Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബി.ബി.സി വരെ വാർത്താക്കിയ മീനാക്ഷിയമ്മ; നവരസങ്ങൾ ആടിത്തീർത്ത് ഗുരു ചേമഞ്ചേരി; നാദ വൈഭവത്തിന്റെ പാറശ്ശാലയുടെ കരുത്ത്; ഇരുട്ടിനെ സുഖമായി കണ്ട അക്കിത്തം; ബോബി ചെമ്മണ്ണൂരിനെപ്പോലുള്ള പ്രാഞ്ചിയേട്ടന്മാരെ ഒഴിവാക്കി അർഹതയുള്ളവരെ കേന്ദ്രം പത്മശ്രീ നൽകി ആദരിച്ചപ്പോൾ

ബി.ബി.സി വരെ വാർത്താക്കിയ മീനാക്ഷിയമ്മ; നവരസങ്ങൾ ആടിത്തീർത്ത് ഗുരു ചേമഞ്ചേരി; നാദ വൈഭവത്തിന്റെ പാറശ്ശാലയുടെ കരുത്ത്; ഇരുട്ടിനെ സുഖമായി കണ്ട അക്കിത്തം;  ബോബി ചെമ്മണ്ണൂരിനെപ്പോലുള്ള പ്രാഞ്ചിയേട്ടന്മാരെ ഒഴിവാക്കി അർഹതയുള്ളവരെ കേന്ദ്രം പത്മശ്രീ നൽകി ആദരിച്ചപ്പോൾ

കെ.വി നിരഞ്ജൻ

കോഴിക്കോട്: ഇത്തവണ പത്മശ്രീ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോട്ടെ പ്രമുഖരുടെയൊക്കെ കണ്ണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ പേര് അതിലുണ്ടോയെന്ന് അറിയാനായിരുന്നു. ചാനൽകാമറകളെനോക്കി തെരുവ്‌നായ്ക്കളെ പിടിച്ച് കടിവാങ്ങിയും,കൂട്ടയോട്ടവും സമൂഹവിവാഹവുമൊക്കെയായി ചെമ്മണ്ണൂർ ഇതിനായി പയറ്റാത്ത അടവുകളില്ല. എന്നാൽ ലക്ഷങ്ങൾ വെള്ളത്തിലായെന്നല്ലാതെ ഒരുകാര്യവുമുണ്ടായില്ല. സകല പ്രാഞ്ചിയേട്ടന്മാരെയും തഴഞ്ഞ് അർഹതയുള്ളവർക്കായി ഇത്തവണത്തെ പത്മ പുരസ്‌ക്കാരങ്ങൾ പോവുമ്പോൾ കോഴിക്കോട്ടുകാർക്ക് അത് ഇരിട്ടി മധുരമാവുകയാണ്.

തങ്ങളുടെ രണ്ട് പ്രിയപ്പെട്ടവർക്കാണ് രാജ്യം പത്മശ്രീ നൽകിയത്.75ാം വയസ്സിലും ചുവടുതെറ്റാതെ പുരുഷനമ്മാരെപ്പോലും തോൽപ്പിക്കുന്ന മീനാക്ഷിയമ്മ എന്ന കളരി ഗുരുക്കൾക്കും,102ാം വയസ്സിലും നവരസങ്ങൾ ആടുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർക്കും.പ്രായത്തെ തോൽപ്പിക്കുന്ന വിസ്മയങ്ങളാണിവർ. കളരിയുടെ ഈറ്റില്ലമായ പഴയ കടത്തനാടിന്റെ,കരുത്താണ് മീനാക്ഷിയമ്മ എന്ന കളരി ഗുരുക്കൾ. 75ാം വയസ്സിലും ചുവടുതെറ്റാതെ കളരിയുടെ വഴിയിൽ സഞ്ചരിക്കുന്ന ഈ അമ്മയിപ്പോൾ പത്മശ്രീ അംഗീകാരത്തിന്റെ നിറവിലാണ്. ഈ അംഗീകാരം കളരിയുടെ വഴിയിൽ തന്നെ നയിച്ച ഭർത്താവ് രാഘൂട്ടി ഗുരുക്കൾക്ക് സമ്മാനിക്കുകയാണെന്ന് മീനാക്ഷി അമ്മ പറയുന്നു.

ആട്ടവിളക്കിനു മുന്നിൽ നടനവിസ്മയം തീർത്ത ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ തേടി ഇന്ത്യയിലെ ഉന്നത ബഹുമതികളിലൊന്നായ പത്മശ്രീ എത്തുമ്പോൾ അതും വൈകിയാണെങ്കിലും അർഹതക്കുള്ള അംഗീകാരമായി. കലാലോകത്തിന്റെയും സഹൃദയരുടെയും ആദരവും അംഗീകാരവും എന്നേ നേടിയ അനുഗൃഹീത കലാകാരന് നൂറ്റിരണ്ടാം വയസ്സിലത്തെിനിൽക്കുമ്പോഴാണ് പുരസ്‌കാരം. വാർധക്യ സഹജമായ അസുഖങ്ങളൊന്നുമില്ലാതെ ഇപ്പോഴം സജീവമാണ് ഗുരു. ഇപ്പോഴും അരങ്ങിൽ അരക്കെനോക്കും. കഴിഞ്ഞ ആഴ്ചയും ഒരുവേദിയിൽ നവരസങ്ങൾ ആടിക്കൊണ്ട് അദ്ദേഹം സദസ്യരെ ഞെട്ടിച്ചിരുന്നു.

രാവിലെ കേന്ദ്ര സാംസ്‌കാരിക വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ് അവാർഡിന്റെ സൂചന നൽകിയത്. കണ്ണൂരിലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഗുരുവിന്റെ അനുഗ്രഹം തേടിയത്തെിയ കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളോടൊപ്പം പാട്ടുപാടി ഉല്ലസിക്കുകയായിരുന്നു ഗുരു അപ്പോൾ. പതിവിലുമേറെ സന്തോഷത്തിലായിരുന്നു ഗുരു രാവിലെ. അവാർഡ് വിവരം അറിഞ്ഞപ്പോൾ കൈകൾ കൂപ്പി കണ്ണടച്ചു. എല്ലാം ദൈവത്തിന്റെ കൃപ, നാട്ടുകാരുടെ പ്രാർത്ഥന, ഗുരു കാരണവന്മാരുടെ അനുഗ്രഹം... ഗുരു ചേമഞ്ചേരി വിനയാന്വിതനായി. ഔദ്യോഗികമായി പ്രഖ്യാപനം വന്നില്‌ളെങ്കിലും വിവരമറിഞ്ഞ് പിന്നെ ആളുകളുടെ പ്രവാഹം. വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ തള്ളിക്കയറ്റമായിരുന്നു.

എല്ലാവർക്കും മുന്നിൽ നിഷ്‌കളങ്ക ചിരിയുമായി വിനയാന്വിതനായി ഗുരുവും. എല്ലാവരെയും സ്വീകരിക്കാൻ നിഴലായി എപ്പോഴും കൂടെയുണ്ടാകാറുള്ള സഹോദരീപുത്രൻ ശങ്കരൻ മാസ്റ്ററും ഭാര്യ ഗീതയും പിന്നെ മകൻ പവിത്രനും ഭാര്യ നളിനിയും. ദീർഘകാലമായി മുംബൈയിൽ മിലിട്ടറി കാന്റീൻ സ്റ്റോർ ഡിപ്പാർട്‌മെന്റിൽ ജീവനക്കാരനായ പവിത്രൻ കഴിഞ്ഞ 18ന് വീട്ടിലെ പാൽകാച്ചൽ കർമത്തിന് എത്തിയതായിരുന്നു. ഗുരുവിന്റെ ഭാര്യ 60 വർഷം മുമ്പ് മരിച്ചു. 40 വർഷമായി ശങ്കരൻ മാസ്റ്ററുടെ കൂടെ ചേലിയ യമുനയിലാണ് താമസം.

ഗുരുവിന്റെ പിറന്നാളുകളെല്ലാം ഗംഭീരമായാണ് നാട്ടുകാർ ആഘോഷിക്കാറ്. ഈ ആഹ്‌ളാദങ്ങൾക്കിടയിലും ദേശീയ അംഗീകാരം ലഭിക്കാതെപോയതിൽ പരിവേദനങ്ങളും ഉയരാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതെല്ലാം മാറി. പത്മശ്രീ അംഗീകാരം വൻ ആഘോഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

നാദമാധുരിക്ക് പ്രണാമം

ആറുപതിറ്റാണ്ട് നീണ്ട സംഗീത യാത്രയ്ക്കിടെ രാജ്യം തന്ന ആദരത്തിൽ സന്തോഷം പങ്ക് വെക്കുകയാണ് പാറശ്ശാല ബി പൊന്നമ്മാൾ. കർണാടക സംഗീതജ്ഞയായ പൊന്നമ്മാളിന് വയസ്സ് 93 കഴിഞ്ഞുവെങ്കിലും വലിയശാല ഗ്രാമത്തിലെ വ്യാസ എന്ന അഗ്രഹാരത്തിന്റെ അകത്തേമുറിയിൽ രാവിലെയും വൈകീട്ടും ഇന്നും ശുദ്ധസംഗീതം കേൾക്കാം. പ്രസിദ്ധ കർണാടക സംഗീതജ്ഞയായ പാറശ്ശാല ബി.പൊന്നമ്മാൾ ഇവിടെ പാടുകയാണ്. ശേഷം തന്റെ തന്റെ വിദ്യാർത്ഥികൾക്ക് സംഗീതം പകർന്ന് കൊടുക്കും. കാരണം 93-ാം വയസ്സിലും പാറശ്ശാല പൊന്നമ്മാളുടെ നാദവൈഭവത്തിന് എന്നും നിത്യമധുരമാണ്. സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികൾ.

പാറശ്ശാല ഗ്രാമത്തിൽ ഹെഡ്‌മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924-ൽ ജനിച്ച പൊന്നമ്മാൾ ഏഴാം വയസ്സിലാണ് സംഗീതം അഭ്യസിച്ചുതുടങ്ങിയത്. അച്ഛന്റെ സ്ഥലംമാറ്റത്തെ തുടർന്ന് ആദ്യം അടൂരിലും പിന്നീട് പാറശ്ശാലയിലുമായിരുന്നു പ്രാരംഭപഠനം. ചിത്തിരതിരുനാൾ രാജാവിന്റെ പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സംഗീതമത്സരത്തിൽ 15-ാം വയസ്സിൽ ഒന്നാംസമ്മാനം നേടി. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു മത്സരത്തിന്റെ വിധികർത്താവ്.

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ആദ്യബാച്ചിൽ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും അവർ ഒന്നാംറാങ്കോടെ പാസ്സായി. പ്രസിദ്ധ സംഗീതജ്ഞൻ പാപനാശം ശിവനിൽനിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്. 18-ാം വയസ്സിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ സംഗീതാധ്യാപികയായ പൊന്നമ്മാൾ തുടർന്ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീത കോളേജിന്റെ പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്.

2009ലെ കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങൾ, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി 30ലേറെ അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. പരേതനായ ആർ. ദൈവനായകം അയ്യരാണ് ഭർത്താവ്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം, ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായ മഹാദേവൻ എന്നിവർ മക്കളാണ്.

'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'-വൈകിയെത്തിയ അംഗീകാരം

മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്‌നേഹത്താൽ നിർമ്മിക്കപ്പെടേണ്ടതാണ് ജീവിതം അദ്ദേഹത്തിന്റെ ഓരോ രചനയും ഓർമ്മിപ്പിക്കുന്നു. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'എന്ന് കാലങ്ങൾക്കു മുമ്പേ, എഴുതിയ മഹാകവിയാണ് അക്കിത്തം എന്ന അക്കിത്തം അച്യുതൻ നമ്പൂതിരി.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി ജനനം. ചെറുപ്പത്തിൽ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46ഓളം കൃതികളും മഹാകവി രചിച്ചിട്ടുണ്ട്.

ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം,2012 ലെ വയലാർ അവാർഡ് (അന്തിമഹാകാലം) എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP