Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി പറഞ്ഞിട്ടു മരുമകളെ ജോലിക്കെടുത്തെന്ന ആരോപണം ഉന്നം വച്ചത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ; ശ്രീമതിയുടെ പരാമർശം പ്രതിപക്ഷവും ബിജെപിയും ഏറ്റെടുത്തപ്പോൾ പിൻവലിച്ച് തടിതപ്പി കണ്ണൂർ എംപി; കണ്ണൂരിലെ സഖാക്കളുടെ രോഷം അടങ്ങുന്നില്ല; ബന്ധു നിയമനം സിപിഎമ്മിനെ ഉലയ്ക്കുന്നു

പാർട്ടി പറഞ്ഞിട്ടു മരുമകളെ ജോലിക്കെടുത്തെന്ന ആരോപണം ഉന്നം വച്ചത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ; ശ്രീമതിയുടെ പരാമർശം പ്രതിപക്ഷവും ബിജെപിയും ഏറ്റെടുത്തപ്പോൾ പിൻവലിച്ച് തടിതപ്പി കണ്ണൂർ എംപി; കണ്ണൂരിലെ സഖാക്കളുടെ രോഷം അടങ്ങുന്നില്ല; ബന്ധു നിയമനം സിപിഎമ്മിനെ ഉലയ്ക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബന്ധുനിയമന വിവാദത്തിൽ സിപിഎമ്മിലുള്ളിലെ ഭിന്നതകൾക്ക പുതുമാനം. മരുമകളെ പേഴ്സണൽ സ്റ്റാഫിൽ എടുത്തത് പാർട്ടിയുടെ അനുമതിയോടെയാണെന്ന് പത്തുവർഷത്തിനുശേഷം വ്യക്തമാക്കിയതിന് പിന്നാലെ പി.കെ ശ്രീമതി ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചത് വിവാദത്തിന് പുതിയ മാനം വന്നതോടെയാണ്.

അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് താൻ തീരുമാനം എടുത്തതെന്ന സൂചനയാണ് ശ്രീമതി പോസ്റ്റിലൂടെ പുറംലോകത്ത് എത്തിച്ചത്. ഇതോടെ പിണറായി വിജയനെ വിമർശിച്ച് കോൺഗ്രസും ബിജെപിയും രംഗത്ത് എത്തി. കാര്യങ്ങൾ കൈവിട്ടു പോയതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു ശ്രീമതി. അതിനിടെ പിണറായിയെ കുറ്റപ്പെടുത്താൻ നടത്തിയ നീക്കമായും ഇതിനെ സിപിഎമ്മിലെ ഒരു വിഭാഗം വിലയിരുത്തുന്നു.

ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ പിണറായി അറിയാതെ വ്യവസായ മന്ത്രിയായ ഇപി ജയരാജൻ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കും. സുധീറിനെ പിണറായി ഇടപെട്ട് ഒഴിവാക്കി. സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിയാലോചിച്ചായിരുന്നു ജയരാജൻ സുധീറിനെ നിയമിച്ചത്. ഇതിന് സമാനമായി മറ്റു ബന്ധുക്കളേയും നിയമിച്ചു. എന്നാൽ സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്നും ഇത്തരം നിയമനങ്ങൾ റദ്ദാക്കണമെന്നും പിണറായി നിലപാട് എടുത്തു. പാർട്ടിയിലെ മുൻകൈ മുതലെടുത്ത് ജയരാജനേയും കോടിയേരിയേയും പ്രതിരോധത്തിലാക്കുകയും ചെയ്തു. മുഖ്യമന്ത്രി അറിയാതെ ഭരണപരമായ തീരുമാനങ്ങൾ ആരും എടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു പിണറായി പ്രഖ്യാപിച്ചത്. ഇതിനിടെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോൾ മരുമകളെ പേഴ്സണൽ സ്റ്റാഫിലെടുത്ത വിവാദവും എത്തി. ഇതിന് മറുപടിയുമായാണ് ദിവസങ്ങൾക്ക് ശേഷം ശ്രീമതി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. ഇതോടെ ശ്രീമതിയുടെ പോസ്റ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ബിജെപി അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടു. സംഭവം വിവാദമായപ്പോൾ പോസ്റ്റ് ശ്രീമതി പിൻവലിക്കുകയും ചെയ്തു.

പോസ്റ്റ് പിൻവലിച്ചതിനെക്കുറിച്ചുള്ള പി.കെ ശ്രീമതിയുടെ വിശദീകരണം ഇങ്ങനെയാണ്. വിശദീകരണം ടിവിയിൽ വാർത്തയായി എല്ലാവരും അറിഞ്ഞതിനാൽ പിന്നെ എന്തിനാണ് നിലനിർത്തുന്നത് എന്നതുകൊണ്ടാണ് പേജിൽനിന്ന് മാറ്റിയതെന്ന് പികെ ശ്രീമതി പറഞ്ഞു. 'മരുമകൾ പെൻഷൻ വാങ്ങുന്ന എന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണത്തിൽ വസ്തുത അറിയിക്കാനായിരുന്നു പോസ്റ്റ് ഇട്ടത്. അത് ടെലിവിഷനിൽ വാർത്തയായി എല്ലാവരും അറിഞ്ഞില്ലേ. പിന്നെ എന്തിന് നിലനിർത്തണം. പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയേണ്ടതില്ല. അതുകൊണ്ടാണ് ആ പോസ്റ്റ് മാറ്റിയത്. മരുമകൾ പെൻഷൻ വാങ്ങുന്നില്ല. പെൻഷന് അപേക്ഷിച്ചിട്ടു പോലുമില്ല. ഇക്കാര്യം ജനങ്ങളെ അറിയിക്കണം എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.' എന്നാൽ സംഭവം കൈവിട്ടു പോകാതിരിക്കാനായിരുന്നു പോസ്റ്റ് പിൻവലിക്കൽ. ഇതിന് താഴെ വന്ന കമന്റുകളും ഇതിലേക്ക് കാര്യങ്ങളെത്തിച്ചു. ശ്രീമതിയെ വിമർശിച്ച് പാർട്ടിക്കാർ പോലും കമന്റിട്ടു. ബന്ധുത്വവിവാദം സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലുണ്ടാക്കിയ ഭിന്നതയാണ് ഇതിലൂടെ പുറത്തുവന്നത്.

വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ പേഴ്സണൽ സ്റ്റാഫിൽ സ്വന്തം മരുമകളെ നിയമിച്ചത് വൻ വിവാദമായിരുന്നു. ശ്രീമതിയുടെ മകൻ സുധീറിന്റെ ഭാര്യ ധന്യ എം. നായരെയാണ് അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായി നിയമിച്ചത്. പുതിയ സർക്കാരിന്റെ കാലത്ത് സുധീർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസ് ലിമിറ്റഡിന്റെ എംഡിയായതും ഒഴിവാക്കിയതും വിവാദമായി. കഴിഞ്ഞ സർക്കാരിൽ ധന്യയെ നിയമിച്ചത് ശ്രീമതിയെങ്കിൽ സുധീറനെ നിയമിക്കുന്നത് സഹോദരി ഭർത്താവും വ്യവസായ മന്ത്രിയുമായ ഇപി ജയരാജനാണ്. ഇതിൽ സുധീറിന്റെ നിയമനം മുഖ്യമന്ത്രി അറിയാതെയാണ്. എന്നാൽ തന്റെ കാലത്ത് മരുമകളെ പേഴ്സണൽ സ്റ്റാഫാക്കിയത് എല്ലാവരുടേയും അറിവോടെയാണെന്ന് പികെ ശ്രീമതി വ്യക്തമാക്കിയത് പിണറായിയെ ലക്ഷ്യമിട്ടാണെന്ന് കണ്ണൂർ സിപിഎമ്മിലെ പ്രബല വിഭാഗം കരുതുന്നു. സ്വജനപക്ഷപാതത്തിലൂടെ മകനെ ഉന്നത സ്ഥാനത്ത് എത്തിക്കാനുള്ള നീക്കം പിണറായി പൊളിച്ചതാണ് ഇതിന് കാരണമെന്നും വിലയിരുത്തുന്നു. കോടിയേരിക്ക് പിന്നിൽ ജയരാജനും ശ്രീമതിയും അണിനിരക്കുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തുകയും ചെയ്യുന്നു. പരിസ്ഥിതി വിഷയത്തിലും മറ്റും ജയരാജനെ എതിർത്തവരെല്ലാം ഇതോടെ പാർട്ടിയിൽ ഒരുമിപ്പിക്കുകയാണ്. ഇത്തരെ തെറ്റായ പ്രവണതികൾക്ക് കോടിയേരി പിന്തുണനൽകിയാൽ അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

ആരോഗ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ ശ്രീമതി ടീച്ചർ ഏക മകൻ സുധീറിന്റെ ഭാര്യ ധന്യ എം.നായരെ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചു. പിന്നീട് മരുമകളെ പേഴ്സണൽ അസിസ്റ്റന്റാക്കി കൊണ്ട് പ്രമോഷനും നൽകി. പതിനേഴായിരം രൂപയാണ് ശമ്പളം. രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ പെൻഷന് അർഹത നേടും. ഇതിനുള്ള തന്ത്രമാണ് നടന്നത്. മകന്റെ ഭാര്യയാണെന്ന കാര്യം മറച്ചുവച്ചാണ് ധന്യയെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത്. ഔദ്യോഗിക രേഖയിൽ ധന്യയുടെ വിലാസം ആരാധനാ ഹൗസ്, തളാപ്പ്, കണ്ണൂർ എന്നായിരുന്നു. ഇത് ധന്യയുടെ സ്വന്തം വീട്ടിലെ വിലാസമായിരുന്നു. മന്ത്രി ശ്രീമതിയുടെ വീട് പഴയങ്ങാടി നെരുവമ്പ്രത്തും. സാധാരണ സിപിഐ(എം) മന്ത്രിമാർ പേഴ്സണൽ സ്റ്റാഫിൽ പാർട്ടി നിർദ്ദേശിക്കുന്ന സജീവപ്രവർത്തകരെയാണ് നിയമിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്ന് നിയമനം വിവാദമായത്. അന്നൊന്നും നൽകാത്ത വിശദീകരണം ഇപ്പോൾ നൽകിയത് പിണറായിയെ കുരുക്കിലാക്കാനാണ്. ഭരണത്തിലെ നേട്ടങ്ങളെ തകർക്കാനുള്ള നീക്കമായും ഇതിനെ കാണുന്നു. കണ്ണൂരിൽ നിന്നുള്ള സിപിഐ(എം) എംപി തന്നെ ഇത് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് പിണറായിയെ അനുകൂലിക്കുന്നവരുടെ വാദം.

പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു പോസ്റ്റാണിതെന്ന് വ്യക്തമാക്കിയായിരുന്നു ശ്രീമതി വിശദീകരണം ഇറക്കിയത്. എങ്കിലും 10കൊല്ലം മുൻപ് നടന്നതു എന്താണെന്നത് വ്യക്തമാക്കണം എന്നു എന്റെ മനസ് പറയുന്നു. പാർട്ടിക്കു പോറലേൽകാതിരിക്കാൻ അന്നു ഞാൻ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാർക്കു നിശ്ചയിക്കാം എന്നു പാർട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാൻ എന്റെ മകളെ. (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തിൽ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല . ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ് ചെയാൻ തീരുമാനിച്ചപ്പോൾ എന്റെ.സ്റ്റാഫിലുള്ളവരേയും അപ്ഗ്രേഡു ചെയ്തു. അതിൽ എന്റെ മകന്റെ ഭാര്യയെ ചേർത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാൽ മീഡിയാ ശക്തമായ വിമർശനം എനിക്കു നേരേ മാത്രം ഉയർത്തി .പാർട്ടിയുടെ നിർദ്ദേശമനുസരിച്ച്. രാജി വച്ചു. ഇപോൾ മീഡിയയും ബി. ജെ.പി. കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല. പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും പോസ്റ്റിലൂടെ വിശദീകരിച്ചു. എന്നാൽ വിവാദമുണ്ടായ ശേഷം സ്വയം പിൻവലിക്കുകയും ചെയ്തു. ഇതിൽ നിന്ന് തന്നെ പിണറായി ഭരണത്തിന്റെ ശോഭ കുറയ്ക്കാനാണ് സിപിഐ(എം) കേന്ദ്രകമ്മറ്റി അംഗം കൂടിയായ ശ്രീമതി ശ്രമിച്ചതെന്നാണ് ആക്ഷേപം.

മന്ത്രിയായിരിക്കെ ശ്രീമതി ഔദ്യോഗിക വസതിയായ സാനഡുവിൽ ഭർത്താവിനോടും മകനോടുമൊപ്പമാണ് ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ താമസിച്ചിരുന്നത്. മകന്റെ ഭാര്യ ധന്യയുടെ താമസവും ഇവിടെ തന്നെ. പാർട്ടി പ്രവർത്തനവുമായി കാര്യമായി ബന്ധങ്ങളൊന്നുമില്ലാത്ത മകന്റെ ഭാര്യയെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ ശ്രീമതിക്കെതിരേ പാർട്ടിക്കുള്ളിലും പുറത്തും ശക്തമായ എതിർപ്പ് ഉയർന്നു. ഇത് പ്രതിപക്ഷവും ആയുധമാക്കി. ഇതിന് ശേഷമായിരുന്നു ഒഴിവാക്കൽ. ഈ വിഷയത്തിലാണ് പത്തുകൊല്ലത്തിന് ശേഷം ശ്രീമതി മറുപടി നൽകുന്നത്. ഇതിന് തെരഞ്ഞെടുത്ത സമയം കണ്ണൂർ സിപിഎമ്മിൽ ഭിന്നതയുടെ സ്വരം ഉയരുമ്പോഴാണെന്നതാണ് വസ്തുത.

കടുത്ത വിമർശനമാണ് ഇ പിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 'ചിറ്റപ്പൻ കളി അറിഞ്ഞയുടനെ പിണറായി തിരുത്തി; മുഖ്യമന്ത്രിയെന്ന നിലയിൽ ചെയ്യേണ്ടതു ചെയ്തു; ഇനി പാർട്ടി സെക്രട്ടറിയുടെ ഊഴമാണ്; അതു കോടിയേരി സഖാവ് ചെയ്യണ''മെന്നു പാർട്ടി സെക്രട്ടറിയോട് ആവശ്യപ്പെടുകയാണു സൈബർ ലോകം. 'അന്വേഷണ കമ്മീഷൻ കൊണ്ടൊന്നും ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ പറ്റില്ല. അതിനാൽ കർശന നടപടി തന്നെ വേണ'മെന്നാണ് സൈബർ ലോകത്ത് ഒരുവിഭാഗം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.

എവിടെയായാലും അവിടെ സ്വന്തം കാര്യം കാണാൻ ശ്രമിക്കുന്ന ആളാണ് ഇ പിയെന്നും വിമർശനം ഉയരുന്നുണ്ട്. 'മന്ത്രിസഭയിലെ രണ്ടാം നമ്പരെന്നൊക്കെ ഇപി സ്വയം പറഞ്ഞു നടക്കുന്നതല്ലേ.. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദങ്ങളെക്കുറിച്ചന്വേഷിക്കാനുള്ള മന്ത്രിസഭാ സബ് കമ്മിറ്റിയുടെ കൺവീനറാരാ.. എ കെ ബാലൻ. കമ്മിറ്റിയിൽ പിന്നെ സിപിഎമ്മിൽ നിന്ന് തോമസ് ഐസക്കും. എന്തുകൊണ്ടാണ് ആ കമ്മിറ്റിയിൽ ഇപിയെ പിണറായി ഉൾപ്പെടുത്താത്തത്? ആ റിപ്പോർട്ടു വച്ച് ഇപി ഉമ്മൻ ചാണ്ടിയോടു വിലപേശും. ഒത്താലൊരു ബന്ധുവിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കി പ്രശ്‌നം സെറ്റിൽ ചെയ്യും. അതു പിണറായിക്കറിയാം''. അതുകൊണ്ടാണ് ഇ പിയെ അതിൽ ഉൾപ്പെടുത്താത്തതെന്നും വിമർശനം സൈബർ ലോകം ഉയർത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP