Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ഥിരം അടവ് പയറ്റിയപ്പോൾ പരീക്ഷാ ചോദ്യപേപ്പറിൽ എല്ലാം ഔട്ട് ഓഫ് സിലബസ്; അബദ്ധം മനസ്സിലായതോടെ തട്ടിക്കൂട്ട് പേപ്പർ നൽകി തടിതപ്പി കോളേജ് അധികൃതർ; മമ്പാട് എംഇഎസ് സ്വയംഭരണ കോളേജിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നത് തോന്നും പോലെയെന്ന് വിദ്യാർത്ഥികൾ

സ്ഥിരം അടവ് പയറ്റിയപ്പോൾ പരീക്ഷാ ചോദ്യപേപ്പറിൽ എല്ലാം ഔട്ട് ഓഫ് സിലബസ്; അബദ്ധം മനസ്സിലായതോടെ തട്ടിക്കൂട്ട് പേപ്പർ നൽകി തടിതപ്പി കോളേജ് അധികൃതർ; മമ്പാട് എംഇഎസ് സ്വയംഭരണ കോളേജിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നത് തോന്നും പോലെയെന്ന് വിദ്യാർത്ഥികൾ

ജാസിം മൊയ്തീൻ

നിലമ്പൂർ: മമ്പാട് എംഇഎസ് ഓട്ടോണമസ് കോളേജിൽ വ്യാഴാഴ്ച നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ ബിഎ ഹിസ്റ്ററി, എക്കണോമിക്സ് വിദ്യാർത്ഥികളുടെ പൊളിറ്റിക്കൽ സയൻസ് പരീക്ഷക്ക് ചോദ്യപ്പേപ്പറുകൾ നൽകിയത് രണ്ട് തവണ. 9.30ന് ആരംഭിച്ച പരീക്ഷക്ക് ആദ്യം നൽകിയത് തെറ്റായ ചോദ്യപ്പേപ്പറാണെന്ന് കണ്ടതോടെ അവ തിരിച്ച് വാങ്ങി 11 മണിയോടെ പുതിയ ചോദ്യപ്പേപ്പർ തയ്യാറാക്കി നൽകുകയായിരുന്നു.

സാധാരണ ഗതിയിൽ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് ചോദ്യപ്പേപ്പറുകൾ യൂണിവേഴ്സിറ്റിയിൽ നിന്ന് നൽകുന്നതാണ് രീതി. എന്നാൽ മമ്പാട് എം ഇഎസ് കോളേജ് സ്വയംഭരണ പദവി ലഭിച്ച കോളേജായതിനാൽ ചോദ്യപ്പേപ്പറടക്കം പരീക്ഷാ നടപടികളെല്ലാം തന്നെ കോളേജ് നേരിട്ടാണ് നടത്തുന്നത്. ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകർ തയ്യാറാക്കി നൽകുന്ന മൂന്ന് സെറ്റ് ചോദ്യപ്പേപ്പറുകളിൽ നിന്ന് കോളേജ് രൂപീകരിച്ച സമിതിയാണ് ചോദ്യപ്പേപ്പർ തിരഞ്ഞെടക്കുന്നത്. പലപ്പോഴും ഈ മൂന്ന് ചോദ്യപ്പേപ്പറുകളിൽ നിന്നും കുറച്ച് വീതം ചോദ്യങ്ങളെടുത്ത് ഒറ്റച്ചോദ്യപ്പേപ്പറാക്കി നൽകുക മാത്രമാണ് ഈ സമിതി ചെയ്യാറ്. അത് തന്നെയാണ് ഇന്നത്തെ വിഷയത്തിലും സംഭവിച്ചത്.

സാധാരണ രീതിയിൽ അദ്ധ്യാപകർ തയ്യാറാക്കുന്ന ചോദ്യപ്പേപ്പറുകളിൽ കുറച്ച് ചോദ്യങ്ങൾ സിലബസിന് പുറത്തുള്ളത് ഉൾപെടുത്താറുണ്ട്. ഇത്തരത്തിൽ അദ്ധ്യാപകർ തയ്യാറാക്കി നൽകിയ മൂന്ന് ചോദ്യപ്പേപ്പറുകളിൽ നിന്ന് കുറച്ച് വീതം ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് കോളേജ് നിയമിച്ച സമിതി അന്തിമമായി നൽകിയ ചോദ്യപ്പേപ്പറിലാണ് മുഴുവൻ ചോദ്യങ്ങളും സിലബസിലില്ലാത്തത് കടന്നുകൂടിയത്. പരീക്ഷയുടെ നടത്തിപ്പിനും, ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനുമായി രൂപീകരിച്ച സമിതിയിൽ വിഷയത്തിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തവരായാതിനാലാണ് ഇന്ന് ഇത്തരത്തിലൊരു മണ്ടത്തരം സംഭവിച്ചത്.

സാധാരണ ചെയ്യുന്ന പോലെ ഓരോ ചോദ്യപ്പേപ്പറിൽ നിന്നും കുറച്ചുവീതം ചോദ്യങ്ങൾ എടുത്ത് ചോദ്യപ്പേപ്പർ ഉണ്ടാക്കി നൽകുന്ന സ്ഥിരം അടവ് തന്നെ ഇവിടെയും പ്രയോഗിച്ചതാണ് അബദ്ധത്തിന് കാരണമായത്. പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ യാതൊരു വിവരവുമില്ലാത്ത കുറച്ചാളുകൾ ചേർന്ന് നേരത്തെ നൽകിയ മൂന്ന് ചോദ്യപ്പേപ്പറുകളിൽ നിന്ന് തെരഞ്ഞെടുത്തതെല്ലാം അതത് പേപ്പറുകളിലുണ്ടായിരുന്ന സിലബസിന് പുറത്തുള്ള ചോദ്യങ്ങളായിരുന്നു. പേപ്പർ കിട്ടി പരീക്ഷയെഴുതേണ്ടതിന് പകരം വിദ്യാർത്ഥികളെല്ലാം പരാതിയുമായി വന്നതോടെയാണ് അധികൃതർക്ക് കാര്യ മനസ്സിലായത്. ഉടൻ തന്നെ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ഇടപെട്ട് പെട്ടൊന്നൊരും ചോദ്യപ്പേപ്പർ തട്ടിക്കൂട്ടി ഫോട്ടോസ്റ്റാറ്റെടുത്ത് 11 മണിയോടെ കുട്ടികൾക്ക് നൽകുകയായിരുന്നു.

ഒരു യൂണിവേഴ്സിറ്റി പൊതു പരീക്ഷയെ ഇത്രയും ലാഘവത്തോടെ നേരിട്ട കോളേജിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണുയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തിൽ കോളേജ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

എസ്എഫ്ഐ വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്്ഘാടനം ചെയ്തു. അതേ സമയം ഇന്ന് കോളേജിലില്ലായിരുന്നതിനാൽ ചോദ്യപ്പേപ്പർ മാറി നൽകിയ വിവരം അറിഞ്ഞില്ലായിരുന്നു എന്നും, നാളെ കോളേജിലെത്തി അന്വേഷിച്ചാലെ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്നും കോളേജ് പ്രിൻസിപ്പൾ പികെ ബാബു പറഞ്ഞു. ഇത് മമ്പാട് കോളേജിലെ ആദ്യത്തെ സംഭവമല്ല.

ഇത്തരത്തിൽ യൂണിവേഴ്സിറ്റി പൊതുപരീക്ഷകൾ കോളേജിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങൾ കാരണം മുടങ്ങിപ്പോകുന്നതും സമയത്തിന് നടക്കാതിരിക്കുന്നതും. രണ്ട് വർഷം മുമ്പ് കൊമേഴ്സ് വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ കോളേജ് നൽകിയ ചോദ്യപ്പേപ്പറുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടത്തിയിരുന്നു. സാധാരണ രീതിയിൽ ഇത്തരം പൊതുപരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ പരീക്ഷ ഹാളിൽവെച്ച് വിദ്യാർത്ഥികളുടെ മുന്നിൽ നിന്നാണ് സീൽപൊട്ടിച്ച് തുറക്കാറുള്ളതെങ്കിലും മമ്പാട് കോളേജ് സ്വയംഭരണ പദവി ലഭിച്ചതിന് ശേഷം എല്ലാ കാര്യങ്ങളും കോളേജ് സ്വന്തം രീതിയിലാണ് ചെയ്യുന്നത്. യൂണിവേഴ്സിറ്റി കേവലം സർട്ടിഫിക്കറ്റ് നൽകാനുള്ള ഒരു കേന്ദ്രം മാത്രമാണ്. ഈ കോളേജിന് ഈ പദവി നൽകുന്ന സമയത്ത് നിരവധി ആക്ഷേപങ്ങളാണുയർന്നിരുന്നത്.

നിലവിൽ ഇവിടെയുള്ളൊരു ചെറിയ ഓഫീസ് സംവിധാനം വെച്ച് ഇത്രയും ഭാരിച്ച ജോലികളൊന്നും ചെയ്ത് തീർക്കാൻ കഴിയുന്നതല്ലെന്നതായിരുന്നു ആദ്യത്തെ പരാതി. കാരണം ഇത്രയും യൂണിവേഴ്സിറ്റി നേരിട്ട് ചെയ്തിരുന്ന പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയവുമൊക്കെ നിലവിലെ കോളേജിലെ സംവിധാനങ്ങൾ വെച്ച് ചെയ്ത് തീർക്കാൻ കഴിയുന്നതല്ല. മറ്റൊന്ന് കോളേജിലെ നിലവിലെ അദ്ധ്യാപകരുടെ പലരുടെയും കംബ്യൂട്ടർ സാക്ഷരതയെന്നത് ഇവിടുത്തെ വിദ്യാർത്ഥികളേക്കാൾ നിലവാരത്തിന് താഴെയാണ്. നിലവിൽ കോളേജിലെ എല്ലാ കാര്യങ്ങളും കംബ്യൂട്ടറൈസ്ഡ് ആക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹാജരും, ഇന്റേണൽ മാർക്കുമെല്ലാം പ്രത്യേകം സോഫ്റ്റ് വെയറുകൾ വെച്ച് അപ്ലോഡ് ചെയ്യുന്ന രീതിയാണുള്ളത്. ഇത്തരം കംബ്യൂട്ടർ സാക്ഷരതയില്ലാത്ത അദ്ധ്യാപകർ ഇതെല്ലാം ചെയ്യുമ്പോൾ വ്യാപക പ്രശ്നങ്ങളാണുണ്ടാവുന്നത്.

കഴിഞ്ഞ ദിവസം കോമേഴ്സ് വിഭാഗത്തിലെ ഒരു വിദ്യാർത്ഥിക്ക ഇന്റേണൽ പരീക്ഷക്ക് ലഭിച്ച മാർക്ക് 17 ആയിരുന്നു. പക്ഷെ ഡിപ്പാർട്ട്മെന്റിൽ നിന്ന് അത് അപ്ലോഡ് ചെയ്ത് ടീച്ചർ 17 എന്നതിന് പകരം 7 എന്നാണ് നൽകിയത്. ചോദിക്കാൻ വന്ന വിദ്യാർത്ഥിയോട് ഓഫീസിൽ നിന്ന് മറുപടി പറഞ്ഞതാകട്ടെ നമുക്ക് അടുത്ത തവണ ശരിയാക്കാം എന്ന്. ഇത്തരത്തിൽ നിരവധി വിഢിത്തരങ്ങളാണ് ഓട്ടോണമസ് പദവി ലഭിച്ചതിന് ശേഷം മമ്പാട് കോളേജിൽ ദിനംപ്രതി നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമെ എംഇഎസിന്റെ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. പുതിയ കോഴ്സുകളുടെ ഫീസായും മറ്റുമെല്ലാം. ക്യാമ്പസിൽ വിദ്യർത്ഥികൾക്കിടയിൽ എംഇഎസ് എന്നതിന് പൂർണരൂപം നൽകിയിട്ടുള്ളത് മണി ഈറ്റിഗ് സൊസൈറ്റി എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP