Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി നിലവറ തുറക്കാൻ അനുവദിക്കില്ലെന്ന് അശ്വതി തിരുനാൾ ഗൗരിലക്ഷി ഭായി; തുറക്കാനുള്ള ശ്രമം ദേവഹിതത്തിന് എതിര്; നേരത്തെ ഏഴു തവണ തുറന്നിട്ടുണ്ടെന്ന് വിനോദ് റായി പറയുന്നത് ബി നിലവറയോട് ചേർന്ന ചേംബർ; നിയമയുദ്ധത്തിന് തയ്യാറെടുത്ത് തിരുവിതാംകൂർ രാജകുടുംബം

ബി നിലവറ തുറക്കാൻ അനുവദിക്കില്ലെന്ന് അശ്വതി തിരുനാൾ ഗൗരിലക്ഷി ഭായി; തുറക്കാനുള്ള ശ്രമം ദേവഹിതത്തിന് എതിര്; നേരത്തെ ഏഴു തവണ തുറന്നിട്ടുണ്ടെന്ന് വിനോദ് റായി പറയുന്നത് ബി നിലവറയോട് ചേർന്ന ചേംബർ; നിയമയുദ്ധത്തിന് തയ്യാറെടുത്ത് തിരുവിതാംകൂർ രാജകുടുംബം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരമുള്ള ബി നിലവറ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച് തിരുവിതാംകൂർ രാജകുടുംബം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാകുമെന്ന് പറഞ്ഞാണ് രാജകുടുംബം ഇതിനെ എതിർക്കുന്നത്. നിലവറ തുറക്കുന്നതിന് തന്ത്രി സമൂഹവും എതിരാണെന്ന് മുതിർന്ന രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷി ഭായി വ്യക്തമാക്കി.

നേരത്തെ ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുൻ സിഎജി വിനോദ് റായിയുടെ കണ്ടെത്തലും രാജകുടുംബം നിഷേധിച്ചു. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് തുറന്നിട്ടുള്ളത്. ഈ ആന്റി ചേമ്പറിനെ ബി നിലവറയായി തെറ്റിധരിക്കുകയാണെന്നും ഇവർ വാദിക്കുന്നു. നിലവറ തുറക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാൾ ഗൗരിലക്ഷി ഭായി പറഞ്ഞു.

രാജകുടുംബത്തിലെ ഇപ്പോഴത്തെ തലമുറയ്ക്കൊന്നും ബി നിലവറ തുറന്നതിനെ കുറിച്ച് അറിയില്ല. അതുകൊണ്ടുതന്നെ ബി നിലവറയിൽ നിന്നെടുത്ത വെള്ളി ഉപയോഗിച്ചാണ് തിരുവമ്പാടി ക്ഷേത്രത്തിൽ വെള്ളിപുശിയതെന്ന വാദവും തെറ്റാണ്. സുപ്രീംകോടയിൽ കേസ് പരിഗണിക്കുമ്പോൾ നിവലറ തുറക്കാനാകില്ലെന്ന തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും രാജകുടുംബാംഗങ്ങൾ പറഞ്ഞു.

ബി. നിലവറ തുറക്കണമെന്നും ബി. നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ബി.നിലവറ തുറക്കാൻ ആവശ്യപ്പെട്ടത്. ബി.നിലവറ തുറന്നില്ലെങ്കിൽ അനാവശ്യ സംശയങ്ങൾക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും മുറുപടി ഉടൻ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പുറമെ ക്ഷേത്ര സുരക്ഷയ്ക്ക് പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ദിവസേനയുള്ള വരവ് ചെലവ് കണക്കുകൾ നിയന്ത്രിക്കാൻ ഫിനാൻസ് കൺട്രോളറെ നിയമിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആറുനിലവറകളുള്ള ക്ഷേത്രത്തിൽ ബി ഒഴികെയുള്ള നിലവറകൾ ഘട്ടംഘട്ടമായി തുറന്ന് കണക്കെടുപ്പ് നടത്തിയിരുന്നു. ഇ, എഫ്, എന്നീ നിലവറകൾ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി എന്നീ നിലവറകൾ ഉത്സവാവശ്യങ്ങൾക്കുള്ള സ്വർണാഭരണങ്ങളും മറ്റും സൂക്ഷിക്കുന്നവയാണ്. എ, ബി നിലവറകളിലാണ് ക്ഷേത്രത്തിന്റെ ധനസഞ്ചയം മുഴുവനുമുള്ളത്. ശയനമൂർത്തി വിഗ്രഹത്തിന്റെ തലയുടെ ഭാഗത്താണ് എ എന്ന ശ്രീപണ്ടാരം നിലവറയും ബി എന്ന മഹാഭാരതക്കോണത്ത് നിലവറയും സ്ഥിതിചെയ്യുന്നത്. എ നിലവറയിലെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് ഒന്നേകാൽ ലക്ഷം കോടിയോളം വിലവരുന്ന ശേഖരം കണ്ടെത്തിയത്. രത്‌നങ്ങൾ പതിച്ച സ്വർണാഭരണങ്ങളും സ്വർണവിഗ്രഹങ്ങളും സ്വർണക്കട്ടികളും എ നിലവറയിൽ ഉണ്ടായിരുന്നു. ഇതിന് പിന്നിലുള്ള ബിയിലും സമാനമായ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്.

ആറുകൊല്ലം മുൻപ് നടന്ന ആദ്യത്തെ മൂല്യനിർണയ വേളയിൽ ബി നിലവറ തുറക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിലേക്കുള്ള ഉരുക്ക് വാതിൽ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യത്തെ രണ്ടുവാതിലുകൾ തുറന്നപ്പോൾ വെള്ളിക്കട്ടികൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ബ്രഹ്മകലശമടക്കമുള്ള ആചാരങ്ങൾക്ക് ഉപയോഗിക്കാൻ വെള്ളിവിളക്കുകളുടെയും വെള്ളിക്കുടങ്ങളുടെയും വൻശേഖരം ക്ഷേത്രത്തിലുള്ളതായി രേഖകളിലുണ്ട്. തിരുവിതാംകൂറിന് വിദേശരാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തിൽ സ്വർണം, വെള്ളി നാണയങ്ങൾ ലഭിച്ചിരുന്നു. ഇവ ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരുന്നത്. രാജഭരണക്കാലത്ത് ഓരോ വർഷവും ക്ഷേത്രത്തിലെ വരുമാനം സ്വർണമോ വെള്ളിയോ ആക്കിമാറ്റി സൂക്ഷിച്ചിരുന്നതായും ചരിത്രഗവേഷകർ ചൂണ്ടിക്കാണ്ടിയിട്ടുണ്ട്.

ഇത്തരത്തിൽ കട്ടികളായി മാറ്റിയ സ്വർണം എ നിലവറയിൽ ഉണ്ടായിരുന്നു. എന്നാൽ വെള്ളി നിക്ഷേപമൊന്നും അവിടെ കണ്ടെത്തിയിരുന്നില്ല. ക്ഷേത്രത്തിലെ വെള്ളി നിക്ഷേപം ബി നിലവറയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബി നിലവറ തുറക്കണമെന്ന വിദഗ്ദ്ധസമിതിയുടെ ആവശ്യത്തെ രാജകൊട്ടാരം ആദ്യം മുതൽ എതിർത്തിരുന്നു.

നവസ്വരങ്ങൾ കൊണ്ട് പൂട്ടിയ സംഗീതപൂട്ട്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഏറെ പ്രത്യേകതകളുണ്ട്. അതീവ ഗൗരവവും സൂക്ഷ്മതയും ഇതിൽ പുലർത്തി. ഏറ്റവും ശ്രദ്ധേയമാണ് ബി നിലവറയുടെ നിർമ്മാണം. അതിൽ ആദ്യ വാതിൽ കടന്നാൽ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആർക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്. പൂട്ട് തുറന്നാൽ അകത്ത് കയറാം. എന്നാൽ ഈ പൂട്ട് തുറക്കാൻ ഇന്ന് ആർക്കും അറിയില്ലെന്നാണ് രാജകുടുംബത്തിൽ നിന്ന് ലഭിക്കുന്ന സൂചന.

പൂട്ടു തുറക്കാനുള്ള താക്കോൽ രാജകുടുംബത്തിലുണ്ട്. എന്നാൽ നവസ്വരങ്ങളുടെ പാസ് വേർഡ് ഉപയോഗിച്ചാണ് വാതിൽ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കിൽ പൂട്ടുമ്പോൾ ഉപയോഗിച്ച ഒൻപത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആർക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകൾ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാൻ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഉരുക്ക് വാതിൽ സ്ഫോടനത്തിലൂടെ മാത്രമേ തകർത്ത് അകത്ത് കയറാൻ പറ്റൂവെന്നതാണ് സാഹചര്യം. ഇതോടെ ബി നിലവറ പരിശോധനയിൽ അനിശ്ചിതത്വം ഏറുകയാണ്.

സ്ഫോടനം നടത്തുകയെന്നത് പ്രായോഗികമല്ല. അത് ക്ഷേത്രത്തെ എത്തരത്തിൽ ബാധിക്കുമെന്ന് ആർക്കും അറിയില്ല. ശ്രീകോവിലിനോട് ചേർന്നാണ് ഈ നിലവറയുമുള്ളത്. ഇത് വലിയ പ്രശ്നങ്ങൾക്കും ഇടനൽകും. സ്ഫോടനത്തിൽ വൻ ഭാരമുള്ള ഉരുക്ക് വാതിൽ തകർന്ന് വീഴുന്നതും പ്രശ്നങ്ങളുണ്ടാക്കാൻ പോന്നതാണ്. ഈ സാഹചര്യത്തിൽ ഉരുക്ക് വാതിൽ മുറിച്ചെടുക്കാനുള്ള കട്ടർ കൊണ്ടു വരികെയാണ് ഏക പോംഴി. ഇത് കേരളത്തിൽ ഇപ്പോൾ എവിടേയും ഇല്ല. പ്രത്യേക ഇടപെടലിലൂടെ ഡൽഹിയിൽ നിന്ന് ഇതുകൊണ്ടു വന്ന് ക്ഷേത്രത്തിനുള്ളിലെ വാതിൽ പൊളിക്കുക പ്രായോഗികമാണോ എന്ന സംശയവും സജീവമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP