Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുക്കാടൻ മുതലാളിയുടെ ചടങ്ങു ബഹിഷ്‌ക്കരിച്ചെങ്കിലും പി വി സിന്ധുവിനെ നിരാശപ്പെടുത്താതെ മുഖ്യമന്ത്രി; വീട്ടിൽ വിളിച്ചു കൊണ്ടുപോയി ഒരേ സോഫയിൽ ഇരുന്ന് ഭാര്യക്കൊപ്പം ഭക്ഷണം വിളമ്പി പിണറായി വിജയൻ; ഇന്ത്യയുടെ അഭിമാനതാരം മടങ്ങിയത് നിറഞ്ഞ മനസോടെ

മുക്കാടൻ മുതലാളിയുടെ ചടങ്ങു ബഹിഷ്‌ക്കരിച്ചെങ്കിലും പി വി സിന്ധുവിനെ നിരാശപ്പെടുത്താതെ മുഖ്യമന്ത്രി; വീട്ടിൽ വിളിച്ചു കൊണ്ടുപോയി ഒരേ സോഫയിൽ  ഇരുന്ന് ഭാര്യക്കൊപ്പം ഭക്ഷണം വിളമ്പി പിണറായി വിജയൻ; ഇന്ത്യയുടെ അഭിമാനതാരം മടങ്ങിയത് നിറഞ്ഞ മനസോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. കേസിൽ പ്രതിയായ വ്യവസായി സെബാസ്റ്റ്യൻ മുക്കാടൻ പങ്കെടുത്തതു കൊണ്ടാണ് മുഖ്യമന്ത്രി ചടങ്ങിൽ നിന്നും വിട്ടുനിന്നത്. സ്‌പോട്‌സ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ പണം മുടക്കിയതും മുക്കാടൻ മുതലാളിയിരുന്നു. സാക്ഷിക്കും സിന്ധുവിനും പാരിതോഷികം നൽകാൻ കേരള സർക്കാർ പണം മുടക്കിയിരുന്നില്ല. എന്നാൽ, പ്രവാസി വ്യവസായി സ്‌പോൺസറായതോടെ കേരളത്തിന്റെ അക്കൗണ്ടിൽ കാര്യങ്ങൾ നടക്കുകയും ചെയ്തു.

എന്നാൽ, ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി വിട്ടു നിന്നതിന് ചില കോണുകളിൽ നിന്നും വിമർശനം ഉയരുകയും ചെയ്തു. എന്നാൽ, ഈ വിമർശനത്തിന് കഴമ്പില്ലെന്നാണ് സിപിഐ(എം) അണികൾ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്. മുക്കാടൻ മുതലാളി സംഘടിപ്പിച്ച ചടങ്ങിൽ നിന്നും വിട്ടു നിന്ന മുഖ്യമന്ത്രി വെള്ളിമെഡൽ ജേതാവായ പി വി സിന്ധുവിനെ ക്ലിഫ്ഹൗസിൽ വിളിച്ചു വരുത്തിയാണ് സൽക്കരിച്ചത്. സാക്ഷി മാലിക്ക് എത്തിയില്ലെങ്കിലും പിണറായി സിന്ധുവിനെ നല്ലവണ്ണം സൽക്കരിച്ച ശേഷമാണ് യാത്രയാക്കിയത്.

സിന്ധുവിന്റെ പരിശീലകനും രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാര ജേതാവുമായ പി ഗോപിചന്ദിനും മാതാപിതാക്കൾക്കും ഒപ്പമാണ് സിന്ധു പിണറായി വിജയനെ സന്ദർശിച്ചത്. സിന്ധുവിന്റെ അച്ഛൻ അർജുന അവാർഡ് ജേതാവ് പി വി രമണ, അമ്മയും മുൻ വോളിബോൾ താരവുമായ പി വിജയ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ, കായിക സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, സ്പോർട്സ് കൗൺസിൽ അഡ്‌മിനിസ്‌ട്രേറ്റീവ് അംഗങ്ങളായ പി ശശിധരൻ നായർ, എം ആർ രഞ്ജിത്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ്കുമാർ എന്നിവരും ഒപ്പമുണ്ടായി സിന്ധുവിനൊപ്പം ക്ലിഫ്ഹൗസിലെത്തി.

വീട്ടിലെത്തിയ സിന്ധുവിനെ മുഖ്യമന്ത്രിയുടെ ഭാര്യ കമല മകളെ പോലെ ചേർത്തു നിർത്തി സ്വീകരിച്ചു. സോഫയിലേക്ക് ക്ഷണിച്ചിരുത്തി ഐസ്‌ക്രീം നൽകി. വാൽസല്യത്തോടെ തന്നെയാണ് പിണറായി വിജയനും പെരുമാറിയത്. സിന്ധുവിന്റെ പരിശീലകൻ ഗോപിചന്ദിന് കേരളത്തിൽ അക്കാദമി തുടങ്ങാൻ സൗകര്യമൊരുക്കുമെന്ന തീരുമാനം ഉണ്ടായതും ഈ കൂടിക്കാഴ്‌ച്ചയിലായിരുന്നു. വിവാദ വ്യവസായിയുടെ സാന്നിധ്യം കൊണ്ട് ഒളിമ്പിക് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങിൽ നിന്നും വിട്ടു നിൽകേണ്ടി വന്നതിൽ പിണറായിക്കു ചെറിയ ദുഃഖവുമുണ്ടായിരുന്നു. എന്തായാലും സിന്ധുവിനെ ക്ലിഫ്ഹൗസിലേക്ക് ക്ഷണിച്ച് സൽക്കരിച്ചു വിട്ടതോടെ ഈ പരാതി പരിഹരിക്കുകയും ചെയ്തു മുഖ്യമന്ത്രി.

ഒന്നര മണിക്കൂറോളമാണ് സിന്ധുവും കുടുംബവും മുഖ്യമന്ത്രിക്കൊപ്പം ക്ലിഫ്ഹൗസിൽ സമയം ചിലവഴിച്ചത്. ഒടുവിൽ കേരള മുഖ്യമന്ത്രിയുടെ ആധിത്യ മര്യാദയിൽ മനസു നിറഞ്ഞാണ് ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ മടങ്ങിയത്.

സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകർക്കു യഥാക്രമം പത്തും അഞ്ചും ലക്ഷവും ആയിരുന്നു സെബാസ്റ്റ്യൻ മുക്കാടൻ സമ്മാനിച്ചത്. സ്പോർട്സ് ഡയറക്ടറേറ്റും കൗൺസിലും സംയുക്തമായി സർക്കാർ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അവസാന നിമിഷം മുഖ്യമന്ത്രി പിന്മാറി. മന്ത്രിമാരും എത്തിയില്ല. ഇതോടെ ചടങ്ങിന്റെ ഗ്ലാമർ കുറഞ്ഞു. മുഖ്യമന്ത്രിയുടെ സൗകര്യാർഥമാണു വേദി ഏഷ്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന തലസ്ഥാനത്തെ സ്‌കൂളിലേക്കു മാറ്റിയത്. അവസാന നിമിഷം മുഖ്യമന്ത്രി പിന്മാറിയപ്പോൾ പകരം സ്പോർട്സ് കൗൺസിൽ പ്രസിഡന്റാണു സമ്മാനം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP