Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചീഫ് സെക്രട്ടറി ബലം പിടിച്ചിട്ടും അഞ്ചിന് പകരം പത്മ ലിസ്റ്റിൽ 13 പേർ കയറിക്കൂടി; കിംസ് ആശുപത്രി മുതലാളിയും പത്മശ്രീ പുരസ്‌ക്കാര പട്ടികയിൽ; മോഹൻലാലിനെ പത്മവിഭൂഷൻ ആക്കാൻ ഇക്കുറിയും കഴിയില്ല; പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇക്കുറിയും ബോബി ചെമ്മണ്ണൂരിനെ കയറ്റാനായില്ല

ചീഫ് സെക്രട്ടറി ബലം പിടിച്ചിട്ടും അഞ്ചിന് പകരം പത്മ ലിസ്റ്റിൽ 13 പേർ കയറിക്കൂടി; കിംസ് ആശുപത്രി മുതലാളിയും പത്മശ്രീ പുരസ്‌ക്കാര പട്ടികയിൽ; മോഹൻലാലിനെ പത്മവിഭൂഷൻ ആക്കാൻ ഇക്കുറിയും കഴിയില്ല; പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇക്കുറിയും ബോബി ചെമ്മണ്ണൂരിനെ കയറ്റാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്മ പുരസ്‌ക്കാരങ്ങൾ എല്ലാവർഷം തോറും നമ്മുടെ രാഷ്ട്രീയക്കാർ സമർത്ഥമായി കച്ചവടം ചെയ്യുന്ന ഒന്നാണെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. അതതു സംസ്ഥാന സർക്കാറുകൾ നോമിനേറ്റ് ചെയ്യുന്നവരെയാണ് കേന്ദ്രസർക്കാർ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് എന്നതിനാൽ പുരസ്‌ക്കാരം മോഹിക്കുന്നവർ സംസ്ഥാന ഭരണാധികാരികളെ തൃപ്തിപ്പെടുത്താൻ താഴെ തട്ടിൽ നിന്നുതന്നെ ശ്രമം തുടങ്ങും. ഇതിനായി മന്ത്രിമാരെ പോക്കറ്റിലാക്കലാണ് പതിവു പരിപാടി. ഇങ്ങനെ മിക്ക മന്ത്രിമാരും അവർക്ക് ഇഷ്ടമുള്ളവരെ നോമിനേറ്റ് ചെയ്ത കാഴ്‌ച്ചയാണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഇത്തവണം ആ പതിവ് തെറ്റിയിട്ടില്ല. ചീഫ് സെക്രട്ടറി പരമാവധി ബലം പിടിച്ചു നോക്കിയിട്ടും കാശിന്റെ ആധിക്യം കൊണ്ട് അഞ്ചിന് പകരം 13 പേർ ഇത്തവണയും പത്മ പുരസ്‌ക്കാര പട്ടികയിൽ ഇടം പിടിച്ചു.

അർഹരായ ചുരുങ്ങിയ ആളുകളുടെ പട്ടിക നൽകിയാൻ മാത്രമേ പുരസ്‌ക്കാരം ലഭിക്കാൻ സാധ്യതയുള്ളൂ എങ്കിലും വ്യവസായികളെയും മറ്റുള്ളവരെയും തൃപ്തിപ്പെടുത്താൻ വേണ്ടി ഇത്തണയും സംസ്ഥാനം കേന്ദ്രത്തിന് നൽകിയത് ജംബോ പട്ടികയാണ്. ആരോഗ്യ രംഗത്തുള്ളവർ എന്ന പേരിൽ തലസ്ഥാനത്തെ നക്ഷത്ര ആശുപത്രിയുടെ മുതലാളി അടക്കമുള്ളവർ ഇടം പിടിച്ചപ്പോൾ മോഹൻലാൽ അടക്കമുള്ളവർ ഇത്തവണ പത്മ പട്ടികയിൽ നിന്നും പുറത്തായി. പത്മവിഭൂഷൻ പട്ടികയിൽ നിന്നാണ് മോഹൻലാൽ പുറത്തായത്. അതേസമയം പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും വിവാദ ജുവല്ലറി വ്യവസായി ബോബി ചെമ്മണ്ണൂരിനെ പട്ടികയിൽ കയറ്റാൻ സംസ്ഥാനത്തെ ഭരണക്കാർക്ക് സാധിച്ചില്ല.

മുൻകാലങ്ങളിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പത്മപട്ടികയ്‌ക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. യോഗ്യത ഇല്ലാത്തവരെ കുത്തിത്തിരുകി എന്നതായിരുന്നു പ്രധാന ആക്ഷേപം. ഈ ആക്ഷേപം പരിഹരിക്കാൻ വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് കാര്യങ്ങൾ പതിവുപോലെയായി മാറി. അഞ്ചുപേരിൽ കൂടുതൽ ഉൾപ്പെടുത്തിയാൽ സർക്കാരിനു പേരുദോഷമുണ്ടാകുമെന്ന ചീഫ് സെക്രട്ടറിയുടെ ഉപദേശം മറികടന്ന് പട്ടികയിൽ ഉൾപ്പെടുത്തിയതു 13 പേരൊയിരുന്നു.

പത്മഭൂഷൺ പി. ഗോപിനാഥൻനായർ (സാമൂഹികസേവനം), പത്മശ്രീ: കവി അക്കിത്തം അച്യുതൻ നമ്പൂതിരി, കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻനായർ, മംഗളം മുൻ ജനറൽ എഡിറ്റർ കെ.എം. റോയി, പിന്നണി ഗായകൻ പി. ജയചന്ദ്രൻ, ഡോ. വി.പി. ഗംഗാധരൻ (വൈദ്യശാസ്ത്രം), ഡോ. എം.ഐ. സഹദുള്ള (ആരോഗ്യവിദ്യാഭ്യാസം), പി.യു. തോമസ് (സാമൂഹികസേവനം), പി. കുഞ്ഞികൃഷ്ണൻ (ശാസ്ത്രസാങ്കേതികം), അത്‌ലറ്റ് പ്രീജ ശ്രീധരൻ, കായികപരിശീലകൻ പ്രഫ. സണ്ണി തോമസ്, ശ്രീകുമാരൻ തമ്പി (കവി, ഗാനരചയിതാവ്, സംവിധായകൻ), കെ. മുരളീധരൻ (വ്യവസായം) എന്നിവരാണു പട്ടികയിലുള്ളത്.

പട്ടികയിൽ കിംസ് ആശുപത്രി ഉടമ ഇടം പിടിച്ചതാണ് ഇത്തവണം വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ഡോ. എം.ഐ. സഹദുള്ളയെ ആരോഗ്യവിദ്യാഭ്യാസം ഇനത്തിൽ പെടുത്തിയാണ് സർക്കാർ കേന്ദ്രത്തിന് പട്ടിക അയച്ചത്. എന്നാൽ, റോജി റോയിയുടെ മരണം അടക്കം നിരവധി വിവാദങ്ങൾ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഈ ആശുപത്രി പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമായ ആശുപത്രി കൂടിയാണ്. കൂടാതെ ആശുപത്രിയിലെ ഡോക്ടറുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങൾ അതീവ ഗൗരവതരമാണ് താനും. എന്നാൽ, ഭരിക്കുന്ന രാഷ്ട്രീയക്കാർക്ക് ഏറെ പ്രിയപ്പെട്ടവൻ എന്ന നിലയിലാണ് ഡോ. സഹദുള്ള ഇത്തവണ പത്മ പട്ടികയിൽ ഇടംപിടിച്ചത്.

പത്മ പുരസ്‌കാരങ്ങൾ സംഘടിപ്പിച്ചുകൊടുക്കാൻ രാഷ്ട്രീയക്കാരടങ്ങിയ ഉപജാപകസംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ശരിവച്ച സാഹചര്യത്തിൽ അതീവജാഗ്രതയോടെയാണു ചീഫ് സെക്രട്ടറി ജിജി തോംസൺ പട്ടിക കേന്ദ്രത്തിനയച്ചത്. പല കേന്ദ്രങ്ങളിൽനിന്നു ലഭിച്ച 80 പേരുടെ പട്ടിക അഞ്ചു മന്ത്രിമാരും ചീഫ് സെക്രട്ടറിയുമടങ്ങുന്ന സമിതി പരിശോധിച്ച് ചുരുക്കിയെടുത്തെങ്കിലും അഞ്ചിൽ ഒതുക്കാൻ സാധിച്ചില്ല. ഇതിന് രാഷ്ട്രീയ സമ്മർദ്ദവും കാരണമായെന്ന ആക്ഷേപം ഉണ്ട്.


പട്ടികയിലെ എണ്ണം കൂടിയാൽ പുരസ്‌കാരക്കച്ചവടമെന്ന പേരുദോഷമുണ്ടാകുമെന്നു യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ചീഫ് സെക്രട്ടറിയാണ് അഞ്ചുപേർ മതിയെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ, ഉന്നതസ്വാധീനത്തേത്തുടർന്ന് അന്തിമപട്ടികയിൽ 13 പേർ ഇടംപിടിച്ചു. രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായി അന്തിമപട്ടിക മന്ത്രിസഭായോഗത്തിൽപോലും വയ്ക്കാതെയാണു ചീഫ് സെക്രട്ടറി നേരിട്ടു കേന്ദ്രസർക്കാരിനു കൈമാറിയത്. എന്നാൽ, അതിനുശേഷവും കനത്ത സമ്മർദത്തേത്തുടർന്നു തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ദുബായിലെ പ്രമുഖവ്യവസായി കെ.മുരളീധരന്റെ പേരൂകൂടി ശിപാർശ ചെയ്തു മറ്റൊരു റിപ്പോർട്ടും കേന്ദ്രത്തിനു നൽകി.

മുൻവർഷങ്ങളിൽ കോടികൾ മുടക്കി ചില വ്യവസായികളും ധനികരുമുൾപ്പെട്ട പ്രാഞ്ചിയേട്ടന്മാർ പത്മപുരസ്‌കാരങ്ങൾ സ്വന്തമാക്കിയെന്ന് ആരോപണമുയർന്നിരുന്നു. അതേസമയം രക്തബാങ്കെന്ന പേരിൽ കേരളം മുഴുവൻ ഓടിനടന്ന ബോബി ചെമ്മണ്ണൂരിനെ ഇത്തവണ ഉൾപ്പെടുത്താതിരിക്കാൻ കാരണമായത് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങലാണ്. ബോബിയുടെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ വർഷം ഉണ്ടായത്. എന്തായാലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്നും എത്രപേരെ പുരസ്‌ക്കാരത്തിനായി പരിഗണിക്കുമെന്ന കാര്യമാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP