Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിൻ യാത്രയ്ക്കിടെ ജീവിത ദുരിതം തുറന്നു പറഞ്ഞ് സെഫിയ; മുന്മുഖ്യമന്ത്രിയുടെ ഇടപെടലിൽ നിർമ്മിച്ച സ്‌നേഹവീടിന്റെ പാലുകാച്ചൽ ഇന്ന്; ഇരട്ടി മധുരമായി മകളുടെ വിവാഹവും; പാതിവഴിയിൽ ജീവിതം തകർന്നു പോയ ഒരു കുടുംബത്തിന് ഉമ്മൻ ചാണ്ടി ദൈവമായി മാറിയത് ഇങ്ങനെ

ട്രെയിൻ യാത്രയ്ക്കിടെ ജീവിത ദുരിതം തുറന്നു പറഞ്ഞ് സെഫിയ; മുന്മുഖ്യമന്ത്രിയുടെ ഇടപെടലിൽ നിർമ്മിച്ച സ്‌നേഹവീടിന്റെ പാലുകാച്ചൽ ഇന്ന്; ഇരട്ടി മധുരമായി മകളുടെ വിവാഹവും; പാതിവഴിയിൽ ജീവിതം തകർന്നു പോയ ഒരു കുടുംബത്തിന് ഉമ്മൻ ചാണ്ടി ദൈവമായി മാറിയത് ഇങ്ങനെ

മുളന്തുരുത്തി: അടച്ചുറപ്പില്ലാത്ത വീട്ടിൽ പ്രായപൂർത്തിയായ മകളെ താമസിപ്പിക്കാനാവാതെ നിലമ്പൂരിലെ അനാഥാലയത്തിലാക്കിയ സെഫിയ മുസ്തഫയ്ക്ക് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോൾ ദൈവതുല്യനാണ്. ട്രെയിൻ യാത്രയ്ക്കിടെ അവിചാരിതമായി കണ്ടുമുട്ടിയതോടെയാണു സെഫിയ മുസ്തഫയുടെ ജീവിതമാകെ മാറിയതും വീടെന്ന സ്വപ്നത്തിനു സാക്ഷാൽക്കാരിക്കപ്പെട്ടതും.

എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ വറുങ്ങിൻ ചുവട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന സെഫിയയ്ക്കു പഞ്ചായത്തിൽനിന്ന് അനുവദിച്ച തുകകൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പണി നടക്കുന്നതിനിടെ കൂലിപ്പണിക്കാരനായ ഭർത്താവ് മുസ്തഫ ഹൃദയസ്തംഭനം മൂലം മരിച്ചു. അടച്ചുറപ്പില്ലാത്ത വീട്ടിൽ മകളെ താമസിപ്പിക്കുന്നതും കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളും സെഫിയയ്ക്ക് ഉറക്കമില്ലാത്ത രാത്രികളായി.

രാത്രി അമ്മ മക്കൾക്ക് ഉറക്കമിളച്ചു കാവലിരുന്നു. വീട് നിർമ്മാണത്തിനു പല വാതിലുകളും മുടിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ മകൾ അസീനയെ നിലമ്പൂരിലെ അറബിക് കോളജിൽ പ്ലസ് വണ്ണിനു ചേർത്ത് പഠിപ്പിക്കുകയും യത്തീംഖാനയിൽ താമസിപ്പിക്കുകയും ചെയ്തു.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ സുധീറിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയിൽ നിലമ്പൂരുള്ള മകളെ കാണാൻ സെഫിയ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂർ എക്സ്പ്രസിൽ കയറി. ഇതേ ട്രെയിനിൽ കോഴിക്കോടിന് യാത്ര ചെയ്ത ഉമ്മൻ ചാണ്ടിയുടെ എതിർ സീറ്റിലായിരുന്നു സെഫിയക്ക് ഇരിപ്പിടം. ആദ്യമായാണ് ഉമ്മൻ ചാണ്ടിയെ നേരിൽ കാണുന്നത്. പരിഭ്രമത്തോടെയാണെങ്കിലും സെഫിയ തന്റെ ജീവിത ദുഃഖങ്ങൾ ഉമ്മൻ ചാണ്ടിയോട് പങ്കുവച്ചു. കാര്യങ്ങൾ മുഴുവൻ കേട്ട ഉമ്മൻ ചാണ്ടി സെഫിയയുടെ അഡ്രസും ഫോൺ നമ്പറും വാങ്ങി.

രണ്ടു ദിവസം കഴിഞ്ഞ് പിറവം നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് കാര്യങ്ങൾ അന്വേഷിക്കാൻ വീട്ടിലെത്തിയപ്പോഴാണ് സെഫിയയ്ക്കു സംഭവത്തിലെ ഗൗരവം മനസിലായത്. സാബുവിന്റെ ഫോണിലൂടെ ഉമ്മൻ ചാണ്ടി സെഫിയയുമായി സംസാരിച്ചു. വീട് നിർമ്മിക്കാൻ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.

പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ സഹായത്തോടെ നിർമ്മാണം തുടങ്ങി. പിന്നീട് കൂടുതൽ സഹായവുമായി ഫൊക്കാനയുടെ നിയുക്ത പ്രസിഡന്റ് പിറവം ഊരമന സ്വദേശി ജോയി ഇട്ടനുമെത്തി. എല്ലാ ആഴ്ചയിലും വീടിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് ഉമ്മൻ ചാണ്ടി സാബു കെ ജേക്കബിനെ വിളിക്കുമായിരുന്നു. നിർമ്മാണം പൂർത്തിയായ വീടിന്റെ ഗൃഹപ്രവേശനവും താക്കോൽ ദാനവും ഇന്നു രാത്രി 7.30 ന് ഉമ്മൻ ചാണ്ടി നിർവഹിക്കും. ഫൊക്കാന നിയുക്ത പ്രസിഡന്റ് ജോയി ഇട്ടൻ, പിറവം നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

സെഫിയയുടെ കഥകേട്ട എറണാകുളം സ്വദേശിയായ യുവാവ് മകൾ അസീനയെ വിവാഹം ചെയ്യാൻ സന്നദ്ധ അറിയിച്ചു. ഇരു വീട്ടുകാരും ചേർന്ന് വിവാഹം ഉറപ്പിച്ചു. അടുത്ത സെപ്റ്റംബർ 25 ന് കാഞ്ഞിരമറ്റത്താണ് വിവാഹം. തന്റെ കുടുംബത്തിന്റെ ജീവിതം ഉമ്മൻ ചാണ്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ആനന്ദ കണ്ണീരോടെ സെഫിയ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP