Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ മനം കവരാനായി കമൽ കാഞ്ഞിലാലിന്റെ കൂറ്റൻ മൂങ്ങ; 12 അടി ഉയരമുള്ള ശിൽപ്പം തീർത്തത് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുപയോഗിച്ച്; കമലിന്റെ മൂങ്ങ ഇനി ബേർഡ് മോണിറ്ററിങ് സെല്ലിന്റെ ചൂണ്ടുപലക

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ മനം കവരാനായി കമൽ കാഞ്ഞിലാലിന്റെ കൂറ്റൻ മൂങ്ങ; 12 അടി ഉയരമുള്ള ശിൽപ്പം തീർത്തത് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുപയോഗിച്ച്; കമലിന്റെ മൂങ്ങ ഇനി ബേർഡ് മോണിറ്ററിങ് സെല്ലിന്റെ ചൂണ്ടുപലക

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കമൽ കാഞ്ഞിലാലിന്റെ വേറിട്ട വഴിയിലെ ശില്പനിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും ശ്രദ്ധേയമാവുന്നു. രണ്ട് ദശാബ്ദത്തോളമായി കലാപ്രവർത്തനങ്ങളുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങിയിരുന്ന അങ്കമാലി തുറവൂർ സ്വദേശിയായ കമലിന്റെ ഇപ്പോഴത്തെ തട്ടകം തട്ടേക്കാട് പക്ഷിസങ്കേതമാണ്. ഇവിടെ പാഴ്‌സ്തുക്കൾക്കൊണ്ട് ഇദ്ദേഹം തീർത്തിട്ടുള്ള 12 അടി ഉയരമുള്ള മൂങ്ങ കാഴ്ചക്കാരുടെ മനംകവരുന്ന ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.ഈ കലാകാരന്റെ കരവിരുത് തെളിയിക്കുന്ന ഒന്നാം തരം നിർമ്മിതിയാണ് ഇത്.

വർഷങ്ങളായി പക്ഷി സങ്കേതത്തിന്റെ വിവധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന തുരുമ്പിച്ച കമ്പികൾ, തകര ഷീറ്റുകൾ, പൈപ്പുകൾ, കസേരകളുടെ ഭാഗങ്ങൾ, ചട്ടികൾ തുടങ്ങി ആണികൾ വരെ ഉപയോഗിച്ചാണ് ഒന്നരമാസത്തോളം കൊണ്ട് കമൽ മൂങ്ങക്ക് 'ജീവൻ' നൽകിയത്.വെൽഡിങ് ജോലികൾക്ക് ഒരു സഹായി ഉണ്ടായിരുന്നതൊഴിച്ചാൽ ഈ മനോഹര ശില്പത്തിന്റെ പിറവിക്ക് ഊടുംപാവും പകർന്നത് 42-കാരനായ കമൽ മാത്രമാണ്. 500 കിലോയിലിലേറെ ഇരുമ്പ് വസ്തുക്കൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കമലിന്റെ ഏകദേശ കണക്ക്. പെയിന്റും വെൽഡിങ് റാഡുമല്ലാതെ ഈ ശില്പ നിർമ്മാണത്തിനായി മറ്റൊരുവസ്തുവും പുറമേ നിന്നും വാങ്ങിയിട്ടില്ലന്നും ഇയാൾ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ആദ്യത്തെ ബേർഡ് മോണിറ്ററിങ് സെല്ലിന്റെ തട്ടേക്കാട് പ്രവർത്തിക്കുന്ന ഓഫീസ് കവാടത്തിന് മുന്നിലാണ് മൂങ്ങയെ തനത് ശൈലിയിൽ സ്ഥാപിച്ചിരിക്കുന്നത്. മരക്കൊമ്പിൽ ഇരിക്കുന്ന നിലയിലുള്ള ഈ മൂങ്ങയായിക്കും ബേർഡ് മോണിറ്ററിങ് സെല്ലിന്റെ ചൂണ്ടുപലകയെന്ന് ഓഫീസിന്റെ മുഖ്യചുമതലക്കാരനും ലോകപ്രശസ്ത പക്ഷി ശാസ്ത്രജ്ഞനുമായ ഡോ. ആർ. സുഗതൻ അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് പെയിന്റിങ് പൂർത്തിയായത്. ഇതിന് പുറമേ കമൽ രൂപകൽപന ചെയ്ത ഇവിടുത്തെ ഫിഷ് സ്പായും മുള്ളൻ പന്നിയുടെ ശില്പവും കാണികളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

രണ്ട് വർഷം മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന റെയ്ഞ്ച് ഓഫീസർ മനു സത്യനുമായി ഉണ്ടായിരുന്ന സൗഹൃദമാണ് കമലിനെ തട്ടേക്കാടുമായി അടുപ്പിച്ചത്. പക്ഷി സങ്കേതത്തിൽ സന്ദർശകരുടെ യാത്രക്കാർക്കായി ഉപയോഗപ്പെടുത്തിയിരുന്ന ബോട്ടുകളുടെ പെയിന്റിംഗും ഇവയിൽ പതിക്കാനുള്ള ലോഗോ തയ്യാറാക്കലുമായിരുന്നു അന്നത്തെ കമലിന്റെ ദൗത്യം. ഈയവസരത്തിൽ കമൽ തന്നെയാണ് ഇത്തരത്തിലൊരു ശില്പ നിർമ്മാണത്തിന്റെ സാദ്ധ്യത മനു സത്യന്റെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി റെയിഞ്ചോഫീസർ നടത്തിയ ഇടപെടലുകളിപ്പോൾ രാത്രികളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന 'ഫിഷ് ഔളിന്റ' പിറവിക്ക് വഴിയൊരുക്കിയത്. മറ്റിനത്തിൽപ്പെട്ട മൂങ്ങകളെയെല്ലാം പകൽ കാണുമെന്നും അതിനാലാണ് രാത്രിയിൽ മാത്രം ഇരതേടുന്ന ഫിഷ്ഔളിനെ രൂപപ്പെടുത്താൻ തീരുമാനിച്ചതെന്നും കമൽ വ്യക്തമാക്കി.

കമലിന്റെ കരവിരുതിലാണ് നാഗാലാന്റിലെ കൊഹിമയിൽ നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ ശില്പം പിറവിയെടുത്തത്.ആറു മാസം കൊണ്ട് ആറ് പേരുടെ സഹായത്തോടെയാണ് കമൽ ഈ ശില്പം പൂർത്തിയാക്കിയത്. സിമന്റും മണലും മെറ്റലുമാണ് ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിട്ടുള്ളത്. ബാഗ്ലൂരിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആമൂൺ ഹോട്ടലിന് വേണ്ടി നിർമ്മിച്ച 80 അടി ഉയരമുള്ള ഈജിപ്ഷ്യൻ ഫെറോയും കമലിന് പെരുമ നേടിക്കൊടുത്ത ശില്പങ്ങളുടെ പട്ടികയിൽ ഉൾപ്പെടും.

തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ നിന്നും പെയിന്റിംഗിൽ നാഷണൽ ഡിപ്ലോമ നേടിയ ശേഷം ബാംഗ്ലൂരിലും മുബൈയിലും കുറച്ചുകാലം കരാർ കമ്പിനികൾക്കൊപ്പം ജോലിചെയ്തു. പിന്നീടാണ് പരിസ്ഥതി സൗഹൃത ശില്പ നിർമ്മാണവുമാണവും പ്രദർശനങ്ങളുമായി കമൽ സജീവമായത്. കൊച്ചി ബിനാലെ അടക്കം നിരവധി ചെറുതും വലുതുമായ വേദികളിൽ ശില്പ-ചിത്ര പ്രദർശനം നടത്തി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയിട്ടുള്ള കമൽ ഭാര്യയും മൂന്ന് മക്കളുമായി ഇപ്പോൾ പുത്തൻകുരിശ് ചെമ്മനാടാണ് താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP