Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമം പാലിക്കാതെ പാലിയേക്കരയിൽ തോന്നിയതു പോലെ ടോൾ പ്ലാസക്കാരുടെ പിരിവ് തുടരുന്നു; അഞ്ചിൽ കൂടുതൽ വാഹനങ്ങൾ വരിയിൽ എത്തുമ്പോൾ ഗേറ്റ് തുറന്നു കൊടുക്കണമെന്ന കരാർ വ്യവസ്ഥ നഗ്നമായി ലംഘിക്കുന്നു; കൊള്ളയടിക്കെതിരെ പുലിക്കുട്ടിയെ പോലെ ഒറ്റയ്ക്ക് നിന്നും പൊരുതിയ തങ്കച്ചൻ സഖാവിന്റെ സോഷ്യൽ മീഡിയയിൽ വൈറൽ

നിയമം പാലിക്കാതെ പാലിയേക്കരയിൽ തോന്നിയതു പോലെ ടോൾ പ്ലാസക്കാരുടെ പിരിവ് തുടരുന്നു; അഞ്ചിൽ കൂടുതൽ വാഹനങ്ങൾ വരിയിൽ എത്തുമ്പോൾ ഗേറ്റ് തുറന്നു കൊടുക്കണമെന്ന കരാർ വ്യവസ്ഥ നഗ്നമായി ലംഘിക്കുന്നു; കൊള്ളയടിക്കെതിരെ പുലിക്കുട്ടിയെ പോലെ ഒറ്റയ്ക്ക് നിന്നും പൊരുതിയ തങ്കച്ചൻ സഖാവിന്റെ സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ബിഒടി വ്യവസ്ഥയുടെ പേരിൽ ദേശീയപാതകളിൽ നാട്ടുകാരെ കൊള്ളയടിക്കുന്ന പതിവ് കേരളത്തിൽ അടുത്തകാലത്തെങ്ങും അവസാനിക്കില്ല. തൃശ്ശൂർ ജില്ലയിലെ പാലിയേക്കര ടോൾപ്ലാസയിൽ പിരിവിന്റെ പേരിൽ നിരന്തരം സംഘർഷം നടക്കുന്നുണ്ട്. സമാന്തര പാത അടച്ചതും അതിന് ടോൾ കമ്പനിക്ക് പൊലീസുകാർ ഒത്താശ ചെയ്തതുമെല്ലാം ഏറെ വിവാദമായ സംഭവങ്ങളായിരുന്നു. ഇതിനൊക്കെ ശേഷവും കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോളിയേക്കരയിലെ ടോൾ പിരിവ് അനാവശ്യമായി തുടരുകയാണ്. കരാർ പിരിക്കുന്നതിനായി തയ്യാറാക്കിയ കരാറിൽ പറയുന്ന കാര്യങ്ങളെ കാറ്റിൽപ്പറത്തിയുള്ള പിരിവിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ശക്തമാണ്. ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോഴും ടോൾഗേറ്റ് തുറന്നു കൊടുക്കാതെ പണം പിരിക്കാനാണ് ജീവനക്കാർ മെനക്കെടുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി ടോൾ ജീവനക്കാരെ പാഠം പഠിപ്പിക്കുന്ന ഒരു സഖാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം.

തങ്കച്ചൻ വിതയത്തിൽ എന്ന സഖാവാണ് പുലിക്കുട്ടിയെ പോലെ ടോൾപ്ലാസക്കാരുടെ നിയമലംഘനത്തിന് എതിരെ നിരന്തരം പോരാട്ടം തുടരുന്നത്. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ടോൾ ജീവനക്കാരുമായി തർക്കിച്ച് തിരക്കുള്ള വേളയിൽ ടോൾ ഒഴിവാക്കി വിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. നിയമം ചൂണ്ടിക്കാട്ടിയാണ് തങ്കച്ചന്റെ ഒറ്റയാൾ പോരാട്ടം. ഇതിന് വലിയ പിന്തുണ തന്നെ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. 15 സെക്കന്റിൽ ഓരോ വാഹനങ്ങൾ കടന്നപോകുന്ന തരത്തിൽ ടോൾ പിരിവ് ക്രമീകരിക്കണമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ പാലിയേക്കരയിൽ ഗതാഗത കുരുക്ക് മുറുകുന്ന സമയത്തൊക്കെ ടോൾ കമ്പനി നിയമം തെറ്റിക്കും. ഒരു വരിയിൽ അഞ്ചിൽ അധികം വാഹനങ്ങൾ എത്തിയാൽ തുറന്ന് വിടണമെന്ന കരാറാണ് ലംഘിക്കപ്പെടുന്നത്. ഇതിനെതിരെയാണ് തങ്കച്ചൻ സഖാവ് ഒറ്റയ്ക്ക് പൊരുതുന്നത്.

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഇങ്ങനെയുള്ള ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. ടോൾ കൊടുക്കാനായി ഒരു കിലോമീറ്റർ ദൂരത്തിലധികം വാഹനങ്ങൾ കാത്തുകിടക്കാറുണ്ട്. എന്നാൽ എത്രവാഹനങ്ങൾ കിടന്നാലും ടോൾ പിരിവ് നിർത്തി വാഹനങ്ങൾ കടത്തിവിടാൻ ടോൾ കമ്പനി തയ്യാറാകില്ല. ഇത്തരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോഴും ടോൾ പിരിക്കാൻവേണ്ടി നിൽക്കുന്ന ജീവനക്കാരോട് തർക്കിച്ചു കൊണ്ടാണ് തങ്കച്ചൻ താരമായത്. നിയമം ചൂണ്ടിക്കാട്ടി ജീവനക്കാരോട് തർക്കിച്ചും പൊലീസിനെ വിളിക്കാൻ നിർദ്ദേശിച്ചും അദ്ദേഹം നിയമലംഘനത്തിന് എതിരെ ശക്തമായി പ്രതികരിച്ചപ്പോൾ ഗേറ്റ് തുറന്നു കൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയിലായി.

തങ്കച്ചന്റെ പ്രതിഷേധ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ എല്ലാവരും സല്യൂട്ട് അടിക്കുകയാണ്. തങ്കച്ചൻ ടോൾജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടപ്പോൾ വാഹനങ്ങൾ നിരന്തരം ഹോൺ മുഴക്കുകയായിരുന്നു. ഇതോടെ ടോൾ പിരിവുകാർ സഹികെട്ട അവസ്ഥയും വീഡിയോയിൽ കാണാം. അടുത്തിടെ അപകടത്തിൽപെട്ട യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ടോൾ പിരിവിലെ ഗതാഗതക്കുരുക്കിൽ പെടുകയുണ്ടായി. യുവാവ് പിന്നീട് മരിച്ചപ്പോൾ പ്ലാസയ്‌ക്കെതിരെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ടോൾ ബൂത്തിൽ കടുത്ത നിയമലംഘനമാണ് നടക്കുന്നതെന്നതിന് തെളിവായിക്കൂടി ഈ സംഭവം മാറി.

ഒരു വരിയിൽ അഞ്ചിൽ കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ടോൾ വാങ്ങാതെ തുറന്നു വിടണമെന്ന നിയമം പട്ടാപ്പകൽ ലംഘിക്കുകയാണ് ടോൾ കമ്പനി ചെയ്യുന്നതെന്നാണ് ആക്ഷേപം. നോട്ട് പ്രതിസന്ധി കാരണം ചില്ലറയില്ലാത്തതാണ് പ്രശ്‌നമെന്നാണ് ടോൾ അധികൃതർ പറയുന്നത്. സ്വൈപിങ് മെഷിൻ ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ സാവധാനമാണ് ടോൾ പിരിവ് നടക്കുന്നത്. ഫലത്തിൽ പണം കൊടുത്തു യാത്രചെയ്താലും സമയത്ത് എത്താനാവാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.

എഐവൈഎഫും യൂത്ത് കോൺഗ്രസ്സുമടക്കം പല സംഘടനകളും ഇതിൽ പ്രതിഷേധിക്കുകയും പ്ലാസ തുറന്നു കൊടുക്കുകയുമുണ്ടായി. അവർക്കെതിരെയും പരാതി കൊടുത്തിരിക്കുകയാണ് ടോൾ അധികൃതർ.ഡിസംബർ അഞ്ചുമുതൽ 17 വരെ ദിവസങ്ങളിൽ പലപ്പോഴായി സംഘടനകൾ ടോൾ പ്ലാസ തുറന്നുകൊടുത്തതിലൂടെ 4.69 ലക്ഷം നഷ്ടമുണ്ടായെന്നാണ് ടോൾ കമ്പനിയുടെ വാദം. ഇടയ്ക്ക് പൊലീസും പ്ലാസ തുറന്നു കൊടുത്തിരുന്നു. പുതുക്കാട് എസ്‌ഐ വി സജീഷ്‌കുമാറിനെതിരെയും ടോൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്. ടോൾപാതയുടെ നിർമ്മാണച്ചുമതലയുള്ള ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഡയറക്ടർ അസിം തിവാരിയാണ് പരാതി നൽകിയത്.

വാഹനത്തിരക്ക് നിയന്ത്രണാതീതമാവുന്ന സമയം ടോൾബൂത്ത് തുറന്നുകൊടുക്കുന്നതിന് പകരം ടോൾപിരിവ് സുഗമമാക്കാൻ പൊലീസ് സഹായിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. നിബന്ധന ലംഘിച്ചു വാഹനങ്ങൾ ഏറെസമയം തടഞ്ഞിട്ടു ഗതാഗതകുരുക്കു സൃഷ്ടിച്ചു പിരിവെടുക്കുന്നതായും അനധികൃതമായി പൊലീസ് സംരക്ഷണം ഏർപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടിരിക്കുന്നത്. കമ്പനിക്കും ദേശീയപാത അഥോറിറ്റിക്കും പൊതുമരാമത്ത് പ്രിൻസിപ്പിൾ സെക്രട്ടറിക്കും ജില്ലാ കലക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരമുള്ള അപകടരഹിത നാലുവരി പാത ഇതായിരുന്നു മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാതാ നിർമ്മാണത്തിലെ പ്രധാന കരാർ വ്യവസ്ഥ. പാതനിർമ്മാണത്തിന് 725 കോടിയാണ് കമ്പനി ചെലവാക്കിയിട്ടുള്ളത്. 5 വർഷത്തെ ടോൾ പിരിവ് 506 കോടിയാണ്. കഴിഞ്ഞ വർഷം നവംബർ 8 വരെ നാനൂറ്റി പത്ത് കോടി അമ്പത്തി ഒന്ന് ലക്ഷത്തി അറുപതിനായിരം രൂപയോളം ടോൾ ഇനത്തിൽ പിരിച്ചുകഴിഞ്ഞു. ഈ നിലയ്ക്കുമാത്രം പോയാൽ 20 വർഷത്തെ പിരിവ് 2024 കോടിയാവും.

വാഹനങ്ങളുടെ എണ്ണവും നിരക്കും കൂടുമെന്നതിനാൽ വരവ് കൂടും. ടോൾ പ്ലാസ തുടങ്ങിയതുമുതൽ ഇവിടെ പൊലീസ് കാവലുണ്ട്. സാധാരണ ദിവസങ്ങളിൽ പത്ത് പൊലീസുകാരും ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന സംഘമാണ് കാവലായി ഉണ്ടായിരുന്നത്. എന്നാൽ, പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്ന ദിവസങ്ങളിൽ പൊലീസിന്റെ എണ്ണം വർധിപ്പിക്കാറുണ്ടായിരുന്നു. പൊലീസിന്റെ ഒത്താശയോടെയായിരുന്നു കമ്പനി കരാർ ലംഘനം നടത്തുന്നത്. ഇങ്ങനെ പൊലീസ് കൂടി അറിഞ്ഞു കൊണ്ടുള്ള നിയമലംഘനത്തിന് എതിരായാണ് തങ്കച്ചൻ സഖാവിന്റെ ഒറ്റയാൻ സമരം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP