Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫിറോസിനെ കല്ലെറിഞ്ഞവർ ഹൈദരലി തങ്ങളുടെ നിർദ്ദേശം തൊണ്ട തൊടാതെ വിഴുങ്ങി; അത്യാവശ്യ അറിയിപ്പുകൾക്കു മാത്രം ഉച്ചഭാഷിണി മതിയെന്ന തീരുമാനത്തിന് കൈയടി

ഫിറോസിനെ കല്ലെറിഞ്ഞവർ ഹൈദരലി തങ്ങളുടെ നിർദ്ദേശം തൊണ്ട തൊടാതെ വിഴുങ്ങി; അത്യാവശ്യ അറിയിപ്പുകൾക്കു മാത്രം ഉച്ചഭാഷിണി മതിയെന്ന തീരുമാനത്തിന് കൈയടി

എം പി റാഫി

കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ പി.കെ ഫിറോസ് മുമ്പ് ഫെയ്‌സ് ബൂക്കിലൂടെ പോസ്റ്റിട്ടപ്പോൾ തെറിവിളിയുമായെത്തിയവർ ഹൈദരലി തങ്ങളുടെ തീരുമാനം തൊണ്ട തൊടാതെ വിഴുങ്ങി.

തെല്ലൊരു ഇടവേളക്ക് ശേഷമാണ് ഉച്ചഭാഷിണി വീണ്ടും ചർച്ചാവിഷയമായിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത ഇ.കെ വിഭാഗം വൈസ് പ്രസിഡന്റുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി യോഗമാണ് ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനമെടുത്തത്. പള്ളികളിലെ ഉച്ചഭാഷിണി നിയന്ത്രിക്കണമെന്നും ബാങ്കിനും അത്യാവശ്യ അറിയിപ്പുകൾക്കും മാത്രം ഉച്ചഭാഷിണി ഉപയോഗിച്ചാൽ മതിയെന്നുമായിരുന്നു ഹൈദരലി തങ്ങളുടെ പ്രസ്താവന. പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും പ്രസ്താവനയിലുണ്ട്. സമൂഹത്തിൽ ഏറെ സ്വീകാര്യത നേടാൻ ഹൈദരലി തങ്ങളുടെ ഈ തീരുമാനത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ പാതിരാസമയത്തുൾപ്പടെയുള്ള പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ഫെയ്‌സ്ബൂക്കിലൂടെ അഭിപ്രായം അറിയിച്ചതിന് ഫിറോസിന് സ്വന്തം അനുയായികളിൽ നിന്നടക്കം തെറിയഭിഷേകമാണുണ്ടായത്.

കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു പി.കെ ഫിറോസ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ വിവിധ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരും ഫിറോസിനെതിരെയുള്ള തെറിവിളിയിൽ പങ്കാളിയായി. മതവിരോധിയായും വഹാബി ചാരനായുമെല്ലാം ഫിറോസിനെ ചിത്രീകരിച്ചപ്പോൾ വോട്ടു ബാങ്ക് ലക്ഷ്യം വെയ്ക്കാതെ ചങ്കൂറ്റത്തോടെ അഭിപ്രായം പറയുന്ന യുവനേതാവായി കുറച്ചു പേരെങ്കിലും ഫിറോസിനെ പിന്തുണച്ചു. തൊട്ടടുത്ത ദിവസമായ ജനുവരി നാലിന് തന്റെ ഉേേദ്ദശ്യം വ്യക്തമാക്കിയും തന്റെ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിട്ടവർക്ക് നന്ദി പറഞ്ഞുകൊണ്ടും ഫിറോസ് വിശദമായ ഒരു കുറിപ്പ് എഴുതിയിരുന്നു. ഇതിനു ചുവടെയും കലി തീരാതെ അനുയായികൾ മത്സരിച്ച് തെറിവിളി നടത്തി. വച്ചു പൊറുപ്പിക്കാൻ പറ്റാത്ത തെറിയെല്ലാം ഫിറോസ് കമന്റ് കോളത്തിൽ നിന്നും നീക്കം ചെയ്തുകൊണ്ടേയിരുന്നു. ഈ പോസ്റ്റിലൂടെയും തന്റെ നിലപാട് ആവർത്തിച്ചു.

'അസമയത്ത് മൈക്കിലൂടെ പ്രാർത്ഥനയായാലും പ്രഭാഷണമായാലും പുറത്തേക്ക് വിടുന്നത് വിവിധ ജനവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശത്ത് ശബ്ദമലിനീകരണം തന്നെയാണ്. ഏതെങ്കിലും പ്രത്യേക മതം മാത്രമാണോ ഇത്തരത്തിൽ മലിനീകരണമുണ്ടാക്കുന്നത് എന്നു ചോദിച്ചേക്കാം. ഒരിക്കലുമല്ല, എല്ലാ മതങ്ങളിൽ പെട്ടവരും രാഷ്ട്രീയ പാർട്ടികളും മറ്റുള്ളവരും ഒക്കെ ഇത്തരത്തിൽ മലിനീകരണമുണ്ടാക്കാറുണ്ട്. എന്നാൽ ഇവ തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. രാഷ്ട്രീയ പാർട്ടികൾ തെറ്റ് ചെയ്താൽ അടുത്ത ഇലക്ഷനിൽ അത് അവരെ ബാധിച്ചേക്കാം. തെറ്റ് മതത്തിന്റെ പേരിലാണെങ്കിൽ മതത്തെയാണ് ആളുകൾ തെറ്റിദ്ധരിക്കുക.അതുകൊണ്ടാണു എന്റെ മുൻ പോസ്റ്റിനടിയിൽ വളരെ മോശമായ രീതിയിൽ എനിക്കെതിരെ തെറി പ്രയോഗം നടത്തിയവരുടെ കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്തത്.... ഇതായിരുന്നു ഫിറോസിന്റെ കുറിപ്പ്.

എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ തെറിവിളികളെല്ലാം പൂച്ചെണ്ടുകളാകുന്ന അവസ്ഥയായി മാറി. സംസ്ഥാനത്തെ നൂറുകണക്കിന് മഹല്ലുകളുടെ ഖാസിയും മുസ്ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും അംഗീകരിക്കുന്ന പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിലെ മുതിർന്ന കാരണവരായ ഹൈദരലി തങ്ങളുടെ അദ്ധ്യക്ഷതിൽ എടുത്ത തീരുമാനം അക്ഷരാർത്ഥത്തിൽ ഫിറോസ് മുമ്പേ എഴുതിവച്ചതിലേക്ക് സൂചിപ്പിക്കുന്നതാണ്. 'പക്ഷെ ഒരു കാര്യം ഉറപ്പ്. സത്യം വിജയിക്കും. മുൻകാല അനുഭവം സാക്ഷി.... ' എന്നെഴുതിയായിരുന്നു മുമ്പ് പോസ്റ്റിട്ടിരുന്ന ആ കുറിപ്പ് ഫിറോസ് അവസാനിപ്പിച്ചിരുന്നത്. എന്നാൽ ഫിറോസിനെതിരെ വാളെടുത്ത് തെറിയഭിഷേകം നടത്തിയവരെയൊന്നും ഇപ്പോൾ കാണാനേയില്ലായിരുന്നു.

ഫിറോസിനു പുറമെ ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറിയും കേരള നദ്‌വത്തുൽ മുജാഹിദീൻ( കെ.എൻ.എം) നേതാവുമായ ഡോ.ഹുസൈൻ മടവൂർ ഉച്ചഭാഷിണി വിഷയത്തിൽ ഇതേ നിലപാടുമായി രംഗത്തുവന്നിരുന്നു. ഫിറോസിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായും ബാങ്കും ആരാധനയുമെല്ലാം ശാന്തമായി നടക്കേണ്ട ഒന്നാണെന്നുമായിരുന്നു ഹുസൈൻ മടവൂർ മുമ്പ് മറുനാടന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ബാങ്ക് എന്നത് ആരാധനാ സമയം അറിയിക്കുന്നതിനുള്ളതാണ്. മൈക്കിലൂടെ ശല്യമാകുന്നെങ്കിൽ ഒഴുവാക്കണം. ഓരോ നാട്ടിലും അഞ്ചും ആറും മുസ്ലിം പള്ളികളാണുള്ളത് ഇവിടെങ്ങളിലെല്ലാം ഒരുമിച്ച് ബാങ്കു വിളിക്കുമ്പോൾ അരോചകമാകുമെന്നും ഇത് ഇസ്ലാമിനോടു വിരോധമുണ്ടാകാൻ കാരണമാകുമെന്നുമായിരുന്നു ഹുസൈൻ മടവൂരിന്റെ നിലപാട്.

എന്നാൽ ഈ നിലപാട് പരസ്യമായി പറഞ്ഞതിന്റെ പേരിൽ മുസ്ലിം സമുദായത്തിൽനിന്നു തന്നെ ഏറെ വിമർശനങ്ങളും എതിർപ്പുകളും ഹുസൈൻ മടവൂർ നേരിടുകയുണ്ടായി. പള്ളിയിൽ നിന്നുള്ള ഉച്ചഭാഷിണി വിഷയത്തിൽ ഇപ്പോൾ ഹൈദരലി തങ്ങൾ നിലപാട് വ്യക്തമാക്കിയതോടെ മുജാഹിദ് പ്രസ്ഥാനവും ഹുസൈൻ മടവൂരും നേരത്തെ എടുത്തിരുന്ന നിലപാടുകൾക്ക് കൂടിയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മാസപ്പിറവി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതര മുസ്ലിം സംഘടനകളുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും സമസ്തയും പാണക്കാട് കുടുംബവും അംഗീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് മുജാഹിദ് പ്രസ്ഥാനം ഉൾപ്പെടെ ലീഗ് നേതാക്കൾ വരെ കാലങ്ങളായി ഉയർത്തിയിരുന്ന അഭിപ്രായത്തിന് തെറിവിളി കേട്ടപ്പോൾ ഹൈദരലി തങ്ങളുട അഭിപ്രായം കയ്യടിച്ച് സ്വീകരിക്കപ്പെട്ടത്.

കഴിഞ്ഞ ശൊവ്വാൽ മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളും സമസ്തയും ഏകപക്ഷീയമായ തീരുമാനമെടുത്തതിൽ മുജാഹിദ് പ്രസ്ഥാനം ഉൾപ്പെടെയുള്ള സംഘടനകൾക്ക് കടുത്ത അമർഷം നിലനിന്നിരുന്നു. ഉച്ചഭാഷിണി വിഷയത്തിൽ ഹൈദരലി തങ്ങൾ എടുത്ത തീരുമാനത്തെ പിൻതാങ്ങി സമസ്ത അനുകൂല പത്രമായ സുപ്രഭാതം ദിനപത്രത്തിൽ വിശദമായ മുഖപ്രസംഗവും ഇന്നലെ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP