Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിസാര കുറ്റങ്ങൾക്ക് പോലും കേട്ടുകേൾവിയില്ലാത്ത വൻ ശിക്ഷാവിധി; പ്രതിഷേധിക്കാൻ എത്തുന്നവരുടെ ഇന്റേണൽ തടഞ്ഞു പ്രതികാരം; അച്ചടക്കം പഠിപ്പിക്കാൻ മുന്മന്ത്രി കെ പി വിശ്വനാഥന്റെ മകന്റെ വക ഇടിമുറി; രാഷ്ട്രീയ-മാദ്ധ്യമ പിൻബലത്തോടെ നെഹ്രു കോളേജ് മാനേജ്‌മെന്റ് ഇതുവരെ നടത്തിയത് ക്രൂരമായ ശിക്ഷാരീതികൾ; വിദ്യാർത്ഥി പ്രക്ഷോഭം നിയന്ത്രണം വിട്ടപ്പോൾ മാദ്ധ്യമങ്ങളും കൈവിട്ടത് തിരിച്ചടിയായി

നിസാര കുറ്റങ്ങൾക്ക് പോലും കേട്ടുകേൾവിയില്ലാത്ത വൻ ശിക്ഷാവിധി; പ്രതിഷേധിക്കാൻ എത്തുന്നവരുടെ ഇന്റേണൽ തടഞ്ഞു പ്രതികാരം; അച്ചടക്കം പഠിപ്പിക്കാൻ മുന്മന്ത്രി കെ പി വിശ്വനാഥന്റെ മകന്റെ വക ഇടിമുറി; രാഷ്ട്രീയ-മാദ്ധ്യമ പിൻബലത്തോടെ നെഹ്രു കോളേജ് മാനേജ്‌മെന്റ് ഇതുവരെ നടത്തിയത് ക്രൂരമായ ശിക്ഷാരീതികൾ; വിദ്യാർത്ഥി പ്രക്ഷോഭം നിയന്ത്രണം വിട്ടപ്പോൾ മാദ്ധ്യമങ്ങളും കൈവിട്ടത് തിരിച്ചടിയായി

മറുനാടൻ മലയാളി ബ്യൂറോ

പാമ്പാടി: വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ, കോഴിക്കോട് വളയം അശോകന്റെ മകൻ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ അധികൃതർ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികൾ പറയുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഇതോടെ ഇല്ലാം തീർന്നുവെന്നായിരുന്നു പാമ്പാടി നെഹ്‌റു കോളജ് മാനേജ്‌മെന്റ് കരുതിയത്. മാദ്ധ്യമങ്ങൾക്ക് വൻതുക പരസ്യമായി നൽകുന്നതു കൊണ്ട് തന്നെ ആരും ഒന്നും മിണ്ടില്ലെന്ന് കരുതി. ഇത് അട്ടിമറിച്ചാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായെത്തിയത്.

'വീണ്ടുമിതാ പാമ്പാടി നെഹ്റു കോളേജിലെ ഒരു വിദ്യാർത്ഥി, അവനാൽ കൊലചെയ്യപ്പെട്ടിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു; കൂട്ടുകാരാ..നീ മരിച്ചുപോയിട്ടില്ല, ഞങ്ങൾ ശവങ്ങളായി തീരുകയായിരുന്നു.' ജിഷ്ണുവിന്റെ സുഹൃത്തുക്കൾ പറയുന്നു. സോഷ്യൽ മീഡിയിയിൽ ശക്തമായ വികാരമായി ഈ വാക്കുകൾ മാറി. ഇതോടെ പ്രശ്‌നത്തിൽ ഇടപെടാൻ എസ് എഫ് ഐ നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ശക്തമായ മുന്നൊരുക്കവുമായി എസ് എഫ് ഐ എത്തിയത്. പ്രതിഷേധങ്ങളുടെ കരുത്ത് തിരിച്ചറിയാത്തതു കൊണ്ട് നാമമാത്രമായ സുരക്ഷ ഒരുക്കാൻ വേണ്ടി മാത്രമേ പൊലീസിനെ വിന്യസിച്ചുള്ളൂ. അതുകൊണ്ട് പ്രതിഷേധത്തിന്റെ രൂപവും ഭാവവും അതിശക്തമായി.

കോളേജ് മാനേജ്‌മെന്റിന്റെ പണക്കരുത്തും സ്വാധീനവും അറിയാവുന്നതു കൊണ്ട് തന്നെ എസ് എഫ് ഐ പ്രതിഷേധം അതി ശക്തമായി. ഏറെ നാൾക്ക് ശേഷം യഥാർത്ഥ വിദ്യാർത്ഥി പ്രതിഷേധം കോളേജിന് മുന്നിലെത്തി. ഇതിനെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ മാനേജ്‌മെന്റിന്റെ കണക്ക് കൂട്ടൽ തെറ്റി. ശരിയായ ദിശയിലെ അന്വേഷണം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പാവുകയാണ്. ഇതിന്റെ ആദ്യ സൂചനയായിരുന്നു പാമ്പാടി നെഹ്‌റു കോളജിനെതിരേ സ്വമേധയാ കേസെടുത്തെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രഖ്യാപനം. സംഭവത്തെക്കുറിച്ച് കോളജ് അധികാരികളിൽനിന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവിയിൽനിന്നും വിശദീകരണം തേടുമെന്നും ചിന്ത വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ സത്യാവസ്ഥയെ പണത്തിന്റെ കരുത്തിൽ മൂടിവയ്ക്കാനാകില്ല. വരും ദിനങ്ങളിലും പ്രതിഷേധം കടുപ്പിക്കുമെന്നാണ് എസ് എഫ് ഐ നൽകുന്ന സൂചന.

പ്രതിപക്ഷത്ത് കോൺഗ്രസാണ്. അതുകൊണ്ട് തന്നെ കെഎസ് യുവിനും മിണ്ടാതിരിക്കാൻ കഴിയില്ല. ഇന്ന് ആദ്യം സമരവുമായെത്തിയത് കെ എസ് യുവായിരുന്നു. കെ എസ് യു പ്രസിഡന്റ് വി എസ് ജോയി അടക്കമുള്ളവർക്ക് പരിക്കേറ്റു. നാളെ വിദ്യാഭ്യാസ ബന്ധും കെ എസ് യു നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എസ് എഫ് ഐയെ പോലെ കെ എസ് യുവും പമ്പാടി വിഷയത്തിൽ നിലപാട് കർശനമാക്കും. ഇവിടെ പൊളിഞ്ഞു വീഴുന്നത് മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്റെ മകന്റെ കൊടു പീഡനങ്ങളാണ്. രാഷ്ട്രീയ പിൻബലത്തിന്റെ കരുത്തിൽ കോളേജിൽ പി ആർ ഒ ആയി എത്തിയ വിശ്വനാഥന്റെ മകനായിരുന്നു കുട്ടികളെ പീഡിപ്പിച്ച പ്രധാനി.

പരീക്ഷയിൽ കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിൻസിപ്പലും കോളജ് പിആർഒയും വൈസ് പ്രിൻസിപ്പലും ചേർന്ന് മാനസിമായി പീഡിപ്പിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികൾ പറയുന്നത്. മൃതദേഹത്തിൽ കണ്ടെത്തിയ പാടുകൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽവച്ച് മർദനമേറ്റെന്ന ആരോപണം ശരിവയ്ക്കുന്നതാണ്. ഇതാദ്യമായല്ല കോളേജിൽ വിദ്യാർത്ഥി പീഡനം നടക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇതേ കോളേജിലെ പൂർവ്വവിദ്യാർത്ഥികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയർത്തുന്നുണ്ട്. വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന രീതികളും ഡിസിപ്ലിൻ മാനേജർമാരെ ഉപയോഗിച്ച് പീഡനമുറകൾ അഴിച്ചുവിടുന്നുണ്ടെന്നും പൂർവ്വവിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.

ഈ ഗുണ്ടാ സംഘത്തിന്റെ നേതാവാണ് കെപി വിശ്വനാഥിന്റെ മകനും പിആർഒയുമായ സഞ്ജിത്ത് വിശ്വനാഥൻ. വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ കോളജിൽ ഒരു ഇടിമുറിയുണ്ട്. ഇത് സഞ്ജിത്ത് വിശ്വാഥന്റെ ഓഫീസ് മുറിയാണ്. ഇതാദ്യമായല്ല കോളേജിൽ വിദ്യാർത്ഥി പീഡനം നടക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇതേ കോളേജിലെ പൂർവ്വവിദ്യാർത്ഥികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയർത്തുന്നുണ്ട്. വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന രീതികളും ഡിസിപ്ലിൻ മാനേജർമാരെ ഉപയോഗിച്ച് പീഡനമുറകൾ അഴിച്ചുവിടുന്നുണ്ടെന്നും പൂർവ്വവിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. കുട്ടികളെ നേർവഴിക്ക് നടത്തേണ്ട ഉത്തരവാദിത്തം പിആർഒയ്ക്ക് അല്ല. അദ്ധ്യാപകർക്കാണ്. ഇവിടെ പി ആർ ഒ സൂപ്പർ പ്രിൻസിപ്പളാണ്. അദ്ധ്യാപകർക്ക് പോലും ഇയാളെ പേടിയാണ്. കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയും നടന്നു. ഇതിന് പിന്നിൽ ആരോപണമുയർന്നെങ്കിലും പണക്കരുത്തിൽ അന്വേഷണം ഒതുക്കി തീർത്തു.

വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് ജിഷ്ണുവിനെ അദ്ധ്യാപകൻ എഴുന്നേൽപ്പിച്ചു നിർത്തി പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജിഷ്ണു കോപ്പി അടിച്ചുവെന്ന് ഇൻവിജിലേറ്റർ അറിയിച്ചപ്പോൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും കോളേജ് പിആർഒ ആയ സഞ്ജിത്തും എക്‌സാം സെല്ലിന്റെ ചുമതലയുള്ള രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘം എത്തി വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ജിഷ്ണുവിനു മർദനമേറ്റെന്നാണ് ആരോപണം. ജിഷ്ണു പിന്നീട് മുറിയിൽ കയറി വാതിലടച്ചു. കൂട്ടുകാർ വാതിൽ ചവിട്ടുതുറന്നപ്പോൾ ഞെരമ്പു മുറിച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന നിലയിലായിരുന്നു. ജീവൻ പോയിരുന്നില്ല. സമയത്ത് ആശുപത്രിയിലെത്തിക്കാൻ പോലും കോളജ് അധികൃതർ തയാറില്ലെന്നും സഹപാഠികൾ പറഞ്ഞു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. അതു പോലും ചെയ്തില്ല.

ഈ സാഹചര്യത്തിലാണ് യുവജന കമ്മീഷന്റെ ഇടപെടൽ വരുന്നത്. അദ്ധ്യാപകരിൽനിന്നുള്ള പീഡനത്തെത്തുടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണു യുവജന കമ്മീഷന് ലഭിച്ച വിവരം. കമ്മീഷൻ അംഗമായ ടിപി ബിനീഷ് ജിഷ്ണുവിന്റെ വീട് സന്ദർശിക്കും. ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. അടുത്ത ദിവസം തന്നെ കമ്മീഷൻ നെഹ്റു കോളേജ് സന്ദർശിച്ച് വിദ്യാർത്ഥികളോടും മറ്റും മൊഴിയെടുക്കും. അതിനു ശേഷം സർക്കാരിനു വിശദമായ റിപ്പോർട്ട് നൽകുമെന്നും ചിന്ത അറിയിച്ചു. ഇതിനൊപ്പം നിരവധി പരാതികൾ ഇത്തരത്തിൽ സ്വാശ്രയ കോളജുകളിൽനിന്ന് ഉയർന്നു വരുന്നുണ്ട്. ഇതെല്ലാം പരിശോധിക്കാനാണ് കമ്മീഷന്റെ തീരുമാനം. സ്വാശ്രയ കോളജുകളിൽ പാലിക്കേണ്ടകാര്യങ്ങൾ സംബന്ധിച്ച് നയം രൂപീകരിക്കാൻ സർക്കാരിനു ശിപാർശ നൽകുമെന്നും ചിന്ത പറഞ്ഞു.

മരണവിവരമറിഞ്ഞ് അദ്ധ്യാപകരോ മാനേജ്മെന്റ് പ്രതിനിധികളോ ആശുപത്രിയിൽ വന്നിട്ടില്ല. മകന്റെ മരണത്തിന് ഉത്തരവാദികൾ അദ്ധ്യാപകനും മാനേജ്മെന്റുമാണ്. മാനസിക പീഡനത്താലാണ് വിഷ്ണു ജീവനൊടുക്കിയത്. കുറ്റക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. ഇനിയൊരു മകനും ഈ ഗതി വരരുത്-ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്ത ജിഷ്ണുവിനെ കോളജ് അധികൃതർ മർദ്ദിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ജിഷ്ണുവിന്റെ മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായിരുന്നു. മൂക്കിന്റെ വലതുഭാഗത്തായി മുറിവിൽ രക്തം കനച്ചു കിടന്നിരുന്നതായും ഉള്ളംകാലിലും പുറത്തും മർദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ പറയുന്നു.

ജിഷ്ണുവിന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് മർദ്ദനമേറ്റുവെന്നും അതിന്റെ പാടുകൾ ശരീരത്തിൽ കാണാനുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മർദ്ദനവിവരങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് കോളേജ് അടച്ചിടാൻ മാനേജ്മെന്റ് നിർബന്ധിതരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP