Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാറക്കാമലയിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം; ഉരുൾപൊട്ടലിന് ഇടയാക്കിയ ക്വാറി പ്രവർത്തിച്ചത് നിയമങ്ങൾ കാറ്റിൽ പറത്തി; ജിയോളജിക്കൽ സർവ്വേ വകുപ്പ് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ച സ്ഥലത്ത് പിന്നെയും ക്വാറി തുറന്നു പ്രവർത്തിച്ചത് ഗുരുതര വീഴ്‌ച്ച; പ്രവർത്തനാഗീകാരം നൽകുന്നത് റവന്യൂ വകുപ്പ് ഏറ്റെടുത്തതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ടും നാട്ടുകാരും

പാറക്കാമലയിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം; ഉരുൾപൊട്ടലിന് ഇടയാക്കിയ ക്വാറി പ്രവർത്തിച്ചത് നിയമങ്ങൾ കാറ്റിൽ പറത്തി; ജിയോളജിക്കൽ സർവ്വേ വകുപ്പ് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ച സ്ഥലത്ത് പിന്നെയും ക്വാറി തുറന്നു പ്രവർത്തിച്ചത് ഗുരുതര വീഴ്‌ച്ച; പ്രവർത്തനാഗീകാരം നൽകുന്നത് റവന്യൂ വകുപ്പ് ഏറ്റെടുത്തതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ടും നാട്ടുകാരും

രഞ്ജിത്ത് ബാബു

കണ്ണൂർ: ജില്ലയിലെ ക്വാറി ക്രഷർ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇരിട്ടി മേഖലയിലെ പാറക്കാമലയിൽ നാലിടത്ത് ഉരുൾ പൊട്ടലുണ്ടായത് അനിയന്ത്രിതമായ ക്വാറികളുടേയും ക്രഷറുകളുടേയും പ്രവർത്തനം മൂലം. പരിസ്ഥിതി ദുർബല മേഖലയായി ജിയോളജിക്കൽ വകുപ്പ് ചൂണ്ടിക്കാട്ടിയ സ്ഥലമാണിത്. അയ്യം കുന്ന് പഞ്ചായത്തിലെ എന്നും വിവാദങ്ങൾക്ക് കാരണമായ കരിങ്കൽ ക്വാറിയും അനുബന്ധമായി ക്രഷറും പ്രവർത്തിച്ചു പോന്നത് ഇവിടെയാണ്.

നിയന്ത്രണങ്ങളൊന്നുമില്ലാതെ മല തുരന്ന് ഖനനം നടത്തിയതിന്റെ ദുരന്ത ഫലമായാണ് ഈ മേഖലയിൽ നാശം വിതച്ചതിന് പിന്നിലെ മുഖ്യകാരണം. അയ്യം കുന്ന് പഞ്ചായത്തിൽപെട്ട പാറക്കാമലയിൽ കാലവർഷക്കാലത്ത് പോലും ക്വാറിയും ക്രഷറും പ്രവർത്തിച്ചു. 24 മണിക്കൂർ മഴ നിലച്ചാൽ മാത്രമേ ക്രഷറും ക്വാറികളും പ്രവർത്തിക്കാൻ അനുമതിയുള്ളൂവെന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ ക്വാറി ലോബിയുടെ ഉന്നത തല പിടിപാട് മൂലം ഇതെല്ലാം അവഗണിക്കപ്പെടുന്നു. ഈ കാലവർഷമാരംഭിച്ചിട്ട് ഈ മേഖലയിൽ അപൂർവ്വം ദിവസങ്ങളിൽ മാത്രമാണ് 24 മണിക്കൂർ മഴ പെയ്യാതിരുന്നത്.

എന്നാൽ ഇവിടെ നിന്ന് ലോഡ് കണക്കിന് കരിങ്കൽ ഉത്പ്പന്നങ്ങൾ എന്നും പുറത്ത് പോകുന്നുണ്ട്. അവധി ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇത് പ്രവർത്തിച്ചു പോന്നിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ക്വാറിയിൽ വിവിധ കേന്ദ്രങ്ങളിൽ വെടി മരുന്നു നിറച്ച് സ്ഫോടനമുണ്ടാക്കിയാണ് ഖനനം നടത്തി പോന്നത്. ഇതെല്ലാം ഉരുൾ പൊട്ടലിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഉരുൾ പൊട്ടലിനെ തുടർന്ന് ഇവിടം സന്ദർശിച്ച റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞു വെച്ച് പ്രതിഷേധിക്കുകയും ചെയ്തു.

നേരത്തെ ക്വാറി, ക്രഷർ എന്നിവയുടെ പ്രവർത്തനത്തിന് തടയിടാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അധികാരമുണ്ടായിരുന്നു. ഈ അധികാരമിപ്പോൾ റവന്യൂ വകുപ്പിനാണ്. അതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞതെന്ന് പഞ്ചായത്ത് ഭരണ സമിതിയും നാട്ടുകാരും ആരോപിക്കുന്നു. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ അതീവ ജാഗ്രത പാലിക്കണമെന്ന് 12 വർഷം മുമ്പ് തന്നെ നിർദേശിച്ച മേഖലയാണിത്. ഈ നിർദ്ദേശം അവഗണിച്ചതാണ് ഉരുൾപൊട്ടൽ ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ പറയുന്നു. തങ്ങളുടെ അധീനതയിൽ അധികാരമുണ്ടായിരുന്നപ്പോൾ മഴക്കാലത്ത് ക്രഷർ പ്രവർത്തിക്കാൻ സമ്മതിച്ചിരുന്നില്ലെന്നും സ്റ്റോപ്പ് മെമോ നൽകി നിർത്തലാക്കാറുണ്ടെന്നും അയ്യം കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ സെബാസ്റ്റ്യൻ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.

ക്വാറി മേഖലയിൽ നാല് ഉരുൾ പൊട്ടലാണ് വൻ നാശം വിതച്ചത്. ഇവിടെ ഭൂമി പൊട്ടി ഒഴുകി. ക്രഷറിന് തൊട്ടു തന്നെ രണ്ടിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. മുടിക്കയത്തുണ്ടായ ഉരുൾ പൊട്ടലിൽ എട്ട് വീടുകളാണ് ഇല്ലാതായത്. ഏക്കറുകണക്കിന് കാർഷിക വിളകളും നശിച്ചു പോയി. മറ്റുള്ളവരുടെ വീട്ടുപറമ്പിൽ ആനയോളം വലുപ്പത്തിലുള്ള പാറക്കല്ലുകൾ വന്ന് നിറഞ്ഞിരിക്കയാണ്. അടുത്ത കാലത്ത് 15 ലക്ഷം രൂപ ചെലവിൽ ടാറിങ് നടത്തിയ മുടിക്കയം -പാറക്കാമല റോഡും പൂർണ്ണമായും നശിച്ചു. മഴ കുറഞ്ഞെങ്കിലും മണ്ണിടിച്ചിൽ തുടരുകയാണ്. പലയിടത്തും വിള്ളൽ രൂപപ്പെടുന്നുണ്ട്. വെള്ളക്കെട്ട് പൂർണ്ണമായും കുറഞ്ഞാൽ മാത്രമേ വിള്ളലിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയൂ. വീട്ടു പറമ്പുകളിലും വിള്ളൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ഭയന്ന് ജീവിക്കേണ്ടി വരുന്ന അവസ്ഥയിലാണ് മലയോര ജനത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP