൽ കോടതി നാലുതവണ പരസ്യം നൽകി. ഇതിനുശേഷം വീണ്ടും മൂന്ന് അവധികൂടി കൊടുത്തു. കുരുവിളയെ ക്രോസ് ചെയ്യാനും കോടതി ഉമ്മൻ ചാണ്ടിക്ക് അവസരം നൽകി. ഇതിനുശേഷമാണ് വിധി. തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനൽകേസ് ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് രവി പൂജാരി എന്ന അധോലോകനായകൻ ഭീഷണിപ്പെടുത്തിയതായും കുരുവിള പറഞ്ഞിരുന്നു.

കുരുവിള സമർപ്പിച്ച പദ്ധതിക്കായി ദക്ഷിണകൊറിയയിൽ നിന്ന് സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയും കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്ന് സബ്‌സിഡിയും നൽകാമെന്ന് വാഗ്ദാനംചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. എം കെ കുരുവിളയ്ക്കുവേണ്ടി അഡ്വ. പി എൻ ജയദേവ ഹാജരായി. ആൻഡ്രൂസ്, ഡെൽജിത്, ബിനു നായർ എന്നിവരുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ സോസ എഡ്യുക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ്് ലിമിറ്റഡ്, സോസ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്്, സോസ മാനേജ്‌മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്ക് കുരുവിളയുടെ അക്കൗണ്ടിൽനിന്ന് ഏഴു തവണയായി 22 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന്റെ രേഖകൾ കുരുവിള കോടതിയിൽ ഹാജരാക്കിയത് കേസിൽ പ്രധാന തെളിവായി. ബാക്കി തുക പലപ്പോഴായി ഡൽഹിയിൽവച്ചും ബംഗളൂരുവിൽവച്ചും കൈമാറിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശാനുസരണമാണ്് പണം കൈമാറിയതെന്നും കോടതിയെ ബോധിപ്പിച്ചു.

കേരള-തമിഴ്‌നാട് അതിർത്തികളിൽ വൻകിട സോളാർ പദ്ധതി നടപ്പാക്കാനാണ് കുരുവിള ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള അനുമതിയും സബ്‌സിഡിയും വാങ്ങിനൽകാമെന്ന് പറഞ്ഞും വിശ്വാസ്യതയ്ക്ക് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പും നൽകിയാണ് പണം വാങ്ങിയത്. 2012 ഒക്ടോബർ 11ന് ക്‌ളിഫ് ഹൗസിലെത്തി ഉമ്മൻ ചാണ്ടിയുമായി കുരുവിള 45മിനിട്ട് ചർച്ച നടത്തിയിരുന്നു. 4,000 കോടി രുപയുടെ പദ്ധതി നടപ്പാക്കാനായിരുന്നു കുരുവിള ലക്ഷ്യമിട്ടത്. ഇതിന് കേന്ദ്ര സബ്‌സിഡിയായി ലഭിക്കേണ്ട 40 ശതമാനമായ 1600 കോടിരൂപയിൽനിന്നും 1000 കോടി ഉമ്മൻ ചാണ്ടി കമീഷനായി ആവശ്യപ്പട്ടുവെന്നും കുരുവിള ആരോപിച്ചു. ഇത് സോളാർ കമീഷനിലും കുരുവിള മൊഴിയായി നൽകിയിട്ടുണ്ട്. പദ്ധതിയുടെ 25 ശതമാനം തുക കമീഷനായി നൽകാനാവില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചാണ് താൻ മടങ്ങിയതെന്നും കുരുവിള കമീഷനോട് പറഞ്ഞു. ഇതിനെ തുടർന്ന് പലപ്പോഴായി വാങ്ങിയപണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കുരുവിളയുടെ പേരിൽ കള്ളക്കേസ് എടുത്ത് ജയിലിൽ അടയ്ക്കുകയാണ് ചെയ്തത്. തുടർന്നാണ് ബംഗളൂരു കോടതിയിൽ സിവിൽകേസും കേരള ഹൈക്കോടതിയിൽ ക്രിമിനൽ കേസും നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP